Wednesday, August 21, 2019

കോൺഗ്രസ്സ് ചെയ്യാതിരുന്നതും ചെയ്യേണ്ടതും.

കോൺഗ്രസ്സ് ചെയ്യാതിരുന്നതും ചെയ്യേണ്ടതും
*****
"താന് ഇരിക്കേണ്ടിടത്ത് താന് ഇരിക്കാതേയിരുന്നാല് അവിടെ പട്ടി കയറിക്കിടക്കും" എന്ന പഴമൊഴി ഇപ്പോൾ ഇന്ത്യയില് സംഭവിച്ചു കഴിഞ്ഞു. കോൺഗ്രസ്സ് അത് സംഭവിപ്പിച്ചു.
അങ്ങനെ സംഭവിച്ചു കഴിഞ്ഞപ്പോൾ മാത്രം മതേതരത്വവും ജനാധിപത്യവും ഒക്കെ വിഷയമാവുന്നു കോണ്ഗ്രസിന്.
മുന്പ് ചെയ്ത, ഒരു ഗുണവും ചെയ്യാത്ത സുഖിപ്പിക്കല് രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും ഭീമാബദ്ധങ്ങള് മറച്ചുവെക്കാനും ചോദ്യം ചെയ്യപ്പെടാതിരിക്കാനും വേണ്ടി മാത്രം ഏറെ അഭിനയിക്കേണ്ട പണി കാര്യമായി എടുക്കേണ്ട കോൺഗ്രസിന് ഇനിയങ്ങോട്ട് കാര്യമായൊന്നും പറയാനും ഇടപെടാനും ചെയ്യാനും സാധിക്കില്ല.
******
അതിനാല് ഇനി ഒരു അതിജീവനം വേണമെങ്കിൽ ഇന്ത്യക്ക് ഇന്ത്യ യെ രക്ഷിക്കുന്ന ഒരു ബദൽരാഷ്ട്രീയം വെക്കണമെന്നുണ്ടെങ്കില്:
കോൺഗ്രസ്സ് എന്തെന്ന്, എന്തിനെന്ന് സ്വയം നിര്വ്വചിക്കാതെ, ഒരു കാമ്പും കഴമ്പുമുള്ള, അര്ഥവും വ്യാപ്തിയുമുള്ള പ്രത്യയശാസ്ത്രമായി അവതരിക്കാതെ, അത് ജനങ്ങളെ ബോധ്യപ്പെടുത്തി ആവേശപ്പെടുത്താതെ ഒരതിജീവനം കോണ്ഗ്രസ്സിനില്ല.
നഷ്ടപ്പെട്ടത് കോൺഗ്രസിന് തിരിച്ചെടുക്കാന് സാധിക്കില്ല. നഷ്ടപ്പെട്ടത് വീണു കിട്ടിയതാണ്. അദ്ധ്വാനിച്ചുണ്ടാക്കിയതല്ല.
പകരം, എല്ലാം പുതുതായി തന്നെ കോണ്ഗ്രസ് ഉണ്ടാക്കിയെടുക്കണം. പഴയ കോണ്ഗ്രസ് അല്ലാതായിത്തീര്ന്നു കൊണ്ട്‌.
ആദിയില് നിന്ന് തന്നെ പുതുതായി തുടങ്ങണം.
തുടക്കത്തില് നിന്ന് തന്നെ തുടക്കമിട്ട്.
*****
അതിന്റെ ഭാഗമായി,
കോൺഗ്രസ്സ് അതിന് കഴിഞ്ഞ കുറെ കാലം അധികാരം ഉണ്ടാക്കിക്കൊടുത്ത, നല്കിക്കൊണ്ടിരുന്ന ലഹരിയില് നിന്നും മാറാപ്പില് നിന്നും വിട്ടൊഴിയണം.
അങ്ങിനെ, കോണ്ഗ്രസ് പുതിയ അസ്തിത്വവും പ്രതലവും അര്ത്ഥവും പ്രസക്തിയും കണ്ടെത്തണം. സ്വയം പ്രസക്തമായിത്തീരണം.
അധികാരത്തിനപ്പുറം, ഇന്ത്യക്കാരും ഇന്ത്യയും കോണ്ഗ്രസിന് യഥാര്ത്ഥത്തില് വിഷയമാകണം, വികാരമാകണം. ഇന്ത്യയും ഇന്ത്യയെ സ്നേഹിക്കുന്നതും വിഷയമാകണം.
ഇന്ത്യയെ സ്നേഹിക്കുന്നത് കൊണ്ട്‌ കോണ്ഗ്രസ് ഉണ്ടാവണം, കോണ്ഗ്രസുകാർ ഉണ്ടാവണം.
അല്ലാതെ, കോണ്ഗ്രസിനും കുറെ പാർട്ടികൾക്കും ഭരിക്കാനും മുടിക്കാനും ഒരു ഇന്ത്യയല്ല.
ആ ഇന്ത്യക്കും ഇന്ത്യക്കാര്ക്കും വേണ്ട, ആശയും പരിഹാരവുമാകുന്ന ആശയ - ആദര്ശസംഹിതകള് ഇന്ത്യക്കും ഇന്ത്യക്കാരുടെ മുന്പിലും, ബോധ്യപ്പെടുംവണ്ണം, കോണ്ഗ്രസിന് വെക്കാന് കഴിയണം.
അത്‌ അടിത്തട്ടില് നിന്ന് തന്നെ തുടങ്ങണം. പഠിച്ചും പഠിപ്പിച്ചും തന്നെ തുടങ്ങണം.
മാത്രമല്ല, അതിനുവേണ്ടി മേൽതട്ട് ഉടച്ചുവാര്ക്കുകയും വേണം.
തലയേക്കാൾ വലിയ തെരിയ പോലുള്ള ഭാരവും ബാധ്യതയും മാത്രമാവുന്ന നേതൃത്വത്തെ ഒഴിവാക്കണം.
അങ്ങിനെ ഒരു വികാരവും ആവേശവും ആവുന്ന ഒരു നേതൃത്വവും നിര്വചനവും വിശദീകരണവും കോണ്ഗ്രസ് കണ്ടെത്തണം. അത് ജനങ്ങൾക്ക് നൽകാൻ കോണ്ഗ്രസിന് സാധിക്കണം. പേര്‌ മാറ്റി, വേഷം മാറി ആണെങ്കിൽ പോലും.
രാജ്യത്തിന് പ്രധാനം കുറെ വലിയ പേരുകള് അല്ല. പകരം ഗുണവും വിശേഷവും ആണ്‌.
അതില്ലാത്തതാണ് ബുദ്ധിസ്ഥിരത ഇല്ലാത്തത് പോലെ പെരുമാറുന്ന കോണ്ഗ്രസ് നേതൃത്വത്തിന്റെ പ്രശ്നം. വ്യക്തിതലത്തില് ഒരു മൂല്യവും സൂക്ഷിക്കാത്ത നിലവാരമില്ലാത്ത ബലൂണുകള് നിറഞ്ഞ നേതൃത്വം.
അധികാരത്തിന് വേണ്ടി മാത്രമുള്ള ഒരു ഷെല്ട്ടര് പാർട്ടിയാണ് ആ ബലൂണുകള് മാത്രമായ നേതൃത്വത്തിന് കോൺഗ്രസ്സ്.
വെയിലും മഴയും കൊള്ളാതെ ഇരിക്കാനുള്ള, സുഖിക്കാനുള്ള തണല് നല്കുന്ന ഷെല്ട്ടര്.
അങ്ങനെയുള്ള തണല് തേടുന്ന, ത്യാഗസന്നദ്ധരല്ലാത്ത ഒരു ആള്ക്കൂട്ടം മാത്രമാണ് ജനങ്ങൾക്കും കോണ്ഗ്രസ്.
അതിനാല് തന്നെ, അധികാരം ഒഴിഞ്ഞപ്പോൾ, (അധികാര) മഴ ഒഴിഞ്ഞ ഷെല്ട്ടര് പോലെ ആയി കോൺഗ്രസ്സ് മാറി.
അധികാരം മാത്രമായിരുന്നു, അത് നല്കിയ ചൂട് മാത്രമായിരുന്നു കോണ്ഗ്രസിന്റെ ജീവന്.
അധികാരം പോയപ്പോള് ജീവൻ പോയ ശരീരം പോലെ കോണ്ഗ്രസ് ചൂട് നഷ്ടപ്പെട്ട് ദ്രവിച്ച് വിഘടിച്ച് ദുര്ഗന്ധം വമിപ്പിക്കാന് തുടങ്ങി.
കോണ്ഗ്രസ് ശരീരത്തെ ശരീരമാക്കിയ ഘടകങ്ങൾ അതിനെ വിട്ടുപിരിഞ്ഞ് മറ്റു പലതായും മാറി, മറ്റു പലയിടത്തും ചേക്കേറി. കോണ്ഗ്രസ് കോണ്ഗ്രസല്ലാതായി.
******
അപ്പോഴും അവശേഷിക്കുന്ന വളരേ ചില നല്ല പ്രവര്ത്തകരുടെ സത്യസന്ധതയും ആത്മാര്ത്ഥതയും മനസ്സിലാക്കുന്നു, പങ്ക്‌ വെക്കുന്നു. ഇവിടെ, ഇക്കാര്യത്തില്.
പക്ഷേ, അപ്പോഴും ഒരു ലളിതമായ ചോദ്യമുണ്ട്.
കോൺഗ്രസ്സ് തന്നെ അവകാശപ്പെടും പോലെ, ഇപ്പോൾ ഇങ്ങനെ ചിതല് പോലെ ഇന്ത്യയെ നശിപ്പിക്കാന് പൊതിഞ്ഞു വളര്ന്ന ബിജെപിയില് നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം വാങ്ങേണ്ട, തേടേണ്ട അവസ്ഥയിലേക്ക് ചിതലരിപ്പിച്ച് കൊണ്ട്‌ചെന്നെത്തിക്കേണ്ടതുണ്ടായിരന്നുവോ ഈ രാജ്യത്തെ ഈ കോണ്ഗ്രസ്?
പ്രത്യേകിച്ചും 50 കൊല്ലം ഒറ്റക്ക് ഭരിച്ചിട്ടും, ഭരിക്കാന് കിട്ടിയിട്ടും.
ആ 50 വർഷത്തിൽ ഈ രാജ്യത്തെയും രാജ്യനിവാസികളെയും, ആത്മാര്ത്ഥമായും ഉദ്ദേശിച്ചിരുന്നുവെങ്കിൽ, കോണ്ഗ്രസ് ആ നിലക്കുള്ള ഒരു പാർട്ടിയും പ്രത്യയശാസ്ത്രവും ആയിരുന്നെങ്കില്, ഉദ്ദേശിക്കുന്നത് പോലെ തന്നെ വളര്ത്താന് പറ്റുമായിരുന്നോ. അത്രയ്ക്ക് കുനിഞ്ഞ് നിന്ന് കൊടുത്തിരുന്നു ഇന്ത്യ യും ഇന്ത്യക്കാരും കോൺഗ്രസിന്.
ആ നിലക്ക് കോൺഗ്രസ്സ് നേതൃത്വത്തിന്, അധികാരത്തിനപ്പുറം ലക്ഷ്യവും ദര്ശനവും നിസ്വാര്ത്ഥതയും ആത്മാര്പ്പണബോധവും കൂട്ടായുണ്ടായിരുന്നുവെങ്കിൽ.
അത്രയ്ക്ക് പറ്റിയ കോലത്തില് കിട്ടിയിരുന്നു, അപ്പോൾ ഈ കോണ്ഗ്രസിന് ഈ രാജ്യത്തെ, രാജ്യനിവാസികളെ.
മതേതരത്വവും ജനാധിപത്യവും ഒക്കെ പാഠപുസ്തകങ്ങളിലൂടെയും ചിട്ടയായ പാർട്ടിക്ലാസുകളിലൂടെയും ഇന്ത്യൻ മനസ്സിൽ അരച്ച് കലക്കി ഒഴിച്ചു കൊടുക്കാന്.
ആ സമയത്തൊന്നും കോണ്ഗ്രസ് ചെയ്യേണ്ടത് ചെയ്തില്ല. ആവും കാലം പത്ത് തൈകള് വെച്ചില്ല.
അപ്പോഴൊക്കെ കോണ്ഗ്രസ് കാക്കരാജാവിനെ പോലെ മാത്രമായി.
അനന്തിരമായി കിട്ടിയ സ്വത്ത് പോലെ മാത്രം ഇന്ത്യയെ കണ്ടു.
തെങ്ങിൻ മുകളിലുള്ളതും ആകാശവും മാത്രം കണ്ടു, ശ്രദ്ധിച്ചു.
വേരും തണ്ടും അവയിരിക്കുന്ന പ്രതലത്തെ ശ്രദ്ധിച്ചില്ല. അവിടെ വളമോ വെള്ളമോ വേണ്ട സമയത്ത് വേണ്ടത് പോലെ ഒഴിച്ചില്ല.
കീഴെയുള്ളത് ചിതലുകള്ക്ക് വിട്ടുകൊടുത്തു. ക്ഷുദ്രജീവികള്ക്ക്. നേതാക്കളെന്ന് പേരുള്ള സ്വന്തവും അല്ലാത്തതുമായ ദേശീയ പ്രാദേശിക ഗുണ്ടകള്ക്ക് വിട്ടുകൊടുത്തു.
ആ നിലക്ക് ക്ഷുദ്രജീവികളും ഗുണ്ടകളും സ്വന്തം അടിസ്ഥാനത്തെ ചിതലരിപ്പിക്കുന്നതും, ക്ഷയിപ്പിച്ചു തടിയും വേരുമില്ലാതാക്കുന്നതും വൃക്ഷത്തെ തന്നെ നഷ്ടപ്പെടുത്തുന്നതും കോൺഗ്രസ്സ് അറിഞ്ഞില്ല, ശ്രദ്ധിച്ചില്ല, കാര്യമാക്കിയില്ല.
ഈ കാലയളവില് സ്വന്തം പാർട്ടിയെ പോലും ആശയപരമായി ദര്ശനവും കാഴ്ചപ്പാടും നല്കി വളർത്തിയില്ല. ഭാരതീയതയിലൂന്നിയ ഒരു ദര്ശനരേഖയും ധാരയും ഉണ്ടാക്കിയില്ല.
രാജ്യവും, പിന്നെ കോൺഗ്രസ്സ് പാര്ട്ടിയും എന്ത്, എന്തിന്‌ വേണ്ടി നിലകൊള്ളുന്നു എന്ന് വരെ അണികളെയും ഇന്ത്യക്കാരെ ഒന്നടങ്കവും ബോധ്യപ്പെടുത്തിയില്ല. ആവേശം കൊള്ളിച്ചില്ല.
ഇന്ത്യയെ, കൂടെ കോൺഗ്രസ്സ് പാർട്ടിയെയും, വികാരമായി, ആവേശമായി കാണുന്ന, ഇന്ത്യയിലും കോണ്ഗ്രസ് പാർട്ടിയിലും അഭിമാനിക്കുന്ന ഒരു തലമുറയെ വളര്ത്തിയെടുത്തില്ല. വെറും അധികാരത്തിന് വേണ്ടിയല്ലാതെ.
പാര്ട്ടി ഒരു വണ്ടിയാണെങ്കിൽ, ആ വണ്ടിക്ക് വേണ്ട ചക്രത്തെ പോലെ പാര്ട്ടിയിലേക്ക് ഘടിപ്പിച്ച് ഒട്ടിച്ച് നിര്ത്തിയില്ല.
ആശയപരമായി ഒരുറപ്പുമില്ലാത്ത നേതൃത്വത്തിന് പോലും കോൺഗ്രസ്സ്പാർട്ടി വെറും അധികാരപാർട്ടി മാത്രമായി.
ആ കാലയളവില് ഭരിച്ചവർ, ഭരിക്കാന് വേണ്ടി മാത്രം ബലൂണുകള് പോലെ പൊങ്ങിനിന്ന് സ്വാര്ത്ഥമായി വ്യക്തിതാല്പര്യത്തിന് വേണ്ടി മാത്രം ഭരിച്ചു.
പാർട്ടി അവര്ക്കാര്ക്കും വിഷയമായില്ല. അവര്ക്ക് അധികാരത്തിലെത്താന് വേണ്ട ഒരുപാധി മാത്രമല്ലാതെ.
പാര്ട്ടിക്ക് വേണ്ട അവരുണ്ടായിരുന്നില്ല. പകരം, അവര്ക്ക് അവരുടെ സ്വന്തം കാര്യങ്ങൾ നടത്താന് വേണ്ട ഒരു പാർട്ടി മാത്രമായിരുന്നു കോൺഗ്രസ്സ്.
കോൺഗ്രസ്സ് പാർട്ടി അവര്ക്ക് വെറും അധികാരഷെല്ട്ടര് പാര്ട്ടി.
അധികാരത്തിനും അതിലൂടെ ഉണ്ടാക്കേണ്ട ലാഭത്തിനും വേണ്ടി മാത്രം അവർ പാർട്ടിയിൽ ചേര്ന്നു, കൂടി, ഭരിച്ചു.
അധികാരം പോയപ്പോള് അവരൊക്കെ പോയി.
ഇപ്പോഴും അധികാരം നഷ്ടപ്പെടുന്ന അനുപാതത്തില് ഒഴിഞ്ഞു കൊഴിഞ്ഞു പോകുന്നു.
മഴ കഴിഞ്ഞാല് കയറി അഭയം നേടിയ ഷെല്ട്ടറില് നിന്നും ഇറങ്ങിപ്പോകും പോലെ തന്നെ ഇറങ്ങിപ്പോകുന്നു.
ആവേശവും വഴികാട്ടിയും ദര്ശനവും ആരും കോണ്ഗ്രസ്സിന് ഇല്ല.
ആവേണ്ടിയിരുന്ന ഗാന്ധിയെ പോലും വഴിയില് ഉപേക്ഷിച്ച നേതൃത്വം ഈ നാട്ടുകാരെ പഠിപ്പിക്കേണ്ട ജനാധിപത്യവും മതേതരത്വവും എന്തെന്ന് വരെ നാട്ടുകാരെ പഠിപ്പിച്ചില്ല. അവരതെല്ലാം മറന്ന് പോയി.
രാജ്യം എന്തെന്നും രാജ്യസംസ്ക്കാരവും സ്നേഹവും ഒന്നും ആ കാലയളവില്, ചിതലുകള്ക്ക് ഇപ്പോൾ വിഷയമാവുന്നത്ര പോലും, കോണ്ഗ്രസ് പാര്ട്ടിക്ക് വിഷയമായില്ല. കോൺഗ്രസ്സ് നേതൃത്ത്വം അണികള്ക്ക് അവയൊന്നും വിഷയമാക്കിക്കൊടുത്തില്ല.
പകരം ചിതലുകള് അത് നന്നായി പഠിപ്പിച്ചു. ചിതലുകള് ക്ക് വേണ്ട കോലത്തില്. രാപ്പകലുകല് വ്യത്യാസമില്ലാതെ.
ഭാരതത്തിന്റെ കാമ്പും കൂമ്പും നശിപ്പിക്കുക എന്നതും, നശിപ്പിക്കാന് വേണ്ടത് ചെയ്യുക എന്നതുമാകുമല്ലോ ചിതലുകള്ക്ക് പ്രധാനമായും പഠിപ്പിക്കാനുള്ളത്.
"താന് ഇരിക്കേണ്ടിടത്ത് താന് ഇരിക്കാതേയിരുന്നാല് അവിടെ പട്ടി കയറിക്കിടക്കും" എന്ന പഴമൊഴി അര്ത്ഥവത്തായി പ്രയോഗിച്ചു, സാക്ഷാത്കരിച്ചു ചിതലുകള്.
ആരോരും കാര്യമായി നോക്കാനും ശ്രദ്ധിക്കാനും ഇല്ലാത്തിടത്ത് ചേക്കേറുന്ന ചിതലുകള്.
അങ്ങനെ സംഭവിച്ചു കഴിഞ്ഞപ്പോൾ മാത്രം മതേതരത്വവും ജനാധിപത്യവും രാജ്യസ്നേഹവും ഒക്കെ കോണ്ഗ്രസ്സിനും ഇവിടെയുള്ള കപട മതേതര ദേശീയ പ്രാദേശിക പാര്ട്ടികള്ക്കും വിഷയമാവുന്നു.
ഉറക്കം കഴിഞ്ഞ് എഴുന്നേറ്റിരുന്ന് കൂര്ക്കം വലിക്കും പോലെ.

No comments: