എൻ്റെ ഷരീഫ്ത്താത്ത
ഇന്നലെ ഇല്ലാതായി....
ഷരീഫ്ത്താത്ത....
എത്ര ചെറിയ വലിയ സ്ത്രീ.
എത്ര വലിയ ചെറിയ പ്രതിഭാസം.
ചെറുതിനെ വലുതാക്കിയ
മഹാത്ഭുതം ഷരീഫ്ത്താത്ത.
******
മനസ്സിൽ ചിറകടിച്ചു നിൽക്കുന്ന വേറൊരാളും, ഉമ്മയും ഷരീഫ്ത്താത്തയുമല്ലാതെ, ഇല്ല.
അല്ലാഹുവിന് (ദൈവത്തിന്)
മനസ്സിൽ ഒരു മുഖം തെളിയുമെങ്കിൽ
അത് ഉമ്മയുടെത്.
പിന്നെ ഷരീഫ്ത്താത്തയുടെതും.
നിലാവെട്ടം തന്നേയായ മുഖം.
നിലാവിനും മീതേ തെളിയുന്ന,
നിലാവിനും കാരണമായ
ആരും കാണാത്ത
ശരിയായ വെളിച്ചം.
ഷരീഫ്ത്താത്ത.
*****
ബന്ധങ്ങളിൽ
ശരിയായ പൊക്കിൾകൊടി.
അവകാശവാദങ്ങളില്ലാത്ത നിശ്ശബ്ദസാന്നിധ്യം
അത്രക്ക് ബന്ധങ്ങളിൽ
ജീവനെ കൊണ്ടുനടന്നു.
കാരുണ്യം മാത്രമൊഴുക്കി.
ജീവിതത്തെ അന്നമൂട്ടി.
നിസ്വാർത്ഥതയെ മാത്രം
ആയുധമാക്കി,
തനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന
താനില്ലെന്ന് വരുത്തിയ ജീവിതം
ഷരീഫ്ത്താത്ത.
*****
കുടുംബത്തിൽ
എത്രയോ വീടുകളുണ്ടായിരുന്നു.
എന്നാലും,
വിശപ്പിൻ്റെ വിളി കേൾക്കാൻ
ഷരീഫ്ത്താത്തയോളം
ഒരു വീടുമുണ്ടായില്ല.
ഷരീഫ്ത്താത്തയോളം
വിശപ്പിനു പരിഹാരം
വേറൊന്നുണ്ടായില്ല.
നല്ല ഭക്ഷണം ആരും
മനസ്സ് നിറഞ്ഞ് വയറുനിറച്ച് കഴിച്ച
കുട്ടിക്കാല ഓർമ്മകൾ
ഷരീഫ്ത്താത്തയിൽ മാത്രം.
ഷരീഫ്ത്താത്തയുടെ ഭക്ഷണം
നിറച്ചത് ആരുടെയും
വയറ് മാത്രമായിരുന്നില്ല.
മനസ്സിനെ കൂടിയായിരുന്നു.
ഈ ലോകത്തെ തന്നെയായിരുന്നു.
യഥാർഥത്തിൽ
നല്ല ഭക്ഷണം തന്നെ
ഷരീഫ്ത്താത്ത.
വേരാഴങ്ങളെ തീർത്ത
നല്ല ഭക്ഷണം ഷരീഫ്ത്താത്ത.
ജീവൻ്റെ ശിഖരങ്ങളെ
അന്നവും കാരുണ്യവും ചേർത്ത്
ആകാശങ്ങളിൽ ഉയർത്തിയ
ഷരീഫ്ത്താത്ത.
ഷരീഫ്ത്താത്തയുടെ
നിറഞ്ഞ ചിരിയോളം
ഒരു നല്ല ഭക്ഷണവും
ഇല്ലാത്തത് പോലെ.
*****
ദാരിദ്ര്യത്തിലും
സമ്പന്നത കണ്ടെത്തിയ
ഷരീഫ്ത്താത്ത തീർത്തത്
ആരും കാണാത്ത പുതിയ ആകാശം.
അതിർവരമ്പുകൾക്ക് സ്ഥാനമില്ലാത്ത
വിശാലത തന്നെയായ ആകാശം.
ദാരിദ്ര്യത്തിലും
സമ്പന്നതയുടെ നിറവ് ചാലിച്ച
വല്ലാത്തൊരപൂർവത.
കൊടിയ ദാരിദ്ര്യത്തിലും
കയറിവന്നവരെ ഊട്ടുന്ന മാന്ത്രികത.
ആരോടും ഒരിക്കലും
ദാരിദ്ര്യം പറയാത്ത സമ്പന്നത
അവരുടെ ചിരിയിലുണ്ടായിരുന്നു.
******
കുടുംബത്തിൽ
എത്രയോ വീടുകളുണ്ടായിരുന്നു.
എന്നാലും,
ആഘോഷമാവാൻ
ഒരേയൊരു വീട്.
ആഘോഷമായി പോയി
ആഘോഷിച്ച് കിടന്നുറങ്ങിയത്
ഒരേയൊരിടത്ത്.
ഷരീഫ്ത്താത്തയൂടെ
കൊച്ചുവീട്ടിൽ.
എത്ര പേർ?
എത്രയോ പേർ?
എത്ര ദിവസങ്ങൾ?
എത്രയോ ദിവസങ്ങൾ.
അവധിക്കാലം
ഒരുവേള ആഘോഷിച്ചത്
ഷരീഫ്ത്താത്തയുടെ കൊച്ചുവീട്ടിൽ.
എൻ്റുമ്മയുടെ
ഊട്ടിയും മുന്നാറും
ഷരീഫ്ത്താത്തയുടെ
കൊച്ചുവീട് മാത്രം.
അവിടത്തെ
മണ്ണെണ്ണ വിളക്കിൻ്റെ
പെരുംവെളിച്ചത്തിൽ
വലിയ ലോകം തന്നെ കണ്ടു.
വെളിച്ചത്തെക്കാൾ
പതിന്മടങ്ങ് വലിയ വെളിച്ചം വിതറിയ
ഷരീഫ്ത്താത്തയുടെ കൊച്ചുവീട്ടിൽ.
ഷരീഫ്ത്താത്തയൂടെ മുഖം തന്നെ വെളിച്ചമായിരുന്ന ഒരു വീട്ടിൽ.
എൻ്റെ കുട്ടിക്കാലത്തെ
ഷരീഫ്ത്താത്തയുടെ പുളിഞ്ഞോളിൽ.
അവിടെ
കൗതുകം പൂണ്ടു തീർത്തു
മഴയും ഇടിയും മിന്നും.
പാഞ്ചാലിയുടെ കഥ പറഞ്ഞ്.
വൻപയർ പായസം ആവോളം കുടിച്ച്.
ലീലേച്ചിയും മക്കളും വീട്ടുകാർ തന്നെയായി.
നല്ല പാർപ്പിടം തന്നെ ഷരീഫ്ത്താത്ത.
നല്ല അഭയം തന്ന ഷരീഫ്ത്താത്ത.
മാങ്ങയും ചക്കയും
ആവോളം ഭക്ഷണമാക്കിത്തന്ന
ഷരീഫ്ത്താത്ത.
******
കുടുംബത്തിലെ സമ്പന്നരൊക്കെയും
പിശുക്കരായി ദരിദ്രരായപ്പോൾ,
പിശുക്കിനെ സമ്പത്താക്കി ദരിദ്രരായപ്പോൾ,
സമ്പത്ത് കൊണ്ട് ദരിദ്രയായ
ഷരീഫ്ത്താത്ത മാത്രം സമ്പന്നയായി.
ഏവർക്കും
തണലും ദാഹജലവും
അന്നവുമായി നിന്ന്
ഷരീഫ്ത്താത്ത സമ്പന്നയായി.
കയറിവരുന്നവരുടെയൊക്കെയും
വിശപ്പടക്കി, ദാഹം മാറ്റി.
ആർക്കൊക്കെയോ വീട് നൽകി,
വിഭവം നൽകി.
ഒന്നുമില്ലാതെയും സമ്പന്നത നേടിയ
ഒരേയൊരു സ്ത്രീ.
കുടിലും വിശാലമായ
കൊട്ടാരമാക്കിയ സ്ത്രീ.
സ്ഥലവും സൗകര്യവും വിശാലതയും
പുറത്തല്ല, വീട്ടിലല്ല,
പകരം തൻ്റെയുള്ളിൽ,
തൻ്റെ മനസ്സിലാണെന്നറിയിച്ച
ധീരയായ ഒരേയൊരു സ്ത്രീ.
ശരിയായ സൂഫി.
നിറഞ്ഞ് മാത്രം തുളുമ്പിയ
ഒരേയൊരു സൂഫി.
സ്വയം ഒരു ചില്ലയിൽ ഒഴിഞ്ഞിരുന്ന,
സർവ്വലോകത്തിനെ തിരെയും
സ്വയം പുതച്ചിരുന്ന ഒരു സൂഫി.
ഷരീഫ്ത്താത്ത.
*****
മരണം നമ്മളെ
എത്രമാത്രം നിസ്സാരരാക്കുന്നു ...
മരണം എത്ര നിസ്സാരമായി
എത്രയെളുപ്പം
നമ്മളെ നമ്മളല്ലാതാക്കുന്നു ...
പലരും മരിക്കുന്നു.
ഇയ്യാം പാറ്റ
തീയിലമരുന്നത് പോലെ
കൊതി മാത്രം പൂണ്ട്
മണ്ണ് മാത്രം വായിൽ നിറച്ച്
എല്ലാവരും മരിച്ചു
മണ്ണിലമരുന്നു.
പക്ഷേ, ചില മരണങ്ങൾ,
ഷരീഫ്ത്താത്തായുടെ മരണം,
കൊടുങ്കാറ്റ് പോലെ
നമ്മെ പിടിച്ചുലക്കുന്നു.
വലുപ്പം കൊണ്ടും
കാണിച്ച ഗർവ്വും കൊണ്ടുമല്ല.
പകരം, ലാളിത്യം കൊണ്ട്.
കാണിച്ച വിനയം കൊണ്ട്.
ചെറിയ ലോകത്തിൽ
വലിയ ലോകം കണ്ട്
ജീവിച്ചത് കൊണ്ട്.
വലിയ ലോകം അല്പവും
കൊതിപ്പിച്ചിട്ടില്ലാത്തത് കൊണ്ട്.
നിലാവ് മാത്രം കുടിച്ച്
ദാഹം ശമിപ്പിച്ച
ചില മരണങ്ങൾ.
അതുപോലൊരു മരണം
ഷരീഫ്ത്താത്തയുടെ മരണം.
ഒന്നും പറയാനില്ലാതെ
എല്ലാം പറഞ്ഞ മരണം.
മരണം വേദനയല്ല
മരിക്കാതിരിക്കുകയാണ് വേദന
എന്ന് പറഞ്ഞു തന്ന മരണം.
മരിക്കാതിരിക്കാനുള്ള ശ്രമമാണ്
വേദന എന്ന് പറഞ്ഞുതന്ന മരണം.
ചൊല്ലാനും ചൊല്ലിക്കൊടുക്കാനും നിൽക്കാതെ,
കുടിക്കാനും കുടിപ്പിക്കാനുമില്ലാതെ
ആരോരുമറിയാതെ
ഒഴിഞ്ഞുപോയൊരു മരണം.
ഷരീഫ്ത്താത്തയുടെ മരണം.
ആഘോഷദിവസത്തിൽ
മരണത്തെ തന്നെ ആഘോഷമാക്കിയ
മരണം.
ഷരീഫ്ത്താത്തയുടെ മരണം.
ഇപ്പോഴും
ഞാൻ വിശ്വസിക്കാത്ത മരണം.
No comments:
Post a Comment