Sunday, April 2, 2023

വിശ്വസിക്കുക ഒരു പണിയല്ല. നിഷേധിക്കുകയും ഒരു പണിയല്ല

ഈശ്വരവിശ്വാസിയാണോ, 

അതല്ല ഈശ്വരനിഷേധിയാണോ 

എന്നൊന്നുമറിയില്ല. 


രണ്ടുമാണ്. 

രണ്ടുമല്ല.

******

ചോദ്യം 1 : രണ്ട് വള്ളത്തിൽ കാൽ ചവിട്ടിയാലുള്ള അനുഭവം ഉണ്ടാകും.

ചോദ്യം 2 : ഭയം ഉണ്ട് അതാണല്ലേ? 

ചോദ്യം 3 : ഒരു നിലപാടില്ലാത്തവൻ ....അതിനാണ് ഈ വളച്ചുകെട്ട്, അല്ലേ? 


അങ്ങനെയും പറയാം, അങ്ങനെയും പറയണം. 

ഭയം കൊണ്ട് തന്നെയെന്ന്... നിലപാട് ഇല്ലാത്തത് കൊണ്ട് തന്നെയാണ്. 

എന്തിനാണ് നമ്മൾ മറിച്ച് അഭിനയിക്കുന്നത്? 

എന്തിനാണ് നമ്മൾ ഭയം ഇല്ലെന്ന് വരുത്തുന്നത്? 

എന്തിനാണ് നമ്മൾ എന്തോ വലിയ നിലപാട് ഉണ്ടെന്ന് വരുത്തുന്നത്?

ഭയം ഉണ്ട് എന്ന് മാത്രമല്ല, എന്നതിലപ്പുറം അവ്യക്തത, അനിശ്ചിതത്വം എല്ലാമുണ്ട്. 

മാനങ്ങൾ ഉണ്ടാക്കിയ പരിമിതിയുടെ തടവറയും നിസ്സഹായതയും ഉണ്ടാക്കിയ നിലപാട് ഇല്ലായ്മയുമുണ്ട്. 

അതുകൊണ്ട് തന്നെ രണ്ട് തോണിയിൽ സ്വാർത്ഥത വെച്ച്  കാല് ചവിട്ടാത്തത് കൊണ്ടാണ് മേൽപോസ്റ്റിൽ അങ്ങനെ പറഞ്ഞത്. 

അതേ സമയം രണ്ടല്ല നാല് തോണിയിലും ഇക്കാര്യത്തിൽ കാല് വെക്കും. 

ആത്യന്തികതയുമായി ബന്ധപ്പെട്ട വിഷയത്തിൽ, അതായത് ദൈവവുമായി ബന്ധപ്പെട്ട വിഷയത്തിൽ  അങ്ങനെയാണ്. ആപേക്ഷികതയിൽ നിന്ന് തന്നെ കാണുകയും വിശദീകരിക്കുക യും ചെയ്യേണ്ടി വരുന്ന കാലത്തോളം അങ്ങനെയാണ്. വസ്തുനിഷ്ഠത ഇല്ലാത്തിടത്തോളം അങ്ങനെയാണ്. ഒരു നൂറായിരം തോണികൾ തന്നെ ഉണ്ടാവും. അതിലൊക്കെയും കാലെടുത്ത് വെച്ചെന്നുമിരിക്കും. 

ദൈവത്തിൽ വിശ്വസിക്കുക ഒരു പണിയല്ല. 

ദൈവത്തെ നിഷേധിച്ച് തന്നെയേ തീരൂ എന്നതും ഒരു പണി ആവേണ്ടതില്ല. 

എന്തുണ്ടോ അതുണ്ട്.

എന്തില്ലയോ അതില്ല. 

ഉണ്ട് എന്നതും ഇല്ല എന്നതുമായ നമ്മുടെ വിശ്വാസം ദൈവത്തെ ബാധിക്കില്ല, ബാധിക്കേണ്ടതില്ല. 

ഉണ്ടെങ്കിൽ ഉള്ള, ഇല്ലെങ്കിൽ ഇല്ലാത്ത ദൈവത്തെ ഒന്നും ബാധിക്കേണ്ടതില്ല. ദൈവത്തെ ബാധിക്കുന്നത് പൊലെ കാണിക്കുന്ന മതം അസംബന്ധമാകുന്നത് അവിടെയാണ്.

വിശ്വാസിക്ക് വേണമെങ്കിൽ വേണ്ട ആശ്വാസത്തിന് വേണ്ടി മാത്രമായ നിഷേധവും വിശ്വാസവും മാത്രം.

നിഷേധിക്ക് വേണമെങ്കിൽ വേണ്ട ആശ്വാസത്തിന് വേണ്ടി മാത്രമായ നിഷേധവും വിശ്വാസവും മാത്രം. 

അതുകൊണ്ട് തന്നെ  ദൈവത്തിൽ വിശ്വാസമുണ്ട്. 

ഓരോരുത്തനും മനസ്സിലാവുന്ന കോലത്തിലുള്ള ദൈവത്തിൽ. 

ഓരോരുത്തൻ്റെയും നിസ്സഹായതയിൽ നിന്ന് തുടങ്ങുന്ന ദൈവത്തിൽ. 

ഓരോരുത്തനും അവനെക്കൊണ്ട് തന്നെയല്ല എന്നറിയുന്നതിനാൽ മാത്രമുള്ള ദൈവത്തിൽ.

ഓരോന്നിനെയും ഓരോരുത്തനെയും അതിൻ്റെയും അവൻ്റെയും പരിമിതികൾ വെച്ച് ഉൾകൊള്ളുന്ന, ഒരുതരം ആവശ്യങ്ങളും ഇല്ലാത്ത ദൈവത്തിൽ. 

ആരോ എപ്പോഴോ പറഞ്ഞത് പോലെ തന്നെ മാത്രമാണ് താനെന്ന് പറയാത്ത, പറയേണ്ടി വരാത്ത, അങ്ങനെ തന്നെ തന്നിൽ വിശ്വസിക്കണം എന്ന് വാശിപിടിക്കാത്ത, വാശി പിടിക്കേണ്ടി വരാത്ത ദൈവത്തിൽ.

എല്ലാമായി, എല്ലാവരുമായി, എല്ലാവരിലൂടെയുമായി, എല്ലാവരെയും ഉൾകൊള്ളുന്ന, ആരും ഒന്നും അങ്ങോട്ട് പറഞ്ഞ് മനസ്സിലാക്കേണ്ടി വരാത്ത, എല്ലാവരെയും അവരുടെ പ്രതലവും മാനവും പോലെ മനസ്സിലാക്കിവിടുന്ന, എല്ലാ മാനങ്ങൾക്കും അപ്പുറം എല്ലാ മാനങ്ങളിലും ആവുന്ന കോലത്തിൽ നിലകൊള്ളുന്ന, സർവ്വവും തന്നെയായ ദൈവം.

അതേ സമയം മതം പറയുന്ന കോലത്തിൽ ഒരു ദൈവം ഇല്ലതന്നെ. 

മതം പറയുന്ന കോലത്തിലുള്ള ദൈവത്തിൽ വിശ്വസിക്കുന്നില്ല തന്നെ.

*******

ചോദ്യം 4 : മതം പറയുന്ന ദൈവത്തിൽ വിശ്വാസമില്ല. മതം പറയാത്ത ഒരു ദൈവം ഉണ്ടോ?


മതം പറയാത്ത ദൈവമേയുള്ളൂ. 

മതം പറഞ്ഞ് ദൈവം ഇല്ല.

മതം യഥാർത്ഥ ദൈവത്തെ നിഷേധിക്കുകയാണ്. 

എന്നിട്ട് അല്പനായ, നിരാശപ്പെടുന്ന, കുറേ ആവശ്യങ്ങൾ ഉന്നയിക്കുന്ന, ഉദ്ദേശിച്ചത് പോലെ ഒന്നും നടക്കാത്ത ദൈവത്തെയാണ് മതം പ്രതിഷ്ഠിക്കുന്നത്.

*******

ചോദ്യം 5 : ഭയമുള്ളവൻ ഇങ്ങനെ post ഇട്ട് മോങ്ങാൻ നിൽക്കേണമോ ?

ശരിയാണ്. എന്ത് ചെയ്യാം...

ഭയം ഇല്ലാത്തവരെ കാണുകയെങ്കിലും ചെയ്യാൻ സാധിക്കുന്നത് അതുകൊണ്ടല്ലേ? 

ഭയം തീർത്തും ആത്മനിഷ്ഠമായ, വസ്തുനിഷ്ഠമല്ലാത്ത, ഭയം ശരിക്കും ആർക്കുണ്ട് ആർക്കില്ല എന്ന് മറ്റാർക്കും മനസ്സിലാവാത്ത കാര്യവുമല്ലേ? 

ഭയം ഇല്ലെന്നും ഉണ്ടെന്നും അവകാശവാദമാക്കേണ്ട കാര്യമല്ലല്ലോ?

******

ചോദ്യം 6 :  എന്നാൽ FB പോലുള്ള പൊതുയിടത്തിൽ വന്ന് തള്ളണമോ?

അങ്ങനെ ദൈവം ഉണ്ടെന്നും ഇല്ലെന്നും പറയുന്നവർ അങ്ങനെ പറയട്ടെ. 

അങ്ങനെ ഉണ്ടെന്നും ഇല്ലെന്നും പറയുന്നവർക്ക് അങ്ങനെതന്നെ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. 

എന്തിനാണ് താങ്കൾ ഒരു ഫാസിസ്റ്റിനെ പോലെ പറയരുത്, താളളരുത് എന്ന് പറയുന്നത്? 

നിങൾ നിഷേധിയോ വിശ്വാസിയോ പറയുന്നത് പോലെ തന്നെ എല്ലാവരും പറയണം എന്ന് പറയുന്നത് എന്തിനാണ്? 

മൂന്നാമതൊരു വഴിയും കൂടി ഉണ്ടല്ലോ...? നിഷേധത്തെയും വിശ്വാസത്തെയും ഒരുപോലെ ഉൾകൊള്ളുന്ന വഴി. 

നിഷേധത്തിൻ്റെയും വിശ്വാസത്തിൻ്റെയും ഫാസിസം അല്ലാത്ത ഒരു വഴിയും ഉണ്ടല്ലോ?


അതേ, യുക്തിവാദമെന്നാൽ നിഷേധവും വിശ്വാസവും കൂടിയതാണ്. 

എന്താണോ ഓരോരുത്തരുടെയും യുക്തി അനുവദിക്കുന്നത് അതാണ് അവരുടെ യുക്തിവാദം. 

ഓരോരുത്തരുടെയും യുക്തിവാദം.

അതിനൊരു ഏക ശിലാരൂപമില്ല


No comments: