കൂട്ടത്തിന് കരുത്തുണ്ട്.
പക്ഷെ, കൂട്ടത്തിൽ നിൽക്കാൻ ആർക്കും കരുത്ത് വേണ്ട.
കൂട്ടത്തിൽ ആർക്കും നിൽക്കാം.
ഒഴുകി നടക്കുന്ന തടിയും കൂട്ടത്തിലാണ്.
കൂട്ടം ഒഴുകുന്ന വഴിയിൽ, കൂട്ടം ഒഴുകുന്നിടത്തേക്കാണ് ആ തടിയും. ദിശയറിയാതെ, വഴിയറിയാതെ.
സ്വന്തമായ അഭിപ്രായമില്ലാത്ത, സാമൂഹ്യസുരക്ഷിതത്വം ആഗ്രഹിക്കുന്ന ആർക്കും, ഏത് തടിക്കും കൂട്ടത്തിൽ നിൽക്കാം, കൂട്ടത്തോടൊപ്പം പോകാം.
******
താൻ ഉണ്ടെന്ന് വരുത്താൻ, തന്നെ ഉണ്ടാക്കാൻ, തൻ്റെ അധികാരവും സ്ഥാനവും ഉറപ്പിക്കാൻ കൂട്ടത്തിൽ കൂടുന്നത് ദുരന്തം.
തന്നെയും നഷ്ടപ്പെടുത്തി കൂട്ടത്തിലായി ആ കൂട്ടത്തെ മാത്രം ഒന്നാക്കി, ആ ഒന്ന് മാത്രം ആകയാലുള്ള ഒന്നായിക്കണ്ട് കടന്നുപോകാൻ കൃത്യമായ തെളിച്ചവും പൊരുത്തവും വേണം.
അവൻ കൂട്ടത്തിലും ഒറ്റക്കാണ്. അവന് കൂട്ടവും ഒറ്റയാണ്.
******
ഒറ്റക്ക് നിൽക്കാൻ കരുത്ത് വേണം.
അവൻ ഒറ്റയിൽ സ്വയം ഒരു കൂട്ടമാവും.
അവൻ കൂട്ടത്തെ ഒറ്റയാക്കും
അതല്ലാത്ത എല്ലാ കൂട്ടത്തെയും അവൻ ഭയപ്പെടുത്തും.
ഒറ്റയായവൻ അവൻ കൂട്ടത്തിന് വഴിയൊരുക്കും.
******
ഒറ്റക്കാണ് ഓരോ കോശവും അണുവും വിത്തും.
കൂട്ടത്തിലെന്ന് കാഴ്ചയിൽ തോന്നുമെങ്കിലും അകപ്പെട്ട കൂട്ടത്തിലും അവയെല്ലാം ഒറ്റക്കാണ്.
മരമായി മരത്തിലെ കൂട്ടമായി നിൽക്കുന്ന അതിലെ ഒരോ ഇലയും പൂവും കായും വേറെ വേറെ തന്നെയാണ്. ഒറ്റക്കാണ്.
ഒറ്റയിൽ നിന്നാണ് നാം കാണുന്ന കൂട്ടമുണ്ടായത്.
കൂട്ടത്തിൽ നിന്ന് ഒറ്റയല്ല ഉണ്ടായത്.
ഒറ്റയിൽ നിന്നാണ് വലിയൊരു കൂട്ടമായ ഈ പ്രപഞ്ചമുണ്ടായത്. പ്രാപഞ്ചികതയുണ്ടായത്.
ഒറ്റയും ഒറ്റയിലുമാണ് ദൈവവും ദൈവികതയും.
ഒറ്റക്കിരിക്കുന്നവൻ പ്രപഞ്ചമായിത്തന്നെ തീരുന്നു.
ഒറ്റക്കിരിക്കുന്നവൻ മുഴുവനെ തന്നിലും തന്നെ മുഴുവനിലും പ്രതി ബിംബിക്കുന്നു.
*******
ഒറ്റക്ക് നിൽക്കുന്നവൻ സ്വന്തം കാലിൽ അവൻ്റെ തന്നെ തെളിച്ചത്തിൽ നിൽക്കണം.
കൂട്ടത്തെ മുഴുവൻ പേടിപ്പിക്കുന്ന, പിടിച്ചുനിർത്തുന്ന, കൂട്ടത്തിന് മുഴുവൻ വഴിയൊരുക്കുന്ന കരുത്ത് ഒറ്റക്കാണ്.
ഒറ്റക്ക് നിൽക്കുന്നവനാണ്, ഒറ്റക്ക് നടക്കുന്നവനാണ്, ഒറ്റക്ക് നിൽക്കുന്നവൻ്റെയും ഒറ്റക്ക് നടക്കുന്നവൻ്റെയും തെളിച്ചത്തിലാണ് കൂട്ടം നടക്കുന്നത്.
ഓരോ സസ്യവും ഒറ്റക്ക് നിൽക്കുകയാണ്.
ഒറ്റക്ക് നിൽക്കുന്നവൻ വേരുകൾ ആഴ്ത്തും. കൊമ്പുകൾ ഉയർത്തും.
****
തെളിച്ചമുള്ളവൻ ഒറ്റപ്പെടും, ഒറ്റക്ക് നടക്കേണ്ടി വരും, ഒറ്റുകൊടുക്കപ്പെടും.
അവൻ്റെ തെളിച്ചം അവനെ ഒറ്റപ്പെടുത്തും.
തെളിച്ചം നോക്കിനിൽക്കുന്ന, വെളിച്ചം സൂക്ഷിക്കുന്ന വഴിയിൽ അവൻ ഒറ്റപ്പെടും. തെളിച്ചമായ തൻ്റെ വെളിച്ചം അണഞ്ഞുപോകാതിരിക്കാൻ
അവൻ സ്വയം വഴി തെളിക്കുന്നവനും, സ്വയം തന്നെ തെളിച്ച വഴിയിലൂടെ നടന്നുപോകുന്നവനുമാണ്.
അവൻ തുന്നൽ സൂചിയെപ്പോലെ.
നിന്നിടം നിൽക്കാതെ. ആർക്കൊക്കെയോ വഴിയുണ്ടാക്കിക്കൊടുക്കുന്നുവൻ
നൂലിനെ പോലെയല്ലാതെ.
അവൻ നിന്നിടം നിൽക്കാതെ.
നൂലുകൾക്ക്, നൂലുകളായ കൂട്ടത്തിന് എന്നെന്നും നിൽക്കാനും നടക്കാനുമുള്ള വഴിയൊരുക്കിക്കൊണ്ട്.
******
മിന്നേറുകൾ ഭൂമിയിലേക്ക് പതിക്കുന്ന ഏറ്റവും വലിയ വെളിച്ചം.
ഏറ്റവും വലിയ ഊർജസ്രോതസ്സ് എന്നൊക്കെ ദൂരേ നിന്ന് കാല്പനികത ചേർത്ത് കഥയാക്കി പറയും, തോന്നും.
പക്ഷേ, നേർക്കുനേർ മിന്നേറുകളെ പേടിക്കുക തന്നെ പൊതുജനത്തിന് പഥ്യം, സാധ്യം.
കാരണം മിന്നേറുകൾ പൊതുജനത്തിന് ഭ്രാന്താണ്, ഭ്രാന്തൻമാരാണ്.
അതുകൊണ്ട് തന്നെ ഇതേ പൊതുജനം മിന്നേറുകൾ വരുമ്പോൾ ആ വരുന്ന മിന്നേറുകളുടെ നേരെ പൂർണമായ അവഗണനയോടെ കണ്ണടക്കും.
അത് പൊതുജനത്തിന് അപ്പോഴുള്ള അവരുടെ തന്നെ ഭൗതികമായ ആത്മരക്ഷയുടെ ഏകവഴി.
മിന്നേറുകളെ അവഗണിക്കുക പൊതുജനത്തിന് അവരായിരിക്കുന്ന അവരുടെ സ്ഥാനവും മാനവും നഷ്ടപ്പെടാത്ത, നഷ്ടപ്പെടുത്താത്ത ഏകവഴി.
ഫലത്തിൽ വലിയ വെളിച്ചവും ഊർജസ്രോതസ്സും ഒക്കെയായ കഥയിലെ വലിയ കഥാപാത്രങ്ങളായ മിന്നേറുകൾ അവരായിവരുമ്പോൾ വെറും വെറുതേയാവും.
മിന്നേറുകൾ ആർക്കും വേണ്ടാത്തവരാവും. അവർ ആർക്കും ഒന്നും നേരിട്ട് ചെയ്യാനില്ലാത്തവരാവും.
പകരം പൊതുജനത്തിന് മിന്നേറുകളുണ്ടാവുമ്പോൾ, മിന്നേറുകളുണ്ടാവുന്ന സമയത്ത്, കാലത്ത് ആവ ശല്യമെന്ന് തന്നെ വരും.
അങ്ങനെ മിന്നേറുകൾ മിന്നേറുകളുണ്ടാവുന്ന കാലത്തും സമയത്തും ഒറ്റപ്പെടുത്തപ്പെട്ട്, ആ വഴിയിൽ ഒറ്റപ്പെട്ട് വൃഥാവിലാവും. അനാവശ്യമാക്കപ്പെടും.
അത് മിന്നേറുകളുടെ സ്വന്തം വഴി, വിധി.
മിന്നേറുകളായതിൻ്റെ വിധി.
*******
കയ്യിലെ സത്യത്തിൻ്റെ കരുത്തനുസരിച്ച് ഏതൊരുത്തനും ഒറ്റപ്പെടും, ഒറ്റുകൊടുക്കപ്പെടും, ഒറ്റപ്പെടുത്തപ്പെടും.
കൂടെയുള്ളവരൊന്നും അവൻ്റെ കൂടെയുള്ളവരല്ലെന്ന് വരും. ചിരിക്കുന്ന അവരൊന്നും അവനോട് ചിരിക്കുന്നവരല്ലെന്ന് വരും. അവന് അധികാരവും സമ്പത്തും തീരേയില്ലെന്നാൽ പറയുകയും വേണ്ട.
കൊണ്ടുനടക്കുന്ന സത്യത്തിൻ്റെ കരുത്തനുസരിച്ച് ഒറ്റപ്പെടുത്തപ്പെടും ഒറ്റുകൊടുക്കപ്പെടും.
ഒറ്റയിലാണ് ഒറ്റപ്പെടുന്നതിലാണ് ഒറ്റുകൊടുക്കപ്പെടുന്നതിലാണ് നിൻ്റെയും സത്യത്തിൻ്റെയും കരുത്ത്.
സ്വീകരിക്കപ്പെടുന്നത് നിന്നിലും നീ പറയുന്നതിലും കളങ്കം ചാർത്തും.
സ്വീകാര്യത മിന്നേറുകൾക്ക് അവയെ അവയല്ലാതാക്കുന്ന തടവറ.
******
നിലാടുള്ളവർക്ക് ഏറെ സുഹൃത്തുക്കളുണ്ടാവുമെന്ന് കരുതരുത്.
ഇരുട്ടും വെളിച്ചവും ഒരുമിച്ചു നിൽക്കുമോ?
രണ്ടിലൊന്ന് മാത്രം എപ്പോഴും ഒരിടത്ത്.
ഒന്നിൻ്റെ ആധിക്യത്തിനനുസരിച്ച് മറ്റേത് കുറഞ്ഞ്.
നിലപാടുള്ളവർ ആരുമായും ശത്രുതയിലാവുന്നത് കൊണ്ടല്ല അവർ ഒറ്റപ്പെടുന്നത്, അവർക്ക് സുഹൃത്തുക്കൾ ഇല്ലാതാവുന്നത്.
മിന്നേറുകൾ അഭിനയിക്കില്ല , മിന്നേറുകൾക്ക് വല്ലാതെ അഭിനയിക്കാനും തന്നെത്താൻ കച്ചവടംചെയ്യാനും സാധിക്കില്ല എന്നതിനാൽ മാത്രം.
മിന്നേറുകൾ എല്ലാവരുമായും സൗഹൃദത്തിൽ തന്നെയാണ്.
എന്നാലും എല്ലവരും മിന്നേറുകളെ ഉള്ളിൻ്റെയുള്ളിൽ ശത്രുവായിക്കാണും, ഭയക്കും, ഒറ്റപ്പെടുത്തും.
എല്ലാവരെയും തോൽപ്പിക്കുന്നവൻ ഏത്ര തന്നെയായാലും എല്ലാവർക്കും ശത്രു എന്നത് അതിന് ന്യായം.
വെളിച്ചമുള്ളയിടത്ത് ഇരുട്ടിന് നില്ക്കാൻ സാധിക്കില്ല, ഇരുട്ടിനെ കാണാൻ സാധിക്കില്ല എന്നത് കൊണ്ട്.
വെളിച്ചമെന്ന നിലപാട് പ്രത്യക്ഷത്തിൽ കാണുന്നതാണ്. കാണുന്നത് കൊണ്ട് തന്നെ ശത്രുതയെ വിളിച്ചുവരുത്തുന്നത് മാത്രം.
ഇരുട്ടെന്ന നിൽപാടില്ലായ്മ സ്വയം കാണാത്തതും കാഴ്ച നഷ്ടപ്പെടുത്തുന്നതുമാണ്.
ഇരുട്ടത്ത് തന്നെ തപ്പിക്കളിക്കാൻ ഇഷ്ടപ്പെടുന്നവന് വെളിച്ചം എങ്ങിനെ ഇഷ്ടമുള്ളതാവും?
അവർക്ക് നിലപാടും നിലപാടുള്ളവരും ശത്രുക്കളാവുക നിർബന്ധം.
കാണേണ്ട, അറിയേണ്ട എന്ന് വിചാരിച്ച് നടക്കുമ്പോൾ എങ്ങിനെ കാഴ്ചയും അറിവും ഇഷ്ടമാകും?
അതും സ്വന്തം നഗ്നതയും വൈകൃതവും കാണിക്കുന്ന, അറിയിക്കുന്ന അറിവും കാഴ്ചയും ആണ് അറിയേണ്ടതും കാണേണ്ടതുമെങ്കിൽ പിന്നെ പറയേണ്ട.
ഇരുട്ടിലെ വലുപ്പവും അധികാരവും തന്നെ അവർക്ക് നല്ലത്
*******
അപ്പോൾ നിങൾ ചോദിക്കും.
യേശുവിനും കൃഷ്ണനും മുഹമ്മദിനും ബുദ്ധനും സോക്രട്ടീസിനും ജൈനനും ഒക്കെ ഒരേറെ നിലപാടുകൾ ഉണ്ടായിട്ടും ഒരേറെ സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ലേ?
അവരിലും അവരുടെ നിലപാടുകളിലും വിശ്വസിച്ച് പിന്തുടരുന്ന ലക്ഷങ്ങൾ ഇപ്പോഴും ഇല്ലേ?
ചോദിച്ചത് ശരിയാണ്.
പക്ഷേ ഒന്ന് ശരിക്കും ഓർത്തുനോക്കൂ...
യേശുവിനും കൃഷ്ണനും മുഹമ്മദിനും ബുദ്ധനും സോക്രട്ടീസിനും ജൈനനും ഒക്കെ അവർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഏത്ര സുഹൃത്തുകൾ ഉണ്ടായിരുന്നു? അവരുടെ കൂടെത്തന്നെ നടക്കാനും ജീവിക്കാനും...
വിരലിൽ എണ്ണാവുന്നവർ പോലും ഉണ്ടായിരുന്നില്ല.
ഉണ്ടായിരുന്നെങ്കിൽ....,
അവരിലാരെങ്കിലും കൊല്ലപ്പെടുന്നമായിരുന്നുവോ?
നാട്ടിൽ നിന്നും അവർക്ക് ഒളിച്ചോടേണ്ടി വരുമായിരുന്നുവോ?
സ്വന്തംനാട്ടിൽ തന്നെ വല്ലാതെ അവർ പീഡിപ്പിക്കപ്പെടുമായിരുന്നുവോ?
******
നിങൾ ഇപ്പോൾ പറയുന്നതും അവകാശപ്പെടുന്നതും പോലെ അവർക്കൊക്കെ അവരുടെ നിലപാടുകളിലും മറ്റും വിശ്വസിച്ച് പിന്തുടരുന്ന അനുയായികളും വിശ്വാസികളുമായ സുഹൃത്തുക്കൾ ഉണ്ടായത് അവരൊക്കെയും ഓർമ്മയും കഥാപാത്രങ്ങളും ആയതിനുശേഷം മാത്രം.
അവരുടെ നിലപാടുകൾ തെറ്റായി മാറിയപ്പോൾ മാത്രം.
അതല്ലെങ്കിൽ അവരെ തെറ്റായി, വെറും കാല്പനികമായി മാത്രം മനസ്സിലാക്കിയപ്പോൾ മാത്രം.
അവർ ഏതൊക്കെയോ കോലത്തിൽ വിജയിച്ച് എന്ന് തോന്നിയതിന് ശേഷം മാത്രം.
അവർ ആർക്കും ഒരു ബാധ്യതയും ഭാരവും ആവില്ല എന്ന ഉറപ്പ് വന്നതിന് ശേഷം മാത്രം.
അവർ ആരുടെയും സ്ഥാനത്തെയും അധികാരത്തെയും ചോദ്യം ചെയ്യില്ല എന്ന് വന്നപ്പോൾ മാത്രം
പകരം അവർ എല്ലാവർക്കും സ്ഥാനവും അധികാരവും ഉണ്ടാക്കിക്കൊടുക്കും എന്ന് വന്നപ്പോൾ മാത്രം.
അവരുടെ കൂടെ കൂടുന്നത് സാമൂഹ്യസുരക്ഷിതത്വത്തിനും അധികാര, സാമ്പത്തിക താൽപര്യങ്ങൾക്കും ഭീഷണിയാവില്ലെന്ന് വന്നപ്പോൾ മാത്രം.
അതാണ് ഖുർആൻ വേറൊരു കോലത്തിൽ മുഹമ്മദിനോട് തന്നെ പറഞ്ഞോർമ്മിപ്പിച്ചത്, ഉണർത്തിയത്.
"അല്ലാഹുവിൻ്റെ വിജയവും അധികാരവും വന്നുകിട്ടിയാൽ... അപ്പോൾ നിനക്ക് കാണാം ജനങ്ങൾ കൂട്ടംകൂട്ടമായി അല്ലാഹുവിൻ്റെ മതത്തിലേക്ക് പ്രവേശിക്കുന്നത്. (പക്ഷേ, നീ അതിലൊന്നും കെണിയേണ്ട, അതൊന്നും കാര്യമാക്കേണ്ട. പകരം,) നീ നിൻ്റെ നാഥനെ സ്തുതിച്ച് കൊണ്ട് പരിശുദ്ധപ്പെടുത്തുകയും പാപമോചനം തേടുകയും ചെയ്യുക." ( സൂറ: അന്നസർ)
അതുകൊണ്ട് തന്നെ അങനെ കൂട്ടംകൂട്ടമായി വരുന്നവരാരും അവരുടെ നിലപാടിന് കൂട്ടാവാൻ വന്ന സൗഹൃദങ്ങൾ അല്ല.
പകരം, അധികാരത്തിൻ്റെ പങ്ക് പറ്റാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും മാത്രം വന്നവരാണ്, വരുന്നവരാണ്.
അല്ലാതെ, കൂട്ടംകൂട്ടമായി വന്നവരാരും ഈ പറഞ്ഞ കൃഷ്ണൻ്റെയും മുഹമ്മദിൻ്റെയും യേശുവിൻ്റെയും ബുദ്ധൻ്റേയും സോക്രട്ടീസിൻ്റെയും ആദ്യഘട്ടത്തിൽ അല്ല വന്നത്.
കൂട്ടംകൂട്ടമായി വന്നവരാരും പ്രതിസന്ധികളും ഭീഷണികളും നേരിട്ട ഘട്ടങ്ങളിൽ ഇവരാരുടെയും കൂടെ കൂടിയിരുന്നില്ല, കൂടെ നിന്നിരുന്നില്ല. വളരെ ചിലാരോഴികെ, വിരലിലെണ്ണാവുന്നവരൊഴികെ.
അവർ കൊല്ലപ്പെടുന്നത് വരെയും, നാടുവിട്ട് ഓടുന്നത് വരെയും ആരും കൂടെ കൂടിയിരുന്നില്ല, കൂടെ നിന്നിരുന്നില്ല. വളരെ ചിലാരോഴികെ.
******
എല്ലാ കാലത്തും അന്നന്നത്തെ അവസ്ഥക്കും ജീവിതസാഹചര്യത്തിനും വേണ്ടി നിലകൊണ്ടവർ, അതാത് കാലത്തെ നേതാക്കളും അനുയായികളുമായവർ ഇവരെയൊക്കെ എതിർത്തുകൊണ്ടേയിരുന്നു
No comments:
Post a Comment