Thursday, June 28, 2018

നഷ്ടപ്പെടാൻ തയാറായവനെ നേടൂ. നടക്കേണമെങ്കിലും ചലിക്കേണമെങ്കിലും നിന്നേടത്തെ നഷ്ടപ്പെടുത്തണം.

ആരെങ്കിലും പറഞ്ഞപോലെ, ആരുടെയെങ്കിലും കൂടെ കൂടി പറയുന്നതല്ല. ആർക്കും ഒരു വാക്കു കൊടുത്തു നടത്താവുന്നതല്ല സത്യാന്വേഷണവും സത്യപ്രസ്താവനയും. ആരുടെ പിന്തുണയും അതിലെ വ്യക്തതക്കും തിരിച്ചറിവിനും ആവശ്യവും ന്യായവുമല്ല. അത്ഭുതം കണ്ട് കൂടെ കൂടിയവർ കീഴ്‌വായു കേട്ടാൽ തിരിച്ചു പോകുന്നവരെ ആവൂ.

ആരുമില്ലെങ്കിലും വ്യക്തമാവും. വ്യക്തമായത് വ്യക്തമായും പറയേണ്ടിയും വരും? കൂട്ട മനഃശാസ്ത്രത്തിന്റെ പിന്നാലെ പോയാൽ അന്വേഷണവും തിരിച്ചറിവും വ്യക്തതയും നടക്കില്ല. അനുകരണവും ഒളിച്ചോട്ടവും ഫാഷൻ ഭ്രമവും കൊണ്ട് നടന്നാലും സത്യസാക്ഷാത്കാരം നടക്കില്ല.. അസൂയയും നിസ്സഹായതയും പേടിയും അല്ല ആശയവും ആദർശവും കാഴ്ചപ്പാടും ആവേണ്ടത്.

നഷ്ടപ്പെടാൻ തയാറായവനെ നേടൂ. ഭൗതികാർത്ഥത്തിലും ആത്മീയാർത്ഥത്തിലും അത് അങ്ങനെ തന്നെ ആണ്. വിറകും അരിയും നഷ്ടപ്പെടുത്താതെ ചോറ് ഉണ്ടാക്കാനും കണ്ടെത്താനും കഴിയില്ല. നേർമാർഗം അന്വേഷിക്കുമ്പോൾ, നിലവിലുള്ളത് നിർമാർഗമോ എന്ന് സംശയിക്കാൻ ആദ്യം തയാറാവണം. പിന്നെ, നേർമാർഗ്ഗമല്ലെങ്കിൽ  അത് നഷ്ടപ്പെടുത്തേണ്ടി വരുമെന്ന് അറിയാനും, നഷ്ടപ്പെടുത്തേണമെങ്കിൽ അതിനു തയാറും ആവേണ്ടി വരും.

അല്ലാതെ നിന്നേടത്തു നിന്നാൽ നടക്കലും ചലിക്കലും ആവില്ല. നടക്കേണമെങ്കിലും ചലിക്കേണമെങ്കിലും നിന്നേടത്തെ നഷ്ടപ്പെടുത്തണം. അത്രയേ ഇയ്യുള്ളവനുള്ളൂ. അത്രയേ ഇയ്യുള്ളവൻ വിളിച്ചു പറയുമ്പോൾ അര്ഥമാക്കുന്നുള്ളു. ആരെന്ത്, എങ്ങിനെ മറിച്ചു മനസിലാക്കിയാലും ഇല്ലേലും.

ദൈവം ഞാനും നീയും പറയുംപോലെ. എന്നല്ല, ദൈവം ദൈവം പോലെ എന്നെ പറയുന്നുള്ളൂ. അങ്ങനെയല്ലേ പറയാനാവൂ?

ആരോരും വിശ്വസിച്ചാലും വിശ്വസിചില്ലേലും നഷ്ടവും ലാഭവും കുറച്ചിലും വളർച്ചയും തളർച്ചയും ഇല്ലാത്തവൻ ദൈവം.
കൂട്ടിയാലും കിഴിച്ചാലും ഒന്ന് തന്നെയായ ദൈവം.
പ്രത്യക്ഷവും പരോക്ഷവും ആയ ദൈവം.
തുടക്കവും ഒടുക്കവും ബാധകമല്ലാത്ത ദൈവം.
ജീവിതം തന്നെയായി ജീവിതത്തിലൂടെ എല്ലാം ആവുന്ന ദൈവം.
ഞാനും നീയും, എന്നിലൂടെയും നിന്നിലൂടയും ഒക്കെ ആവുന്ന, ആയിക്കൊണ്ടിരിക്കുന്ന ദൈവം.
ആരുടേതും മാത്രമല്ലാതെ എല്ലാവരുടെയും ആയ ദൈവം.
ആരിലൂടെയെങ്കിലും മാത്രമല്ലാതെ എല്ലാവരിലൂടെയും ആവുന്ന ദൈവം.
അത്രയല്ലേ ഉള്ളൂ?

No comments: