Saturday, April 8, 2023

ഒറ്റക്കാണ് ഓരോ കോശവും അണുവും വിത്തും.

ഒറ്റക്കാണ് ഓരോ കോശവും അണുവും വിത്തും. 

കൂട്ടത്തിലെന്ന് കാഴ്ചയിൽ തോന്നുമെങ്കിലും അകപ്പെട്ട കൂട്ടത്തിലും അവയെല്ലാം ഒറ്റക്കാണ്. 

മരമായി മരത്തിലെ കൂട്ടമായി നിൽക്കുന്ന അതിലെ ഒരോ ഇലയും പൂവും കായും വേറെ വേറെ തന്നെയാണ്. ഒറ്റക്കാണ്.

ഒറ്റയിൽ നിന്നാണ് നാം കാണുന്ന കൂട്ടമുണ്ടായത്. 

കൂട്ടത്തിൽ നിന്ന് ഒറ്റയല്ല ഉണ്ടായത്.

ഒറ്റയിൽ നിന്നാണ് വലിയൊരു കൂട്ടമായ ഈ പ്രപഞ്ചമുണ്ടായത്. പ്രാപഞ്ചികതയുണ്ടായത്.

ഒറ്റയും ഒറ്റയിലുമാണ് ദൈവവും ദൈവികതയും.

ഒറ്റക്കിരിക്കുന്നവൻ പ്രപഞ്ചമായിത്തന്നെ തീരുന്നു.

ഒറ്റക്കിരിക്കുന്നവൻ മുഴുവനെ തന്നിലും തന്നെ മുഴുവനിലും പ്രതിബിംബിക്കുന്നു.

ഒറ്റക്കും ഒറ്റയിലുമാണ് തപസ്സും ഹിറയും.

*****

ആപേക്ഷികമായും സാമൂഹ്യമായും വ്യവസ്ഥിതിയിലും അങ്ങനെയല്ലെന്നറിയാം. 

അവിടെ പരസ്പരം സഹകരിച്ച് തന്നെയാണ്. 

പരസ്പര സഹകരണം കൊണ്ട് തന്നെയാണ്. 

എന്നിരുന്നാലും, അപ്പോഴൊക്കെയും ഓരോരുത്തരും ഓരോ അനുഭവവും നിരീക്ഷണവും ഒറ്റക്കാണ്, ഒറ്റയിലാണ്.

ഓരോ എരിവും പുളിയും മധുരവും വേദനയും ദുഃഖവും സന്തോഷവും ഒറ്റക്കാണ്, ഒറ്റയിലാണ്.


No comments: