"ഗുരോ, മോക്ഷം?"
"കുഞ്ഞേ, മനസിലായില്ല."
"ഗുരോ, എനിക്കും മനസ്സിലായില്ല. അതിനാലാണ് ചോദ്യം."
"കുഞ്ഞേ, മനസ്സിലാകാത്തവന് ചോദ്യവും ഉണ്ടാവില്ലല്ലോ? ഒന്നും അറിയാത്തവനും എല്ലാം അറിഞ്ഞവനും ചോദ്യം ഉണ്ടാവില്ല."
"ഗുരോ, പക്ഷേ ഈയുള്ളവന് സംശയമുണ്ട്, ചോദ്യമുണ്ട്."
"കുഞ്ഞേ, ചോദ്യം ഉണ്ടാവുന്നത് അല്പമായ അറിവിൽ നിന്നാണ്. വിശപ്പ് മാറാത്തത് കൊണ്ട് ഭക്ഷണം ചോദിക്കുന്നത് പോലെ തന്നെ."
"അതിനാല് തന്നെ നീയും, ഈ ചോദ്യം ചോദിക്കാന് തക്കവണ്ണം, അല്പം അറിഞ്ഞിട്ടുണ്ടാവും. എന്താ ശരിയല്ലേ?"
"ഗുരോ, അതേ, ശരിയാണ്.
അല്പം തിന്നാന് കിട്ടി. എന്നാല് മതിയായതും ഇല്ല.
"വിശപ്പ് മാറ്റുന്ന ഭക്ഷണം കിട്ടാനുണ്ട് എന്ന് അറിയുമ്പോൾ വീണ്ടും ചോദിക്കാന് തോന്നുന്നു.
"ചിലത് മനസ്സിലായിട്ടുണ്ട്. ചിലത്, അല്പം.
"അങ്ങ് പറഞ്ഞത് പോലെ, അല്പമായത് പോരാതെയും ദഹിക്കാതെയും കിടക്കുന്നു.
"പൂര്ണ്ണമായത് മാത്രമേ മതിയായതാവുകയുള്ളു.
"അത് മാത്രമേ ദഹിച്ചു രണ്ടല്ലാതായി ഒന്നായി ഞാനായി നിലകൊള്ളൂ.
"ഗുരോ, പൂര്ണമല്ല എന്നതിനാല് പൂര്ണത തേടിപ്പോകുന്നു, അസ്വസ്ഥനായിപ്പോകു ന്നു."
"ഗുരോ, പൂര്ണതായില്ലാത്ത അറിവ് വിശ്വാസം പോലെ.
"പൂര്ണതായില്ലാത്ത അറിവ് രുചിക്കാത്ത, രുചി അറിയാതെ വിഴുങ്ങിയ, ഭക്ഷണം പോലെ.
"ഗുരോ, രുചി അറിയാതെ, ചവച്ചരക്കാതെ, വിഴുങ്ങിയ ഭക്ഷണം ദഹനക്കേടും സ്തംഭനവുമുണ്ടാക്കും. ഭക്ഷണവും ഭക്ഷിച്ചവനും നശിക്കും."
"ഗുരോ, അതായിരിക്കണം എന്റെ അവസ്ഥ. അപൂര്ണബോധം ഉണ്ടാക്കുന്ന ചലനം, ഇളക്കം.
ഗുരോ, എന്നാലും, അതിനാലും, അറിയിച്ചു തരിക."
"കുഞ്ഞേ, നിനക്ക് എന്തറിയണം?
"ഗുരോ, മോക്ഷത്തെ കുറിച്ച്."
"കുഞ്ഞേ,
എന്ത് മോക്ഷം?
ആരുടെ മോക്ഷം?
എവിടെ നിന്നുള്ള മോക്ഷം?
ഒന്നും മനസിലാവുന്നില്ല."
"ഗുരോ, എന്റെ മോക്ഷം.
അത് പോലെ സര്വ്വരുടെയും മോക്ഷം."
"കുഞ്ഞേ, എന്തിന്, എവിടെ നിന്നുള്ള മോക്ഷം?"
"ഗുരോ, എനിക്ക് എന്നിൽ നിന്നും പിന്നെ ഈ ലോകത്ത് നിന്നും ഉള്ള മോക്ഷം.
"പിന്നെ സര്വര്ക്കും അപ്പടി."
"കുഞ്ഞേ, അപ്പോഴും മനസിലായില്ല. നീ ഉണ്ടെങ്കിൽ അല്ലേ നിനക്ക് നിന്നില്നിന്നുള്ള മോക്ഷം തേടേണ്ടതുള്ളൂ.
"നീ ഉണ്ടെങ്കില് അല്ലേ നിന്റെ ഈ ലോകത്ത് നിന്നുള്ള മോക്ഷവും വിഷയമാകൂ.
"നീ സ്ഥിരമായി ഇല്ലാത്തതാണെങ്കിൽ ആ പ്രശ്‌നം ഉണ്ടാവുമോ?
"ജനിക്കാത്ത നീ മരിക്കാനില്ല, മോക്ഷം തേടാനില്ല, നേടാനില്ല.
"അതേ, ഗുരോ അതേ. ഉണ്ടാ വില്ല."
"ഗുരോ, എന്നാലും...?"
"കുഞ്ഞേ നീ ഉണ്ടെന്നും സ്ഥിരമെന്നും ധരിച്ച് അക്കരെ വേറെ ലോകം ഉണ്ടെന്ന ധാരണയിലാണോ മോക്ഷം ആഗ്രഹിക്കുന്നത്, എന്തെന്ന് ചോദിക്കുന്നത്?
"ആ നിലയ്ക്കുള്ള അക്കരപ്പച്ച കൊണ്ടാണോ മോക്ഷം ഉണ്ടെന്ന് ധരിക്കുന്നത്?
"ഗുരോ, ആണെന്നും അല്ലെന്നും പറയാം?
"എന്നാലും പറഞ്ഞു തരണം:
" എന്താണ്, എങ്ങിനെയാണ് മോക്ഷം?"
"കുഞ്ഞേ, എനിക്കും മനസ്സിലായില്ല എന്താണ്, എന്തിനാണ് മോക്ഷമെന്ന്.
"കുഞ്ഞേ, മോക്ഷം തേടാനും നേടാനും മാത്രം നിനക്ക് നീ തടവറയെന്നാണോ നീ അര്ത്ഥമാക്കുന്നത്?
"നിന്നിലെ തടവ് പുള്ളിയാണ് നീയെന്നാണോ മനസിലാക്കേണ്ടത്?
"കുഞ്ഞേ, ഒന്നും മനസ്സിലാവുന്നില്ല.
"കുഞ്ഞേ, നീയെന്ന തടവറയില് നിന്ന് നീ രക്ഷപ്പെടുകയാണോ നിന്റെ ഉദ്ദേശം?
"കുഞ്ഞേ, അങ്ങിനെയാവുമ്പോൾ, തടവ് പുള്ളിയായി വരാനും ജനിക്കാനും മനുഷ്യരൂപം നേടാനും മാത്രം നീയായ് ജനിക്കുന്നതിന് മുന്പും നീ നിലനിന്നിരുന്നു എന്നാണോ മനസ്സിലാക്കേണ്ടത്?
"ഗുരോ, അറിയില്ല."
"കുഞ്ഞേ, അറിയില്ലെന്നല്ല പറയേണ്ടത്.
"പകരം, ജനിച്ചു വീഴുന്ന ഓരോ കുഞ്ഞുകുട്ടിയെയും നോക്കുക.
"എന്നിട്ട് ആലോചിച്ചറിയുക:
"നീയെന്ന ബോധവുമായി, നീ ജനിക്കുന്നുവെന്ന അറിവോടെ, നീ ജനിച്ചിരുന്നോ?
"ഏതെങ്കിലും കുഞ്ഞ് അങ്ങിനെ ജനിക്കുന്നുണ്ടോ?"
"ഗുരോ ഓര്മയില് ഇല്ല.
അല്ല, ശരിക്കും അങ്ങനെ ഇല്ല തന്നെ.
"ഗുരോ, നേരില് കാണുന്ന ഒരു കുഞ്ഞും അങ്ങിനെ 'ഞാന്' 'നീ' ബോധവും അറിവുമായും ജനിക്കുന്നത് കാണുന്നില്ല.
"ജനിക്കുന്നതിനു മുമ്പ് നിലനിന്നിരുന്ന 'ഞാന്' 'നീ' ബോധവുമായും, അതിന്റെ തുടര്ച്ചയുമായും ജനിക്കുന്നതായി കാണുന്നില്ല.
"ഒന്നും അറിയാത്ത, ഒരു ബോധവും ജനിക്കാത്ത, കുഞ്ഞുകുട്ടികൾ മാത്രം ജനിക്കുന്നതായി കാണുന്നു.
"അതിനാല് ഈയുള്ളവന്റെ ജനനവും അങ്ങിനെ തന്നെയേ ആയിരുന്നുള്ളൂ എന്നും ഈയുള്ളവന് അനുമാനിക്കാനാവുന്നു, ബോധ്യപ്പെടുന്നു."
"കുഞ്ഞേ, അങ്ങിനെ വരുമ്പോൾ തടവറയില് തടവ് പുള്ളിയായി ജനിച്ച് വീണ, പിന്നീട് മോക്ഷം ആഗ്രഹിക്കേണ്ട, നീയും ഞാനും ജനിച്ചിട്ടും നിലനില്ക്കുന്നും ഇല്ലെന്നര്ത്ഥം."
" അതേ, ഗുരോ, അതേ."
"നീയെന്ന ഞാന് എന്ന ബോധം ജനിക്കുന്നതിന് മുന്പ് ഉണ്ടായിരുന്നില്ല.
"ജനിച്ചത് മുതൽ ഇതുവരെയും ഒരുപോലെ സ്ഥിരതയോടെ വളര്ച്ചക്കും തളര്ച്ചക്കും വിധേയമാവാതെ ഞാനും നീയും നിലനിന്നിരുന്നില്ല"
"ഗുരോ, അറിയില്ല."
"കുഞ്ഞേ, കുഞ്ഞിലെ 'നീ' 'ഞാന്' ബോധവും യുവാവിലെയും വൃദ്ധനിലെയും 'ഞാന്' 'നീ' ബോധവും ഒന്നല്ല.
"വളര്ച്ചക്കനുസരിച്ച് വളര്ന്നു വന്നതാണ്.
"കൃത്യമായി പറഞ്ഞാല് തലച്ചോറിന്റെ വളര്ച്ചക്കനുസരിച്ച് വളര്ന്നതും തലച്ചോറിന്റെ തളര്ച്ചക്കനുസരിച്ച് തളരുന്നതും.
"തലച്ചോറിന്റെ രസതന്ത്രം ഉണ്ടാക്കുന്ന, അതിജീവനത്തിന് വേണ്ട 'ഞാന്' 'നീ' ബോധം മാത്രമേ ഉള്ളൂ.
"കുഞ്ഞേ, തലച്ചോറ് ഇല്ലാതാവുന്നതോടെ, മരണത്തോടെ ഇല്ലാതാവുന്ന 'ഞാന്' 'നീ' ബോധം മാത്രമേ ഉള്ളൂ."
"കുഞ്ഞേ, അതല്ലെങ്കിലും ഏത് 'ഞാനും' 'നീയും' ആണ് യഥാര്ത്ഥത്തിലെ ഞാനും നീയും?
"ഏത് ഞാനും ഏത് നീയും ആണ് മോക്ഷം നേടണ്ട ഞാനും നീയും?
"ഏത് ഞാനും നീയും ആണ് നിലനില്ക്കേണ്ടത്, മോക്ഷം വരിക്കേണ്ടത്?
"കുഞ്ഞിലെ 'ഞാന്' 'നീ' ബോധം ആണോ, അതോ യുവാവിലെ 'ഞാന്' 'നീ' ബോധം ആണോ, അതല്ലേല് വൃദ്ധനിലെ 'ഞാന്' 'നീ' ബോധമാണോ മോക്ഷം നേടി, തടവറയില് നിന്നും രക്ഷനേടി മരണാനന്തരവും മോക്ഷാനന്തരവും നിലനില്ക്കേണ്ടത്?
"കുഞ്ഞേ, രക്ഷപ്പെടുന്ന നീ വേറെ തന്നെ ഇല്ല.
"മോക്ഷശേഷം എവിടേക്കും പോകുന്ന ഞാന് നീ ബോധം ഇല്ല.
"തടവറയായ, നിനക്ക് തടവറ തീര്ത്ത മറ്റൊരു നീയും വേറെ ഇല്ല.
"അത് മറ്റെവിടെയും പോകാനും, മറ്റെവിടെയും നിലകൊള്ളാനും ഇല്ല.
"നീ തന്നെ രണ്ടെന്ന് വരാൻ ഇല്ല.
"തടവിലിടുന്ന നീയും, തടവിലാക്കപ്പെടുന്ന തടവുപുള്ളിയായ നീയും രണ്ടായില്ല.
"ഗുരോ, അത് തന്നെയാണ് ഈയുള്ളവന്റെയും പ്രശ്നം?
"എന്തില്നിന്ന് എന്ത് രക്ഷപ്പെടാന്, എവിടേക്ക് രക്ഷപ്പെടാന് എന്നത്."
"കുഞ്ഞേ, നിന്നിലെ നീ രക്ഷപ്പെട്ടാലും മറ്റൊരു നീ ബാക്കി ഉണ്ടാവുമെന്നില്ല.
"രക്ഷപ്പെടാനുള്ള നീയും കെണിയായ നീയും വേറെ വേറെ ഇല്ല. "
"ഗുരോ, ഒന്നും അറിയില്ല.
"ജീവിതത്തിലെ പ്രയാസം കാണുമ്പോൾ ഇങ്ങനെ എന്തൊക്കെയോ തോന്നുന്നു.
അത്ര തന്നെ."
"കുഞ്ഞേ, എന്നാലും എവിടെ നിന്ന് കിട്ടി ഈ ചോദ്യം. മോക്ഷം എന്ന വാക്കും സങ്കല്പവും?"
"ഗുരോ, സര്വരും പറയുന്നു.
ജീവിതം ഒരു കെണി ആണെന്ന്.
"ഞാനും" "നീയും" അതിൽ കെണിഞ്ഞ തടവ്പുള്ളികള് എന്ന്."
"കുഞ്ഞേ, ഓഹോ, അപ്പോൾ സംശയവും ചോദ്യവും നിനക്ക് സ്വയം തോന്നിയതല്ല.
"ആരോ വായിൽ തിരുകിത്തന്നതാണല്ലേ?
"നിന്റെതല്ലാത്ത ചോദ്യം നിന്റെതല്ല.
"അത് നീ ചോദിക്കുകയെന്നാല് ആരുടെയോ വിശപ്പിനു വേണ്ടി നീ ഭക്ഷണം കഴിക്കുന്നത് പോലെയാണ്.
L
"അതിന് മറുപടി നൽകുകയെന്നാല് ആരുടെയോ വിശപ്പിനു നിന്നെ ഭക്ഷിപ്പിക്കും പോലെ."
"ഗുരോ അല്ല."
"കുഞ്ഞേ, പിന്നെ?"
"ഗുരോ അറിയില്ല."
"അതേ, നീ അറിയില്ല.
"അറിയാത്ത നിന്നില് അവർ, ചുറ്റുവട്ടത്തുള്ളവർ ആദ്യം കുറ്റബോധം നിറയ്ക്കും.
"നീ ഒരു പാപിയെന്ന്, തടവ്പുള്ളിയെന്ന് വരുത്തും.
"കുറ്റബോധത്തിലും ഭയത്തിലും അകപ്പെടുത്തിയ അവർ അകപ്പെട്ട നിനക്ക് പരിഹാരവും ഓതിത്തരും.
" ആ കുറ്റബോധത്തില് നിന്നു കിട്ടേണ്ട രക്ഷയെ കുറിച്ചും മോക്ഷത്തെ കുറിച്ചും പറയും.
"അത്രയേ ഉള്ളൂ നിന്നെ സംബന്ധിച്ച് മോക്ഷം എന്നത്.
"ആ നിലക്ക് വീണു കിട്ടിയ വെറും വാക്ക്.
"ആരോ നിന്റെ നാവില് തിരുകിക്കയറ്റി വെച്ചത്.
"എന്തില് നിന്നുള്ള, എവിടെ നിന്നുള്ള, മോക്ഷം എന്ന് പോലും അറിയാതെ.
"നിനക്ക് യഥാര്ത്ഥത്തില് വേണ്ടതുണ്ട് എന്ന് തോന്നാത്ത, മോക്ഷം.
"വേണ്ടതുണ്ട് എന്ന് തോന്നിയാലല്ലേ അതെങ്ങിനെ എന്ന ചോദ്യവും ഉയരൂ.
"അതിനു മാത്രം കെണിഞ്ഞ് പോയ കാണിച്ച നീ ഇല്ല.
"കെണിഞ്ഞു പോയെന്ന് തോന്നിയാലല്ലേ മോക്ഷം തേടേണ്ടതും നേടേണ്ടതും ഉണ്ടെന്നും തോന്നുക, തോന്നേണ്ടത്?
"അങ്ങിനെ തോന്നിയെങ്കില് മാത്രം, എന്തില് കെണിഞ്ഞുവോ അതിൽ നിന്നല്ലേ മോക്ഷം ലഭിക്കേണ്ടത്?"
"കുഞ്ഞേ, നീ ഇല്ലെന്ന് അറിയുകയാണ് മോക്ഷം.
ഇല്ലാത്ത നിനക്ക് മോക്ഷം നേടാൻ ഒരു സാദ്ധ്യത ഇല്ല.
*****
ഒന്നറിയുക: സ്വാഭാവികമായ്, ശരിക്കും ജനിക്കാത്ത നിന്റെ ചോദ്യം പാകമാവാത്ത കുഴയാത്ത മൂക്കാത്ത മാവ് പോലെ.
അത്തരം ചോദ്യത്തിന് ഉത്തരം നൽകുന്നവന് ചുട്ട്പഴുക്കാത്ത കല്ലും.
കല്ല് വൃത്തികെടും മാവ് നശിക്കും
****
"കുഞ്ഞേ,
'നീ' ഇല്ലെന്ന് അറിയുകയാണ് മോക്ഷം.
ഇല്ലാത്ത നിനക്ക് മോക്ഷം നേടുക ആവശ്യമല്ല എന്നും.
****
"കുഞ്ഞേ,
അറിഞ്ഞവര്ക്കറിയാം ഒന്നുമില്ലെന്ന്."
"ഗുരോ, അറിയാത്തവര്ക്കോ"?
" എന്തൊക്കെയോ ഉണ്ടെന്നും ബാക്കിയുണ്ടെന്നും എപ്പോഴും തോന്നിക്കൊണ്ടേയിരിക്കും.
അതിനാല് മോക്ഷം വേണമെന്നും..."
*****
"പക്ഷേ, എല്ലാം ഒടുങ്ങുമ്പോള്,
നേടിയും നഷ്ടപ്പെട്ടും തളരുമ്പോൾ,
ശിഷ്ടമായ് വരുന്ന ഒന്നുമില്ലെന്ന അറിവുമായും ശൂന്യതാബോധവുമായും ഒത്ത്, പൊരുത്തപ്പെട്ടു പോവുക.
അതാണ് മോക്ഷം.
അത് സാധിക്കുകയാണ് മോക്ഷം, യോഗ."
***
"കുഞ്ഞേ,
ബോധോദയത്തില് കാര്യം മറിച്ചാണ്.
സത്യമെന്നും ദൈവമെന്നും പറയുന്ന മേഖലയുടെ കാര്യം മറിച്ചാണ്.
അവിടെ ഒന്നും ഇല്ലെന്ന് വരും.
ഒന്നും അറിയാൻ ഇല്ലെന്ന് വരും.
ആത്യന്തികമായ അറിവ് അറിവില്ലായ്മയാവും.
അറിവ് വേണ്ടാതാവുകയാവും അവിടെ.
അവിടെ അക്ഷരങ്ങളും അറിവും ഇരുട്ട് പരത്തുന്നതാവും.
സത്യമെന്നും മോക്ഷമെന്നും ബോധോദയമെന്നും ഏറെ പറയപ്പെടുന്ന, കച്ചവടം ചെയ്യപ്പെടുന്ന സംഗതിയെ കുറിച്ച അറിവിനെ കുറിച്ചാണ് ഈ പറയുന്നത്.
സത്യത്തെ നേരില് അറിയുന്നര് അവിടെ വെച്ചറിയും:
ഒന്നും അറിയാനില്ലെന്ന് .
ദൈവത്തെ അറിയുന്നവരും കണ്ടവരും അറിയും, പറയും:
ഒന്നും അറിയാനും പറയാനും കാണാനും ഇല്ലെന്ന്.
എല്ലാം താന് തന്നെ,
താൻ ആയിരിക്കും പോലെ തന്നെ എന്ന്.
കൊതിച്ച് കൊതിച്ച് അറിയുമ്പോൾ അറിയും അറിയാൻ ഒന്നുമില്ലെന്ന്.
ഒന്നും അറിയാനില്ല എന്ന് അറിയുകയും വരികയുമാണ് അവിടെ, ആത്യന്തികമായ അറിവില്.
കാത്തിരുന്ന് വന്ന ആദ്യരാത്രി പോലെയാണ് ആത്യന്തികമായ അറിവ്.
ഒന്നും അറിയാൻ ഇല്ല എന്ന് പെട്ടെന്നറിയും.
ഏറെ കൊതിച്ച് കണ്ടത് കാണാന് കൊള്ളില്ല എന്ന് വരും.
വീണ്ടും കാണാന് ഇഷ്ടപ്പെടാതേയും വരും, അപ്പോൾ.
മതം ഏതൊരു അറിവിനെ അടിസ്ഥാനമാക്കിയാണോ നിലകൊള്ളുന്നത്, ആ അറിവിനെ കുറിച്ചാണ് ഈ പറഞ്ഞത്.
മതം ഏതൊരു സത്യത്തെയും ദൈവത്തെയും മോക്ഷത്തെയും അറിവിനെയും കുറിച്ചാണോ പറയുന്നത്, ആ അറിവിന്റെയും ദൈവത്തിന്റെയും സത്യത്തിന്റെയും മോക്ഷത്തിന്റെയും കാര്യത്തില് ആണ് ഈ പറഞ്ഞത്.
അല്ലാത്ത നാം പഠിച്ചുണ്ടാക്കുന്ന അറിവ് വേറെയാണ്.
വ്യാവഹാരികമായ അറിവ്.
വസ്തുതാപരമായ അറിവും വസ്തുനിഷ്ഠമായ അറിവും.
പദാര്ത്ഥപരമായ അറിവ്.
നാം ഉണ്ടാക്കിയ വ്യവസ്ഥിതി നിശ്ചയിച്ച അറിവും, വ്യവസ്ഥിതി ഉണ്ടാക്കിയ വ്യവസ്ഥിതിയെ നിലനിര്ത്തുന്ന, നിലനിര്ത്തേണ്ട അറിവും.
വിഷയങ്ങളില് ഉള്ള അറിവ്.
വിഷയങ്ങളുടെ വിവിധ ശാഖകളിലുള്ള അറിവ്.
പദാർത്ഥപരമായ എല്ലാ ശാഖകളിലും ഉള്ള, വേണ്ട അറിവ്
അത് ഏറെയുണ്ട്. അതിന് അറ്റമില്ല.
അത് അറിയുംതോറും അറിയില്ല, അറിയാനാവില്ല എന്ന അവസ്ഥയും വരും, വരുത്തും.
ഭൗതിക പ്രാപഞ്ചികത അത്രക്ക് വിശാലവും നിഗൂഢവും ആണ് എന്നതിനാല്.
അത് പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും തൊട്ടറിവിന്റെയും, വായിച്ചറിവിന്റെയും മേഖലയാണ് എന്നതിനാല്.
അവിടെ അറിയുംതോറും അറിയില്ല എന്ന അവസ്ഥ വരും.
മറക്കുന്നതിന്റെയും ഓര്മ്മിക്കുന്നതിന്റെയും പ്രശ്നം ഉള്ള മേഖലയാണ് അത്. അത്തരം അറിവാണത്.
രണ്ടും രണ്ടാണ്.
ഒന്ന്.
അറിവില്ല, അറിഞ്ഞാല് തീരില്ല എന്ന അറിവും
മറ്റത് അറിയാൻ ഇല്ലെന്ന, മോക്ഷം തരുന്ന, യോഗ സാധ്യമാക്കുന്ന, ബോധോദയത്തിന്റെ അറിവും ഉണ്ടാക്കിത്തരും.
*****
ഗുരോ, എന്ന് വെച്ചാല്? മോക്ഷവും യോഗയും സാധ്യമാക്കുന്ന ബോധോദയം സാധ്യമായാല് പിന്നെ ഒന്നുമില്ലേ?
കുഞ്ഞേ, പിന്നെ വെറും നിറഞ്ഞ ആലസ്യം.
ആത്യന്തികതയിലും പൂര്ണതയിലും എല്ലാം ആലസ്യത്തിലും ഒന്നും ചെയ്യാനില്ലാതെയും തന്നെ.
****
സര്വ്വലോകവും ദൈവം തന്നെ ആയിരിക്കുമ്പോൾ വേറെ വിഷയം ഇല്ലാതാവും.
വേറെ ഒന്നും ചെയ്യാൻ ഇല്ലാതെയാവും.
അപ്പോൾ വിഷയദാരിദ്ര്യം ഉണ്ടാവും.
ആലസ്യം മാത്രമാവും.
ആവശ്യങ്ങള് ഇല്ലാത്ത ആലസ്യം.
ദൈവം മാത്രമായ പ്രപഞ്ചത്തില്, പദാര്ത്ഥ ലോകത്ത്, ബോധലോകത്ത് ദൈവം മാത്രം വിഷയമാവും. വിഷയം പോലും അല്ലാതാവും.
ആ ദൈവത്തെ വിടാനാവും
പക്ഷേ, വെറുതെ വിടേണ്ടത് എങ്ങിനെയെന്ന് മാത്രം മനസ്സില്ലാവില്ല.
*****
ഗുരോ, അപ്പോൾ വളരെ എളുപ്പമുള്ളതാണ് മോക്ഷം, അല്ലേ?
യാഥാര്ത്ഥത്തില് ഏറ്റവും എളുപ്പമുള്ളത് മോക്ഷം, ഈശ്വരസാക്ഷാത്കാരം. സത്യസാക്ഷാത്കാരം.
നമ്മില് നമ്മോടൊപ്പം ഒട്ടിനില്ക്കുന്നത് സത്യവും ദൈവവും.
ഖണ്ഡനാടിയും രക്തവും പോലെ.
നമ്മളായിത്തന്നെ.
സത്യം തന്നെയായ ദൈവം.
ദൈവം തന്നെയായ സത്യം.
പച്ചവെള്ളം പോലെയും വായു പോലെയും അനുഭവിക്കാം. അത്രയ്ക്ക് കെട്ടിക്കുടുക്കില്ലാത്തത്.
*****
ഗുരോ, ദൈവവും ദൈവത്തിലേക്കുള്ള മോക്ഷവും വെറും ഒരു തമാശയോ?
അതേ, കുഞ്ഞേ, അതേ.
നിനക്ക് സംഗതി മനസ്സിലായിത്തുടങ്ങി.
ദൈവവും ദൈവത്തിലേക്കുള്ള മോക്ഷവും
തമാശ തന്നെ.
ദൈവം മാത്രമെന്നായാല് ദൈവം ഇല്ലെന്നും ഇല്ലെന്നതിന് തുല്യവുമാണ്.
പിന്നെ തമാശ തന്നെയല്ലേ?
****
ഗുരോ അപ്പോൾ മോക്ഷത്തിന്റെയും ബോധോദയത്തിന്റെയും തലം, ഫലം?
സ്വയം നിസ്സാരനായി, സാധാരണനായി വളരുന്നതാണ് ബോധംതെളിയല്. ബോധോദയവും മോക്ഷവും നേടല്.
ജീവിതത്തിന് ജീവിതം. ദൈവത്തിനു ലക്ഷ്യം ദൈവം.
കവിതയും ചിന്തയും ജോലിയും ഒന്നുമല്ല.
അവയൊക്കെ പെട്ട്പോയ കെണിയില്നിന്നും മുക്തിനേടാനുള്ള ശ്രമം മാത്രം
*****
ഗുരോ, അപ്പോൾ പിന്നെ സാക്ഷാത്കാരം, അഥവാ ബോധോദയമെന്നാല്?
ഒന്ന് മുതൽ ഒമ്പതും
പിന്നെ പൂജ്യവും അറിഞ്ഞാല്
ഏത് സംഖ്യയും എത്രയുമെഴുതാമെന്നറിയും.
അത്പോലെ തന്നെ,
സത്യമറിഞ്ഞാല്. സാക്ഷാത്കാരമായാല്.
എന്തുമെങ്ങനെയും ആക്കാം, ആവാം, പറയാം.
ശരിയും ദൈവവും സത്യവും പിന്നെ എന്തും എങ്ങിനെയും ആവും.
എന്തെങ്ങിനെ ആയാലും പറഞ്ഞാലും
ഒരുപോലെ ശരി,
ഒരുപോലെ തെറ്റ്.
അരി തന്നെ ചോറും പത്തിരിയും പുട്ടും ദോശയും പിന്നെ മറ്റ് പലതും ആവും. ആക്കാനാവും.
ആവശ്യവും അനാവശ്യവും പോലെ.
****
സൈക്കിള് അഭ്യാസിയെ അറിയില്ലേ?
ഓടിക്കാനറിഞ്ഞ്,
പിന്നെ അഭ്യാസി ആയാല
അവനെങ്ങിനെയും ഓടിക്കും.
മുറുകെ പിടിക്കണമെന്ന് മുന്പ് പഠിച്ചു തോന്നിയ അതേ
കൈ വിട്ടും പിന്നെ ഓടിക്കും.
അവന് പിന്നെ എങ്ങിനെ ഓടിച്ചാലും ശരി.
സാക്ഷാത്കരിച്ചവന് അറിഞ്ഞവനാണ്.
ഒന്നും അറിയാനില്ലെന്നും അറിഞ്ഞവന്.
അവനെങ്ങിനെ വീണാലും
വീഴുന്നത്
നാല് കാലില്.
പൂച്ച വീഴുന്നത് പോലെ.
നീന്തല്ക്കാരനെ അറിയില്ലേ?
സ്വയം മുങ്ങാന് വിചാരിച്ചാലല്ലാതെ അവന് മുങ്ങാത്തത് പോലെ തന്നെ.
******
ഒന്ന് മുതൽ ഒന്പതും അറിഞ്ഞ്, പിന്നെ പൂജ്യവും അറിഞ്ഞാല്.....
എല്ലാം കണ്ട്, പിന്നെ ശൂന്യതയെ കണ്ടറിയുന്നത് പോലെ.
അപ്പോഴേ അനന്തസാധ്യതകളുടെ സാക്ഷാത്കാരമാവൂ.
എന്തെങ്ങിനെയെത്ര പറഞ്ഞാലും ശരിയാവുന്ന സാക്ഷാത്കാരം.
****
ഗുരോ,
ആര്ക്കാണു മോക്ഷം കിട്ടാത്തത്?
ആര്ക്കും ഇല്ല.
എല്ലാവരും മോക്ഷത്തില് തന്നെയാണ്.
എല്ലാവരും മോക്ഷം കിട്ടുന്നവർ തന്നെയാണ്. നേടാതെ, തേടാതെ.
മോക്ഷം തേടാതെയും വന്ന്പെടുന്നത്, സംഭവിക്കുന്നത്.
അറിയുന്നു, അറിയുന്നില്ല എന്ന വ്യത്യാസം മാത്രമേ ഉള്ളൂ.
മോക്ഷം തേടാനും നേടാനും മാത്രം മൂര്ത്തതയും സ്ഥിരതയും ഉള്ളതല്ല 'ഞാൻ' 'നീ' യും, ആ ബോധവും തോന്നലും ഉണ്ടാക്കുന്ന തലച്ചോറും.
യഥാര്ത്ഥത്തില് മോക്ഷം തേടേണ്ടതും നേടേണ്ടതും ഉണ്ടെന്ന്വരുത്തി നശിപ്പിക്കുകയും പീഡിപ്പിക്കുകയുമാണ് മനുഷ്യാവസ്ഥയെ, ഒന്നും മനസ്സിലാകാത്ത മതവും പുരോഹിതലോകവും.
മോക്ഷം എന്ന വാക്ക് തന്നെയും ഉപയോഗിക്കേണ്ടതില്ല. ദൈവത്തെയും ജീവിതത്തെയും (പരബ്രഹ്മത്തെയും) പൂര്ണതയില് അറിഞ്ഞാല്.
മോക്ഷം അറിയാത്തവനും അറിഞ്ഞവനും ഒരുപോലെ.
നേടാനും തേടാനും ഇല്ലാത്തത്.
No comments:
Post a Comment