Tuesday, April 4, 2023

നിന്നെ തേടുക തന്നെ നീയെന്ന വ്യാഖ്യാനം. നിന്നെ എനിക്ക് വേണ്ട.

ഉച്ചരിച്ചവൻ അറിയുന്ന 

വാക്കിൻ്റെ അർത്ഥം 

ഉച്ചരിക്കപ്പെട്ട വാക്ക് അറിയില്ല. 


വെറുതേയങ്ങാവുക 

എന്നത് മാത്രമല്ലാതെ 

ഒരു വാക്കിന്  

ആ വാക്കിൻ്റെ മാനത്തിൽ നിന്നും 

പ്രതലത്തിൽ നിന്നും 

മനസ്സിലാവുന്ന ഒന്നുമില്ല. 

******

നിന്നെ എനിക്ക് വേണ്ട. 


നിന്നെക്കുറിച്ചെഴുതുന്ന 

കവിത നിന്നുപോകും. 


ആ കവിത തെറ്റാണെന്ന് വരും.

നിന്നെ തെടുക മാത്രം.

നിന്നെ നേടുക അസാധ്യം.


നിന്നെ തേടുന്നതും

നിനക്ക് വേണ്ടി 

അധ്വാനിക്കുന്നതും തന്നെ

നിന്നെ നേടുകയെന്ന 

വല്ലാത്തൊരു വ്യാഖ്യാനം.


നിനക്ക് വേണ്ടി അധ്വാനിക്കുക,

നിന്നെ തേടുക

അത് തന്നെ 

നീയെന്ന വ്യാഖ്യാനം.


അതിനാലും 

നിന്നെ എനിക്ക് വേണ്ട. 


ഇത് പറയുന്നത് വെറുതെയല്ല.


പാതിരാവിലും സജീവമായി

ഭൂമിയെയും ആകാശത്തെയും 

സ്വന്തമാക്കി, കാവലായി 

ലോകവും ജീവിതവുമായി

സംവദിച്ചു ചികഞ്ഞ് കുരച്ച് 

സത്യം വിളിച്ചുപറയുന്ന 

നായ്ക്കളോടും വവ്വാലുകളോടും

ചോദിച്ചുറപ്പ് വരുത്തിയതിന് ശേഷം 

കൂടിയാണ് ഇങ്ങനെ പറയുന്നത്..


ജീവിതമേ നീ

സങ്കല്പത്തിൽ സുന്ദരം.


സങ്കല്പത്തിൽ 

നിൻ്റെ മുഖത്ത് കുരുവില്ല,

നിൻ്റെ ശരീരത്തിന്

ദുർഗന്ധമില്ല. 


ജീവിക്കുന്നതിന് മുൻപ് 

നീയൊരു സുന്ദരമായ 

ചിത്രം, കവിത.


ജീവിച്ചു കഴിഞ്ഞാൽ നീ 

എന്തൊക്കെയോ ആയ 

കഥയും കവിതയും പിന്നെന്തും.


ജീവിക്കുമ്പോഴോ 

നീയെന്തെന്നറിയാനും

നിന്നെ കാണാനുമൊക്കുന്നില്ല.


അത്രക്ക് ദുർഗന്ധം

അത്രക്ക് കുണ്ടും കുഴികളും

നിന്നിലാകെയും..

No comments: