Wednesday, April 12, 2023

കുഞ്ഞുമക്കൾ ഈ കൊടുംവേനലിലും നോമ്പെടുക്കും. പക്ഷേ...,

കുഞ്ഞുമക്കൾ വെറും വെറുതേ പലതും ചെയ്യും.

മുതിർന്നവരെക്കണ്ട് സ്വാധീനിക്കപ്പെട്ട് അനുകരിക്കുക മാത്രം ചെയ്ത് ഈ കൊടുംവേനലിലും നോമ്പെടുക്കാൻ അവർ മുതിരും. 

കുഞ്ഞുമക്കൾ ആവശ്യപ്പെടുന്നു, അവർ സ്വയം ചെയ്യുന്നു എന്നത് കൊണ്ട്, അതൊരു ന്യായമാക്കി കുട്ടികളെ കൊണ്ട് ഇത്രയും വലിയ കൊടുംവേനലിൽ നോമ്പെടുക്കാൻ അനുവദിച്ചുകൂട. 

കുട്ടികൾ പലതും ആവശ്യപ്പെടും, പലതും ചെയ്യാൻ പോയെന്നിരിക്കും. 

പക്ഷേ ആരും കുട്ടികളെ എല്ലാം ചെയ്യാൻ അനുവദിക്കില്ല, അനുവദിക്കരുത്.

മതവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തിൽ കൂട്ടമനശാസ്ത്രത്തിൽ മുതിർന്നവർ വരെ കുടുങ്ങിപ്പോകുമ്പോൾ കുട്ടികളുടെ കാര്യം എടുത്തുപറയാനുണ്ടോ? 

അതുകൊണ്ടാണ് പ്രായപൂർത്തി എന്നത് എല്ലാ കാര്യങ്ങൾക്കും മാനദണ്ഡവും നിർബന്ധവും ആക്കിയത്, ആക്കുന്നത്. 

കുഞ്ഞുകുട്ടികൾ കാറോടിക്കാനും ബൈക്കോടിക്കാനും ഒക്കെ താൽപര്യം കാണിക്കും. എന്നുവെച്ച് നമ്മളാരെങ്കിലും അതിനങ്ങ് അവരെ അനുവദിക്കുമോ?

അവരുടെ പ്രായം ഉത്തരവാദിത്തബോധവും വെളിവും ഇല്ലാത്ത പ്രായമാണ്. എന്നത് കൊണ്ട് തന്നെ അവരെ അതിനൊന്നും ആരും, പിന്നെ നിയമവും അനുവദിക്കില്ല.

സ്കൂളുകൾ പോലും ഈ വേനലിൽ വേണ്ടെന്ന് വെക്കുന്നതും അതുകൊണ്ടാണ്.

******

എന്നിട്ടും ഈ കൊടുംവേനലിലും ആറും എട്ടും വയസ്സുള്ള കുട്ടികളെക്കൊണ്ട് വരെ നോമ്പെടുപ്പിക്കുന്ന മാതാപിതാക്കളുണ്ട്. 

സ്വർഗ്ഗവും നരകവും പറഞ്ഞുകൊണ്ട്. 

ഒന്നും തിരിയാത്ത, തെരഞ്ഞെടുപ്പ് സാധ്യമല്ലാത്ത കുഞ്ഞുമനസ്സിൽ ഇത് മാത്രം ശരിയെന്ന  വിശ്വാസത്തിൻ്റെ വിഷം കുത്തിനിറച്ചുകൊണ്ട് 

ഞങ്ങളൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ. 

മറ്റെല്ലാ കാര്യത്തിലും ബാലാവകാശകമ്മീഷനും മാനുഷ്യാവകാശകമ്മീഷനും പറയുന്നവർക്ക് ഇക്കാര്യത്തിൽ ഒന്നും പറയാനില്ല.

*******

ബാലാവകാശ കമ്മീഷനും മാനുഷ്യാവകാശ കമ്മീഷനും ഇതിലൊന്നും ചെയ്യാൻ കഴിയില്ല എന്നറിയാം. 

ഓരോ വീട്ടിലും കയറിയന്വേഷിച്ച് ഇപ്പണിയെടുക്കാൻ അവർക്ക് കഴിയില്ല എന്നുമറിയാം.

എന്നാലും, പൊതുവേ അവകാശങ്ങൾ മാത്രം പറഞ്ഞ്, അവകാശങ്ങൾ മാത്രം ആവശ്യപ്പെട്ട് ആവലാതികൾ പറയുന്നവരാണല്ലോ നമ്മൾ എന്നതിനാൽ മാത്രം ചോദിച്ചുപോകുന്നതാണ്. 

അങ്ങ് കാശ്മീരിലും ഫലസ്തീനിലുമുള്ള കാര്യത്തിൽ വരെ നമ്മളതൊക്കെ ചെയ്യുകയും ചെയ്യും. 

സ്കൂളുകൾ പോലും ഈ മാസങ്ങളിൽ വേണ്ടെന്ന് വെക്കുന്നത് ഇങ്ങനെയാണെങ്കിൽ വെറും വെറുതെ എന്നും വരും എന്നതിനാലും ഇങ്ങനെയൊക്കെ ചോദിച്ചുപോകുന്നതാണ്.

No comments: