തനിക്കു താൻ ശത്രുവെങ്കിൽ,
കുളിമുറിയിലും കിടപ്പറയിലും ശത്രു, നരകം.
രക്ഷയില്ലാത്ത ബോറടി എന്ന് പേര്.
ഉള്ള രക്ഷ തിരിച്ചറിവിൽ മാത്രം.
***********
ഒറ്റക്കായാൽ ഭയം, ബോറടി?
ദൈവം ഒറ്റയ്ക്കും ഒറ്റയുമല്ലേ?
അതിനാലല്ലേ എത്ര കൂട്ടത്തിലാണേലും
എല്ലാവരും ഒറ്റക്കും ഒറ്റയും തന്നെയാവുന്നത്?
**********
എന്താണ് ബോറടി?
തനിക്കു താൻ വേണ്ടാതാവുക, ശത്രു ആവുക.
താനല്ലാത്തതെല്ലാം വേണമെന്നാവുക.
മുഴുകാനും തെളിയിക്കാനും മറക്കാനും.
********
മരണവും മരണാനന്തരവും പറഞ്ഞു
പേടിപ്പിക്കുകയും കൊതിപ്പിക്കയും ചെയ്യുന്നില്ലെങ്കിൽ
മതങ്ങൾ ക്ലച്ച് പിടിക്കില്ല.
********
ഗുരോ ആരാണ് കപടൻ?
നിലപാടുകൾക്ക് വേണ്ടി നിലകൊള്ളാത്തവൻ.
*******
മതനിരപേക്ഷതയെന്നാൽ
മതങ്ങളെ സുഖിപ്പിച്ചു വളർത്താനുള്ള
ലൈസൻസ് അല്ല.
*******
എല്ലാവരെയും എന്നല്ല;
ആരെയും സംതൃപ്തിപ്പെടുത്താൻ പറ്റില്ല.
അത് കൊണ്ടാണ് യേശു കൊല്ലപ്പെട്ടതും
മുഹമ്മതും ബുദ്ധനും നാട് വിട്ടതും.
*********
ഗുരോ ആരാണ് കപടൻ?
നേട്ടങ്ങൾക്കു വേണ്ടി മാത്രം നിലകൊളളുന്നവൻ.
നഷ്ടപ്പെടാൻ തയാറില്ലാത്തവൻ.
********
ഗുരോ ആരാണ് കപടൻ?
സ്ഥാനങ്ങൾ അവനു പ്രധാനം.
അധികാരം അവനു അപ്പം.
നഷ്ടപ്പെടാതിരിക്കുക അവനു മുഖ്യം.
*********
ഗുരോ ആരാണ് കപടൻ?
അധികാര്യത്തോട് രാജിയാവുന്നവൻ.
അധികാരമില്ലാത്തവനിൽ
നൂറു കുറ്റം കണ്ടെത്തുന്നവൻ.
No comments:
Post a Comment