Wednesday, August 21, 2019

ദൈവവും നന്മയും തിന്മയും നിങ്ങളിലൂടെ കൂടി, നിങ്ങളായ് കൂടി, ജീവിതമായ് കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നു.

സ്ഥലകാല സാധ്യതകളുടെ ഏതെങ്കിലും ഒരു ബിന്ദുവില് സത്യത്തേയും നന്മതിന്മയുടെ അളവ്കോലിനെയും ദൈവികസന്ദേശ സാധ്യതയെയും തളച്ചിടാനാവുമോ?

ആ പ്രത്യേക ബിന്ദുവില് ചെന്ന് തന്നെ സര്വ്വകാലത്തും സര്വ്വദേശത്തുമുള്ള സര്വ്വജനങ്ങളും സത്യത്തെയും നന്മതിന്മയുടെ അളവ്കോലിനെയും ദൈവികസന്ദേശ സാധ്യതയെയും കണ്ടു കൊള്ളണം എന്നും ആവശ്യപ്പെടാമോ?

*******

ദൈവവും നന്മയും തിന്മയും നിങ്ങളിലൂടെ കൂടി, നിങ്ങളായ് കൂടി, ജീവിതമായ് കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നു.

ജീവിതം ജീവിതത്തെ, ദൈവം ദൈവത്തെ ഉപാധിയാക്കി എല്ലാം നടക്കുന്നു, നടത്തുന്നു.

എല്ലാ ഓരോരുവന്റെയും തോന്നലും ആഗ്രഹവും സ്വാര്ത്ഥതയും നിസ്വാര്ത്ഥതയും ഒക്കെയായി.

ദൈവവും ജീവിതവും, അതിലെ നന്മയും തിന്മയും എവിടെയെങ്കിലും എപ്പോഴെങ്കിലും ചുരുങ്ങുകയും അവസാനിക്കുകയും ചെയ്യാതെ. ഇടതടവില്ലാതെ, തുടര്ന്ന്.

ആവശ്യമായും ആവശ്യത്തിനനുസരിച്ചും നന്മയും തിന്മയും.

എല്ലാവരിലൂടെയും, എല്ലാ കാലങ്ങളിലൂടെയും.

അതാത് സമയത്തിന്റെയും സാഹചര്യത്തിന്റെയും സമ്മര്ദ്ദവും തേട്ടവും പോലെ.

അതിന്റെ തുടർച്ചയായി.

അങ്ങിനെ ഈ ലോകം ഇങ്ങനെയായി.

ഇനി ഇതിനപ്പുറവു ആവും.

ജീവിതം തന്നെയായ ദൈവം, നന്മ, തിന്മ എല്ലാവർക്കും ജീവിതമായും ജീവിതത്തിലൂടെയും സന്ദേശം നല്കുന്നു.

എല്ലാവര്ക്കും, എല്ലാവരിലൂടെയും സന്ദേശം നല്കുന്നതിനാല് ലോകം എല്ലായിടത്തു നിന്നും വളരുന്നു, പുരോഗമിക്കുന്നു.

അതാതിടത്ത്, അതാത് സമയത്ത്, അതാത് കാര്യം വേണ്ടത് പോലെ നടക്കാൻ, നടത്താൻ, നടത്തിക്കിട്ടാൻ.

പ്രയത്നത്തില് പ്രാര്ത്ഥന ചാലിച്ച് കൊണ്ട്‌.

പ്രയത്നത്തെ തന്നെ പ്രാര്ത്ഥനയാക്കിക്കൊണ്ട്.

ഓരോരുവന്റെയും സ്വാര്ത്ഥതയില് വരെ അത് ചേര്ത്ത് വെച്ച് കൊണ്ട്‌. ആഗ്രഹമായ് വരെ.

******

ആര്ക്കും യാഥാര്ത്ഥത്തില് തോന്നിയെങ്കിൽ, അങ്ങനെ കണ്ടെത്തിയെങ്കിൽ നല്ലത്.

പക്ഷെ, വെറും സ്വപ്നവും കാല്പനികതയും പറയരുതല്ലോ?

ഏതെങ്കിലും ഗ്രന്ഥത്തില് ഫുൾസ്റ്റോപ്പ് വീണ ദൈവത്തിന്റെ സന്ദേശത്തിലൂടെ സന്മാര്ഗം കിട്ടിയവർ കുറെ ഉണ്ടോ?

വെറും അവകാശവാദമായല്ലാതെ.

വെറും കാനേഷുമാരി കണക്കല്ലാതെ.

ഇല്ലെങ്കില്, ആ നിലക്ക് ചിത്രീകരിക്കപ്പെട്ട ദൈവം പരാജയപ്പെട്ടവന് ആകും.

ആ നിലക്ക് ചിത്രീകരിക്കപ്പെട്ട ദൈവികഗ്രന്ഥം പരാജയമാകും. മഹാഭൂരിപക്ഷത്തെയും ഉള്കൊള്ളാന് പറ്റാത്തവനും പറ്റാത്തതുമാവും.

മഹാഭൂരിപക്ഷത്തിനും മനസ്സിലാകാതെ.

മുസ്ലിംകളെന്നു ന്നും ക്രിസ്ത്യാനികള് എന്നും പറയുന്നവരില് പോലും 99 ശതമാനത്തേയും ഉള്കൊള്ളാതെ.

അവര്ക്കും മാര്ഗദര്ശനം യഥാര്ത്ഥത്തില് നല്കാതെ, കിട്ടാതെ.

ജന്മം കൊണ്ടും അനുകരണം കൊണ്ടും മുസ്ലിമും കൃസ്ത്യാനിയും ആയിപ്പോകുന്നതല്ലാതെ.

മറ്റേത് മതക്കാരും മനുഷ്യനും ആവുന്നത് പോലെ.

വെറും യാദൃച്ഛികത പോലെ.

വെറും ലോട്ടറി പോലെ.

*****

വെറും 'അത് മാത്രം' ശരിയെന്ന് കരുതുന്ന അത്തരം വിശ്വാസം, അവരവകാശപ്പെടുന്ന ദൈവത്തെയും ദൈവികസന്ദേശത്തേയും പരാജയമായി മാത്രം ഫലത്തില് ചിത്രീകരിക്കുന്നു.

അവരുടെ ദൈവവും സത്യവും ഏതോ കാലത്തിലും സ്ഥലത്തിലും ഗ്രന്ഥത്തിലും ഭാഷയിലും വ്യക്തിയിലും മാത്രം തടവിലാവുന്നു.

സര്വര്ക്കും സര്വകാലത്തും ഒരുപോലെ പ്രാപിക്കാനാവാതെ, ബോധ്യതയാവാതെ.

*****

പക്ഷേ, എല്ലാവരും ദൈവിക മാര്ഗത്തില് മാത്രമാണ്‌ എന്ന് കരുതാനും, ആരും ദൈവത്തില് നിന്നും, ദൈവം ആരില് നിന്നും അന്യനും അകലെയും അല്ലെന്ന് കരുതാനും എത്ര എളുപ്പമുണ്ട്, സുഖമുണ്ട്.

അവിടം തീവ്രതയുടെയും അസഹിഷ്ണുതയുടെയും പ്രശ്നമില്ല.

ആരും പുറത്തല്ല. എല്ലാവരും ഉള്ളില്.

ദൈവത്തിന് അവിടെ വലിയ നെഞ്ചകം.

മാനുഷിക, ജൈവിക മുഖം.

സര്വ്വതിന്റെയും മുഖം.

അവിടം സര്ഗാത്മകതക്ക് ഏറെ സ്ഥാനവും ഉണ്ട്.

കാരണം, ഓരോ സര്ഗാത്മകതയും പ്രവൃത്തിയും പ്രയത്നവും ഓരോ ദൈവികമായ ഇടപെടലും വെളിപ്പെടലും ആവുന്നു, അവിടെ.

അതിനാലവിടെ എല്ലാം ദൈവം മാത്രം ഉദ്ദേശിക്കുന്നതും ചെയ്യുന്നതും ആകുന്നു, ഈയുള്ളവന്.

******

ബുദ്ധി കുറവല്ല. നിനക്കെന്നല്ല; ആര്ക്കും.

ആര്ക്കും ബുദ്ധി കുറവല്ല.

എല്ലാവരുടെയും അതിജീവന സുഖത്തിന് വേണ്ട ബുദ്ധി എല്ലാവർക്കുമുണ്ട്.

ശരിയും സത്യവും ദൈവവും ഒരാൾക്ക് എങ്ങിനെ മനസ്സിലാവുന്നുവോ അങ്ങനെയാണ്, അത് പോലെയാണ്.

അല്ലാതെ ഈയുള്ളവന് മനസ്സിലാക്കുന്നത് പോലെ എല്ലാവരും മനസ്സിലാക്കണം എന്നില്ല. നേരെ മറിച്ചും.

ആരും മനസ്സിലാക്കുന്നത് പോലെ മറ്റൊരാളും മനസ്സിലാക്കേണ്ടതില്ല.

സത്യവും ശരിയും ദൈവവും ഏത് രൂപത്തിലും കോലത്തിലും ആണ്. ഓരോരുവന്റെയും ഭാവനാസൗകര്യവും സുഖവും പോലെ.

അതിനാല്, അല്പവും അസ്വസ്ഥപ്പെടാനില്ല. അഹങ്കരിക്കാനുമില്ല.

ആരും മറ്റൊരാളെ പോലെ ആകാത്തത് കൊണ്ട്‌.

അത്, മുഹമ്മദ് ആയാലും യേശു ആയാലും ഈയുള്ളവന് ആയാലും തെരുവ്തെണ്ടി ആയാലും ശരി.

No comments: