പറയുമെങ്കില്‍.... പ്രാര്ത്ഥിക്കുമെങ്കിൽ.....
നിങ്ങൾ ഇങ്ങനെ പറയണം, അഥവാ ഇങ്ങനെ പ്രാര്ത്ഥിക്കണം.
അവിടെ,
നിങ്ങളുടെ കഴിവ്കേട് കഴിവാവണം.
അറിവ്കേട് അറിവാവണം.
അശക്തി ശക്തിയാവണം.
നിസ്സഹായതയും നിസ്സാരതയും തൊട്ടറിയുന്നതും പറയുന്നതും യോഗ്യതയാവണം.
എന്നിട്ട് നീ, നിന്നെ കൈവിട്ട്, പിന്നെയെല്ലാം കൈവിട്ട്, അന്ധാളിച്ചു തലപറിച്ചു വിളിച്ചുപറയണം, പ്രാര്ത്ഥിക്കണം:
'ദൈവമേ, ഈയുള്ളവന് നിന്നെ അറിയില്ല. ഈയുള്ളവനെ തന്നെ ഈയുള്ളവന് അറിയില്ല, അറിയാനാവുന്നില്ല.
എന്നിരിക്കെ നിന്നെയെങ്ങിനെ ഈയുള്ളവന് അറിയാനാവും? ആര്, എങ്ങിനെ അറിയിച്ചുതന്നാലും.
ദൈവമേ, ഏറെക്കുറെ ഈയുള്ളവന് നിന്നെ അറിയാനാവില്ല.
ഈയുള്ളവന്റെ നീ തന്നെ നിശ്ചയിച്ച പരിധിയും പരിമിതിയും വെച്ച്.
ഈയുള്ളവന്റെ നീ തന്നെ ഉണ്ടാക്കിയ മാനത്തിനുള്ളില് നിന്ന് കൊണ്ട്.
ദൈവമേ, പക്ഷേ, അത് നിനക്കറിയാം. എന്നേയും നിന്നെയും നിനക്കറിയാം. എന്നേയും നിന്നെയും എനിക്കറിയാനാവില്ലെന്നും നിനക്കറിയാം.
ഒരുപക്ഷേ, അതറിയാൻ ഈയുള്ളവന് സ്വയം സാധിക്കില്ലെങ്കിലും.
ദൈവമേ, നിനക്ക് ഈയുള്ളനെ അറിയാം,
എപ്പോൾ, എങ്ങിനെ വേണമെങ്കിലും അറിയാനുമാവും.
ദൈവമേ, ഈയുള്ളവനെ അവന്റെ പരിധിയും പരിമിതിയും വെച്ച് തന്നെ നീ അറിയും, നിനക്കറിയാനാവും.
ദൈവമേ, എങ്കിൽ ഈയുള്ളവന്റെ അറിവ്കേടും അറിവ് തന്നെ.
ദൈവമേ, എങ്കിൽ ഈയുള്ളവന്റെ നിഷേധവും വിശ്വാസം തന്നെ.
ദൈവമേ, എങ്കിൽ അറിയുന്ന നീ, അറിയാത്ത ഈയുള്ളവനെ ഇങ്ങോട്ട് വന്ന് പ്രാപിക്കും.
ദൈവമേ, എങ്കിൽ അറിയുന്ന നീ, അറിയാത്ത ഈയുള്ളവന് ചോദിക്കാതെ തരികയും പൊറുത്ത് തരികയും ചെയ്യും.
'ദൈവമേ, അറിയാമല്ലോ?
ഈയുള്ളവന് അശക്തന്, ദുര്ബലന്.
സ്ഥലകാല പരിമിതിയുള്ളവന്.
മാനങ്ങളുടെ തടവറയില് കുടുങ്ങിയവന്.
ദൈവമേ, അത് നിനക്കറിയാം.
അത് എനിക്കറിയില്ലെന്നും നിനക്കറിയാം.
ദൈവമേ,
നീ അശക്തനല്ല.
സ്ഥലകാലപരിമിതികള് ഉള്ളവനല്ല.
എവിടെയും എല്ലാറ്റിലും ആയിരിക്കുന്നു. അപ്പോഴും, എവിടെയും ഒന്നിലും മാത്രമായി കുടുങ്ങാതിരിക്കുന്നു.
ദൈവമേ, എങ്കിൽ ഈ അശക്തനെയും ദുര്ബലനെയും കുടുങ്ങിയവനെയും ഇങ്ങോട്ട് വന്നല്ലേ ശക്തനും കുടുങ്ങാത്തവനുമായ നീ സമീപിക്കുക, സന്ദര്ശിക്കുക?
ദൈവമേ, ഈയുള്ളവന് ചോദിക്കാതെ നീ അറിയും.
ഈയുള്ളവന്റെ ആവശ്യങ്ങളും ആശ്രയങ്ങളും നീ ഉണ്ടാക്കിയത്, നീ മാത്രം നിശ്ചയിച്ചത്.
ദൈവമേ, അതിൽ ഈയുള്ളവന് ഒരു പങ്കുമില്ല.
എന്നിരിക്കെ, ദൈവമേ,
നിനക്ക് അറിയില്ല, നിനക്ക് അറിയാത്തത് ഈയുള്ളവന് അറിയുന്നു എന്ന് വരുത്തും വിധം ഈയുള്ളവന് എന്ത്, എങ്ങിനെ ചോദിക്കാനാണ്?
ദൈവമേ, നിനക്ക് അബദ്ധം പറ്റില്ല.
എന്നിരിക്കെ, ദൈവമേ, നിനക്ക് അബദ്ധം പറ്റി, തെറ്റ് പറ്റി എന്ന് വരുത്തും വിധം ഈയുള്ളവന് എന്ത്, എങ്ങിനെ പ്രാര്ത്ഥിച്ചു തിരുത്താനാണ്?
ദൈവമേ, അങ്ങനെ ചെയ്താല്, ഈയുള്ളവന് ചെയ്യുന്നത് ഒരു വലിയ അപരാധം തന്നെ.
അങ്ങിനെ ചെയ്താല്, ഈയുള്ളവന് നടത്തുന്നത് വലിയൊരു ആരോപണം തന്നെ.'
ഇങ്ങനെ ഒരിക്കല്, ഒരിക്കല് മാത്രമെങ്കിലും, ഉള്ളറിഞ്ഞ് പറയാൻ കഴിഞ്ഞാല്....
പ്രവര്ത്തിക്കാനായാല്.....
നീ കപടന് അല്ലാതായി.
മനസ്സാക്ഷിയിലും മനസാക്ഷിയോടും നീതിയും സത്യവും പുലര്ത്തിയവനും ചെയ്തനുമായി.
അങ്ങനെ ചെയ്ത നിന്നില്....
ആ മാത്രയില്....
സ്ഫോടം നടന്നിരിക്കും.
ബോധം തെളിഞ്ഞിരിക്കും.
****
ഇങ്ങനെ ആര് പ്രവര്ത്തിക്കുന്നുവോ, പ്രാര്ത്ഥിക്കുന്നുവോ തെളിച്ചവും വെളിച്ചവും ബോധോദയവും ഉറപ്പ്.
*****
ഇങ്ങനെ സ്വയം നിസ്സാരനായി, സാധാരണനായി വളരുന്നതാണ് ബോധം തെളിയല്. ബോധോദയം നേടല്.
No comments:
Post a Comment