Friday, April 14, 2023

വിശുദ്ധഗ്രന്ഥം പരിശുദ്ധഗ്രന്ഥം എന്നൊക്കെയുണ്ടോ?

വിശുദ്ധഗ്രന്ഥം പരിശുദ്ധഗ്രന്ഥം എന്നൊക്കെയുണ്ടോ?

ചില ഗ്രന്ഥങ്ങളെ മാത്രം പേരെടുത്ത് വിളിക്കുമ്പോൾ, മുൻകൂട്ടിയങ്ങനെ വിശേഷിപ്പിക്കുന്നതെന്തിനാണ്? 

പ്രത്യേകിച്ചും ബൈബിളിനെയും ഖുർആനിനെയും ഒക്കെ പേരെടുത്ത് വിളിക്കുമ്പോൾ. 

പരിശുദ്ധ ഖുർആൻ, വിശുദ്ധ ബൈബിൾ എന്നൊക്കെ.

അത്രക്ക് പരിശുദ്ധവും വിശുദ്ധവുമാണോ ആ ഗ്രന്ഥങ്ങൾ? 

അതിന് മാത്രമുള്ള ബോധ്യത അങ്ങനെ വിളിക്കുന്നവർക്ക് ആ ഗ്രന്ഥങ്ങളെ കുറിച്ചുണ്ടോ? ശുദ്ധകമ്യുണിസ്റ്റ്കൾക്കും യുക്തിവാദികൾക്കും മതേതരർക്കും വരെ. 

എങ്കിൽ വേറൊരു ചോദ്യമുണ്ടാവും.

ബാക്കിയുള്ള ഗ്രന്ഥങ്ങളോന്നും വിശുദ്ധവും പരിശുദ്ധവുമല്ലേ?

ആദ്യമേ ഈ ചില ഗ്രന്ഥങ്ങൾക്ക് പരിശുദ്ധതയും വിശുദ്ധതയും ഇങ്ങനെയങ്ങ് സമ്മതിച്ചു കൊടുക്കുമ്പോൾ, അത്തരം പരിശുദ്ധതയെയും വിശുദ്ധതയേയും നിശ്ചയിക്കുന്ന നമ്മുടെ അളവുകോലുകൾ എന്താണ്, മാനദണ്ഡങ്ങൾ എന്താണ്?

അല്ലെങ്കിൽ അങ്ങനെ വിളിക്കുന്നതും വിശേഷിപ്പിക്കുന്നതും വെറും വെറുതേ അന്ധവിശ്വാസം പോലെ, അനുകരിച്ച്, യാന്ത്രികമായാണോ?

യഥാർഥത്തിൽ പറയേണ്ടതും കരുതേണ്ടതും മറിച്ചല്ലേ? 

ഒന്നുകിൽ എല്ലാ ഗ്രന്ഥങ്ങളും ഒരുപോലെ വിശുദ്ധവും പരിശുദ്ധം.

അല്ലെങ്കിൽ ഒരു ഗ്രന്ഥവും ഒരുപോലെ വിശുദ്ധവും പരിശുദ്ധവും അല്ല.

ഏറിയാൽ ഏതൊരു ഗ്രന്ഥവും പോലെയോ, ഏതൊരു മികച്ച ശാസ്ത്ര, ദാർശനിക, സാഹിത്യ ഗ്രന്ഥത്തേക്കാൾ കീഴെയോ മാത്രമല്ലേ ഈ ഗ്രന്ഥങ്ങൾ (ഖുർആനും ബൈബിളും ഒക്കെ) യഥാർഥത്തിൽ വരൂ.

പ്രത്യേകിച്ചും പിന്നാക്കം മാത്രം വലിക്കുന്ന ഇപ്പറയപ്പെടുന്ന ഗ്രന്ഥങ്ങൾ....

എന്നിട്ടും എന്തിനാണ് ഇങ്ങനെയൊരു ഏകപക്ഷീയമായ മുൻകൂട്ടിയുള്ള സമ്മതിച്ചുകൊടുക്കൽ? 

എന്തിനാണ് ഒന്നുമറിയാതെയുള്ള പരിശുദ്ധം, വിശുദ്ധം എന്ന സമ്മതിച്ചുകൊടുക്കൽ?

എന്തിനാണ് ഈ ഗ്രന്ഥങ്ങൾക്ക് മാത്രം വിശുദ്ധഗ്രന്ഥം പരിശുദ്ധഗ്രന്ഥം എന്ന സമ്മതിച്ചുകൊടുക്കൽ? 

അതും, അവയെ യഥാർഥത്തിൽ അറിയാതെ, വായിക്കാതെ, തുലനംചെയ്ത് മനസ്സിലാക്കാതെ.

അതിന് മാത്രം എന്ത് പ്രത്യേകതയാണ് ആരെങ്കിലും എപ്പോഴെങ്കിലും ഈ ഗ്രന്ഥങ്ങളിൽ കണ്ടത്? 

(അവ ദൈവികമെന്ന വാദമുണ്ടോ?

അതെങ്ങനെ?

ആ വാദത്തെ അംഗീകരിച്ചുകൊടുക്കുന്നവരാണോ ഇങ്ങനെ ഈ ഗ്രന്ഥങ്ങൾ പരിശുദ്ധം, വിശുദ്ധം എന്ന് വിളിക്കുന്ന, സമ്മതിച്ചുകൊടുക്കുന്ന എല്ലാവരും?

ഇനി ദൈവികമെന്നത് തന്നെ വാദത്തിന് വേണ്ടി എടുക്കുക, സമ്മതിക്കുക. 

ഈ പ്രപഞ്ചത്തിൽ ദൈവികമല്ലാത്തതായി എന്തെങ്കിലും ഉണ്ടോ, ഉണ്ടാവുമോ?

എല്ലാം ദൈവിക കം തന്നെയല്ലേ? 

ചാണകവും മലവും പൂവും കല്ലും മരവും മനുഷ്യനും താരാഗണങ്ങളും എല്ലാം ഒരുപോലെ ദൈവികം തന്നെയല്ലേ?)

അതല്ലെങ്കിൽ അങ്ങനെ പരിശുദ്ധം, വിശുദ്ധം എന്നൊക്കെ വിശേഷിപ്പിക്കുന്നവർ മുഴുവൻ (യാന്ത്രികമായി അനുകരിച്ചാണ് ചെയ്യുന്നതെങ്കിലും) യഥാർഥത്തിൽ വായിച്ചു മനസ്സിലാക്കി തന്നെയാണോ ആ ചില ഗ്രന്ഥങ്ങൾ പരിശുദ്ധവും വിശുദ്ധവുമെന്ന് സമ്മതിച്ചുകൊടുക്കുന്നത്?

വിശ്വാസികൾ അവരുടെ വിശ്വാസപ്രകാരം ഒന്നുമറിയാതെ കരുതുന്നത് അപ്പടി സമ്മതിച്ചുകൊടുക്കുമ്പോൾ, ആ സമ്മതിച്ചുകൊടുക്കുന്നവനും ഒന്നുമറിയാതെ എന്തോ പറയുന്ന വിശ്വാസിയാവുക തന്നെയല്ലേ സംഭവിക്കുന്നത്? 

ഒരുതരം അർഹതയുമില്ലാതെ വിശ്വാസികളെയും അവരുടെ വിശ്വാസത്തെയും മുകൂട്ടി അംഗീകരിച്ചുകൊടുക്കലും പ്രൽസാഹിപ്പിക്കലുമല്ലേ അത്?

അവർക്കും അവയ്ക്കും ഒരുനിലക്കും കൊടുക്കാൻ പാടില്ലാത്ത അപ്രമാദിത്തം മുൻകൂട്ടി കല്പിച്ചും സമ്മതിച്ചുകൊടുക്കലുമല്ലേ അത്?

ആരാണ്, എന്തിൻ്റെ അടിസ്ഥാനത്തിലാണ് അതിന് മാത്രം അപ്രമാദിത്തവും പരിശുദ്ധിയും വിശുദ്ധിയും ഈ ചില ഗ്രന്ഥങ്ങൾക്ക് മാത്രമുണ്ടെന്ന് മുൻകൂട്ടി തീരുമാനിച്ചത്?

അങ്ങനെ മുൻകൂട്ടി സമ്മതിച്ച് വിളിക്കുന്നതും വിശേഷിപ്പിക്കുന്നതും തന്നെ യഥാർഥത്തിൽ ഇല്ലാത്ത കാരൃം സമ്മതിച്ചുകൊടുക്കലും, ആ ഗ്രന്ഥങ്ങൾക്കും വിശ്വാസികൾക്കും മുൻപിൽ (വായിക്കാതെയും മനസ്സിലാക്കാതെയും തന്നെ) മുൻകൂട്ടി തോറ്റുകൊടുക്കലുമല്ലേ?

യുക്തിവാദികളും കമ്യൂണിസ്റ്റുകളും വരെ ഇങ്ങനെ വളരേ എളുപ്പം ഈ ഗ്രന്ഥങ്ങളെ വിശുദ്ധം, പരിശുദ്ധം എന്ന് വിശേഷിപ്പിക്കുന്നത് കാണുന്നു. 

യുക്തിവാദികളുടെയും കമ്യൂണിസ്റ്റുകളുടെയും ഗ്രന്ഥങ്ങളെ വിശ്വാസിസമൂഹം നേരെതിരിച്ച് ഒരുനിലക്കും വിശുദ്ധമെന്നും പരിശുദ്ധമെന്നും കരുതാതെ, വിളിക്കാതെ തന്നെ.

അല്ലെങ്കിൽ പിന്നെ, ഖുർആനെയും ബൈബിളിനെയും നിങൾ യഥാർഥത്തിൽ വിശുദ്ധമെന്നും പരിശുദ്ധമെന്നും അംഗീകരിക്കുകയും വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ....., 

നിങൾ ആ ഗ്രന്ഥങ്ങളെ പൂർണമായും അംഗീകരിക്കണം, ആ ഗ്രന്ഥങ്ങൾ അനുസരിച്ച് തന്നെ പൂർണമായും ജീവിക്കണം. 

No comments: