Wednesday, August 21, 2019

പൂച്ചക്ക് മീന്‍മുള്ള് ഇഷ്ടമെന്നത് നാം യജമാനന്‍മാര്‍ പിശുക്കിന് നല്‍കിയ ന്യായം.

പൂച്ചക്ക് മീന്മുള്ള് ഇഷ്ടമെന്നത്
നാം യജമാനന്മാര്
പിശുക്കിന് നല്കിയ
ന്യായം.

പൂച്ചയുടെ
നിസ്സഹായത കൊണ്ട്‌
ഉണ്ടാക്കിയ
പ്രത്യയശാസ്ത്രം.

അവകാശം ഉണ്ടായിട്ടും
പോരാടി വാങ്ങാൻ കഴിയാത്തവന്റെ
നിസ്സഹായതയാണ്
പൂച്ചയുടെ
മുള്ള് ഭക്ഷണം.

പിന്നീട്,
ഓശാരത്തിന് വേണ്ടി നിശ്ശബ്ദനാവേണ്ടി വന്നവന്റെ
നിസ്സഹായത.

പൂച്ച
പച്ചമീനും
മുഴുവന്മീനും
കഴിക്കും.

എന്നല്ല, പൂച്ചക്ക്
ഏറെ ഇഷ്ടവും
ഏറ്റവും ഇഷ്ടമുള്ള
ഏര്പ്പാടുമാണത്.

പക്ഷേ, നമ്മുടെ ജനാധിപത്യം
പൂച്ചക്ക്
പകുത്ത്
വക മാറ്റിവെച്ചത്
വെറും മുള്ള്.

മറിച്ചൊന്ന്
നമ്മൾ ചിന്തിച്ചാല് മതി.
മുഴുവൻ മീന്
നൽകാൻ തയാറായാല്
മാത്രം മതി.

പൂച്ച മാറും.
നമ്മളും മാറും.

അല്ലേലും,
നാം ജനാധിപത്യവാദികള് പൂച്ച
മുള്ള് തിന്നുമ്പോള് അറിയേണ്ടതും കാണേണ്ടതും
വേറൊന്നാണ്.

ഒരു ജനതയുടെ
നിസ്സഹായത
അവരെ
എവിടേ വരെ
കൊണ്ട്‌ചെന്നെത്തിക്കുമെന്ന്.

പിന്നെ കാണേണ്ടത്
ആ നിസ്സഹായതയിലും
പൂച്ച കാണിക്കുന്ന
ശ്രദ്ധ, ജാഗ്രത.

ഏത് കോണിലും
തന്നെ നശിപ്പിക്കാന്
പതിയിരിക്കുന്ന ശത്രു
പതിയിരിക്കുന്നു എന്ന
പൂച്ചയുടെ അറിവ്.

ജീവിക്കുവോളം
മരണം
ജീവിതത്തിന്
ശത്രു തന്നെ
എന്ന തിരിച്ചറിവ്‌.

അല്ലാതെ നിങ്ങളുടെ
പിശുക്കും
പ്രത്യയശാസ്ത്രവുമല്ല
പൂച്ചയില്
നിങ്ങൾ നിഴലിട്ട് കാണേണ്ടത്.

പിന്നെ,
നിങ്ങൾ കാണേണ്ടത്
ഒന്നുമില്ലേല്,
പ്രകൃതി
മുള്ളുകൊണ്ടും
അതിജീവനം
ഉറപ്പ് വരുത്തുമെന്നും.

ചിതലിനെ
തുരത്തുമെന്ന്.

ആ മുള്ളിലാണ്
നിലനില്പ്
ഇറച്ചിയായ്,
ഭംഗിയായ്,
ഒട്ടിത്തടിച്ച്
കൊഴുത്തു
നില്ക്കുന്നത്‌
എന്നും

ശൂന്യതയില്
നീയും ഞാനുമായ്
ബോധമായ്
ജീവിതം
ഒട്ടിനില്ക്കും പോലെ.

No comments: