Thursday, April 20, 2023

ദൈവം എല്ലാ മാനങ്ങൾക്കും (dimensionsനും) അപ്പുറം. മാനമില്ലാ മാനത്തിൽ. (Dimension of no dimension)

അറിയാമല്ലോ? 

ഉണ്ടെങ്കിൽ ഉള്ള ദൈവം എല്ലാ മാനങ്ങൾക്കും (dimensionsനും) അപ്പുറത്താണ്. 

ഒരുതരം മാനമില്ലാ മാനത്തിൽ.  (Dimension of no dimension) 

അതുകൊണ്ട് തന്നെ എല്ലാ മാനങ്ങളിലും ഉള്ളവനും എല്ലാ മാനങ്ങളിലേക്കും എത്താൻ സാധിക്കുന്നവനുമാണ്, ആവണം ഈ ദൈവം. 

നമ്മളാണെങ്കിൽ നമ്മുടേതായ മാനത്തിൽ കുടിങ്ങിയിരിക്കുന്നവർ. ത്രിമാനത്തിൽ (three dimensions).

നമുക്ക് നമ്മുടെ മാനത്തിന് കീഴെയുള്ള മാനത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കും, സാധിച്ചെന്നിരിക്കും. 

പക്ഷേ നമുക്ക് നമ്മുടെ മാനത്തിന് (dimensionന്) മുകളിലുള്ള മാനത്തിലേക്ക് കയറിച്ചെല്ലാൻ സാധിക്കില്ല.

നമ്മുടെ മുകളിലുളള മാനത്തിലുള്ളവർക്ക് നമ്മിലേക്ക് ഇറങ്ങിവരാൻ വളരേ എളുപ്പം. 

അതുകൊണ്ട് തന്നെ ദൈവത്തിന് നമ്മുടെ പരിമിതികൾ മനസ്സിലാക്കി നമ്മുടെ മാനത്തിലേക്ക് നമ്മുടെ ഓരോരുത്തൻൻ്റെയും ഭാവനയിലേക്കും സങ്കൽപ്പത്തിലേക്കും വന്ന് ചുരുങ്ങാൻ സാധിക്കും. 

നമുക്ക് ദൈവത്തിലേക്ക് വളരാനും വികസിക്കാനും സാധിക്കില്ല എന്നതിനാൽ തന്നെ.

******

മനുഷ്യൻ മനുഷ്യൻ്റെ മാനങ്ങളിൽ (dimendionsൽ) നിന്ന് കൊണ്ട് ആ മാനത്തിൽ രൂപപ്പെടുന്നത് പോലുള്ള വ്യക്തിത്വം ദൈവത്തിന് കല്പിക്കുന്നു. 

അങ്ങനെ മനുഷ്യനുള്ളത് പോലുള്ള, ആ മാനത്തിൽ രൂപപ്പെടുന്നത് പോലുള്ള, ഗുണവിശേഷങ്ങൾ ആരോപിച്ച് കൊണ്ട്. 

മനുഷ്യൻ്റെ, അവൻ നിരൂപിക്കുന്ന ആ  വ്യക്തിത്വവും ഗുണവിശേഷങ്ങളും, അവൻ്റെ അവൻ കുടുങ്ങിയ മാനത്തിനപ്പുറത്തെ മാനത്തിൽ ബാധകമല്ല. 

ത്രിമാനതലം വിട്ട് വെറുതെ ചതുഷ്മാന തലത്തിൽ എത്തുമ്പോൾ പോലും മനുഷ്യൻ സങ്കൽപ്പിക്കുന്ന ഈ വ്യക്തിത്വവും ഗുണവിശേഷങ്ങളും ബാധകമല്ല. ഈ തലച്ചോറും വികാര വിചാരങ്ങളും ബാധകമല്ല.

എങ്കിൽ പിന്നെ അഷ്ടമാനത്തിലും ദശമാനത്തിലും എന്തായിരിക്കും അവസ്ഥ?

ഉണ്ടെങ്കിൽ ഉള്ള ദൈവമാണെങ്കിൽ എല്ലാ മാനങ്ങൾക്കും അപ്പുറത്തും ആയിരിക്കും.

എങ്കിൽ ഈ പറയുന്ന ദൈവം എന്ന നിർവചനവും സങ്കല്പവുമൊന്നും നമ്മൾ ആരും പറയുന്ന കോലത്തിൽ ആയിരിക്കില്ല, ആവാൻ പാടില്ല.

നമ്മുടെ മാനത്തിൽ നിന്ന് കൊണ്ട് നമ്മൾക്കാർക്കും മനസിലാക്കാൻ സാധിക്കാത്തത് മാത്രം നാം ദൈവം എന്ന് പേരിട്ട് വിളിക്കുന്ന ദൈവം. 

നമ്മുടെ മാനവും അതിൻ്റെ തടവറയും നിസ്സഹായതയും കഴിവുകേടും വിവരക്കേടും നൽകുന്ന പേരും നിർവചനവും തന്നെ നമ്മുടെ ദൈവസങ്കല്പവും നിർവചനവും. 

അത് കൊണ്ട് തന്നെ, ഒന്നുകിൽ ദൈവത്തെ കുറിച്ച് എല്ലാവരും പറയുന്നത് ഒരുപോലെ തെറ്റ്. അല്ലെങ്കിൽ എല്ലാവരും പറയുന്നത് ഒരുപോലെ ശരി. 

എല്ലാവരും തെറ്റായതിനാൽ, എല്ലാവരേയും തെറ്റാക്കാതിരിക്കാൻ മാത്രം എല്ലാവരും ശരി എന്ന് പറയുന്ന ശരി.

ആപേക്ഷികമായി മാത്രം. 

വ്യത്യസ്തമായ സ്ഥാനത്ത് നിന്നു നോക്കുമ്പോൾ ഒരേ സമയം സൂര്യൻ ഉദിക്കുന്നു എന്നതും അസ്തമിക്കുന്നു എന്നതും മദ്ധ്യാഹ്നത്തിലാണെന്നതും ശരിയാവുന്നത് തന്നെ നോക്കുക.  

സൂര്യൻ ഇതൊന്നുമല്ല, ഉദിക്കുന്നില്ല അസ്തമിക്കുന്നില്ല, എന്നതും ഒരുപോലെ ശരിയാവുന്നു എന്നതും ഓർക്കണം. 

അതും നമ്മുടെ മാനത്തിൽ നിന്ന്, നമ്മുടെ മാനത്തിന് പുറത്ത് പോകാതെ തന്നെ നോക്കുമ്പോൾ. 

അങ്ങനെ ഒരേ സമയം വ്യത്യസ്തമായ സ്ഥാനങ്ങളിൽ നിന്ന് ഒരേ കാര്യം ശരിയും തെറ്റും ആണ് എന്നതും നാം മനസ്സിലാക്കണം.

No comments: