ഒരു പണിയുമില്ലാതെ
എന്തൊക്കെയോ
വിളിച്ചുപറയുകയാണ്
താങ്കൾ.
ഒരു പണിയുമില്ലാതെയിരിക്കുമ്പോൾ
തോന്നുന്നതാണ് താങ്കൾക്ക്
ഈ പറയുന്നതൊക്കെയും.
ശരിയാണ്.
ഇനി ചോദിക്കട്ടെ.
വെറുതേയിരിക്കുന്നു എന്നത് വലിയ തെറ്റാണ് എന്ന നിലക്കാണോ ഈ ആരോപണം?
വെറുതേയിരിക്കുന്നതിൽ എന്താണ് തെറ്റ്?
എന്തെങ്കിലും ചെയ്യാൻ വേണ്ട ആവശ്യങ്ങളും അതിൻ്റെ തള്ളും ഉണ്ടെങ്കിലല്ലേ ഒരാൾ എന്തെങ്കിലും ചെയ്യൂ, ചെയ്യേണ്ടതുള്ളൂ?
എല്ലാവർക്കും എന്തെങ്കിലും ചെയ്യേണ്ടി വരുന്നതല്ലേ?
വെറുതേയിരിക്കാൻ തന്നെയല്ലേ എല്ലാവരും മോക്ഷവും സ്വർഗ്ഗവും തേടുന്നത്?
വെറുതേയിരിക്കുന്നത് തന്നെയല്ലേ സമാധിയും സന്ന്യാസവും തപസ്സും?
*****
പറഞ്ഞത് പറഞ്ഞുകൊണ്ടിരുന്നപ്പോൾ
കൃഷ്ണനും മുഹമ്മദിനും
യേശുവിനും ബുദ്ധനും
സോക്രട്ടീസിനും ശങ്കരനും
മുനികൾക്കും ഋഷികൾക്കും
വേറെ എന്തെങ്കിലും
പണിയുണ്ടായിരുന്നുവോ?
ഇല്ലായിരുന്നു.
അവരും
കൃത്യമായ ഒരു പണിയുമില്ലാതെ,
ഒരു പണിക്കും നിൽക്കാതെ
ഒഴിഞ്ഞിരുന്ന്
പറയുകയായിരുന്നു.
അവർക്ക് ഒഴിഞ്ഞിരിക്കാൻ കഴിഞ്ഞു.
അതിനാൽ തെളിഞ്ഞ് വന്നത്
തെളിച്ച് പറയാനും കഴിഞ്ഞു.
കൃഷ്ണനും മുഹമ്മദും
ബുദ്ധനും യേശുവും
സോക്രട്ടീസും ശങ്കരനും
മുനികളും ഋഷികളും ഒക്കെ
അങ്ങനെ ഒരു പണിയും
ചെയ്യാതെ തന്നെയായിരുന്നു
അവർക്ക് പറയാനുള്ളത്
ഉണ്ടാക്കിയതും പറഞ്ഞതും.
ഒരു പണിയുമില്ലാത്തവർ
എന്തൊക്കെയോ പറഞ്ഞതാണ്
നിങ്ങൾക്കിന്ന് പാഠം
ഒരു പണിയുമില്ലാതെയിരിക്കുമ്പോഴാണ്
എല്ലാം തെളിയുക.
എല്ലാം പറയാൻ തോന്നുക.
അല്ലാത്തവന്
തൻ്റെ പണി മാത്രമാണ്
ജീവിതവും പറച്ചിലും
ഒരു പണിയുമില്ലാതെയിരിക്കുന്നതാണ്
തെളിഞ്ഞിരിക്കൽ.
എല്ലാം പ്രതിബിംബിക്കാനാവുന്ന
തെളിഞ്ഞിരിക്കൽ.
ഒരു പണിയുമില്ലാതെയിരിക്കുന്നതാണ്
ധ്യാനമെന്നും തപസ്സെന്നും
നിങൾ സുന്ദരമായ പേരിട്ട് വിളിക്കുന്ന
ഒഴിഞ്ഞിരിപ്പ്.
ബോധോദയം സിദ്ധിച്ചവന്
എന്തും പറയാം.
അവൻ എന്ത് എങ്ങിനെ പറഞ്ഞാലും
ശരി, സത്യം.
അവന് വായിൽ തോന്നുന്നത് മുഴുവൻ
പറയാൻ അവന് സാധിക്കും.
അവന് തോന്നുന്നതെല്ലാം പാട്ട്.
No comments:
Post a Comment