Tuesday, January 10, 2023

പൂച്ചകൾ പരസ്പരം കളിക്കും. എപ്പോൾ?

നമ്മളുണ്ടാക്കിയ കളി. 

നമ്മൾ തന്നെയുണ്ടാക്കിയ അളവുകോലുകൾ. 

നമ്മളെ തന്നെ അളക്കുക. 

നമ്മളെ തന്നെ തോൽപ്പിക്കുക. 

നമ്മുടെ മേൽ തന്നെ ജയിക്കുക. 

ഇതിനൊന്നും പൂച്ചക്ക് സമയമില്ല.

****

കുട്ടിപ്പൂച്ചകൾ പരസ്പരം കളിക്കും. 

തോൽക്കാനും ജയിക്കാനുമല്ല.

വെറും വെറുതേ കളിക്കാൻ 


എപ്പോൾ?


കളിക്കുന്ന പ്രായത്തിലുള്ള 

കുഞ്ഞുപൂച്ചകളായ ഘട്ടത്തിൽ.


ബാക്കിയുള്ളത്,

പൂച്ചകൾ തമ്മിലുള്ള കൂട്ടല്ല, 

സമരവും യുദ്ധവുമാണ്. 


അല്ലാതെ പൂച്ചകൾ 

കൂട്ടായിരിക്കുകയോ, 

കൂട്ടായി ആക്രമിക്കുകയോ 

കൂട്ടായി ഇരപിടിക്കുകയോ 

കൂട്ടായി കളിക്കുകയോ ഇല്ല.


സൂത്രശാലികളായ

സന്യാസികൾ.


ഒന്നുമില്ല,

ഒന്നും വേണ്ട,

ഒന്നിൻ്റെ കൂടെയുമില്ല.

എല്ലാമുണ്ട്,

എല്ലാം വേണം,

എല്ലാറ്റിൻ്റെയും കൂടെയുണ്ട്.


എപ്പോഴും ഉണർന്ന്,

എപ്പോഴും ഉറങ്ങി.


ഒറ്റക്ക്.

ഒറ്റയിൽ.


എന്തിനെന്നില്ലാതെ.

എന്തിനോ.


അതിജീവനത്തിന് വേണ്ടത്ര. 


അതിനപ്പുറം 

നിസ്സംഗത, നിഷ്ക്രിയത.


ഇണയും അന്നവുമല്ലാതെ 

ഒന്നും അസ്വസ്ഥമാക്കാതെ

നിസ്സംഗമായി, ധ്യാനിച്ച്.

No comments: