എന്തുകൊണ്ട്
ആരോരുമറിയാത്ത
ഷരീഫ്ത്താത്തയെ കുറിച്ച്,
ഷരീഫ്ത്താത്തയെ പോലുളളവരെ കുറിച്ച്
ഇത്രമാത്രം?
ഉണ്ട്.
അങ്ങനെ ചിലതുണ്ട്.
ഒഴിഞ്ഞ് നിൽക്കുന്ന
അറിയാതെ നിൽക്കുന്ന
ചിലരെക്കുറിച്ച്
അങ്ങനെ ചിലതുണ്ട്.
അതിശക്തനും
സർവ്വവ്യാപിയുമായിട്ടും
അറിയപ്പെടാതെ
കാണപ്പെടാതെയിരിക്കാൻ തന്നെ
സ്വയം തെരഞ്ഞെടുത്ത് നിൽക്കുന്ന
ദൈവം തന്നെ വേണ്ടത്ര തെളിവ്.
ആ ചിലർ
സാധാരണക്കാരാണെന്ന് തോന്നും.
പക്ഷേ,
അസാധാരണക്കാരായിരിക്കും.
അവരുടെ തന്നെ
അവകാശവാദങ്ങൾ കൊണ്ടോ
നാട്യങ്ങൾ കൊണ്ടോ
വായിച്ചറിഞ്ഞ
അറിവുകൾ കൊണ്ടോ അല്ല.
പകരം, അവർ ജീവിച്ച
അനിതരസാധാണമായ
ജീവിതം കൊണ്ട് മാത്രം.
കാണാതെ, അറിയപ്പെടാതെ
കിടന്ന് തിളങ്ങുന്ന
രത്നവും വൈരവും പവിഴവും
അങ്ങനെയായത്,
തിളങ്ങുന്നതായത്
അങ്ങനെയാണ്.
അറിയാത്ത ഇരുണ്ട വഴികളിൽ
ആഴ്‌ന്ന് പോകുന്ന താഴ്വേരുകൾ,
അറിയുന്ന വെളിച്ചമുള്ള വഴികളിൽ
ശിഖരങ്ങളെ ഉയർത്തുന്നതങ്ങനെയാണ്.
ഭാരമില്ലാത്തത്
പൊങ്ങിനിൽക്കും,
അറിയപ്പെടും.
ഭാരമുള്ളത്
ആരോരുമറിയാതെ
കീഴെ നിൽക്കും.
മുകളിൽ അറിയപ്പെട്ട്
പാറിപ്പറക്കുന്ന പട്ടങ്ങൾക്ക്
ബലവും നിലനിൽപ്പും നൽകുന്നത്,
കീഴെ അറിയപ്പെടാതെ
ഒന്നിനും വേണ്ടിയല്ലാതെ
പണിയെടുക്കുന്ന നൂലും
ആ നൂലിനെ പിടിച്ച
ഷരീഫ്ത്താത്തയെ പോലുള്ള
വിരലുകളും
" അറിയുക,
ശരീരത്തിൽ ഒരു ഭാഗമുണ്ട്.
അത് നന്നായാൽ
ശരീരം മുഴുവൻ നന്നായി.
അത് നശിച്ചാൽ
ശരീരം മുഴുവൻ നശിച്ചു.
അറിയുക,
അതാണ് ഹൃദയം.
(ഹദീസ്)
ഷരീഫ്ത്താത്തയെ പോലുള്ള
ചിലരെ കുറിച്ച് മാത്രം
പറഞ്ഞത് പോലുളള ഹദീസ്.
*******
എത്ര പറഞ്ഞാലും
തീരാത്തത്രക്കുണ്ട്
അത്തരം ചില കാട്ടിലെ മുല്ലകൾ,
കടലിനടിയിലെ മുത്തുകൾ.
അങ്ങാടിയിൽ കാണാത്തത്.
കച്ചവടത്തിന് വെക്കാത്തത്.
കാണാത്തത് കൊണ്ടും
അറിയാത്തത് കൊണ്ടും
അവയൊന്നും അവയല്ലാതാവുന്നില്ല.
അവയൊന്നും നല്ലതല്ലാതാവുന്നില്ല.
"നിങൾ ഈ ലോകത്ത്
ഒരപരിചിതനെ പോലെയാവുക.
അല്ലെങ്കിലൊരു വഴിപോക്കനെ പൊലെയാവുക"
(നബി വചനം.
യേശുകൃസ്തുവും പറഞ്ഞു
തത്തുല്യമായത്.)
******
ആരുടെയും, പിന്നെ
ഈ ഷരീഫ്ത്താത്തയുടേയും
വിശ്വാസം എന്തെന്നത്
പ്രശ്നമാകുന്നത് കൊണ്ടല്ല
ഇത്രയും പറയുന്നത്.
(വിശ്വാസം തീർത്തും
ആത്മനിഷ്ഠവും വ്യക്തിനിഷ്ഠവും.
മറ്റാർക്കും മനസ്സിലാവാത്തത്.)
പകരം, ഷരീഫ്ത്താത്തയുടെ
പ്രവൃത്തിയും ഒറ്റക്ക് നടന്ന വഴിയും
അവരനുഭവിച്ച സ്വസ്ഥതയും
വെറും കാഴ്ചക്ക് പോലും
വിഷയമാകുന്നത് കൊണ്ട്.
ആശ്ചര്യജനകമാകുന്നത് കൊണ്ട്.
"ദീൻ (മതം, അഥവാ വഴക്കം) എന്നാൽ ഇടപാടാണ്. (ഹദീസ്)
ദീൻ (മതം, അഥവാ വഴക്കം) എന്നാൽ ഗുണകാംക്ഷയാണ്. (ഹദീസ്)
(അദ്ദീനു അൽ മുആമല.
(അദ്ദീനു അന്നസീഹ.)
ഇത് രണ്ടും അപ്പടി തന്നെയായിരുന്നു ഷരീഫ്ത്താത്ത
ഷരീഫ്ത്താത്തയുടെ എന്നല്ല
ആരുടെയും വിശ്വാസകാര്യത്തിൽ
പറയേണ്ട, കേൾക്കേണ്ട
ഖുദ്സിയായ ഒരു ഹദീസുണ്ട്.
"എൻ്റെ ദാസൻ്റെ
ധാരണയിലാണ് ഞാൻ"
(അന ഇന്ത ളന്നി അബ്ദീ).
അത്രയേ ഉള്ളൂ
വിശ്വാസത്തിൻ്റെ കാര്യം.
സൃഷ്ടി സൃഷ്ടവിനെക്കുറിച്ച്
എന്ത് ധരിക്കുന്നുവോ
അതാണ് സൃഷ്ടാവ് (അല്ലാഹു).
അത്ര തന്നെ.
അതുകൊണ്ട് തന്നെ
ഷരീഫ്ത്താത്തയുടെ
വിശ്വാസം ചികയുക
ഇവിടെ പ്രധാനവുമല്ല.
വിശ്വാസം
ഓരോരുത്തരും എത്തിയ
വിതാനം പോലെ.
വിശ്വാസം
ഓരോരുത്തരും ഇരിക്കുന്ന
പ്രതലം പോലെ.
ഓരോ കിളിയും
അതിരിക്കുന്ന ചില്ലയിൽ നിന്നും
ആവുംപോലെ
കാണട്ടെ, വിശ്വസിക്കട്ടെ.
******
പകരം
ഷരീഫ്ത്താത്തയെ പോലുള്ളവരെ കുറിച്ച്
ഖുർആൻ പറയുന്നത് കേൾക്കുക.
"പരമകാരുണികൻ്റെ ദാസന്മാർ:
അവർ ഭൂമിയിൽ
വിനയാന്വിതരായി നടക്കുന്നു,
"രാത്രി കാലങ്ങളെ അവർ
സാഷ്ടാംഗത്തിലും
നിന്ന് നിസ്കരിച്ചും
ചിലവഴിക്കുന്നു.
"വിവരമില്ലാത്തവരെ കണ്ടാൽ
അവർ സലാം പറഞ്ഞ്
(രക്ഷയും സമാധാനവും പറഞ്ഞ്) (പിരിയുന്നു).
(സൂറ: അൽ ബഖറ)
(ഇബാദുർറഹിമാനില്ലദീന
യംശൂന അലൽഅർദി ഹൗന
വഇദാ ഖാത്തബഹുമു ൽ ജാഹിലൂന
ഖാലൂ സലാമ)
(സൂറ: അൽ ബഖറ)
"അവർ ചിലവഴിക്കുമ്പോൾ
ധൂർത്ത് ചെയ്യുന്നില്ല,
എന്നാലോ,
വല്ലാതെ പിശുക്കുന്നുമില്ല."
(സൂറ: അൽ ബഖറ)
വല്ലദീന ഇദാ അൻഫഖൂ
ലം യുസ്വ്രിഫൂ
വലം യഖ്തുറൂ
വകാന ബയ്ന ദാലിക്ക ഖാവാമാ.
(സൂറ: അൽ ബഖറ)
"അവരുടെ പാർശ്വങ്ങൾ
അവരുടെ തന്നെ കിടപ്പാടങ്ങളിൽ നിന്നും
വേർപിരിഞ്ഞു പോകുന്നു.
അവരുടെ നാഥനോട്
വിളിച്ചു പറഞ്ഞുകൊണ്ട്,
പേടിയും പ്രതീക്ഷയും വെച്ച്.
"നാം അവർക്ക് നൽകിയതിൽ നിന്നും
അവർ ചിലവഴിക്കുകയും ചെയ്യുന്നു.
(സൂറ : സജദ).
(വ മിമമാ റസഖ്നാഹും യുൻഫിഖൂൻ)
ഇതൊക്കെത്തന്നേയല്ലെ
ഇതൊക്കെത്തന്നേയായിരുന്നില്ലേ
അക്ഷരം പ്രതി
നമ്മുടെ ഷരീഫ്ത്താത്ത?
താൻ എന്താണെന്ന്
ആരോടും പാടി നടക്കാതെ.
താൻ എന്താണെന്ന്
കർമ്മപഥത്തിൽ
ജീവിച്ച് മാത്രം കാണിച്ച്.
*****
ഷരീഫ്ത്താത്താക്ക്
ആവലാതികൾ ഉണ്ടായിരുന്നോ?
ഇല്ല, അറിയില്ല.
ഈയുള്ളവൻ ഒരിക്കലും
അങ്ങനെയൊന്ന്
അറിഞ്ഞില്ല, കേട്ടില്ല.
എന്തിനെങ്കിലും വേണ്ടി
ഒരിക്കലും ചോദിച്ചില്ല.
പൈസക്ക് ചോദിക്കുന്നതോ
കടം ചോദിക്കുന്നതോ
തീരേ ഇല്ല.
കിട്ടിയത് പോരെന്ന് പറയുക
പതിവില്ല.
എന്തെങ്കിലും പൂതികൾ
ആരോടെങ്കിലും പറയുന്നതോ,
ഈയുള്ളവൻ അറിഞ്ഞില്ല.
ആഗ്രഹങ്ങൾ ഏറ്റിയേറ്റിയുണ്ടാക്കി
അത് കണ്ടവരുടെ മുൻപിലൊക്കെ
അവതരിപ്പിക്കുന്ന ഷരീഫ്ത്താത്തയെയും
ഈയുള്ളവനറിയില്ല.
എല്ലാമറിയിക്കാൻ
ഷരീഫ്ത്താത്താക്ക്
അല്ലാഹു മാത്രം തന്നെ
എത്രയോ കൂടുതലെന്ന പോലെ
തോന്നി ഈയുള്ളവന്.
"എൻ്റെ ദാസൻ നിന്നോട്
എന്നെക്കുറിച്ച് ചോദിച്ചാൽ
(നീ പറയുക)
ഞാൻ അടുത്താണ്.
വിളിക്കുന്നവൻ്റെ വിളിക്ക്
ഞാൻ ഉത്തരം നൽകുന്നു,
അവൻ എന്നെ വിളിച്ചാൽ " (ഖുർആൻ)
(ഇദാ സഅലക്ക ഇബാദീ അന്നീ,
ഫഇന്നീ ഖരീബുൻ ഉജീബു ദഅവത്തദ്ദാഈ ഇദാ ദആനി (ഖുർആൻ))
ഇത് തന്നെ,
ഇങ്ങനെ തന്നെ
ആയിരിക്കണം
നമ്മുടെ ഷരീഫ്ത്താത്ത
അവരുടേതായ വിതാനത്തിൽ നിന്ന്
തീർത്തും ആത്മനിഷ്ഠമായി
പറഞ്ഞും നടന്നും പോയത്.
ആരോടും ഒന്നും പറയാതെ.
എല്ലാം പറയേണ്ടിടമെന്ന്
ഷരീഫ്ത്താത്ത മനസ്സിലാക്കിയ
ഒരേയൊരിടത്ത് മാത്രം
രഹസ്യമായി എല്ലാം പറഞ്ഞ്.
ഇരുളടഞ്ഞ യാമങ്ങളെ
പകൽ പോലെ
വെളിച്ചമുള്ളതാക്കിപ്പറഞ്ഞ്
******
ഷരീഫ്ത്താത്തായെ കുറിച്ചെന്ന് തോന്നിപ്പോകുന്ന
ചില ഖുർആൻ സൂക്തങ്ങൾ
മാത്രം പറയാം.
55 കൊല്ലങ്ങൾക്കിടയിലെ
ഈയുളളവൻ്റെ ഓർമ്മയുള്ള
കാലത്തെ മുഴുവൻ
സാക്ഷിയാക്കിത്തന്നെ പറയാം.
അതുകൊണ്ട് തന്നെ
ഇങ്ങനെ മാത്രം വീണ്ടും
ഷരീഫ്ത്താത്തയെ നമുക്ക്
ഖുർആനിലൂടെ ഓർക്കാം.
"അവർ ഭക്ഷിപ്പിക്കുന്നു,
അവരുടെ സ്വന്തം ഇഷ്ടപ്രകാരം,
അഗതികളെയും അനാഥരെയും ബന്ധനസ്ഥരെയും.
"(എന്നിട്ടവർ പറയും)
നമ്മൾ ഭക്ഷിപ്പിക്കുന്നത്
(മറ്റൊന്നിനും വേണ്ടിയല്ല)
ദൈവപ്രീതിക്ക് വേണ്ടി മാത്രം.
നിങ്ങളിൽ നിന്ന്
നന്ദിയോ പ്രതിഫലമോ
ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല."
(യുത്വ്ഇമൂനത്ത്വആമ
അലാ ഹുബ്ബിഹി
മിസ്കീനൻ വ യതീമൻ വ അസീറാ.
ഇന്നമാ നുത്വ്ഇമുക്കും
ലിവജ്ഹില്ലാഹി
ലാ നുരീദു മിൻക്കും
ജസാഅൻ വലാ ഷുക്കൂറാ)
(സൂറ: അൽ ഇൻസാൻ).
ഇത് മാത്രം തന്നെയായിരുന്നു ഷരീഫ്ത്താത്ത ജീവിതത്തിലുടനീളം.
മേൽസൂക്തത്തിലും,
അതുപോലെ ഷരീഫ്ത്താത്ത
ജീവിതത്തിലുടനീളവും
ഇക്കാര്യം നടപ്പാക്കുന്നതിൽ
ഒരുതരം സംഘർഷവും അനുഭവിച്ചില്ല.
ഒരുതരം പിശുക്കും കാണിച്ചില്ല.
ജാതിയും മതവും
വിശ്വാസ വ്യത്യാസവും
നോക്കിയില്ല.
"നിങ്ങൾക്ക് ഇഷ്ടപ്പെട്ടതിൽ നിന്ന്
നിങൾ ചിലവഴിക്കാത്തിടത്തോളം
നിങൾക്ക് പുണ്യം കിട്ടില്ല"
(ലൻ തനാലുൽബിർറ
ഹത്താ തുൻഫിഖൂ
മിമ്മാ തുഹിബ്ബൂൻ)
(സൂറ: അൽ ബഖറ)
നിങൾ ഷരീഫ്ത്താത്തയെ ഒന്നോർത്തുനോക്കൂ.
ഇഷ്ടപ്പെട്ടത് മുഴുവൻ
തനിക്ക് വേണ്ടി പോലും
അല്പവും ബാക്കി വെക്കാതെ
ജീവിതത്തിലുടനീളം നൽകി.
"ദീനിനെ നിഷേധിക്കുന്നവൻ ആരാണെന്നറിയുമോ?
(അറഅയ്ത്ത ല്ലദീ യുകദ്ദിബു ബിദ്ദീൻ)
"അനാഥരെ ആട്ടിയോടിക്കുന്നവനാണവൻ.
(വ ദാ ലിക്ക ല്ല ദീ യദുഅ്ഉൽയത്തീമ)
"അഗതിക്ക് ഭക്ഷണം നൽകാൻ
പ്രേരിപ്പിക്കാത്തവനുമാണവൻ"
(സൂറ: അൽ മാഊൻ)
വലാ യഹുള്ളു അലാ ത്വആമി (അ) ൽമിസ്കീൻ (സൂറ: അൽ മാഊൻ)
അനാഥരെ ആട്ടിയോടിച്ചില്ല
ഷരീഫ്ത്താത്ത.
എന്നത് മാത്രമല്ല,
തൻ്റെതും തനിക്കുള്ളതും മറന്ന്
തൻ്റെ പരിമിതികൾക്കുള്ളിൽ നിന്ന്
അനാഥരെ ആവത് സംരക്ഷിച്ചു,
പരിഗണിച്ചു ഷരീഫ്ത്താത്ത.
എന്ന് മാത്രമല്ല.
അഗതിക്ക് ഭക്ഷണം നൽകാൻ പ്രോത്സാഹിപ്പിക്കുക
മാത്രമായിരുന്നില്ല ഷരീഫ്ത്താത്ത.
തനിക്കുണ്ടോ എന്ന് നോക്കാതെ,
തനിക്കുണ്ടോ എന്നറിയാതെ,
എത്രയെന്നില്ലാതെ
അഗതികൾക്ക് നൽകി
ഷരീഫ്ത്താത്ത.
അങ്ങനെ,
തനിക്ക് വേണ്ടി ദരിദ്രയായി,
അഗതികൾക്ക് വേണ്ടി
സമ്പന്നയായി, ഷരീഫ്ത്താത്ത.
എത്രയുമെത്രയും നൽകി
ഷരീഫ്ത്താത്ത.
"നീ സാഹസികതകൾ താണ്ടണം
(ഫലഖ്ത്തഹമ അൽ അഖബ)
"സാഹസികതകൾ എന്താണെന്ന്
നിന്നെ അറിയിച്ചുതന്നത് എന്താണ്?
(വമാ അദ്റാക്ക മൽ അഖബ)
"അടിമകളെ മോചിപ്പിക്കുകയാണത്.
അല്ലെങ്കിൽ ക്ലേശിക്കുന്ന ദിവസം
അടുത്ത അനാഥർക്കും
മൺപറ്റിയ അഗതികൾക്കും
അന്നമൂട്ടുകയാണത്."
(ഫക്കു റഖബ,
ഔ ഇത്വ്ആമിൻ
യൗമൻ ദീ മസ്അബ
യത്തീമൻ ദാ മഖ്റബ,
മിസ്കീനൻ ദാ മത്റബ
(സൂറ അൽ ബലദ്)
"പിന്നെ അവർ പരസ്പരം
ശരി കൊണ്ട് ഉപദേശിക്കുന്ന,
ക്ഷമ കൊണ്ട് വസ്വിയ്യത്ത് ചെയ്യുന്ന
വിശ്വസിച്ചവരിലായി*
(സുമ്മ കാന മിനല്ലദീന ആമനൂ
വ തവാസൗ ബിൽ ഹഖ്ഖി
വ തവാസൗ ബിൽ മർഹമ)
(സൂറ അൽ ബലദ്).
"ആര്
അല്ലാഹുവിലും പരലോകത്തിലും
വിശ്വസിക്കുന്നുവോ,
അവൻ നല്ലത് പറയട്ടെ,
അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ.
(ഹദീസ്)
എത്രയുമെത്രയും
മിണ്ടാതിരുന്നു
ഷരീഫ്ത്താത്ത.
മിണ്ടാതിരിക്കാൻ
നല്ല ഉറപ്പ് വേണം,
നല്ല കരുത്തും ആഴവും വേണം.
തൃപ്തിയടഞ്ഞ
ശാന്തിയറിഞ്ഞ മനസ്സ് വേണം.
ഷരീഫ്ത്താത്തക്കത്
ആവോളം ഉണ്ടായിരുന്നു
എന്ന് വേണം കരുതാൻ.
"ആര്
അല്ലാഹുവിലും പരലോകത്തിലും
വിശ്വസിക്കുന്നുവോ,
അവൻ അതിഥികളെ ആദരിക്കട്ടെ (സൽക്കരിക്കട്ടെ)"
(ഹദീസ്)
"ആര്
അല്ലാഹുവിലും പരലോകത്തിലും
വിശ്വസിക്കുന്നുവോ,
അവൻ അയൽവാസികളെ ആദരിക്കട്ടെ (സൽക്കരിക്കട്ടെ)
(ഹദീസ്)
അതിഥികളെയും
അയൽവാസികളെയും
അഗതികളെയും
അശരണരെയും
ഷരീഫ്ത്താത്ത വേണ്ടത്ര
ഊട്ടി, സൽക്കരിച്ചു.
അതിഥികളെയും
അയൽവാസികളെയും
സൽക്കരിക്കുന്നതിൽ
ഷരീഫ്ത്താത്താക്ക്
തൻ്റെ ഇല്ലായ്മ പോലും
സമ്പന്നതയായ് മാറിയെന്നത്
നേരിട്ടുള്ള അനുഭവം മാത്രം.
"ഇബ്രാഹീമിൻ്റെ അടുക്കൽ
അതിഥികൾ വന്ന കഥ
നിനക്ക് വന്നുകിട്ടിയോ ?
.......................................
.......................................
നേരെ അടുക്കളയിലേക്ക് ചെന്നു.
തിരിച്ച് നല്ല തടിച്ച ആടിനെ
(പൊരിച്ച്) കൊണ്ടുവന്നു"
(സൂറ: അൽ ദാരിയാത്ത്).
വന്ന അതിഥികൾ
ആര്, എന്തിന്, എവിടെ നിന്ന്
വന്നു എന്ന് പോലും
അറിയുന്നതിന് മുൻപ്
അറിയാൻ ശ്രമിക്കുന്നതിന് മുൻപ്
അതിഥിയെ ഏറ്റവും നല്ലത്
വേണ്ടത്ര നൽകി സൽക്കരിക്കുക.
ശരിക്കും
ഇങ്ങനെ മാത്രം തന്നെയായിരുന്നു
ഷരീഫ്ത്താത്ത
തൻ്റെയടുക്കൽ ഉളളത് വെച്ച്
എപ്പോഴും പെരുമാറിയിരുന്നത്
എന്നും എപ്പോഴും.
"ഏ, സംതൃപ്തിയടഞ്ഞ
(ശാന്തി നേടിയ, മതിവന്ന)
മനസ്സേ! ജീവനേ! ആത്മാവേ!
നിന്നെ വളർത്തിയവനിലേക്ക്
(നിൻ്റെ നാഥനിലേക്ക്,
നിൻ്റെ ഉടമസ്ഥനിലേക്ക്)
നീ മടങ്ങുക.
"സംതൃപ്തിയടഞ്ഞവളായും
സംതൃപ്തി തന്നെയായും.
"നീ പ്രവേശിക്കുക....
എൻ്റെ കൂട്ടരിൽ
(എൻ്റെ ദാസൻമാരിൽ)
(എൻ്റെ പ്രിയപ്പെട്ടവരിൽ)
"നീ പ്രവേശിക്കുക....
എൻ്റെ ആരാമത്തിൽ."
(സൂറ: അൽ ഫജ്ർ)
(യാ അയ്യത്തുഹന്നഫ്സുൽ
മുത്വമഇന്ന,
ഇർജിഈ ഇലാ റബ്ബിക്ക
റാളിയത്തൻ മർളിയ
ഫദ്ഖുലീ ഫീ ഇബാദീ
ഫദ്ഖുലീ ഫീ ജന്നത്തീ.
(സൂറ: അൽ ഫജ്ർ))
No comments:
Post a Comment