Sunday, August 25, 2019

ബന്ധങ്ങൾ വിത്ത് വീഴും പോലെ. എല്ലാ ബന്ധങ്ങളിലും വിത്തുകൾ വീഴുന്നു. എല്ലാ ബന്ധങ്ങളും വിത്തുകളെ വീഴ്ത്തുന്നു.

ബന്ധങ്ങൾ വിത്ത് വീഴും പോലെ.
എല്ലാ ബന്ധങ്ങളിലും വിത്തുകൾ വീഴുന്നു.
എല്ലാ ബന്ധങ്ങളും വിത്തുകളെ വീഴ്ത്തുന്നു.

കാറ്റത്ത് പാറിയും, മഴയത്ത് ഒലിച്ചും, സ്വയം പൊട്ടിത്തെറിച്ചും എവിടെയൊക്കെയോ വന്ന് വീഴുന്നു വിത്തുകൾ....
ബന്ധങ്ങൾ....
ബന്ധങ്ങളില് വീഴുന്ന വിത്തുകൾ....
ബന്ധങ്ങൾ വീഴ്ത്തുന്ന വിത്തുകൾ....

ജീവിതത്തിന്റെ പറമ്പിലും പുറമ്പോക്കിലും പാടത്തും പാറക്കെട്ടിലും താഴ്‌വാരങ്ങളിലും മലമുകളിലും കാട്ടിലും കടലിലും പുഴയിലും..... എന്ന് നാമറിഞ്ഞും അറിയാതെയും മറ്റെവിടെയും....

പക്ഷേ എല്ലാം ഒരുപോലെ മുളച്ച് വലുതാവണം എന്നില്ല.
എന്നല്ല, അതിൽ ഭൂരിഭാഗവും വൃഥാവില്.

ചിലത് മാത്രം മുളയ്ക്കും, തളിര്ക്കും, വന്വൃക്ഷമായി വളരും.

ഈയുള്ളവന്റെ ഒരു നല്ല സുഹൃത്ത്,

ഈയുള്ളവന് ആവശ്യമില്ലാത്ത ഒരു നിസാര കാര്യം, ഈയുള്ളവന് വേണ്ടി എന്തോ വലിയ കാര്യം ഏറ്റെടുത്ത് നടത്തുന്നു എന്ന് തോന്നിപ്പിക്കും വിധം, അങ്ങനെ സ്വയം ധരിച്ച് കൊണ്ട്‌, സ്വയമങ്ങ് ചാടിക്കയറി ഏറ്റെടുത്തു.

അസ്ഥാനത്ത് ഏറ്റെടുക്കുന്ന, വെക്കുന്ന സംഗതികള് ഏതും വൃത്തികേടായി മാറും. തെറ്റായി ധരിക്കുന്ന ഗർഭം പോലെ. മിക്കവാറും അലസിപ്പോവും. ദഹിക്കാത്ത ഭക്ഷണം പോലെ. സ്തംഭനമുണ്ടാക്കും. ചര്ദിച്ചും വിസര്ജിച്ചും വൃത്തികേട് ഉണ്ടാക്കും.

ആ സുഹൃത്തിനത് നടത്തുവാന് കഴിഞ്ഞുവോ ഇല്ലേ എന്നൊന്നും ഈയുള്ളവന് പിന്നെ അന്വേഷിച്ചില്ല, അറിഞ്ഞില്ല.

കാരണം, ഏറ്റെടുത്ത ഏത് കാര്യവും പഴകും തോറും പുളിക്കും. വെറുപ്പുളവാക്കുന്നതാവും.

അതന്വേഷിച്ചറിയേണ്ട ധൃതിയും ആവശ്യവും ഒരു നിലക്കും ഈയുള്ളവനില്ലായിരുന്നു.

അങ്ങനെ ഒരു സ്വാര്ത്ഥതാല്പര്യം അയാളുമായുള്ള ബന്ധത്തില് (എന്നല്ല ആരുമായുമുള്ള ബന്ധത്തിലും) ഇന്നിതുവരെ ഉദ്ദേശിച്ചതേ ഇല്ല എന്നതിനാല് കൂടി.

അയാള്ക്കത് കഴിഞ്ഞാലും ഇല്ലേലും, ഈയുള്ളവനതിൽ ഒരു പ്രശ്‌നവും പരാതിയും ഇല്ല.

അത്രയ്ക്ക് ഈയുള്ളവനെ ഒരു നിലക്കും ബാധിക്കാത്ത ഒരു കാര്യമായിരുന്നു അയാൾ ഏറ്റെടുത്തത്.

പക്ഷേ സംഭവിച്ചത് നേരെ മറിച്ചാണ്.

അതിന്‌ശേഷം ഈ സുഹ്രുത്ത് തീരെ ബന്ധപ്പെടാതെയായി.

പേടിയോ നാണമോ ആയിരിക്കാം കാരണം. വിശദീകരണം നല്കേണ്ടി വരുമോ എന്ന കുറ്റബോധം എന്ന് നാം വിളിക്കുന്ന പേടിയും നാണവും.

അതിന്‌ ശേഷം ഈയുള്ളവനുമായി അല്ലെങ്കിൽ ഉണ്ടായിരുന്ന ബന്ധവും നഷ്ടപ്പെട്ടത് പോലെയായി.

ബന്ധത്തില് കുന്തം ചാരിയത് പോലെ.

കുന്തത്തിന് സ്വാഭാവികമായും ചിതലും തുരുമ്പും പിടിക്കും. കുന്തം സ്വാഭാവികമായും മുറിഞ്ഞ് വീഴും.

പക്ഷേ, ഇവിടെ എന്ത് സംഭവിക്കുന്നു?

അയാളെ സംബന്ധിച്ചേടത്തോളമെങ്കിലും ചിതല് പിടിച്ചു വീഴുന്ന കുന്തത്തിന്റെ കൂടെ അതിൽ ചാരിയ ബന്ധവും വീഴുന്നു.

ഈയിടെ ഈ സുഹ്രുത്ത് നാട്ടില് വന്ന് ഒരു മാസത്തോളം നിന്ന് അവധി കഴിഞ്ഞ് തിരിച്ചു പോയി എന്നും അറിഞ്ഞു.

ഒരുനിലക്കും ഈയുള്ളവനെ ബന്ധപ്പെടാതെ.

പറ്റാത്ത കാര്യം, അതും ഒരുനിലക്കും ആവശ്യമില്ലാത്ത കാര്യം, ചാടിക്കയറി ഏറ്റെടുത്ത് സ്വയം കുറ്റബോധത്തിന്റെ കുഴിയിലേക്ക് വീഴുന്ന ഒരാളെ ഈയുള്ളവന് അയാളില് കാണാന് കഴിയുന്നു.

കര്മ്മലോകത്ത് പലതും ഇങ്ങിനെ തന്നെ.

ചെറിയ കാര്യങ്ങളിൽ ചാരി വലിയ ബന്ധങ്ങൾ നഷ്ടപ്പെടുന്നു.

അഞ്ച് പൈസക്ക് വേണ്ടി തര്ക്കിച്ചു അഞ്ച് കോടിയുടെയും അഞ്ച് ജന്മങ്ങളുടെയും ആഴവും അര്ത്ഥവും വിലയും ഉള്ള ബന്ധം നഷ്ടപ്പെടുന്നു.

ഒരുപക്ഷേ ആര്ക്കും വേണ്ടിയല്ലാതെ കുറ്റബോധത്തിന് അടിമപ്പെട്ട് കൊണ്ട്‌.

*****

പറ്റാത്തത് ഏറ്റെടുക്കരുത്, വാക്ക്കൊടുക്കരുത്. കാരണം, ഏറ്റെടുത്ത നിങ്ങള്ക്ക് അവരെ കണ്ടുമുട്ടുന്നത് പോലും വെറുപ്പാകും. പേടിയാവും.

No comments: