Sunday, April 30, 2023

ആനയും ഉറുമ്പും ഒരേപോലെ മനസ്സിലാക്കില്ല.

വിഷയം മനസ്സിലാകാത്തവർക്കും വിഷയം മനസ്സിലാക്കാൻ കഴിയാത്തവർക്കും അതിന് ശ്രമിക്കാത്തവർക്കും എല്ലാം അങ്ങനെ തന്നെയാണ്. 

വെറും കോലങ്ങളും അക്ഷരങ്ങളും മാത്രം. 

ഓരോ കോശവും ഇന്ദ്രിയവും അവയവവും എല്ലാം വേറെ വേറെ തന്നെയെന്ന് തോന്നും. 

എല്ലാറ്റിനെയും ബന്ധിപ്പിച്ച് കണ്ടാൽ മാത്രമല്ലേ ഒരു വ്യക്തിയുള്ളൂ. 

എല്ലാറ്റിനുമുപരി എല്ലാറ്റിനെയും ബന്ധിപ്പിച്ച് നിർത്തുന്ന ജീവനെയും കാണാൻ കഴിയണം. 

ആത്മാവ് എന്ന് പൊതുവേ വിളിക്കുന്ന ജീവനാണല്ലോ ഇവയ്ക്ക് അർത്ഥം ഉണ്ടാക്കുന്നതും ഇവയെ ഒരുമിപ്പിച്ച് നിർത്തുന്നതും നശിക്കാതെ നിർത്തുന്നതും. 

വിഷയങ്ങളുടെ ആത്മാവ് (ഉൾക്കാമ്പ് എന്ന ജീവൻ) കണ്ടെത്താത്തവന് എല്ലാം വെറും വെറുതെ തിരിച്ചും മറിച്ചും വെക്കുന്ന അക്ഷരങ്ങളും വാക്കുകളും മാത്രം. 

അവർക്ക് വീടിനെ വീടായി കാണാൻ സാധിക്കില്ല. വെറുതേ തിരിച്ചും മറിച്ചും വെച്ച കല്ലുകളും മരക്കഷണങ്ങളും മാത്രമായല്ലാതെ. 

ഇങ്ങനെയെങ്കിൽ, സമഗ്രതയിൽ സമന്വയിപ്പിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കാത്തവർക്ക്   മാങ്ങയും ചക്കയും പൂവും മരവും ഒന്നും അവയല്ല. പലതരം രാസ ഘടകങ്ങൾ മാത്രം. അവർക്ക് ഏതൊരു ഒരു വലിയ ഗ്രന്ഥം പോലും അങ്ങനെയൊന്ന് മാത്രമാണ്. .വെറും വെറുതെ തിരിച്ചും മറിച്ചും വെക്കുന്ന അക്ഷരങ്ങളും വാക്കുകളും.

എന്ത് ചെയ്യാം? 

ഓരോരുത്തനും അവനവൻ്റെ വിതാനത്തിനും മാനത്തിനും അതുണ്ടാക്കിയ പരിമിതികൾക്കുമനുസരിച്ച് മനസ്സിലാക്കട്ടെ. 

ആനയും ഉറുമ്പും ഒരേപോലെ മനസ്സിലാക്കണമെന്ന് വാശിപിടിച്ചുകൂടല്ലോ?

No comments: