ഗുരോ, ഇതെന്ത് കഥ?
അങ്ങ് സുഖിക്കുന്നു.
അങ്ങ് ഒന്നും ചെയ്യാതെ ഇരിക്കുന്നു. വെറും അലസനെ പോലെ.
അങ്ങ് എളുപ്പത്തില് സുഖിക്കാനുള്ളത് പറയുന്നൂ.
അതെങ്ങിനെ ശരിയാവും?
കുഞ്ഞേ, അലസനെ പോലെയല്ല; അലസന് തന്നെ.
കുഞ്ഞേ, അലസനാവുന്നതിലും സുഖിക്കുന്നതിലും എന്താണ് തെറ്റ്?
ആരേയും ചതിക്കാതെയാണെങ്കില്.
ആരോടും കളവ് പറയാതെയും ആരില്നിന്നും ഒന്നും പ്രതീക്ഷിക്കാതെയും വാങ്ങാതെയും നേടാതെയും ആണെങ്കിൽ.
അങ്ങനെയൊക്കെ, ഒരുതരം കുറ്റബോധത്തിനും അടിമപ്പെടാതെ
ആണെങ്കിലല്ലേ ഒരാൾക്ക് യാഥാര്ത്ഥത്തില് അലസനാവാനും സുഖിക്കാനും പറ്റൂ.
കുഞ്ഞേ, ഈയുള്ളവന്റെ ആവശ്യങ്ങളല്ലേ ഈയുള്ളവനെക്കൊണ്ട് എന്തെങ്കിലും ചെയ്യിപ്പിക്കേണ്ടത്?
എങ്കിൽ, ഈയുള്ളവന് ആവശ്യങ്ങള് കുറവാണെന്ന് കൂട്ടിക്കോളൂ.
ആവശ്യം രോഗമാണെങ്കിൽ, ആ രോഗത്തിന് വേണ്ടി നല്കുന്ന ചികിത്സ മാത്രമല്ലേ എല്ലാ ജോലിയും അദ്ധ്വാനവും?
ആ രോഗത്തിന് വേണ്ട ചികിത്സയും മരുന്നും കണ്ടെത്താനല്ലേ അദ്ധ്വാനവും ജോലിയും?
കുഞ്ഞേ, രോഗമില്ലെങ്കില് ചികിത്സയും മരുന്നും വേണ്ടതില്ലല്ലോ?
രോഗം കൂടുതൽ ഉള്ളവനാണ് കൂടുതൽ അദ്ധ്വാനിക്കേണ്ടി വരുന്നത്.
അതിനാല്, കുഞ്ഞേ, ഈയുള്ളവന് രോഗം ഇല്ലെന്ന് കരുതിയാല് മതി.
അല്ലെങ്കിൽ, ഈയുള്ളവന് രോഗം കുറവാണെന്ന് കരുതിയാല് മതി.
കുഞ്ഞേ, ആത്യന്തികതയിലും പൂര്ണതയിലും എല്ലാം അങ്ങിനെയാണ്. ആലസ്യത്തിലും ഒന്നും ചെയ്യാനില്ലാതെയും തന്നെ.
മതിയെന്ന് തോന്നിയവന് ചെയ്യാൻ ഒന്നും ഉണ്ടാവില്ല.
പൂര്ണതയിലും ഫലമായയുണ്ടാവുക ആലസ്യം. നിശ്ചലത.
കുഞ്ഞേ, ഈയുള്ളവനെന്ത് ചെയ്യാനാണ്?
സത്യവും ദൈവവും അങ്ങനെ എളുപ്പമായിപ്പോയി.
കുഞ്ഞേ, സത്യവും ദൈവവും പ്രയാസം ഉള്ളതാണെന്ന് ആര് പറഞ്ഞു?
പ്രയാസപ്പെട്ടു നേടേണ്ടതാണ് സത്യവും ദൈവവും എന്ന് ആരാണ് പറഞ്ഞത്?
കുഞ്ഞേ, എളുപ്പം എന്നതുണ്ടെങ്കിൽ, ഏറ്റവും എളുപ്പമുള്ളതും ഏറ്റവും എളുപ്പവും സുഖവും നല്കുന്നതുമാണ് സത്യവും ദൈവവും.
ഒരുതരം കെട്ടിക്കുടുക്കും ഇല്ലാത്തത് സത്യവും ദൈവവും.
കുഞ്ഞേ, ഈയുള്ളവന് സത്യവും ദൈവവും പച്ചവെള്ളവും ശ്വാസവായുവും സൂര്യവെളിച്ചവും പോലെ.
അതിലെന്ത് തെറ്റ്?
അതെങ്ങിനെയാണ് തെറ്റാവുന്നത്?
കുഞ്ഞേ, സത്യവും ദൈവവും അങ്ങനെ എളുപ്പവും സുഖവും തരുന്നതും ആരുടേയും തെറ്റല്ലല്ലോ?
എല്ലാവരും എളുപ്പത്തിലും സുഖത്തിലും തന്നെയല്ലേ സത്യവും ദൈവവും കൊണ്ടാവേണ്ടത്?
എല്ലാവർക്കും എപ്പോഴും എളുപ്പവും സുഖവും തന്നെയല്ലേ സത്യവും ദൈവവും പറഞ്ഞു കൊടുക്കേണ്ടതും നല്കേണ്ടതും?
ദൈവവും സത്യവും എല്ലാവർക്കും എളുപ്പവും സുഖവും തന്നെയല്ലേ നല്കേണ്ടത്?
കുഞ്ഞേ, സത്യവും ദൈവവും ആരില്നിന്നും ഒന്നും ആവശ്യപ്പെടുന്നില്ല.
അങ്ങനെ എന്തെങ്കിലും ആവശ്യപ്പെടേണ്ട ഗതികേടും പാരവശ്യവും സത്യത്തിനും ദൈവത്തിനും ഇല്ല.
സത്യവും ദൈവവും തന്നെ, അവ ഇച്ചിക്കുന്നത് മാത്രം തന്നെ, സംഭവിക്കുമ്പോൾ പ്രത്യേകിച്ചും.
കുഞ്ഞേ, അല്ലാതെ, കെട്ടിക്കുടുക്കി പേടിപ്പിച്ച് അസ്വസ്ഥപ്പെടുന്നത്തണമായിരുന്നോ സത്യവും ദൈവവും?
കുഞ്ഞേ, എങ്കിൽ ഈയുള്ളവന് തോല്ക്കാന് തയ്യാര്.
No comments:
Post a Comment