Friday, April 28, 2023

ബിജെപിക്കെതിരെ ഒരുമിക്കുന്നവർ

ഇന്ത്യൻ ജനത മാജിക്കും സർക്കസും കാണുന്നത് പോലെ മാത്രം രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും കാണുന്നു. 

രാഷ്ട്രീയപാർട്ടികളും നേതാക്കളും വലിയ മാജിക്കുകാരും സർക്കസുകാരുമായി ജനങ്ങളിൽ നിന്നും സർവ്വതും അടിച്ചെടുത്ത് ആർഭാടം നടത്തുന്നു.

*****

ദുരന്തമതാണ്. തെരുവിലെ കള്ളനെ കള്ളനെന്ന് വിളിക്കാനും കൊല്ലാനും നമുക്കറിയാം. പക്ഷേ, അതിനേക്കാൾ വലിയ കള്ളൻമാർ ഭരണാധികാരികളായാൽ  നാം പാടിപ്പുകഴ്ത്തും. അവർ നാട് തന്നെ വിറ്റാലും വീരപുരുഷന്മാരും അവതാരങ്ങളുമെന്ന് വാഴ്ത്തപ്പെടും.

******

ബിജെപിയും ഭരണവും എന്തുമാവട്ടെ. 

പക്ഷെ ബിജെപിക്കെതിരെ ഒരുമിക്കുന്നവർ മുഴുവൻ, ആശയപരമായ ആകർഷണവും ഐക്യവും ഇല്ലാതെ മാത്രം ഒരുമിക്കുന്നതാണെന്നതും...,

ബിജെപിക്കെതിരെ ഒരുമിക്കുന്നവരൊക്കെയും  അഴിമതിക്കാരാണെന്നതും.....,

ബിജെപിക്കെതിരെ ഒരുമിക്കുന്നവർക്ക് അധികാരദുർമോഹം മാത്രമേ ഉള്ളൂവെന്നതും..., 

ബിജെപിയുടെ ശക്തി വീണ്ടും വീണ്ടും വർദ്ധിപ്പിക്കുക മാത്രം ചെയ്യുന്നു.

******

ചോദ്യം: ബിജെപിക്കാണെങ്കിൽ അധികാര ദുർമോഹമോ അഴിമതിയോ ഒട്ടുമേ ഇല്ലാതാനും....??

ഉത്തരം: അവർക്ക് ഇതൊക്കെ ഉണ്ടെന്ന് തന്നെ വെക്കുക. 

ബിജെപി എന്തുമാവട്ടെ... 

അവരെ എതിർക്കുന്നവർക്ക്, അവരുടെ ഭരണവും രീതിയും മോശമാണെന്ന് പറയുന്നവർക്ക് പകരം വെക്കാനായി എന്തുണ്ട്, അവർ എന്തിന് വേണ്ടി നിലകൊള്ളുന്നു. 

പക്ഷേ ഒന്നുണ്ട്, വ്യക്തിതലത്തിലും പാർട്ടിതലത്തിലും ബിജെപി ക്കും അവരുടെ അണികൾക്കുമുള്ള ലക്ഷ്യബോധവും അച്ചടക്കവും (തെറ്റായാലും ശരിയായാലും) ബാക്കിയുള്ള ഒരു രാഷ്ടീയനേതാവിനും പ്രവർത്തകനും ഇല്ല, കാണുന്നില്ല.

*****

ചോദ്യം :  ശരിയാണ്, കലാപം നടത്തും എന്ന് പറഞ്ഞാൽ നടത്തും, ആളുകളെ പുറത്താക്കും എന്ന് പറഞ്ഞാൽ പുറത്താക്കും. കൈക്കൂലി കൊടുക്കുകയോ വാങ്ങുകയോ ഇല്ല, ലോകത്തെ ഏറ്റവും വൃത്തിയുള്ള രാജ്യം ആക്കും എന്ന് പറഞ്ഞു, ആക്കി ???

ഉത്തരം:  ഒന്നും ബിജെപി ആക്കിയിട്ടില്ല. ആക്കിയോ ആക്കിയില്ലേ എന്നത് മേൽ പോസ്റ്റിൽ വിഷയമാക്കിയിട്ടില്ല, ഈയുള്ളവന് അത്റിയില്ല. 

ബിജെപിയും പറഞ്ഞ് പറ്റിക്കുക മാത്രം തന്നെയാണ്. മരീചിക കാണിച്ച് ദാഹം ശമിപ്പിക്കുമെന്ന് പറയുക തന്നെ.

*******

യഥാർഥത്തിൽ ഇവിടെ ഒരു പാർട്ടിക്കും ജനാധിപത്യം വേണ്ട. ഒരു മറയായി മാത്രമല്ലാതെ. അധികാരം നേടാനും ജനങ്ങളെ വഞ്ചിക്കാനുമുള്ള മറയായി മാത്രമല്ലാതെ. ജനങ്ങളും ജനാധിപത്യം നടത്താൻ മാത്രം വളർന്നിട്ടില്ല. 

പ്രതിപക്ഷ പാർട്ടികൾക്ക് ആർക്കും പ്രത്യേകിച്ച് ഒന്നും മുന്നോട്ട് വെക്കാനില്ല എന്നതും കൂടിയാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് നമ്മുടെ നാടിനെ നയിച്ചത്

********

മേൽപോസ്റ്റിൽ ആ നിലക്ക് ബിജെപിയേയും ഭരണത്തെയും ന്യായീകരിച്ച് ഒന്നും പറഞ്ഞുമില്ല.

അതൊക്കെ വേറെതന്നെ മാപിനികൾ ഉപയോഗിച്ച് പറയേണ്ട കാര്യങ്ങളുമാണ്. വെറും വാക്കുകൾ കൊണ്ട് സാധിക്കാത്തത്..

ഇവിടെ മേൽപോസ്റ്റിൽ പറഞ്ഞ വിഷയം അതല്ലല്ലോ. 


ബിജെപി പോരെന്ന് പറയുന്നവർ എന്ത് പകരം വെക്കുന്നു, അവർ എന്ത് വെച്ച് ഐക്യപ്പെടുന്നു, അവർക്കും അവർക്കിടയിലും വല്ല സിമൻ്റും അവരെ ഉറപ്പിക്കുന്ന വിധത്തിൽ ഉണ്ടോ എന്നതും മറ്റുമൊക്കെയാണ് മേൽപോസ്റ്റിൽ ധ്വനിപ്പിച്ചത്. ചക്കയെന്നാൽ മാങ്ങയല്ലെന്ന് തന്നെ ധരിക്കട്ടെ.

യഥാർത്ഥത്തിൽ ബിജെപിയെ എതിർക്കുന്നത് ആശയപരമായി എതിർക്കാൻ എന്തെങ്കിലും അവരുടെ ഉളളത് കൊണ്ടോ, അതിനുള്ള കരുത്ത് അവർക്കുളളത് കൊണ്ടോ, അതിന് മാത്രം ആത്മാർഥതയും സത്യസന്ധതയും ആശയബലവും ഉളളത് കൊണ്ടോ അല്ല.

 ഇതൊക്കെ ബിജെപിക്കുണ്ടോ ഇല്ലേ എന്നതല്ല മേൽപോസ്റ്റിലെ വിഷയം. 

ബിജെപിക്ക് ഇതൊന്നും ഇല്ലെങ്കിൽ ഇല്ലെന്ന് പറയുന്നവർ പോലും സ്വയം പാപം ചെയ്യാതെ കല്ലെറിയുന്നവർ അല്ലെന്നതാണ് പ്രശ്നം. 

അവർ ഇനിയുമെത്രയും പാപം ചെയ്യാൻ കാത്തിരിക്കുന്നവർ മാത്രമാണെന്നതുമാണ് പ്രശ്നം.

പിന്നെ ജനാധിപത്യവും മതേതരത്വവുമൊക്കെ എല്ലാവരും നാവ് പോലും തൊടാതെ വെറും വെറുതെ കപടമായി മാത്രം, അവരവരുടെ കാരൃം നടന്നുകിട്ടാൻ വേണ്ടി മാത്രം, പറയുന്നു എന്നതും പ്രശ്നം. 

ഇസ്ലാമിസ്റ്റുകൾ പോലും മതേതരത്വവും ജനാധിപത്യവും രാജ്യസ്നേഹവും മനുഷ്യാവകാശവും തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും പറയുന്നത് പോലെ. അവർക്കുള്ള സ്റ്റേജ് പണിയാൻ മാത്രം.

പകരം എങ്ങിനെയെങ്കിലും അധികാരം വേണം എന്ന നിലയ്ക്ക് മാത്രമാണ് എല്ലാവരും. പ്രത്യേകിച്ച് ഒരു കർമ്മപദ്ധതിയും ലക്ഷ്യബോധവും ഇല്ലാതെ. അപ്പപ്പോൾ തട്ടിക്കൂട്ടി ഉണ്ടാക്കുന്നത് ഒഴികെ.

കുറച്ചെങ്കിലും ലക്ഷ്യബോധവും കർമ്മപദ്ധതിയും (ശരിയായാലും തെറ്റായാലും) ഉളളത് നിലവിൽ ബിജെപിക്ക് തന്നെയാണ്.

അവരുടെ ഭരണനേതൃത്വം വരെ അവരുടെ പാർട്ടി വെക്കുന്ന ലക്ഷ്യത്തിന് വേണ്ടി കാണിക്കുന്ന അച്ചടക്കം എടുത്തുപറയേണ്ടതാണ്. അണികളും.

താൻ എന്തുകൊണ്ട് ഒരു ബിജെപിക്കാരൻ ആയി എന്നതിന് (ശരിയായാലും തെറ്റായാലും) അവർക്ക് ബോധ്യതയുണ്ട്. അവർക്കതിന് ഉത്തരമുണ്ട്. മറ്റൊരു പാർട്ടിക്കും പാർട്ടിനേതാവിനും അണികൾക്കും നിലവിൽ കൃത്യമായ ഒരുത്തരം ഉള്ളതായി ഇതുവരെ തോന്നിയിട്ടില്ല.

പിന്നെ ശരിയും തെറ്റും. അത് എങ്ങിനെ എവിടെ നിന്ന് നോക്കുന്നു എന്നതുമായി ബന്ധപ്പെട്ടതുമാണ്. ഉപബോധമനസ്സ് വരെ അതിൽ വലിയ സ്വാധീനവും നടത്തുന്നു.

******

ഒന്നിനും ഒരു പ്രതിവിധിയും ആരും കണ്ടെത്തിയില്ല, ആരുടെ കയ്യിലും ഇല്ല.

ബിജെപിയെ ആർക്കും അവരുടേതായ ഒന്നും പറഞ്ഞ് പ്രതിരോധിക്കാൻ സാധിക്കുന്നുമില്ല.

എന്തുകൊണ്ട്?

അത്രക്ക് ഉള്ളു പൊള്ളയായ അവസ്ഥയിലാണ് നമ്മുടെ എല്ലാ പ്രതിപക്ഷ പാർട്ടികളും. വെറും ബലൂൺ പാർട്ടികൾ. അധികാരത്തിൻ്റെ വായു മാത്രം ഉള്ളിൽ നിറക്കുന്ന പാർട്ടികൾ. അല്ലാത്ത ഒരു വികാരവും വിചാരവും ഉള്ളിൽ നിറച്ചിട്ടില്ലാത്ത പാർട്ടികൾ. അങ്ങനെയൊന്നും അണികൾക്ക് ന്യായമാക്കിക്കൊടുത്തിട്ടില്ലാത്ത പാർട്ടികൾ. അതുകൊണ്ട് അവരുടെ അണികൾക്ക് ബിജെപിയിലേക്ക് പോകാൻ വലിയ തടസ്സങ്ങൾ യഥാർഥത്തിൽ ഇല്ലെന്ന അവസ്ഥ. ഒരു ചെറിയ തടസ്സം സമയത്തിൻ്റെ തടസ്സം മാത്രം. വിജയിക്കും മെന്നായാൽ പോകാൻ ഒരുങ്ങുന്ന ഒരുപാട് പേരുണ്ടാവും. അധികാരവും വിജയവും ആരെയും ക്രമേണ അതിലേക്കടുപ്പിക്കും.

ബിജെപിക്കെതിരെ പ്രതിവിധി കണ്ടെത്താനും നടപ്പാക്കാനും മാത്രമുള്ള, പ്രതിരോധിക്കാൻ മാത്രമുള്ള ആത്മാർത്ഥതയും സത്യസന്ധതയും ആശയധാർഢ്യതയും ആർക്കും ഒരു പ്രതിപക്ഷ നേതാവിനും പാർട്ടിക്കും ഇല്ല എന്നത് കൊണ്ട് തന്നെ.

എങ്ങനെയെങ്കിലും അധികാരം നേടുക, നിലനിർത്തുക എന്നതല്ലാത്ത ഒരു ലക്ഷ്യം യഥാർഥത്തിൽ ഒരു പാർട്ടിക്കും ഇല്ലെന്നത് തന്നെ.

രാജ്യവും രാജ്യനിവാസികളുടെ ക്ഷേമവും പോലും ആർക്കും ഒരു പാർട്ടിക്കും യഥാർഥത്തിൽ ഉള്ളിൻ്റെയുള്ളിൽ വിഷയമല്ല.

കഴിഞ്ഞ എഴുപത് വർഷങ്ങൾ കിട്ടിയിട്ടും ഇവിടെയുള്ള ഒരു പാർട്ടിയും ഒരു നിലക്കുമുള്ള ആശയപരമായ കരുത്തും നേടിയില്ല, ഈ സമൂഹത്തിൽ സന്നിവേഷിപ്പിച്ചില്ല.

എന്നത് തന്നെയാണ് ബിജെപിയുടെ ഇന്നത്തെ ആർക്കും പ്രതിരോധിക്കാൻ സാധിക്കാത്ത കരുത്തിനും ധൈര്യത്തിനും കാരണം, നാരായവേര്.


No comments: