ആയിരിക്കുന്നതിൽ തന്നെയാണ് എല്ലാം, എല്ലാവരും.
തുടക്കം തന്നെയാണ് തുടർച്ചയും ഒടുക്കവും.
തുടക്കമെന്നും തുടർച്ചയെന്നും ഓടുക്കമെന്നും ആത്യന്തികതയിൽ ഇല്ല.
ഉള്ളത് തന്നെ എല്ലാം.
ഇല്ലാത്തത് ഇല്ല. ഇല്ലാത്തത് എന്നതില്ല.
ഉള്ളത് എന്തോ അത് മാത്രം, അത് തന്നെ എല്ലാം.
******
വെളിച്ചത്തിൽ നിന്ന് വെളിച്ചമായി നോക്കുമ്പോൾ ആയിരിക്കൽ മാത്രം.
പ്രക്രിയ തന്നേയും മാത്രവും.
തുടക്കമെന്നും ഒടുക്കമെന്നും ഇല്ല.
സ്ഥലവും കാലവും ഇല്ല.
ഭൂതവും വർത്തമാനവും ഇല്ല.
മുൻപും പിൻപും ഇല്ല.
എല്ലായിടവും എല്ലായ്പ്പോഴും വെളിച്ചം.
എല്ലാം വെളിച്ചം.
വെളിച്ചമായ ദൈവം.
ദൈവമായ വെളിച്ചം.
****
ഉള്ളതെന്തോ അതുണ്ടല്ലോ?
അതിനെ എന്ത് പേരിട്ട് വിളിച്ചാലും വിളിച്ചില്ലെങ്കിലും അതുണ്ട്.
അതൊന്ന് തന്നെ.
എന്തെങ്കിലും പേരിട്ട് വിളിക്കുന്നത് വിളിക്കുന്നവൻ്റെ മാനത്തിൽ നിന്ന്, പരിപ്രേക്ഷ്യത്തിൽ നിന്ന്.
തീർത്തും ആപേക്ഷികമായത്.
ആപേക്ഷികതയിൽ നിന്ന് ഒഴിവാക്കാൻ സാധിക്കാത്തത്.
ബാക്കി എന്ത് പേര് വിളിക്കുന്നുവോ അത് വിളിക്കുന്നവൻ്റെ ഒരു സുഖം, സ്വസ്ഥത.
ആ പേര് എന്തുമാവാം.
ദൈവമെന്നാവാം,
വെളിച്ചമെന്നാവാം,
പദാർത്ഥമെന്നാവാം,
ഊർജ്ജമെന്നാവാം.
അങ്ങനെ എന്തുമാവാം.
പേര് സംഗതിയെ മാറ്റുന്നില്ല.
നിങ്ങളും അതും അതാവാതിരിക്കുന്നില്ല.
No comments:
Post a Comment