Dear Friend...., (താങ്കള് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിക്ക് കമന്റ് ബോക്സ് മതിയാകുന്നില്ല. അതിനാല് ഇങ്ങനെയൊരു പോസ്റ്റ്. Sorry.. ക്ഷമിക്കുക.)
വീണ്ടും വ്യക്തിപരമായി വിഷയം മാറുന്നു. ചരിത്രപരമായ കാര്യം പറയുമ്പോള് അതങ്ങനെ തന്നെ നമുക്ക് സംസാരിക്കാം.
പിന്നെ താങ്കള് പറഞ്ഞത് പോലുള്ള ആരോപണങ്ങൾക്ക് പലവട്ടം പല രീതിയില് മറുപടി പറഞ്ഞതാണ്.. പലരും പലപ്പോഴായി ഇങ്ങനെ വ്യക്തിപരമായ ആക്ഷേപങ്ങളും തെറികളും ഒക്കെയായി വന്നപ്പോൾ. ഉത്തരം നല്കിയാല് വിഷയവുമായി ബന്ധപ്പെട്ട് ഒന്നും പറയാനില്ലാത്ത ഇക്കൂട്ടർ മാളത്തില് ഒളിച്ച് നില്കും. പലരും ഇതിനകം പിന്തിരിഞ്ഞു. തിട്ടൂരങ്ങൾ ഉള്ളതിനാല്. നോക്കരുത്, വായിക്കരുത്. പ്രതികരിക്കരുത് എന്ന തിട്ടൂരം. മതസംഘാടനകളിലൂടെയും കൂട്ടായ്മകളിലൂടെയും.
യാഥാസ്ഥിതികര്ക്ക് എന്നും ഒരേ വഴി. കണ്ണടച്ച്, കണ്ടില്ലെന്ന് നടിച്ച് തമസ്കരിക്കുക. അല്ലേല് തെറിവിളിച്ച് വ്യക്തിഅധിക്ഷേപം നടത്തുക
പ്രവാചകനെ പീഢിപ്പിച്ച, ബഹിഷ്കരിച്ച കഥ പറയും അവർ, അങ്ങനെ ആളെ കൂട്ടും. അങ്ങിനെയാണ് അവരും ചെയ്യുന്നത്, പെരുമാറുന്നത് എന്നതവർ ഓര്ക്കുകയുമില്ല.
താങ്കള് പറഞ്ഞ മുസ്ലിം അസ്തിത്വം കൊണ്ട് എന്ത് മെച്ചം ആണ് ഒരാൾക്ക് കിട്ടാന് ഉള്ളത്? മനുഷ്യന് എന്ന നിലയ്ക്കുള്ളതല്ലാതെ. സാമൂഹ്യജീവി എന്ന നിലയ്ക്കുള്ളതല്ലാതെ. അത് യേശുവും മുഹമ്മദും മാര്ക്സും ഒക്കെ അനുഭവിച്ചിട്ടുണ്ടാവും. മകന് എന്ന നിലക്കും കുടുംബക്കാരന് എന്ന നിലക്കും സാമൂഹ്യജീവി എന്ന നിലക്കും ഒക്കെ.
എന്ന് വെച്ച് വ്യത്യസ്തമായി, സമൂഹം വിശ്വസിക്കാത്തതും സമൂഹത്തിന്റെ വിശ്വാസത്തിന് എതിരായതും, അവർ പറയാതിരുന്നില്ല.
അബൂ താലിബിന്റെയും അബ്ദുല് മുത്ത്ലീബിന്റെയും സംരക്ഷണത്തില് കഴിഞ്ഞു എന്നത്കൊണ്ട് മുഹമ്മദ് അവരുടെ വിശ്വാസം തന്നെ കൊണ്ട്‌നടന്നില്ല. അവരുടെ വിശ്വാസത്തിന് എതിരെ സംസാരിക്കാതിരുന്നിട്ടുമില്ല. താങ്കള് എന്താണ് പിന്നെ പറയുന്നത്, ഉദ്ദേശിക്കുന്നത്?
പിന്നെ മുസ്ലിം അസ്തിത്വം കൊണ്ട് കിട്ടുന്ന മെച്ചം എന്താണ് താങ്കള് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. സംവരണം കിട്ടുന്നതാണോ?
സംവരണം, ശരിയായയാലും തെറ്റ് ആയാലും, മതേതര സർക്കാർ നല്കുന്നതല്ലേ? ചരിത്രപരമായ കാരണങ്ങൾ കൊണ്ട്, ഒരു സമൂഹം പിറകില് ആയത് കൊണ്ട്, കൊടുക്കുന്നതല്ലേ സംവരണം? ജനിച്ച്പോയ എല്ലാവർക്കും ഒരു പോലെ ബാധകം ആക്കിക്കൊണ്ട്. അത് മതം അവരുടെ വകയില് നല്കുന്നതല്ലല്ലോ? മതവിശ്വാസം ഊട്ടി ഉറപ്പിക്കാന് വേണ്ടി സർക്കാർ നല്കുന്നതും അല്ലല്ലോ? ചരിത്രപരമായ കാരണം ഈയുള്ളവനും മക്കള്ക്കും ജനനം കൊണ്ട് മാത്രം വീണു കിട്ടുന്നതല്ലേ? വിശ്വാസപരമായ വ്യത്യാസം ഉള്ളത് കൊണ്ട് ഇല്ലാതാവില്ലല്ലോ? ഇത് വരെ ആ നിലക്ക് ഒന്നും നേടിയിട്ടില്ലെങ്കിലും.
പിന്നെ സമ്പത്തിന്റെ കാര്യം.
താങ്കൾക്ക് തന്നെ അറിയാം, ഈയുള്ളവന് ഭൗതികാര്ത്ഥത്തില് സമ്പന്നനല്ലെന്ന്. കുടുംബംപരമായി ഒന്നും അനന്തിരമായി നേടിയവന് അല്ലെന്ന്. ഭാര്യയുടെ പണം കണ്ട് വിവാഹം കഴിച്ചവന് അല്ലെന്ന്. ഏത് അളവ്കോല് വെച്ച് നോക്കിയാലും സമ്പന്നന് അല്ലെന്ന്.
എന്നാല് ഈയുള്ളവന് സമ്പന്നന് ആണ് താനും. മതി എന്ന് തോന്നിയ എല്ലാവരും സമ്പന്നര് ആണ്, ആവും എന്ന ഒറ്റ കാരണം കൊണ്ട്.
താങ്കള് പോലും കുടുംബവകയിലും, ഭാര്യയുടെ വകയിലും, അല്ലാതെ ജോലി കൊണ്ടും കച്ചവടം കൊണ്ടും ഒക്കെ ഈയുള്ളവന്റെ എത്രയോ മടങ്ങ് മുകളില് ആണ്. സമ്പത്തിന്റെ കാര്യത്തില്.
പക്ഷേ താങ്കള്ക്ക് എന്നല്ല ആര്ക്കും മടങ്ങി വരാൻ പറ്റുന്നില്ല, പറ്റില്ല. മതി എന്ന് തോന്നുന്നില്ല, തോന്നില്ല.
ഈയുള്ളവന് ആകയാല് ജീവിതത്തിൽ ജോലി ചെയതത് വെറും 12 വര്ഷം. അതും വലിയ ശമ്പളം ഒന്നും വാങ്ങാതെ. പക്ഷേ മതി എന്ന് തോന്നിയത് കൊണ്ട് സമ്പന്നനായി, മടങ്ങി വന്നു. സ്വസ്ഥനായി.
ഈയുള്ളവനെക്കാൾ സമ്പന്നരും കൂടുതൽ ശമ്പളം വാങ്ങിയവരും, വാങ്ങുന്നവരും ഗള്ഫിലും അല്ലാതെയും എത്രയോ തുടരുന്നു. കൂടുതൽ കാലം ജോലി ചെയത് കൊണ്ടിരിക്കുന്നു. നൂറായിരങ്ങൾ.
പക്ഷേ താങ്കള്ക്ക് സഹിക്കുന്നില്ല. ഈയുള്ളവനെ. ആ സഹിക്കായ്കയാണ് അസഹിഷ്ണുത. വിശ്വാസം ഉണ്ടാക്കുന്ന, താങ്കള്ക്ക് പോലും മനസ്സിലാവാത്ത, അസഹിഷ്ണുത. അത്കൊണ്ട് താങ്കളോട് പറഞ്ഞു പോകുന്നു. ഇതും ഇതിലപ്പുറവും.
സമ്പന്നനായാല് മാത്രം ഇങ്ങനെയൊക്കെ, ഈയുള്ളവന് പറയുന്നത് പോലെ ഇതൊക്കെ പറയുന്ന ആരെയാണ് താങ്കള് കണ്ടത്? ആരാണ് ലോകത്തുള്ളത്? ഒന്ന് കാണിച്ചു തരിക.
സമ്പന്നരായത് കൊണ്ടുമാത്രം വ്യത്യസ്തമായി പറയുന്ന, ചിന്തിക്കുന്ന കുറെ പേരുണ്ടെങ്കിൽ കാണിച്ചു തന്നാല് നന്നായിരുന്നു.
ചുറ്റുവട്ടത്ത് ഒരു നൂറായിരം സമ്പന്നര് ഉണ്ടാവുമല്ലോ? ഒന്ന് പോയി നോക്കൂ.
ഒന്നുകില്, താങ്കള് പറഞ്ഞ ആ സമ്പന്നര്, ഇനിയും സമ്പാദിക്കാനുള്ള തത്രപ്പാടിലാവും. അല്ലെങ്കിൽ അവർ വയര്വീര്ത്തവരും കൊളസ്ട്രോളും ബ്ലഡ്പ്രഷറും ഒക്കെയായി അലസരമായി ഒന്നിനെയും ചോദ്യം ചെയ്യാത്തവരായി ജീവിക്കുകയും. അതൊന്നുമല്ലെങ്കിൽ മാനസിക അസ്വസ്ഥതകള് അനുഭവിച്ച് കൊണ്ടിരിക്കുകയായിരിക്കും.
അതുമല്ലെങ്കില് സമ്പന്നരുടെ പൊതുവേ ഉള്ള വഴിയും രീതിയും പോലെ കുറ്റബോധം മാത്രം കൈമുതലാക്കി അവസാനകാലം മതത്തില്, അല്ലെങ്കിൽ മദ്യത്തില്, അതുമല്ലെങ്കിൽ അധികാരത്തില് ആശ്വാസം കണ്ടെത്തി ശിഷ്ടജീവിതം നയിക്കുന്നവരാവും.
അവരൊന്നും സമ്പത്ത് ഉള്ളത്കൊണ്ടും, വളര്ന്ന് വലുതായത് കൊണ്ടും, ഇങ്ങനെ പലതും പറയുന്നില്ലല്ലോ?
താങ്കളുടെ മനസ്സിലാക്കലും കണ്ടെത്തലും വല്ലാത്തത് തന്നെ. ഉത്തരം മുട്ടുമ്പോള് കൊഞ്ഞനം കാട്ടിയാല് ഇതിലും ഭേദം ആകുമായിരുന്നു
സുഹൃത്തേ, പറയുന്നവര് പറയുന്നത് അവര്ക്ക് ചിലത് പറയാനുള്ളത് കൊണ്ടാണ്. പറയാനുള്ള തെളിച്ചവും ബോധ്യതയും ഉള്ളത് കൊണ്ടാണ്. അത് മുഹമ്മദ് ആയാലും യേശു ആയാലും മാര്ക്സ് ആയാലും ശരി. അതിന് സമ്പത്ത് ഉള്ളതും ഇല്ലാത്തതും അടിസ്ഥാനമല്ല.
അതിനാല് താങ്കള് വിഷയത്തെ വിഷയമായി കൈകാര്യം ചെയ്യുക. അല്ലെങ്കില് മൗനം വിദ്വാന് ഭൂഷണം എന്നെങ്കിലും മനസ്സിലാക്കുക.
അല്ലാതെ പറഞ്ഞവനെ തേജോവധം ചെയ്യാന് എന്തെങ്കിലും പറയുക എന്നത് ധര്മ്മവും പുണ്യവും ആയി കണക്കാക്കാതിരിക്കുക.
No comments:
Post a Comment