Wednesday, August 21, 2019

ആരോപണങ്ങൾ ഇറക്കി, സംശയം സൃഷ്ടിക്കാന്‍ എളുപ്പമാണ്.

Dear my friend

ഒരു വ്യക്തതക്ക് വേണ്ടി എഴുതുന്നതും വിശദീകരിക്കുന്നുതുമാണ്.

ആരോപണങ്ങൾ ഇറക്കി, സംശയം സൃഷ്ടിക്കാന് എളുപ്പമാണ് എന്നതിനാല്. നാം അത് നേരിട്ട് ഉദ്ദേശിച്ചാലും ഇല്ലേലും.

അന്തരീക്ഷം തെളിയിക്കാന് നല്ല വിശദീകരണം വേണ്ടി വരും. ചോദ്യം ചെറുത്, വെറുതെയെങ്കിലും.

പക്ഷേ, ഉത്തരം വെറുതെയും, പലപ്പോഴും, ചെറുതും ആയിക്കൊള്ളണം എന്നില്ല.

ചോദ്യം വിത്ത് പോലെയാണ്. ചെറുതായിരിക്കും.

പക്ഷെ, ഉത്തരം പലപ്പോഴും അങ്ങനെയല്ല.

ഉത്തരം വിത്ത് മുളച്ചുണ്ടാവുന്ന വന്വൃക്ഷം പോലെ വരെ ആവും. ശരിക്കും വളര്ന്നാല്. അതിനെ സ്വീകരിച്ച മണ്ണ്, അഥവാ പ്രതലം, അത്രക്കങ്ങനെ ഉള്ളതാണെങ്കിൽ.

ജീവിതം ജീവിതത്തെ ഉപയോഗിച്ച് വളരുന്നത് അങ്ങനെയാണ്‌. ജീവിതം തന്നെ ചോദ്യവും ഉത്തരവും ആയിക്കൊണ്ട്. ദൈവം തന്നെ വഴിയും ലക്ഷ്യവും ആയിക്കൊണ്ട്.

അതിനാല് മാത്രം. താങ്കളോട് വ്യക്തിപരമായി ഒരുതരം വിരോധവും വെറുപ്പും ഇല്ലാതെ പറയട്ടെ.

കുറച്ച് കാലമെങ്കിലും കൂടെ താമസിച്ചതിന്റെയും അല്ലാതെയുമുള്ള സൗഹൃദവും നനവും നര്മ്മവും എല്ലാം ഓര്ത്തുകൊണ്ടും ഉള്ക്കൊണ്ട്കൊണ്ടും തന്നെ പറയട്ടെ.

താങ്കള് വീണ്ടും വ്യക്തിപരമാവുന്നു. അറിയാതെ. ഒരുപക്ഷെ, അത്രയൊന്നും ഉദ്ദേശിക്കാതെ. താങ്കള് വീണ്ടും വിഷയം സംസാരിക്കുന്നില്ല.

ശരിയാണ്‌. താങ്കള് ഒരിക്കലും ഒരു തീവ്രപക്ഷക്കാരന് അല്ല, ആയിരുന്നില്ല. തീവ്രമതവാദിയും അല്ല, അല്ലായിരുന്നു.

ശരിയാണ്‌. എന്നിട്ടും വിശ്വാസകാര്യങ്ങള് വരുമ്പോൾ താങ്കള്ക്കടക്കം അറിയാതെ പൊള്ളുന്നു.

ഇതാണ് ഒരു സാദാ മുസ്ലിമിന്റെ പ്രശ്നം. അവനറിയാതെയും അവന് ചൂഷണം ചെയ്യപ്പെടുന്ന പ്രശ്നം.

വിശ്വാസകാര്യങ്ങളില്, അത് കൃത്യമായി പിന്തുടര്ന്നാലും ഇല്ലെങ്കിലും, അവന് അങ്ങനെ കൃത്യമായി പിന്തുടരാന് കഴിയാത്തതിന്റെ കുറ്റബോധം ബാക്കിയായി ഉണ്ടാവും. കണിശമായി പിന്തുടരാന് കഴിയാത്തതിന്റെ കുറ്റബോധം. ഒരു നിലപാട് ഇല്ലാത്തതിന്റെ കുറ്റബോധം. അങ്ങനെ എന്തൊക്കെയോ ചെയത് പോയെന്ന കുറ്റബോധം. ഈ കുറ്റബോധം അവനെ കൂടുതൽ മതവുമായി അടുപ്പിക്കും തീവ്രനാക്കും. അവന് പോലും അറിയാതെ.

അതിനാല് തന്നെ അവന് വിശ്വാസകാര്യങ്ങളില് പുറമെ ഒരുതരം വിട്ടുവീഴ്ചക്കും തയാറാവില്ല. തീവ്രപക്ഷത്ത് ചേര്ന്ന്, സ്വീകാര്യനായി നില്ക്കും. പോരടിക്കും. പോരടിക്കാന് സാദാ മുസ്ലിംകളെ അധികം കാണുന്നതിന്റെ കാരണം ഇതാണ്.

തീവ്രമുസ്ലിം അല്ല എന്നതിന്റെ കുറ്റബോധം, കഴുത കാമം കരഞ്ഞ് തീര്ക്കുന്നത് പോലെ, ഇങ്ങനെ പോരടിച്ച് തീര്ക്കുകയും ചെയ്യും അവർ.

അതിനാല് തന്നെ ഈ സാദാ മുസ്ലിംകളെയാണ് തീവ്രവാദികള് എളുപ്പത്തിൽ മറയാക്കിയും പരിചയായും ശബ്ദമായും ഉപയോഗിക്കുക. അവർ പോലും അതങ്ങനെ മനസ്സിലാക്കാതേ.

കുറ്റബോധം പേറുന്ന അലസന്മാരായ സാ ദാ മുസ്ലിംകളെ ആര്ക്കും ഏത് തീവ്രപക്ഷക്കാരനും ഏത് വിധവും എളുപ്പത്തിൽ ഉപയോഗിക്കാന് സാധിക്കും.

തീവ്രവാദി വെളിച്ചത്തില് കളിക്കില്ല, സംസാരിക്കില്ല. അവന് മറഞ്ഞു നിന്നാണ് പറയുകയും കളിക്കുകയും ചെയ്യുക.

വെളിച്ചത്തിൽ പറയാനും വിശദീകരിക്കാനും പറ്റിയ ഒന്നുമല്ല അവന്റെ കൈവശം ഉള്ളത് എന്ന് അവന് നന്നായി അറിയാം എന്നതിനാല്.

അവന് വേഷം മാറി ആടാവും. സ്വീകാര്യതക്ക് വേണ്ടി. സംഘടനകൾക്ക് മതേതര നാമം വരെ നല്കും. പാവം സാധാരണ മുസ്ലിം ഇതൊന്നും അറിയാതെ തുള്ളുകയും ചെയ്യും.

അതിനാലാണ് ഈ തീവ്രപക്ഷം മിതവാദികളായ സാധാരണ മുസ്ലിംകളെ ഉപയോഗിക്കുന്നത്‌. അവരിലെ വികാരത്തെ ഇളക്കിവിട്ടു കൊണ്ട്‌. കുറെ തരം ക്ലാസ്സുകളിലൂടെ. പ്രക്ഷാളനം നടത്തിക്കൊണ്ട്. വളരെ ചെറുപ്പത്തില് മദ്രസ്സയില് വെച്ച് തുടങ്ങി.

അത്‌ കാരണം, വിശ്വാസകാര്യം വന്നാല് ഈ സദാ മുസ്ലിമിനും പിന്നെ ഒന്നും പ്രധാനമല്ല. രാജ്യവും രാജ്യസ്നേഹവും വരെ പുല്ലാണ്. അതാണ് അവിടെയാണ് ഇസ്ലാമിന്റെ അസഹിഷ്ണുതയുടെയും തീവ്രതയുടെയും ഭാവം.

താങ്കള് പറഞ്ഞത് ശരിയാണ്‌. ഈയുള്ളവന് ഖുര്ആന് അര്ത്ഥസഹിതം അറിയാം.

ശരിയാണ്‌. ഈയുള്ളവന് ഇസ്ലാമിക കലാലയങ്ങളില് വിദ്യാഭ്യാസം നേടിയ ആളും ആണ്‌.

ശരിയാണ്‌. ഈയുള്ളവന് ഖുര്ആന് ക്ലാസുകൾ ഏറെ എടുത്തിട്ടുമുണ്ട്.

പക്ഷേ, അത് കൊണ്ട്‌ എന്താണ്?

അതിൽ എന്താണ്‌ തെറ്റ്‌?

അത് എങ്ങിനെയാണ് ഇപ്പോൾ പറയുന്നതിന് അയോഗ്യതയാവുന്നത്?

അതുകൊണ്ട്‌ എങ്ങിനെയാണ് ഇപ്പോൾ പറയുന്നത് പറയാൻ പാടില്ല എന്ന് വരുന്നത്‌?

അത് കടന്നുവന്ന വഴിയല്ലേ?

കടന്നുവന്ന വഴിയില് കുടുങ്ങി നില്ക്കണം എന്ന് നിര്ബന്ധം ഉണ്ടോ?

വഴി പിറകിലും വഴിപോകുന്നവന് മുന്നോട്ടുമല്ലേ?

എല്ലാവരും അക്കാര്യത്തില്, നിന്ന ഇടത്ത് തന്നെ നില്കുന്ന യാഥാസ്ഥിതികര് തന്നെ ആവണം എന്ന് നിര്ബന്ധം ഉണ്ടോ?

നിന്ന ഇടത്തെ പിറകില് ആക്കുന്നതിനെയല്ലേ മുന്നോട്ടുള്ള പോക്ക് എന്ന് നാം വിളിക്കുന്നത്?

ഇപ്പോഴും ഏതെങ്കിലും ഒന്ന് മാത്രം ശരി എന്ന് ഈയുള്ളവന് പറയുന്നില്ലല്ലോ?

അങ്ങനെയുള്ള ഏതെങ്കിലും ഒരു ശരിയെ ഈയുള്ളവന് പ്രബോധനം ചെയ്യുന്നുമില്ലല്ലോ?

എല്ലാം ശരി, എന്ത് കൊണ്ട്‌? എല്ലാം തെറ്റ്.

എല്ലാം തെറ്റ്. എന്ത് കൊണ്ട്‌? എല്ലാം ശരി.

ഇത്രയേ, ഇങ്ങനെ മാത്രമേ ഈയുള്ളവന് പറയുന്നുള്ളൂ.

എല്ലാം തെറ്റ് ആയത് കൊണ്ട്‌ മാത്രം, പോസിറ്റിവ് ആയി പറഞ്ഞ്‌ ഏല്ലാം ശരിയാവുന്ന, എല്ലാം ശരി ആയത് കൊണ്ട്‌, ഒരാൾ മാത്രം ശരി എന്ന് പറയാതിരിക്കാന് എല്ലാം തെറ്റ് എന്ന് പറയുന്ന, അങ്ങനെ എല്ലാം തെറ്റ് ആവുന്ന, ശരി ആവുന്ന ഒരു കാര്യം.

ഈയുള്ളവന് ആരെയും ഭൗതികമായ അര്ത്ഥത്തില് പണം കൊണ്ടും പദവി കൊണ്ടും വഞ്ചിക്കാതെയാണെങ്കിൽ പിന്നെ അങ്ങനെ പറയുന്നതിൽ എന്താണ്‌, എങ്ങനെയാണ് തെറ്റ്? .

അല്ലാതെ ഭൂതത്തെ ഭയന്ന് ഒരാൾ എപ്പോഴും ഒന്ന് തന്നെ വിശ്വസിക്കണം, പറയണം, ഒരിടത്ത്‌ തന്നെ നില്ക്കണം എന്നാണോ താങ്കള് ഉദ്ദേശിക്കുന്നത്?

ഒരാൾ എപ്പോഴെങ്കിലും പറഞ്ഞ്‌ പോയതിന്റെ അടിമയായി എന്നും നിലകൊള്ളണം എന്നാണോ താങ്കള് ഉദ്ദേശിക്കുന്നത്? പിന്നീട് ഒന്നും അന്വേഷിക്കാതെ, കണ്ടെത്താതെ. അതിനേക്കാള് വലിയ ശരി കണ്ടാലും ബോധ്യപ്പെട്ടാലും കാണാതെ, ബോധ്യപ്പെടാതെ.

എങ്കിൽ ഒന്ന് ഓര്ത്തു നോക്കൂ. ദിവസവും 17 പ്രാവശ്യം നിര്ബന്ധമായും 'നേര്മാര്ഗം കാണിച്ചു തരണമേ' എന്ന് പ്രാര്ത്ഥിക്കുന്നതിന്റെ അര്ത്ഥം എന്താണ്?

പറഞ്ഞു പോയതിന്റെ അടിമയാവുന്നവന് അന്വേഷണം നടക്കുമോ, അത്തരം പ്രാർത്ഥന യോജിക്കുമോ?

ശരിയാണ്‌. ഈയുള്ളവന് കടന്ന് വന്ന വഴികളില് ഖുര്ആന് ക്ലാസ് എടുത്തിട്ടുണ്ട്. ഖുര്ആന് അറിയുന്നത് കൊണ്ട്‌ തന്നെ. അറിയാത്തത് കൊണ്ടല്ല. ഇപ്പോഴും എടുക്കാന് എത്ര വേണമെങ്കിലും പറ്റും.

പക്ഷേ, അതിൽ എന്താണ്‌, എവിടെയാണ് തെറ്റ്?

ഏത് നിലക്കാണ് അതൊരു negative ആയി മാറുന്നത്?

ഒരു കാലത്ത് അത് ചെയതത് കൊണ്ട്‌ എപ്പോഴും അത് തന്നെ ചെയ്യണമെന്നാണോ താങ്കള് ഉദ്ദേശിക്കുന്നത്? എങ്കില് മുഹമ്മദും യേശുവും മാര്ക്സും നാരായണനും ഒക്കെ എങ്ങിനെ അവർ തന്നെയായി വളരും?

ഇനി ഖുര്ആന് ക്ലാസ്സ് മറയാക്കി ഈയുള്ളവന് വല്ല സ്ഥാനവും സമ്പത്തും തന്ത്രത്തില് അടിച്ചെടുത്തു എന്നൊന്നും ആരോപണം പറയാൻ ഇല്ലല്ലോ?

അങ്ങനെ ഒരു ആരോപണം ഒന്നും ഇല്ലല്ലോ?

അന്നും, ഒരിക്കലും ഒരു സംഘടനയിലും ഈയുള്ളവന് അംഗം ആയിരുന്നില്ല. അന്നും ഒറ്റയ്ക്ക്. ഇന്നും ഒറ്റക്ക്.

പിന്നെ എവിടെയാണ് താങ്കള് വിഷയം സംസാരിക്കുന്നതിനിടയില് വ്യക്തിപരമാവുന്നതിന്റെ ന്യായം? വലിയ എന്തോ അപരാധം ചെയതത് പോലെ. എന്തോ വലിയ കളവും അഴിമതിയും ചെയതത് പോലെ.

വിശ്വാസത്തില് തൊട്ട് കളിക്കുമ്പോൾ അത്രക്കങ്ങനെയൊക്കെ തോന്നുമോ, പൊള്ളുമോ? താങ്കളെ പോലുള്ള മിതഭാഷിക്ക് പോലും.

താങ്കള് തന്നെ, താങ്കള് പറഞ്ഞ ആ കാലയളവില് ഈയുള്ളവവനോട് പറഞ്ഞതായി ഈയുള്ളവന് ഇപ്പോൾ ഓര്ക്കുന്നു. "നിങ്ങളെ കാണുമ്പോള് വലിയ തീവ്രവിശ്വാസി ആണെന്ന് ഒറ്റ നോട്ടത്തില് തോന്നും. പക്ഷെ നിങ്ങളുടെ കൂടെ താമസിച്ചപ്പോൾ മനസ്സിലായി നിങ്ങൾ കണിശക്കാരന് ആയ തീവ്രവിശ്വാസി അല്ലെന്ന്". അപ്പോൾ, അപ്പോഴേ താങ്കള്ക്ക് ഇത് അറിയാമായിരുന്നു.

ശരിയാണ്‌ 12 കൊല്ലം ഈയുള്ളവന് തൊഴിലെടുത്തു. ആകെ വെറും 12 വര്ഷം.

അറിയാമല്ലോ?

തൊഴില് എടുക്കുക എന്നത് തന്നെ ഒരു വേഷംകെട്ടും അഭിനയവും ആണ്. അത് ഈയുള്ളവനും അതിജീവനാർത്ഥം ചെയ്തിട്ടുണ്ട്. പക്ഷേ മുപ്പത്തി മൂന്നാമത്തെ വയസ്സില് വിവാഹശേഷം മാത്രം. വേണ്ടെന്ന് വെക്കാവുന്ന ഏറ്റവും അടുത്ത മുഹൂര്ത്തത്തില് തന്നെ വേണ്ടെന്ന് വെച്ച് കൊണ്ട്‌. അങ്ങനെ രാജിവെച്ച് മടങ്ങിക്കൊണ്ട്.

മേല് പറഞ്ഞ പോലെ, വിവാഹശേഷം, മുപ്പത്തി മൂന്നാമത്തെ വയസ്സില് മാത്രം ജോലി തുടങ്ങി. വേഷംകെട്ട് ആയിക്കൊണ്ട് തന്നെ.

ഒരു സംശയവും വേണ്ട. ജോലി എന്നാല് വേഷം കെട്ടാണ്. ഏത് ജോലിയും. ആസ്വദിച്ചു ചെയ്യുന്നതിന്‌ ജോലി എന്ന് പറയില്ല. ജോളി എന്നാണ് പറയുക.

വിധേയപ്പെട്ടു ശമ്പളത്തിന് വേണ്ടി വേഷം കെട്ടി, യഥാര്ത്ഥത്തില് ചെയ്യാൻ ഉദ്ദേശിക്കാത്തത് അഭിനയിച്ച് ചെയ്യുന്നതിനാണ് ജോലി എന്ന് പറയുക.

വെറും 12 വര്ഷത്തിന് ശേഷം നാല്പത്തി അഞ്ചാമത്തെ വയസ്സില് ജോലി വേണ്ടെന്നും വെച്ചു.

കുടുംബം ജീവിതത്തിൽ വന്നപ്പോൾ അവരെ സംരക്ഷിക്കാൻ മിനിമം വേണ്ടത്, സാമാന്യ യുക്തിക്കനുസരിച്ച് ഉറപ്പാക്കിയതിന്‌ ശേഷം വേണ്ടെന്ന് വെച്ചു.

സമ്പാദ്യമായി കിട്ടിയത് മറ്റുള്ളവരുമായി തുലനം ചെയ്യാനും, കിട്ടുന്നത്രയും സമ്പാദിക്കാനും, അങ്ങനെ എത്രയും ആകാമെന്നു വെക്കാനും നിന്നില്ല.

2013 ല് ആണ്‌ ഈയുള്ളവന് കുവൈത്തില് നിന്ന് മടങ്ങിയത്‌.

2000 ജൂലായ് മുതൽ അവിടെ ഉണ്ടായിരുന്നു. അതിൽ വലിയ പങ്കും കുടുംബസമേതം.

തിരിച്ചു വന്നതും കുടുംബം കൂടെ തന്നെ ഉണ്ടായിരിക്കെ, കുടുംബത്തോടൊപ്പം.

2007 മുതൽ ഈയുള്ളവന്റെ ബ്ലോഗ് ഉണ്ട്. കുവൈത്തില് ഉണ്ടായിരിക്കെ തന്നെ എന്ത് നിലപാടാണ് എഴുതിക്കൊണ്ടിരുന്നത് എന്ന് അത് നോക്കിയാല് മനസ്സിലാവും. Intuitionofthewomb.blogspot.com.

മേല് ബ്ലോഗ് നോക്കിയാല്, അതിലൂടെ കണ്ണോടിച്ചാൽ മനസ്സിലാവുമല്ലോ കുവൈത്തില് ഉള്ളപ്പോൾ തന്നെ ഈയുള്ളവന്, 2007 മുതലെങ്കിലും, എന്ത് നിലപാടാണ് എടുത്തു കൊണ്ടിരുന്നത് എന്ന്. ഒന്ന് ബ്ലോഗ് സന്ദര്ശിച്ചു നോക്കൂ.

എകദേശം 2007 ല് തന്നെയാണ് ഈയുള്ളവന്റെ ഒരു ഇംഗ്ലീഷ് പുസ്തകം പ്രസിദ്ധീകരിച്ചതും. Title: MYSTIC MIST. കുവൈത്തില് ഉള്ളപ്പോൾ തന്നെ.

അത് വായിച്ചാലും മനസിലാവുമല്ലോ എന്ത് നിലപാടായിരുന്നു ഈയുള്ളവന് ആ കാലയളവില് തന്നെ ഉണ്ടായിരുന്നത് എന്ന്.

1998 ലും 2018 ലും ഈയുള്ളവന്റെ മറ്റ് രണ്ട് പുസ്തകങ്ങൾ ഇറങ്ങിയിരുന്നു. 'ആത്മസാക്ഷ്യം', 'ഒരു വഴിപോക്കന്റെ മൗനം' എന്നിവ.

അവ നോക്കിയാലും മനസ്സിലാക്കാമല്ലോ അപ്പോഴെല്ലാം ഉണ്ടായിരുന്ന നിലപാടുകള് എന്തൊക്കെ ആയിരുന്നു എന്ന്.

ഈയുള്ളവന്റെ ഫ്ലാറ്റില് കുറച്ച്‌ കാലം ഒരുമിച്ച് താങ്കള് താമസിച്ചിരുന്നുവല്ലോ?

അപ്പോഴും മനസ്സിലായിട്ടുണ്ടാവുമല്ലോ ഈയുള്ളവന്റെ നിലപാട് എന്തായിരുന്നു എന്ന്.

എന്നിരിക്കെ അതിനൊക്കെ കടകവിരുദ്ധമായി കുറെ വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ, ഇങ്ങനെ, ഒന്നും പ്രത്യേകിച്ച് ആരോപിക്കാന് ഇല്ലാതെ വ്യക്തിപരമായി സംസാരിക്കുന്നതിന്റെ അര്ത്ഥവും പിന്നിലെ ചേതോവികാരവും മനസ്സിലാവുന്നില്ല. താങ്കള് അത്രക്ക് അന്ധമായി ഒന്നിനെയും പിന്തുടരുന്നവനല്ലെന്ന് ഈയുള്ളവനും അറിയാം എന്നിരിക്കെ പ്രത്യേകിച്ചും.

ഇസ്ലാമിനെയും ഖുറാനെയും ഉള്ളില് നിന്നും പുറമെ നിന്നും മനസ്സിലാക്കിയിട്ടുണ്ട്.

അത്കൊണ്ട്‌ തന്നെ, ഇസ്ലാമിനെ കുറിച്ചും ഖുറാനെ കുറിച്ചും ഒന്നും പറയുന്നത് ഒന്നും അറിയാതെ അല്ല. അന്ധമായല്ല. ആരോ, എന്തോ പറയുന്നത് കേട്ടല്ല. ആര്ക്കോ വേണ്ടിയല്ല. അനുകരിച്ചും യാന്ത്രികമായും അല്ല. അന്ധനായ ഒരു വിശ്വാസിയെ പോലെയല്ല. ഏതെങ്കിലും ഗ്രൂപ്പിലും സംഘടനയിലും കൂടി സ്ഥാനത്തിനും മാനത്തിനും വേണ്ടിയല്ല. അത് താങ്കള്ക്കും അറിയാവുന്നത് മാത്രം.

ഏതെങ്കിലും സംഘടനയില് ഒരിക്കലും ഒരു പദവിയും അംഗത്വവും ആ നിലയില് ഈയുള്ളവന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, അലങ്കരിച്ചിട്ടില്ല. താങ്കള്ക്കറിയാം.

സാമ്പത്തികലാഭവും പ്രതിഫലവും എവിടെനിന്നും ഒരുനിലക്കും ആ വകയില് പുരോഹിതന്മാരെ പോലെ ഈയുള്ളവന് ഉണ്ടാക്കിയിട്ടില്ല.

എന്നിരിക്കെ, അവരെ ഒന്നും ഈ നിലയില് കൈകാര്യം ചെയ്യാത്ത താങ്കളുടെ പ്രശ്നം യാഥാര്ത്ഥത്തില് എന്താണ്‌?

വിശ്വാസസംരക്ഷണം ആണോ?

എങ്കില്, വിശ്വാസ സംരക്ഷണത്തിന് വേണ്ടി വ്യക്തിഅധിക്ഷേപവും ആരോപണങ്ങളും എന്തിന്‌? അതും വസ്തുതാപരമായി ഒന്നും പറയാന് ഇല്ലാതെ. അതിന്‌, വിഷയം വിഷയം ആയല്ലേ കൈകാര്യം ചെയ്യേണ്ടത്?

എന്ത് ആരോപണവും, ഈയുള്ളവന്റെ എന്ത് കൃത്യവിലോപവും ആണ് ഇതിലൂടെയൊക്കെ താങ്കള് പൊതുസമക്ഷത്തില് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്?

ഒന്ന് മനസാക്ഷിയില് തൊട്ട് തന്നെ സംസാരിക്കുക.

പറഞ്ഞ്‌ കുടുങ്ങിയത്കൊണ്ട്‌ പറഞ്ഞു കൊണ്ടിരിക്കേണ്ട.

നമ്മൾ പറഞ്ഞ്‌ പോയത് കൊണ്ട്‌ നമ്മളും കുടുങ്ങിപ്പോവരുത്.

ഒരു തെറ്റ് അതിനെ ന്യായീകരിക്കുന്ന, മറക്കാൻ ശ്രമിച്ചുള്ള, നൂറു തെറ്റുകൾ ചെയ്യിപ്പിക്കും.

അങ്ങനെയാണ് ഓരോ കുറ്റവാളിയും അവനറിയാതെ പോലും കുറ്റവാളി തന്നെ ആവുന്നത്.

അങ്ങനെ ഒന്നും ആവാതെ തന്നെ സംസാരിക്കുക.

നാം അറിയാതെ, Ego clash പോലും വരാതെ.

നാം പോലും അറിയാത്ത Ego ക്ക് വേണ്ടി അല്ലാതെ.

നാം അറിയാതെ പോലും.

No comments: