Wednesday, August 21, 2019

'സത്യം പറഞ്ഞാ വിശ്വസിക്കുവോ' (ഇടക്കൊരു ചെറിയ സിനിമാ വിശേഷം പറയട്ടെ)

'സത്യം പറഞ്ഞാ വിശ്വസിക്കുവോ'

(ഇടക്കൊരു ചെറിയ സിനിമാ വിശേഷം പറയട്ടെ)

എന്തൊരു നല്ല സരളമായ സിനിമ!!!

ജീവിതത്തിലെ പച്ചയായ നുറുങ്ങുകള് വെളിച്ചത്തിലാക്കിപ്പറഞ്ഞ സിനിമ.

വലിയ കൊട്ടിഘോഷങ്ങൾ ഒന്നുമില്ലാതെ, കെട്ടിക്കുടുക്ക് അല്പവും തോന്നിക്കാതെ , ലളിതമായി പറഞ്ഞ്‌ പോകുന്ന ജീവിതഗന്ധിയായ സിനിമ.

കുറ്റബോധം കൊണ്ട്‌ മാത്രം സ്വന്തത്തിന് മുന്നിലും ജനങ്ങളുടെ മുന്നിലും ഒരാളും, ഒരു കൂട്ടവും കുറച്ച് നേരത്തേക്കെങ്കിലും കുറ്റവാളികള് തന്നെയായിത്തീരുന്ന ഒരു നല്ല ലളിതമായ കഥ. അതിന്‌ ദാര്ശനികതയുടെ ഒരു കെട്ടിക്കുടുക്കുമില്ലാതെ.

തമാശ പറയാൻ സമാന്തരമായി ഒരു തമാശക്കാരനെ നടനായി പ്രതിഷ്ഠിക്കാതെ തന്നെ ജീവിതത്തിലെ നുറുങ്ങുകളെ തമാശകളാക്കിപ്പറഞ്ഞ സിനിമ. അവയെ തന്നെ കഥാതന്തുവാക്കി രസിപ്പിച്ചു ജീവിതം പഠിപ്പിച്ച സിനിമ.

വൈറ്റ് കോളാര് തൊഴിലിന്റെയോ സമ്പന്നതയുടെയോ മേന്മയും പൊലിപ്പും പറയാത്ത, കാണിക്കാത്ത സിനിമ.

നായിക നായകൻമാരുടെ സൗന്ദര്യം കച്ചവടമാക്കാത്ത, ആര്ഭാടവും ആഢംബരവും കാഴ്ചയാക്കി സുഖിപ്പിക്കാതെ തന്നെ നന്നായി രസിപ്പിച്ച സിനിമ.

ആര്ക്കും ഒരു വലിയ നായകപരിവേഷം നല്കാതെ, നായകനെകൊണ്ട്‌ പറ്റാത്തതും പറ്റുന്നതും ചെയ്യിപ്പിക്കാത്ത സിനിമ.

ജീവിതത്തിൽ ഒരിക്കലും നടന്ന് കിട്ടാത്ത കാഴ്ചക്കാരന്റെ പ്രതീക്ഷയും പ്രതിഷേധവും പ്രതികാരവും പ്രതികരണപരതയും നായകന്റെ അമാനുഷ പ്രവൃത്തിയിലൂടെ സ്കലിപ്പിച്ചുകളയാത്ത ഒരു സിനിമ.

മദ്യപാനത്തെയും, അത്കൊണ്ട്‌ മാത്രം ഉണ്ടാകാവുന്ന ജീവിത പരാജയത്തെയും വരച്ച് കാണിക്കുമ്പോഴും , അതായിത്തന്നെ വിഷയമാക്കി മടുപ്പിക്കാതെ പറഞ്ഞ സിനിമ.

തിരുത്തും തിരുത്തലും ഒരുപദേശമാക്കാതെ, ഉപദേശിപ്രസംഗം എവിടെയും നടത്താതെ സ്വാഭാവിക ഗുണപാഠം തന്ന സിനിമ.

വെറും കാല്പനികത വെറുതെയിട്ട് ചാലിക്കാതെ വിഷയം ഭംഗിയായി അവതരിപ്പിച്ച, യാഥാര്ത്ഥ്യവുമായി ഒട്ടിനിന്ന, അപ്പോഴും എവിടെയും അല്പവും മടുപ്പ് ഉളവാക്കാത്ത ഒരു സിനിമ.

സ്ഥിരം പ്രമേയമായ പ്രേമം തൊടാതെ, അതിഭാവുകത്വം തീണ്ടാതെ, ഈ സിനിമയില് നല്ല എല്ലില് തൊടുന്ന പാട്ടുകള് ഉണ്ടായിരിക്കുന്നു.

സൗഹൃദങ്ങളിലെ ഊഷ്മളതയും നനുനനുപ്പും, അതിനിടയിലെ ചില തെറ്റിധാരണ കളും. ആ തെറ്റിധാരണകളുടെ വലിയ മാജിക് ഒന്നും വേണ്ടി വരാതെയുള്ള സ്വാഭാവികമായ മനംതൊട്ടറിഞ്ഞ തിരുത്ത്. ഒരുതരം പര്വ്വതീകരണവും വെച്ചുകെട്ടലും കൃത്രിമത്വവും ഇല്ലാതെ തന്നെ കണ്ണ് നനപ്പിക്കുന്നതായി അത്.

പാവങ്ങളുടെ രണ്ടറ്റം മുട്ടിക്കാനുള്ള ജീവിതപ്രയാസത്തിനിടയിലും, മദ്യപാനം ഉണ്ടാക്കുന്ന ഉലച്ചലിനിടയിലും, സൂക്ഷിക്കുന്ന, സൂക്ഷിക്കേണ്ട കുടുംബം ജീവിതത്തിന്റെ ഭദ്രത പറയുന്ന കഥയും സിനിമയും.

എല്ലാത്തിനുമുപരി ഒരു വളരേ നല്ലവനായ, സഹൃദയനായ, നല്ലതും കാമ്പ് ഉള്ളതും എഴുതുന്ന, പറയുന്ന, ഈയുള്ളവന്റെ ഒരു fb സുഹൃത്ത് (Saidalavi M S Kolathur) അഭിനയിച്ചിരിക്കുന്നു ഈ സിനിമയില്.

വളരെ ഭംഗിയായി വളരെ കുറച്ച്. നല്ലത്‌ കുറച്ച് മതിയെന്ന പോലെ. സിദ്ധിയും പാടവവും മനസ്സിലാക്കാൻ ഏറെ ഒന്നും വേണ്ട എന്ന് തെളിയിക്കും വിധം. ചെറുതാണെങ്കിലും ആ രംഗങ്ങള് അദ്ദേഹവും അതിഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

പോരാത്തതിന്, ഈ സിനിമ ഒട്ടുമുക്കാലും ചിത്രീകരിച്ചിരിക്കുന്നത് മാഹിക്കും ചൊക്ലിക്കും ഇടയിലുള്ള ഒളിവിലം, മോന്താല് പ്രദേശങ്ങളില്.

ഈയുള്ളവന് കുട്ടിക്കാലം മുതൽ കളിച്ച് വളര്ന്ന സ്ഥലങ്ങളിലും പുഴക്കരയിലും.

വര്ത്തമാനത്തെ ഭൂതത്തിലേക്ക് വലിച്ച് നീട്ടുന്ന നൊസ്റ്റാള്ജിയ ഉണ്ടാക്കിയ ഒരനുഭവം തന്നെയായി അതിനാല് ഈ സിനിമ.

കാണാന് കൂടെയുണ്ടായിരുന്ന ഭാര്യക്കും നന്നായി ബോധിച്ചു ഈ സിനിമ.

ആ നിലക്ക് അത്രക്ക് connectivity നല്കുന്നുണ്ടായിരുന്നു ഈ സിനിമ. എല്ലാവർക്കും.

ഒട്ടും ബോറടിപ്പിച്ചതേ ഇല്ല ഈ സിനിമ. ആരേയും എവിടെയും, ഉടനീളം.

എന്നാലോ, ആദ്യന്തം ഏവരെയും പിടിച്ചിരുത്തി ഈ സിനിമ. ഒന്നും കളയാനില്ലാത്ത വിധം. ഒരുതരം വലിച്ച് നീട്ടലും തോന്നാതെ, തോന്നിപ്പിക്കാതെ.

ഈയുള്ളവന് ഒരിക്കലും സിനിമ വിശകലനം ചെയ്ത, ചെയ്യുന്ന ആളല്ല. എന്നാലും ഇത്രയും എഴുതിപ്പോയി.

ഒരു വെറും സാധാരണ സിനിമ എന്ന് വിചാരിച്ച് ഒന്നും പ്രതീക്ഷിക്കാതെ പോയിട്ടും വളരെ നന്നായി രസിപ്പിച്ചതിനാല്.

ഇനിയും ഏറെ എഴുതാന് തോന്നുന്നു. പക്ഷേ, വല്ലാതെ വിശദമാക്കുമ്പോൾ കൃത്രിമം ആവും.

ശരിക്കും കുറച്ച് കൂടി എഴുതേണ്ട നല്ല സിനിമ തന്നെയായിരുന്നു യഥാര്ത്ഥത്തില് ഈ സിനിമ.

വലിയ അവകാശവാദങ്ങള് ഇല്ലാത്ത ഒരു സിനിമ.

'സത്യം പറഞ്ഞാ വിശ്വസിക്കുവോ?'

No comments: