സുഹൃത്തും ബന്ധുവുമായ റിയാസ് മരിച്ചു. 43 വയസ്സ്.
ശ്രമിച്ച് ശ്രമിച്ച്, ശ്രമിക്കാന് കഴിയാതെ ആയവന്. അതിനാല് മരിച്ചവന്.
ഇനി ഇല്ലാതെ ആയവന്. No more.
അടുത്തറിയാം, റിയാസിനെ.
ആ അറിവും അടുപ്പവും തന്നെയാണ് വേദനയും വിഷമവും ഉണ്ടാക്കുന്നത്.
ഒരു ചെടിയാണെങ്കിലും വൃക്ഷമാണെങ്കിലും, വീഴുമ്പോള്, അതല്ലേല് പിഴുതെടുക്കപ്പെടുമ്പോൾ, നാനാഭാഗത്ത് നിന്നും വേരുകൾ പൊട്ടുന്നതിന്റെയും ഊര്ന്ന്വലിഞ്ഞു വരുന്നതിന്റെയും വേദന.
ഓര്മകള് ഉണ്ടാക്കുന്ന വേദന.
നമ്മുടെ അറിവ് നമുക്ക് തരുന്ന വേദന.
അടുപ്പവും അറിവും ഇല്ലാത്ത നൂറായിരങ്ങൾ ദിവസവും മരിക്കുന്നു.
പക്ഷേ, ആ മരണങ്ങൾ ഒരു വേദനയും വിഷമവും ആരിലും ഉണ്ടാക്കുന്നില്ല.
കാരണം, അടുപ്പവും അറിവും തന്നെയാണ് വേദന, വേദനയുടെ നിദാനം.
അടുപ്പവും അറിവും ഉണ്ടാക്കുന്ന വേദന മാത്രമേ നമുക്കുള്ളൂ.
ശാരീരിക രോഗങ്ങളുടേത് മാറ്റി നിര്ത്തിയാല്.
ശാരീരിക രോഗങ്ങളുടേതും മറ്റൊരു തരത്തിലുള്ള അറിവ് തന്നെ ഉണ്ടാക്കുന്ന വേദന മാത്രം.
ഈ അടുപ്പവും അറിവും ഒഴിവാക്കാന് കൂടിയാണ് ഒരാൾ അപരിചിതനെ പോലെയും വഴിപോക്കനെ പോലെയും ജീവിക്കേണ്ടി വരുന്നത്.
അങ്ങനെ ജീവിക്കണമെന്ന് വരുന്നത്.
അടുത്തകന്നും അകന്നടുത്തുമുള്ള അപരിചിതന്റെയും വഴിപോക്കന്റെയും ജീവിതം.
എല്ലാം പുതിയതും പുതുമയും സൃഷ്ടിക്കുന്ന അപരിചിതത്വം, വഴിപോക്ക്. ജീവിതം.
അതിൽ മരണം വരെയും പുതുമ യെ സൃഷ്ടിക്കുന്നത്. വഴിപോക്ക്.
മരണം വരെയും ജീവിതം തന്നെയാവുന്ന അപരിചിതത്വം, വഴിപോക്ക്.
ഒന്നോര്ത്തു നോക്കൂ.
തുടർച്ചയായ മരണമാണ് ജീവിതം. വഴിപോക്ക് തന്നെ.
മരണത്തെ ഒഴിവാക്കാനുള്ള തുടര്ച്ചയായ ശ്രമവും കൂടിയാണ് ജീവിതം.
ഓര്ത്തു നോക്കുക.
അല്ലേലും എന്താണ് ഈ ജീവിതം?
മരണത്തെ ഒഴിവാക്കാനുള്ള ശ്രമം.
മരണം ഒഴിവാക്കാനുള്ള ശ്രമം തന്നെ ഓരോ നിമിഷവും നാം എടുക്കുന്ന, നടത്തുന്ന ഓരോ ശ്വാസവും.
നാം ഭക്ഷണം കഴിക്കുന്നതും ജലപാനം നടത്തുന്നതും ഒക്കെ ആ ശ്രമം തന്നെ.
ആ ശ്രമത്തിന്റെ ഭാഗം മാത്രം നാം ചെയ്യുന്ന ഓരോ ജോലിയും പ്രവൃത്തിയും അദ്ധ്വാനവും ചികിത്സയും.
ജീവിക്കാൻ വേണ്ടി മരിച്ചു കൊണ്ടിരിക്കുന്നവരാണ് നമ്മൾ.
മരണത്തെ ഒഴിവാക്കാനുള്ള ശ്രമത്തെ നാം ജീവിതമെന്ന് വിളിക്കുന്നു.
സ്ഥിരമായി മരിച്ചു കൊണ്ടിരിക്കുന്ന പ്രക്രിയയെ, അതിനാല് മാത്രം വളർച്ച നേടുന്ന പ്രക്രിയയെ, നാം ജീവിതമെന്ന് വിളിക്കുന്നു.
ഓര്ത്തു നോക്കുക. എന്താണ് നാം വാശിപിടിച്ച് നടത്തുന്ന ജീവിതം?
ഞാനും നീയും ഉണ്ടെന്നും സ്ഥിരമെന്നും ധരിച്ചുള്ള വാശി. പോരാട്ടം.
തിന്നുക, കുടിക്കുക, ഉറങ്ങുക, വിസര്ജ്ജനം നടത്തുക. ഇവ ആവര്ത്തിക്കുക. ജീവിതമായി.
എന്നിങ്ങനെയുള്ള കാര്യം ചെയ്യുകയും, അത് ചെയ്യാൻ വേണ്ടിയും തുടര്ത്താൻ വേണ്ടിയും, അത് ചെയ്യാനും തുടര്ത്താനും ആവുന്നു എന്ന് ഉറപ്പിക്കാന് വേണ്ടിയും ജോലി ചെയ്യുക, ചെയ്യുന്നു. ജീവിതമായി.
എന്നതിനപ്പുറം ജീവിതത്തിന് വല്ല അര്ത്ഥവും ലക്ഷ്യവും നിര്വ്വചനവും ആരെങ്കിലും കണ്ടിട്ടുണ്ടോ?
ഇല്ല.
ജീവിക്കാൻ വേണ്ടി ജീവിക്കുന്നു. ഏറെക്കുറെ ബാധ്യത പോലെ.
പിന്നെ ബാക്കിയുള്ളത് ഞാന് ഇതാണ്, അതാണ് എന്ന് വരുത്തിത്തീര്ക്കുന്ന, തെളിയിക്കുന്ന ശ്രമം.
പാതിവഴിയില് ഉപേക്ഷിച്ച് പൂര്ണമരണത്തിന് കീഴടങ്ങുന്ന ശ്രമങ്ങൾ.
തൊഴിലും അധികാരവും സമ്പത്തും കുഞ്ഞുങ്ങളും ഉടമസ്ഥതയും എഴുത്തും ചിന്തയും ഒക്കെ വെച്ച് ഞാന് ഇതും, അതും, ഇങ്ങനെയും, അങ്ങനെയും ആണെന്ന് വരുത്തുന്ന, തെളിയിക്കുന്ന ശ്രമങ്ങൾ.
എല്ലാവരെക്കൊണ്ടും എല്ലാം ചെയ്യിക്കുന്ന ശ്രമങ്ങൾ, തെളിയിക്കല്.
ഒരോര്മ അവശേഷിപ്പിക്കാനുള്ള ശ്രമം. ഒന്നിനും കൊള്ളാത്ത ഉപകരിക്കാത്ത നമ്മെ കുറിച്ചുള്ള ഓര്മ.
ഇതിനപ്പുറം ജീവിതം എന്തെങ്കിലും ആണോ?
അല്ല.
ഒന്നുമല്ലെന്ന് അറിയുന്ന അറിവ് മാത്രമാണ് പിന്നെ ജീവിതം, ജീവിതത്തിലെ ശിഷ്ടസമ്പത്തും ബോധവും.
ജനിച്ചത് കൊണ്ട് ഏറ്റെടുത്തു നടത്തേണ്ടി വരുന്ന തുടർച്ചയായ ശ്രമങ്ങൾ. അറിവു കേടിന്റെ അറിവ്.
അതിനെ എന്ത് പേരിട്ടു വിളിച്ചാലും ജീവിതം ഒന്ന്.
ദൈവത്തിനുള്ള പൂജയും ആരാധനയും എന്ന് വരെ പറഞ്ഞ് വെക്കാം.
പക്ഷേ, എന്തായാലും....
എന്താണെന്ന് വരുത്തിതീര്ത്താലും....
ജീവിക്കാൻ കഴിയുന്ന ഒരു ജീവിതമല്ല ഉള്ളത്.
മരിച്ചു കൊണ്ടിരിക്കുന്ന, മരണത്തെ ഒഴിവാക്കാനുള്ള ശ്രമമായ ജീവിതമേ ഉള്ളൂ.
മരണത്തെ ഒഴിവാക്കുന്ന ശ്രമം മാത്രമാകുന്ന.......
തുടർച്ചയായി മരിച്ചു കൊണ്ടിരിക്കുന്ന....
ജീവിതം മാത്രം....
No comments:
Post a Comment