ഒരു വഴിയും പ്രത്യേകിച്ചില്ല
എന്നറിയുന്നതാണ് ബോധോദയം.
അതിനാൽ തന്നെ
ഒരുകുറേ വഴികളുണ്ട് എന്നത്
ബോധോദയം.
എല്ലാ വഴികളും ഒരുപോലെ
ശരിയും തെറ്റും എന്നത് ബോധോദയം.
*****
ഭക്ഷണം, പാർപ്പിടം, വസ്ത്രം, ഇണ എന്നിവയൊക്കെ കിട്ടുന്നത് വരെ ജീവിതം അതിനൊക്കെ വേണ്ടിയാണെന്ന് തോന്നും.
അവയൊക്കെ കിട്ടിയതിന് ശേഷവും ജീവിതം ബാക്കിയാവും. പിന്നെയും എന്തിനെന്നില്ലാതെ. എന്തിനെന്നറിയാതെ.
അപ്പോൾ പിന്നെ ഒറ്റക്കാവുമ്പോഴൊക്കെ വാതിലിൽ വന്ന് മുട്ടും.
എന്തിന് വേണ്ടി എന്ന ചോദ്യം.
ഉത്തരം കിട്ടാതെ, അത്തരം പേടിപ്പിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കാൻ, ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ, അതിനെ ബോറടി എന്ന് വിളിച്ച്, ആ ബോറടിയെ ഒഴിവാക്കാൻ എന്ന പേരിൽ കുറച്ച് സംഗീതവും മദ്യവും അധികാരവും ഭക്തിയും ദാർശനികതയും സാഹിത്യവും സേവനവും ഒക്കെ തൊട്ടുനോക്കും. ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്നത് പോലെ.
എന്നിട്ടോ?
ജീവിതം അതിനൊക്കെ വേണ്ടിയാണെന്നും, ജീവിതത്തിൻ്റെ അർത്ഥം അതൊക്കെയാണെന്നും വരുത്തിനോക്കും.
പക്ഷേ, അവയൊക്കെ നടന്നതിന് ശേഷവും ജീവിതം ബാക്കിയാവും.
നാം ഒറ്റക്കാവും.
അപ്പോഴൊക്കെ, ഇരുൾ നീങ്ങി വെളിച്ചം വരുമ്പോഴൊക്കെ ഓട്ട അതുപോലെ തന്നെ നിന്ന് പ്രത്യക്ഷപ്പെട്ട് ഈ ജീവിതം എന്തിനെന്ന ചോദ്യം വീണ്ടും വീണ്ടും വാതിലിൽ വന്ന് മുട്ടും.
ഉത്തരം ഇല്ലാതെ.
എന്തിനെന്നില്ലാതെ.
മഹാഭൂരിപക്ഷത്തിനും ഒറ്റക്കാവുമ്പോൾ പേടിയാവും.
ആ പേടിയെ ബോറടിയായി കരുതി വീണ്ടും വീണ്ടും രക്ഷപ്പെടാൻ ശ്രമിക്കും.
അങ്ങനെ ഉത്തരം കിട്ടാതെ ഒളിച്ചോടി, ബാഹ്യമായി മുഴുകി ശ്രമിച്ചുകിട്ടുന്ന സ്ഥാനമാനങ്ങളെ എന്തോ വലിയ സംഗതികളായിക്കണ്ട് ജീവിതത്തെ അതിൽ പുതച്ച്, ഒളിപ്പിച്ച് നിർത്തും.
എന്നാലും ജീവിതം ബാക്കി. ഉത്തരമില്ലാത്ത ഒരുത്തരവും
ജീവിതത്തിൽ നമുക്ക് മനസ്സിലാവുന്ന ഒന്നുമില്ല, ജീവിതം നാം മനസ്സിലാക്കുന്ന ഒന്നിനുമല്ല എന്ന പേടിപ്പിക്കുന്ന ഉത്തരമല്ലാത്ത ഉത്തരവും ബാക്കി.
No comments:
Post a Comment