Sunday, April 16, 2023

എന്തൊക്കെയോ വിളിച്ചുപറയുകയാണ് താങ്കൾ.

 ഒരു പണിയുമില്ലാതെ 

എന്തൊക്കെയോ 

വിളിച്ചുപറയുകയാണ് 

താങ്കൾ.


ഒരു പണിയുമില്ലാതെയിരിക്കുമ്പോൾ 

തോന്നുന്നതാണ് താങ്കൾക്ക് 

ഈ പറയുന്നതൊക്കെയും.


ശരിയാണ്.


ഇനിയൊന്ന് ചോദിക്കട്ടെ. 


വെറുതേയിരിക്കുന്നു എന്നത് വലിയ തെറ്റാണ് എന്ന നിലക്കാണോ ഈ ആരോപണം?


വെറുതേയിരിക്കുന്നതിൽ എന്താണ് തെറ്റ്?


എന്തെങ്കിലും ചെയ്യാൻ വേണ്ട ആവശ്യങ്ങളും അതിൻ്റെ തള്ളും ഉണ്ടെങ്കിലല്ലേ ഒരാൾ എന്തെങ്കിലും ചെയ്യൂ, ചെയ്യേണ്ടതുള്ളൂ?


എല്ലാവർക്കും എന്തെങ്കിലും ചെയ്യേണ്ടി വരുന്നതല്ലേ?


വെറുതേയിരിക്കാൻ തന്നെയല്ലേ എല്ലാവരും മോക്ഷവും സ്വർഗ്ഗവും തേടുന്നത്? 


വെറുതേയിരിക്കുന്നത് തന്നെയല്ലേ സമാധിയും സന്ന്യാസവും തപസ്സും?


*****


പറഞ്ഞത് പറഞ്ഞുകൊണ്ടിരുന്നപ്പോൾ 

കൃഷ്ണനും മുഹമ്മദിനും 

യേശുവിനും ബുദ്ധനും 

സോക്രട്ടീസിനും ശങ്കരനും

മുനികൾക്കും ഋഷികൾക്കും 

വേറെ എന്തെങ്കിലും 

പണിയുണ്ടായിരുന്നുവോ?


ഇല്ലായിരുന്നു.


അവരും 

കൃത്യമായ ഒരു പണിയുമില്ലാതെ, 

ഒരു പണിക്കും നിൽക്കാതെ 

ഒഴിഞ്ഞിരുന്ന് 

പറയുകയായിരുന്നു.


അവർക്ക് ഒഴിഞ്ഞിരിക്കാൻ കഴിഞ്ഞു.

അതിനാൽ തെളിഞ്ഞ് വന്നത്

തെളിച്ച് പറയാനും കഴിഞ്ഞു.


കൃഷ്ണനും മുഹമ്മദും 

ബുദ്ധനും യേശുവും 

സോക്രട്ടീസും ശങ്കരനും

മുനികളും ഋഷികളും ഒക്കെ 

അങ്ങനെ ഒരു പണിയും 

ചെയ്യാതെ തന്നെയായിരുന്നു 

അവർക്ക് പറയാനുള്ളത് 

ഉണ്ടാക്കിയതും പറഞ്ഞതും. 


ഒരു പണിയുമില്ലാത്തവർ 

എന്തൊക്കെയോ പറഞ്ഞതാണ് 

നിങ്ങൾക്കിന്ന് പാഠം.


ഒരു പണിയുമില്ലാതെയിരിക്കുമ്പോഴാണ് 

എല്ലാം തെളിയുക. 

എല്ലാം പറയാൻ തോന്നുക.


അല്ലാത്തവന്

തൻ്റെ പണി മാത്രമാണ്

ജീവിതവും പറച്ചിലും


ഒരു പണിയുമില്ലാതെയിരിക്കുന്നതാണ് 

തെളിഞ്ഞിരിക്കൽ. 

എല്ലാം പ്രതിബിംബിക്കാനാവുന്ന 

തെളിഞ്ഞിരിക്കൽ.


ഒരു പണിയുമില്ലാതെയിരിക്കുന്നതാണ്

ധ്യാനമെന്നും തപസ്സെന്നും 

നിങൾ സുന്ദരമായ പേരിട്ട് വിളിക്കുന്ന 

ഒഴിഞ്ഞിരിപ്പ്.


ബോധോദയം സിദ്ധിച്ചവന് 

എന്തും പറയാം. 


അവൻ എന്ത് എങ്ങിനെ പറഞ്ഞാലും 

ശരി, സത്യം. 


അവന് വായിൽ തോന്നുന്നത് മുഴുവൻ 

പറയാൻ അവന് സാധിക്കും. 

അവന് തോന്നുന്നതെല്ലാം പാട്ട്.


വായിൽ തോന്നിയത്

കോതക്ക് പാട്ട് എന്നപോലെ തന്നെ. 


******


ശ്വസിക്കുന്നതും കുടിക്കുന്നതും 

ഉറങ്ങുന്നതും ചിന്തിക്കുന്നതും 

ഒപ്പം ശരിക്കും വേണമെന്ന് 

തോന്നാത്ത ഒന്നും, 

അതിനാൽ തന്നെ വേണ്ടാത്ത ഒന്നും, 

ചെയ്യാത്തതും ഒക്കെത്തന്നെ 

വലിയ ചെയ്തികൾ തന്നെയാണ്. 


ശരിക്കും വേണ്ടാത്തത്, 

എന്നാൽ വെറും സമ്പത്തിനും 

അധികാരത്തിനും വേണ്ടി മാത്രം 

വേണമെന്ന് തോന്നി

ചെയ്യുന്നതിനേക്കാൾ, 

ചെയ്യേണ്ടിവരുന്നതിനെക്കാൾ

വലിയ ചെയ്തികൾ 

ഒന്നും ചെയ്യാതെ 

വെറുതേയിരിക്കുന്നു എന്ന് തോന്നുന്ന 

വെറുതേയിരുത്തം തന്നെയായ 

ചെയ്തികൾ ചെയ്യുന്നത് തന്നെയാണ്.


അക്രമം ചെയ്യുന്നതിനേക്കാളും 

അക്രമം ഉണ്ടാക്കുന്നതിനേക്കാളും 

വലിയ ചെയ്തി 

അത്തരത്തിൽ ഒന്നും 

ചെയ്യാതിരിക്കുകയും 

അത്തരം ചെയ്തികളിൽ നിന്ന് 

മാറിനിൽക്കുകയും 

മാറിനിൽക്കാൻ വേണ്ടത് 

ചെയ്യലുമാണ്. 


അഥവ വെറുതേയിരിക്കുക തന്നെ. 


പ്രത്യേകിച്ചും ഫലപ്രദമായി 

തടയാനും പ്രതിരോധിക്കാനും 

സാധിക്കില്ല എന്ന് വന്നാൽ. 


അത്തരം പ്രവൃത്തികൾ ആണ് 

സമ്പത്തും സ്ഥാനവും പ്രസക്തിയും 

വർദ്ധിപ്പിക്കാനുള്ള ജോലി, അധികാരം 

എന്നീ പേരുകളിൽ 

മുഖ്യധാരാപ്രവൃത്തികൾ 

എന്ന് വന്നാൽ പ്രത്യേകിച്ചും.


വെറുതെയാവുക എന്ന 

സന്യസിച്ച് പോവുക 

എന്നത് തന്നെ പോംവഴി.


പക്ഷേ, 

ഭൗതികമായ, പദാർത്ഥപരമായ, 

അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും വഴിയിൽ 

എന്തെങ്കിലും ചെയ്യുന്ന 

ജോലി എന്ന് പേരുള്ള സംഗതി 

ചെയ്യാതെയിരിക്കുന്നതിനെ 

വെറുതേയിരിക്കുന്നത് 

എന്ന് കരുതുന്നവരോട് 

പിന്നെന്ത് പറയാം? 


ഇങ്ങനെയൊക്കെ, 

ഇതൊക്കെ തന്നെയല്ലാതെ. 


ആത്യന്തികമായി 

എല്ലാം ചെയ്യുന്നത്, 

എല്ലാം ചെയ്യേണ്ടിവരുന്നത്, 

ഒന്നും ചെയ്യാതെയിരിക്കാനാവുക എന്ന 

വിശ്രമം നേടാൻ തന്നെയാണല്ലോ?

No comments: