Saturday, January 21, 2023

മാതാപിതാക്കളാണ് വെറുക്കപ്പെടേണ്ടത്. അവരാണ് അപകടം വളർത്തുന്നത്.

മക്കളെ വെറുപ്പും വർഗീയതയും വിഭജനവും പഠിപ്പിച്ച് വളർത്തുന്ന മാതാപിതാക്കളാണ് വെറുക്കപ്പെടേണ്ടത്. 

അവരാണ് അപകടം വളർത്തുന്നത്.

*****

അറിവിനേയും തിരിച്ചറിവിനേയും തീരുമാനങ്ങളെയും മാതാപിതാക്കളെന്ന, അവരെ അനുസരിക്കുകയെന്ന നിർമ്മലവികാരം കൊണ്ട് ഉരുക്കി നശിപ്പിച്ചുകളയരുത്.

*****

മാതാപിതാക്കൾ ബഹുമാനവും സംരക്ഷണവും അർഹിക്കുന്നു. 

പക്ഷെ, മാതാപിതാക്കൾ എന്ന അർത്ഥത്തിൽ മാത്രം.

വിശ്വാസവും അറിവും അവസാനവാക്കും നിശ്ചയിക്കേണ്ടത് അവരാണ് എന്ന അർത്ഥത്തിലല്ല.

*****

മാതാപിതാക്കൾ എന്ന സ്ഥാനം മാറ്റിനിർത്തിയാൽ അവർ വെറും സാധാരണ മനുഷ്യർ എന്നും മനസിലാക്കണം. 

എല്ലാ അഭിപ്രായങ്ങളും അറിവും വിശ്വാസവും തീരുമാനങ്ങളും അവരിൽ നിന്നാണ് വരേണ്ടത് എന്ന അർത്ഥം വരരുത്. 

മിക്ക മേഖലകളിലും അവർ അറിവില്ലാത്തവരെങ്കിൽ അറിവില്ലാത്തവർ തന്നെ.

*****

മക്കൾ ഉടയ സൂര്യന്മാർ. തളിരിലകൾ 

ഉയരാനും വളരാനും ഏറെയുണ്ട്, ആകാശമുണ്ട്. പ്രതീക്ഷകൾ ഉണ്ട്. 

മഹ്യാഹ്നസൂര്യൻമാർ ആവുന്നത് വരെ ആ ഉദയസൂര്യൻമാരെന്ന മക്കളെ, പ്രതീക്ഷകളെ ഉയർത്താൻ മാതാപിതാക്കൾക്ക് ബാധ്യതയുണ്ട്. 

ആ നിലക്ക് മക്കൾ മാതാപിതാക്കളുടെ അടിമകൾ അല്ല.

****"

ഏറിയാൽ, മാതാപിതാക്കളാണ് മക്കളുടെ അടിമകൾ. 

അറിഞ്ഞോ അറിയാതെയോ മക്കൾ ജനിക്കാൻ കാരണമായതിൻ്റെ കുറ്റബോധം പേറുന്നത്  കൊണ്ട് തന്നെ പോറ്റിവളർത്തേണ്ട ബാധ്യത പേറേണ്ടിവരുന്ന അടിമകൾ മാതാപിതാക്കൾ.

*****

മാതാപിതാക്കൾ അസ്തമയസൂര്യന്മാർ. ഉണങ്ങിയ ഇലകൾ ഉയരാനും വളരാനും ആകാശമില്ല. പ്രതീക്ഷകൾ ഇല്ല.

അതിനാൽ തന്നെ മാതാപിതാക്കളെ മക്കൾ സംരക്ഷിക്കണം. ശാരീരികമായി. ആവുന്നത്ര കൊഴിഞ്ഞ് പോകാതിരിക്കാൻ. ഭൗതികമായി, ഭൗതികജീവിത്തിൽ. അശക്തരെ ശക്തൻ തുണക്കുന്നതു പോലെ തന്നെ.

ആ നിലക്ക് മാതാപിതാക്കളെ മക്കൾ സംരക്ഷിക്കണം, സ്നേഹിക്കണം. 

*****

പക്ഷേ, മാതാപിതാക്കളെ മക്കൾ സംരക്ഷിക്കണം, സ്നേഹിക്കണം എന്നത് കൊണ്ട് ചിന്താപരമായ, വിശ്വാസപരമായ, ബൗദ്ധിക കാര്യങ്ങളിൽ മാതാപിതാക്കളെ മക്കൾ അനുസരിക്കേണ്ടതില്ല, മാതാപിതാക്കളുടെ അടിമകൾ ആവേണ്ടതില്ല.

ചിന്താപരമായ, വിശ്വാസപരമായ ബൗദ്ധിക കാര്യങ്ങളിൽ മാതാപിതാക്കളെ മാത്രം അനുസരിച്ച്, അവരുടെ അടിമകളായി എല്ലാ മക്കളും കാലാകാലമായി നടന്നിരുന്നുവെങ്കിൽ ലോകം ഇക്കാണുന്നത് പോലെ പുരോഗമിക്കില്ലായിരുന്നു. മുഹമ്മദും യേശുവും മാർക്സും ഐൻസ്റ്റീനും ബുദ്ധനും ഉണ്ടാവില്ലായിരുന്നും.

No comments: