ചോദ്യം: നിങൾ ദൈവവിശ്വാസിയാണോ, അതല്ലേൽ ദൈവനിഷേധിയാണോ?
ഒരുകുറേ ആളുകൾ ഒരുപോലെ ഇത് ചോദിക്കുന്നു. Razal Rihan ....
താങ്കളും ചോദിച്ചു വേറൊരു കോലത്തിൽ ഇതേ ചോദ്യം.
മറുപടി:
എങ്ങിനെ ഒരുത്തരം പറയണം?
എങ്ങിനെ വേണമെങ്കിലും ഉത്തരം പറയാം.
ഉത്തരം പറയാനല്ല, ആ ഉത്തരം നിങ്ങൾക്ക് ദഹിക്കുന്നതാക്കാനാണ് പലതും പറയാത്തതും, പലതും പലവഴികളിൽ പറയുന്നതും, പറയേണ്ടിവരുന്നതും.
കുഴയാത്ത മാവ്, ചൂടാവാത്ത കല്ല്.
രണ്ടും നശിക്കും.
രണ്ടും രണ്ടിനെയും നശിപ്പിക്കും.
*******
നിങൾ ഉന്നയിച്ചത് വളരേ ചെറിയ ചോദ്യം.
ചോദ്യം ചെറുതായത് കൊണ്ട് ഉത്തരം ചെറുതായിരിക്കുമെന്ന് പ്രതീക്ഷിക്കരുത്.
തൽക്കാലം ഒറ്റവാചകത്തിൽ ഉത്തരം പറയാം. വിശദീകരണം പിറകിലേക്ക് വെച്ചുകൊണ്ട്.
ഉത്തരം : ദൈവനിഷേധിയും ദൈവവിശ്വാസിയുമാണ്.
ഒരേസമയം.
*******
ചോദ്യം: അതെങ്ങനെ?
ഉത്തരം: മതം പറഞ്ഞ, നിർവ്വചിത ദൈവത്തിൽ അവിശ്വസിക്കുന്നു.
മതം പറയാത്ത, മതം നിഷേധിക്കുന്ന, അനിർവ്വചിത ദൈവത്തിൽ വിശ്വസിക്കുന്നു.
ഓരോരുത്തനും തോന്നുന്ന കോലത്തിലുള്ള ദൈവത്തിൽ വിശ്വസിക്കാമെന്ന അറിവോടെ.
ഓരോരുത്തനും ആവുന്ന കോലത്തിൽ ദൈവത്തെ പ്രാപിക്കാമെന്ന തെളിവോടെ.
വിശ്വസിച്ചാലും നിഷേധിച്ചാലും എത്തുന്നത് ഒരേയിടത്ത്, ഒരേപോലെ എന്ന വ്യക്തതയോടെ.
ദൈവവിശ്വാസം ഒന്നിനും അടിസ്ഥാമല്ല എന്ന മേമ്പൊടിയോടെ.
ജീവിതം തന്നെ എല്ലാം, ജീവിതത്തിന് വേണ്ടി തന്നെയെല്ലാം, ജീവിതത്തിലൂടെ തന്നെയെല്ലാം എന്ന കൃത്യതയോടെ.
നിഷേധവും വിശ്വാസത്തേക്കാൾ ശക്തിയുള്ള വിശ്വാസമാണെന്ന തിരിച്ചറിവോടെ.
എല്ലാ വിശ്വാസവും നിഷേധവും കൂടിയാണെന്ന വകതിരിവോടെ
********
ചോദ്യം: എന്തുകൊണ്ട്, എങ്ങിനെ നിങൾ ഒരേസമയം ദൈവനിഷേധിയും ദൈവവിശ്വാസിയുമാകുന്നു?
ഉത്തരം: മതം പറയുന്ന ദൈവം തടവുപുള്ളിയായ, നിരാശനായ ദൈവമാണ്.
കുറേ പരിമിതികളു ള്ള, അതിനാൽ തന്നെ കുറേ ആവശ്യങ്ങളുള്ള, മാർക്കറ്റിംഗ് ആവശ്യപ്പെടുന്ന ദൈവം മതം പറയുന്ന ദൈവം. പ്രശ്‌നക്കാരനായ ദൈവം. എല്ലാറ്റിനും പരിഹാരമായ ജീവിതം തന്നെയല്ലാത്ത ദൈവം.
മതം പറയുന്ന ദൈവം തടവുപുള്ളിയായത് കൊണ്ട് തന്നെ, നിരാശനായത് കൊണ്ട് തന്നെ, പിശാചിനെ പോലെ.
നിരാശപ്പെട്ടവൻ, കുറേ ആവശ്യങ്ങൾ മാത്രമുള്ളവൻ പിശാച്.
നന്മതിന്മകൾ ഉള്ളവൻ പിശാച്.
ആത്യന്തികതയിൽ നന്മ തിന്മകൾ ഇല്ല.
മതം യഥാർഥത്തിലുള്ള ദൈവത്തിന് മറയാണ്.
കാഴ്ച്ചമുട്ടുന്നവൻ്റെ ആകാശമാണ് മതം.
കാഴ്ച്ചമുട്ടുന്നത് കൊണ്ടുണ്ടാകുന്ന ആകാശം മതം.
മതം പറഞ്ഞ ദൈവത്തിൽ , മതം പറഞ്ഞതുപോലെ തന്നെ വിശ്വസിച്ചാൽ മാത്രമേ വിശ്വാസിയാവൂ എന്നില്ല.
മതത്തെ നിഷേധിച്ചാൽ, ആ മതം പറഞ്ഞ ദൈവത്തെ നിഷേധിച്ചാൽ ദൈവനിഷേധിയാവുമെന്നുമില്ല.
ഏറിയാൽ മതനിഷേധി മാത്രമേ ആവൂ.
അല്ലെങ്കിലും ഒരുകുറേ മതങ്ങളെ നിഷേധിച്ചുകൊണ്ടേ ഏതെങ്കിലുമൊരു മതത്തിൽ വിശ്വസിക്കാൻ സാധിക്കൂ.
യഥാർത്ഥ കാഴ്ച്ച നഷ്ടപ്പെടുത്തിക്കൊണ്ടേ മതത്തിലെ കാഴ്ച്ച കാണാൻ സാധിക്കൂ. മതവിശ്വാസിയാവാൻ പറ്റൂ.
*****
വീണ്ടും അതേ ചോദ്യം: നിങൾ ദൈവവിശ്വാസിയാണോ, അതല്ലേൽ ദൈവനിഷേധിയാണോ?
ഇനി വിശദീകരിക്കാം.
നിങൾ ഉന്നയിച്ചത് വളരേ ചെറിയ ചോദ്യം.
ചോദ്യം ചെറുതായത് കൊണ്ട് ഉത്തരം ചെറുതായിരിക്കുമെന്ന് പ്രതീക്ഷിക്കരുത്.
സമഗ്രമായി നൽകുന്ന ഉത്തരം നീളുമ്പോൾ നീട്ടിവലിച്ച വാറോല എന്ന ആവലാതികളും പറയരുത്.
ദുർബലൻ്റെ ലക്ഷണമാണ്, വിഷയം പറയുമ്പോൾ, ആ വിഷയത്തിലേക്ക് നീളത്തിലും ദൂരത്തിലും ആഴത്തിലും കടക്കാൻ കഴിയാതെ ക്ഷീണിച്ച് ആവലാതി പറയുക. വ്യക്തിപരായി അധിക്ഷേപവും ആരോപണവും പറയുക. കാഷ്ടിച്ച്, കാർക്കിച്ചു തോൽപ്പിക്കുക.
*******
ഉത്തരമാകുമ്പോൾ ചോദ്യമെന്ന വിത്ത് മുളച്ച് വലിയ മരമാവുക സ്വാഭാവികം.
അല്ലാതെ ഉത്തരം ചെറുതായിത്തന്നെ വേണമെങ്കിൽ ചോദിച്ച ചോദ്യത്തെ വേണ്ടവണ്ണം വിത്തായി ഗൗനിക്കാതെ അവഗണിച്ച്, കരിച്ചും പുഴിങ്ങിയും കളയണം, തിന്നുകളയണം. കൃഷിയിടത്തിൽ പാകാതിരിക്കണം.
എങ്കിൽ, ഉത്തരം ചെറുതാവും. ഒരുവേള ഉത്തരം തന്നെ ഉണ്ടാവില്ല.
******
ചോദ്യം മനസ്സിലാകാത്തവന്, അവൻ ആ ചോദ്യം വെറും വെറുതെ ചോദിച്ചത് കൊണ്ട് മാത്രം, ഉത്തരവും മനസ്സിലാകില്ല.
അവൻ കുഞ്ഞുകുട്ടികൾ ഭവിഷ്യത്തറിയാതെ തീക്കട്ട തൊടുന്നത് പോലെ മാത്രം ചോദ്യം ചോദിക്കുന്നു.
******
ചോദ്യവും ഉത്തരവും മനസ്സിലാകാത്തവന് എല്ലാം ഭാരമാണ്, വാറോലകളാണ്.
വിത്ത് വിത്താണെന്ന് മനസ്സിലാകാത്തവർക്ക് വിത്ത് വെറും കല്ല് പോലെ.
അവർ വിത്തിനെ മുളപ്പിക്കില്ല, വിത്തിൽ മരത്തെ കാണില്ല.
അവർ ശരീരത്തെ മാത്രം കാണുന്നു; ജീവൻ കാണുന്നില്ല.
അവർ കുറേ വാക്കുകളെ മാത്രം കാണുന്നു; അർത്ഥം കാണുന്നില്ല.
ബന്ധിപ്പിച്ച് നീട്ടി കാര്യം മനസ്സിലാക്കാനുള്ള ക്ഷമയും കഴിവും ത്രാണിയും അവർക്കില്ല.
തലച്ചോറ് കൊണ്ട് പ്രായപൂർത്തിയാകാത്ത അവർക്ക് തലച്ചോറ് കൊണ്ട് ഗർഭംധരിക്കാൻ കഴിയില്ല. തലച്ചോറ് കൊണ്ട് വേണ്ടവിധം രതിക്രീഡയിൽ ഏർപ്പെടാൻ കഴിയില്ല.
*****
വിശ്വാസിയാണെന്നും നിഷേധിയാണെന്നും ഒക്കെ (അങ്ങനെയൊന്നും അല്ലാതെ തന്നെയും, വേണമെങ്കിൽ) എളുപ്പം വെറും വെറുതേ ആർക്ക് വേണമെങ്കിലും ഒറ്റവാക്കിൽ ഉത്തരം പറയാൻ സാധിക്കും.
പറയുന്ന വാക്കുകളുടെ അർത്ഥവും ആഴവും അറിഞ്ഞ് പിതൃത്വം ഏറ്റെടുക്കുന്നില്ലെങ്കിൽ പ്രത്യേകിച്ചും
അങ്ങനെ എളുപ്പം പറയാൻ സാധിക്കാത്തത് കൊണ്ടല്ല ഇത്തരമൊരു വലിയ മറുപടി തരുന്നത്.
നിങ്ങൾക്ക് മുഴുവൻ വായിക്കാനും മനസ്സിലാക്കാനും സാധിച്ചാലും ഇല്ലെങ്കിലും ഇതിങ്ങനെ തന്നെ പറയും.
******
അത്തരം ചിലരുടെ ചോദ്യങ്ങൾ കേൾക്കുമ്പോൾ തോന്നും: എന്തോ, വിശ്വാസിയാവുക, അല്ലെങ്കിൽ നിഷേധിയാവുക എന്നത് ഒരു നിർബന്ധ ബാധ്യതയാണെന്ന്.
അത്തരം ആളുകളുടെ ചോദ്യത്തിന് നേരർത്ഥം ഇതാണ്.
1. നിഷേധിക്കുന്നവർ മുഴുവൻ നിഷേധിക്കുന്നത് വിശ്വസിക്കാൻ വേണ്ടത്ര വ്യക്തതയിൽ ദൈവത്തെ അറിഞ്ഞതിനും കണ്ടതിനും ശേഷമാണ്. (കണ്ടതിനും അറിഞ്ഞതിനും ശേഷം കളവ് പറയുംപോലെ അറിഞ്ഞും നിഷേധിച്ചാൽ മാത്രമല്ലേ നിഷേധമാകൂ?)
2. വിശ്വസിക്കുന്നവർ മുഴുവൻ വിശ്വസിക്കുന്നത് നിഷേധിക്കാൻ സാധിക്കാത്തത്ര വ്യക്തതയിൽ അറിഞ്ഞതിനും കണ്ടതിനും ശേഷമാണ്. (വിശ്വാസം ഒരു വലിയ കാഴ്ചയും അറിവുമായി ചിത്രീകരിക്കുന്നുണ്ടെങ്കിൽ)
3. ഒരാൾ രണ്ടാലൊന്നാവൽ നിർബന്ധമാണ്. കറുപ്പ് അല്ലെങ്കിൽ വെളുപ്പ്.
4. അതും ഒരാൾ ആരോ നിർവ്വചിച്ചു വെച്ചത് പോലെ തന്നെ രണ്ടാലൊന്നാവൽ നിർബന്ധമാണ്. ഇക്കരെ അല്ലെങ്കിൽ അക്കരെ
5. ആർക്കും രണ്ടുമല്ലാത്ത അവസ്ഥ ഇല്ല, പാടില്ല. രണ്ടിടത്തും അല്ലാത്ത അവസ്ഥ ഇല്ല എന്നത് പോലെ.
*******
ഇങ്ങനെ ചോദിക്കുന്നവർക്ക് ഒരു കാര്യം നിർബന്ധമുണ്ട്.
അവർക്ക് നിങ്ങളെ നിർവ്വചിച്ച്, തടവിലിട്ട്, ഒരു കോളത്തിലിട്ട് കാണണം.
അതവർ ശീലിച്ചു പോയതാണ്. അവർക്ക് അവരായത് പോലെ നിങ്ങളും ആയാൽ മാത്രമേ സ്വാസ്ഥ്യം കൊള്ളാൻ പറ്റൂ. അല്ലെങ്കിൽ അവർ സ്വയം തെറ്റാണെന്ന് വന്ന് unsettled ആവും.
അവർക്ക് മറ്റുള്ളവരും തങ്ങളെ പോലെ തന്നെ എവിടെയെങ്കിലും കെണിഞ്ഞവരാവണം.
എല്ലാവരും ഏതെങ്കിലും ഒരു കരയിൽ പെട്ട്, ആ കര നൽകുന്ന വ്യക്തിത്വവും സുരക്ഷിതബോധവും തന്നെ എല്ലാവർക്കും വേണം.
അത് കള്ളുകുടി കമ്മിറ്റിയായാലും മതി, പള്ളിക്കമ്മിറ്റിയായാലും മതി.
അത് സിനിമാകമ്മിറ്റി ആയാലും മതി അമ്പലക്കമ്മിറ്റി ആയാലും മതി.
ഏതെങ്കിലും ഒരിടത്ത്, ഒരു ഗ്രൂപ്പിൽ, ഒരു കമ്മറ്റിയിൽ എത്തണം, നിലകൊള്ളണം. ഏതെങ്കിലും ഒരു ഗ്രൂപ്പിൻ്റെ മേൽവിലാസം വേണം.
ഞാൻ ഇതാണ്, ഞാൻ അതാണ് എന്ന് ബാഹ്യമായി വരുത്തിത്തീർക്കണം.
അതല്ലെങ്കിൽ അവർക്ക് നിങ്ങളെ വലിയ കുറ്റവാളിയായി കാണേണ്ടി വരും.
രണ്ടിലൊരു കരയിലല്ലാതെ നിന്ന് അവരെ unsettle ചെയ്ത വലിയ കുറ്റം. അവരും unsettled ആവുന്ന കുറ്റം.
*******
അതുകൊണ്ട് തന്നെ അവർ ഇക്കാര്യത്തിൽ yes or no ചോദ്യവുമായി വരും.
Yes or no ഉത്തരം ആത്യന്തികവിഷയത്തിൽ (on absolute) ആപേക്ഷികതലത്തിൽ നിന്നും (from realtive plain) ഉണ്ടാവുക ഒരു യോഗ്യതയല്ല, മറിച്ച് അയോഗ്യതയാണ്.
ആത്യന്തികമായതിനെ കുറിച്ച് (Absoluteനെ കുറിച്ച്) ആപേക്ഷിക പ്രതലത്തിൽ നിന്നും (relative plainൽ നിന്നും) ഒരു നൂറായിരം ഭാഷ്യങ്ങൾ ഉണ്ടാവും. ഒരു ഭാഷ്യവും കൃത്യമായി ഉണ്ടാക്കാനും ഉണ്ടാവാനും തരവുമില്ല.
******
ആരുടെയും വിശ്വാസവും നിഷേധവും മറ്റാർക്കും മനസ്സിലാവുന്ന ഒന്നല്ല. വെറും ആത്മനിഷ്ഠമായ (subjective ആയ), വ്യക്തിപരമായ കാര്യമാണ്. ഒട്ടും വസ്തുനിഷ്ഠമായ (objective ആയ) പൊതു കാര്യമല്ല.
ഏതൊരാളും നിഷേധയായിരിക്കെ വിശ്വാസിയും വിശ്വാസിയായിരിക്കേ നിഷേധിയുമാണ്. ഒരേ സമയം.
വിശ്വാസിയോ നിഷേധിയോ ആണെന്ന് പറഞ്ഞത് കൊണ്ടോ അല്ലെന്ന് പറഞ്ഞത് കൊണ്ടോ ആരും വിശ്വാസിയോ നിഷേധിയോ ആണെന്നോ അല്ലെന്നോ അർത്ഥമില്ല, അർത്ഥം വരില്ല.
ഓരൊരുത്തന്നും അവനവൻ മനസ്സിലാക്കുന്നത് പോലുളള, തീർത്തും വ്യക്തിനിഷ്ഠമായ (individualistic ആയ, petsonal ആയ) ബോധ്യങ്ങളും നിഷേധങ്ങളും വിശ്വാസങ്ങളും ആണ്.
വിശ്വാസത്തിനും നിഷേധത്തിനുമിടയിലാണ് യഥാർത്ഥത്തിൽ മഹാഭൂരിപക്ഷം പേരും, എന്തിനധികം അവർ തന്നെയും അങ്ങനെയാണെന്ന് പോലും അവർ തിരിച്ചറിയാതെ പോകുന്നു.
ആരും ആർക്കും ഒരു വാക്കും കൊടുത്തിട്ടില്ല, നിർബന്ധമായും വിശ്വാസി തന്നെ ആയിക്കൊള്ളുമെന്ന്, നിഷേധി തന്നെ ആയിക്കൊള്ളുമെന്ന് അവർ അറിയാതെപോകുന്നു
അങ്ങനെ ആരോ പറഞ്ഞത് പോലെ തന്നെ വിശ്വാസിയോ നിഷേധിയോ ആയിക്കൊള്ളുമെന്ന് ആരോ ആർക്കോ വാക്ക്കൊടുത്തത് പോലെയും ആ വാക്ക് പാലിക്കാത്തത് പോലെയുമാണ് ഇവരുടെ വിരൽചൂണ്ടി എന്തോ കുറ്റം കാണുന്നത് പോലുള്ള ചോദ്യം?
******
ദൈവവിശ്വാസിയെന്നാൽ ആരോ പറഞ്ഞത് പോലെ തന്നെ ദൈവത്തിൽ, ആരോ പറഞ്ഞത് പോലുള്ള ദൈവത്തിൽ വിശ്വസിക്കുന്നവൻ എന്നർത്ഥമില്ല.
ദൈവം വിശ്വാസിയെന്നാൽ മതം പറഞ്ഞത് പോലുള്ള ദൈവത്തിൽ വിശ്വസിക്കുന്നവൻ എന്നും അർത്ഥമില്ല.
ദൈവം നിഷേധിയെന്നാൽ ആരോ പറഞ്ഞത് പോലെ തന്നെ നിഷേധിക്കുന്നവൻ എന്നർത്ഥമില്ല.
ദൈവ നിഷേധിയെന്നാൽ, ഒരു വലിയ വിഭാഗത്തിന്, മതം പറഞ്ഞത് പോലുളള ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന അർത്ഥമേ ഈയുള്ളവനെ സംബന്ധിച്ചേടത്തോളം ഉള്ളൂ.
നിഷേധവും ഒരുതരം വിശ്വാസം മാത്രം. വിശ്വാസവും ഒരുതരം നിഷേധം മാത്രം.
******
ഞാൻ ഇതാണ്, ഞാൻ അതാണ് എന്ന് തെളിയിക്കേണ്ടതുണ്ടെങ്കിലല്ലേ ഇങ്ങനെയൊക്കെ നിഷേധിയാണോ വിശ്വാസിയാണോ എന്നൊക്കെ സമർത്ഥിക്കേണ്ടതുള്ളൂ?
അതിന് മാത്രമുള്ള ഞാനുണ്ട് എന്ന് കരുതുന്നുണ്ടെങ്കിലല്ലേ ഇങ്ങനെയൊക്കെ നിഷേധിയാണോ വിശ്വാസിയാണോ എന്നൊക്കെ സമർത്ഥിക്കേണ്ടതുള്ളൂ?
തിരിച്ചറിഞ്ഞവൻ അറിയുന്നത് മറിച്ചാണ്.
അവൻ തന്നെയും ഇല്ലെന്ന്.
തിരിച്ചറിഞ്ഞവൻ ഒന്ന് മാത്രമേ അറിയുന്നുള്ളൂ.
അവൻ തന്നെ ഇല്ലെന്ന്.
ഉള്ളതെന്തോ, അതിനെ എന്ത് പേരിട്ട് വിളിച്ചാലും അത് മാത്രമേ ഉള്ളൂവെന്ന്.
ഞാൻ എന്നതിന് തുടർച്ചയില്ലെന്ന്.
******
അതുകൊണ്ട് ആദ്യവും അവസാനമായി ഒന്ന് പറയട്ടെ.
തിരിച്ചറിവ് ഒരാളെ എത്തിക്കുന്നത് പൂർണമായ ദൈവവിശ്വാസത്തിലോ നിഷേധത്തിലോ അല്ല.
തിരിച്ചറിഞ്ഞവന് വിശ്വാസവും നിഷേധവും ഒരു ബാധ്യതയല്ല.
തിച്ചറിഞ്ഞവന് ദൈവം ഒരു ബാധ്യതയും ഭാരവും അല്ല.
******
വിശ്വാസികളോട് പറയാനുള്ളത്.
ദൈവനിഷേധവും ദൈവവിശ്വാസവും നിങ്ങൾക്ക് വലിയ വിഷയങ്ങൾ ആവുന്നത് എന്തുകൊണ്ടാണെന്നറിയുമോ?
നിങൾ അവതരിപ്പിക്കുന്ന ദൈവം ആവശ്യങ്ങൾ ഉള്ള ദൈവമായത് കൊണ്ട്.
എന്തുകൊണ്ടാണ് നിങ്ങളുടെ ദൈവം ആവശ്യപ്പെടുന്ന ദൈവമായത് എന്നറിയാമോ?
നിങൾ അവതരിപ്പിക്കുന്ന ദൈവത്തിന് അവൻ ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങൾ നടക്കുന്നില്ലെന്ന്, നടത്താൻ സാധിക്കുന്നില്ല എന്ന് നിങൾ തന്നെ അറിയുന്നത് കൊണ്ട്.
ദൈവം ഉദ്ദേശിക്കുന്നത് പോലെ കാര്യം നടക്കുമെങ്കിൽ, ദൈവത്തിന് ആവശ്യപ്പെടെണ്ടിയും ഭീഷണിപ്പെടുത്തേണ്ടിയും വരില്ലല്ലോ? പ്രത്യേകിച്ചും വിശ്വാസം.
അതുകൊണ്ട് നിങ്ങളുടെ ദൈവം ആവശ്യപ്പെടുന്നു. നിങൾ ആ ദൈവത്തിന് വേണ്ടി ആവശ്യപ്പെടുന്നു.
ആവശ്യപ്പെട്ടിട്ടും നടക്കുന്നില്ലെന്ന് കാണുമ്പോൾ ഭീഷണിപ്പെടുത്തുന്നു. സ്വർഗ്ഗവും നരകവും വെച്ച്. മോഹനവാഗ്ദാനങ്ങൾ വെച്ച്, ഭീഷണി വെച്ച്.
അതുകൊണ്ട് തന്നെ നിങ്ങൾക്ക് വിശ്വാസവും നിഷേധവും വലിയ പ്രശ്നങ്ങളാവുന്നു.
നിങ്ങൾക്ക് ദൈവവിശ്വാസം സ്വർഗ്ഗവും നരകവും നിശ്ചയിക്കുന്ന വിഷയങ്ങൾ തന്നെയാവുന്നു.
എന്ത് നല്ല കാര്യങ്ങൾ ചെയ്തിട്ടും കാര്യമില്ല, നിങൾ അവതരിപ്പിക്കുന്ന ദൈവത്തിൽ വിശ്വാസിക്കലാണ് നിങ്ങൾക്ക് പ്രധാനം. എന്ന് തന്നെ നിങ്ങൾക്ക് കരുതേണ്ടി വരുന്നു. അതല്ലെങ്കിൽ നരകത്തിൽ എന്ന് കരുതിവശായത് കൊണ്ട്.
എല്ലാം ദൈവം ഉദ്ദേശിച്ചത് പോലെ നടക്കുന്ന ലോകത്ത്, അത്തരം എല്ലാമായി ഭവിക്കുന്ന ദൈവത്തിന് വിശ്വാസവും നിഷേധവും യഥാർഥത്തിൽ വിഷയമല്ല.
അത്തരം ദൈവം ആർക്കും ഒരു ബാധ്യതയും ഭീഷണിയും ഭാരവും അല്ല. നിങ്ങൾക്കായത് പോലെ.
നിഷേധികൾക്ക് പോലും അത്തരം ഒരു ദൈവത്തെ നിഷേധിക്കുക ഒരു ബാധ്യതയും പണിയും ആവില്ല.
*****
നിഷേധികളോട് പറയാനുള്ളത്.
ദൈവനിഷേധവും ദൈവവിശ്വാസവും നിങ്ങൾക്ക് ഇത്രവലിയ വിഷയങ്ങൾ ആവുന്നത് എന്തുകൊണ്ടാണെന്നറിയുമോ?
നിങൾ കേട്ടറിയുന്ന ദൈവം,. മതം പറഞ്ഞ് പ്രചരിപ്പിച്ച, കുറേ ആവശ്യങ്ങൾ ഉള്ള, കുറേ ആവശ്യപ്പെടുന്ന ദൈവം ആയത് കൊണ്ടാണ്.
ഒന്നും ആവശ്യപ്പെടാത്ത, ഭീഷണിപ്പെടുത്താത്ത ദൈവമാണെങ്കിൽ പിന്നെന്തിന് നിഷേധിക്കണം. എന്തിന് വിശ്വസിക്കണം. നിങ്ങളുടെ ദൈവവിശ്വാസം ദൈവത്തിൻ്റെ ആവശ്യമല്ലെങ്കിൽ പ്രത്യേകിച്ചും
അത്തരം ദൈവം ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ.
നിങ്ങൾക്ക് നിങ്ങളുടെ ജീവിതം പ്രധാനം.
ഉപജീവനം കണ്ടെത്തുക പ്രധാനം.
എന്ന് മാത്രം വരും.
ആ ദൈവത്തിന് അവൻ ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങൾ നടക്കുമെങ്കിൽ ആവശ്യപ്പെടെണ്ടിയും ഭീഷണിപ്പെടുത്തേണ്ടിയും വരില്ല എന്ന് നിങ്ങളും ചിന്തിക്കുന്നു.
അതുകൊണ്ട് മതം പറയുന്ന ദൈവം ആവശ്യപ്പെട്ടിട്ടും ഒന്നും നടക്കുന്നില്ലെന്ന് നിങൾ കാണുമ്പോൾ അതേ ദൈവം മതം മറയാക്കി ഭീഷണിപ്പെടുത്തുന്നു എന്നും നിങൾ കാണുന്നു. സ്വർഗ്ഗവും നരകവും വെച്ച്. അതുകൊണ്ടും നിങ്ങളോട് നിഷേധിച്ചുപോകുന്നു.
അതുകൊണ്ടാണ് വിശ്വാസവും നിഷേധവും വലിയ പ്രശ്നങ്ങളാവുന്നത്.
എന്ത് പുണ്യം ചെയ്തിട്ടും കാര്യമില്ല, ദൈവത്തിൽ വിശ്വാസിക്കലാണ് പ്രധാനം എന്ന് കേൾക്കേണ്ടി വരുമ്പോൾ. ആ ദൈവം നിഷേധിക്കപ്പെടേണ്ടത് തന്നെ എന്ന് വരും.
എല്ലാം ദൈവം ഉദ്ദേശിച്ചത് പോലെ നടക്കുന്ന ലോകത്ത്, അത്തരം എല്ലാമായി ഭവിക്കുന്ന ദൈവത്തിന് വിശ്വാസവും നിഷേധവും വിഷയമല്ലെങ്കിൽ നിങ്ങളെന്തിനാണ് നിഷേധം ഒരു പണിയായി കൊണ്ടുനടക്കുന്നത്?
അത്തരം ദൈവം ആർക്കും ഒരു ബാധ്യതയും ഭീഷണിയും അല്ല.
******
കൽപിക്കുകയും ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൈവം ഇല്ലെങ്കിൽ...,
നിങൾ പ്രാപഞ്ചികതയെ എങ്ങിനെ കാണുന്നുവോ, സാങ്കല്പിക്കുന്നുവോ അങ്ങനെയാണ് ദൈവം എന്നുണ്ടെങ്കിൽ....,
നിങൾ എന്ത് കരുതിയാലും, എന്ത് പേരിട്ട് വിളിച്ചാലും അതുപോലെയാണ് ദൈവമെങ്കിൽ...,
പദാർത്ഥം തന്നെയാണ് ദൈവം എന്നാലും അർത്ഥമെങ്കിൽ...., പിന്നെ
നിങ്ങളുടെ വിശ്വാസവും നിഷേധവും വിഷയമല്ലാത്ത ദൈവത്തെ എന്തിന് നിഷേധിക്കണം.
******
ഒരാളുടെയും ദൈവനിഷേധവും വിശ്വാസവും വേറൊരാൾക്ക് അന്വേഷണ വിഷയമാകേണ്ടതല്ല.
കാരണം അത്രക്ക് ആത്മനിഷ്ഠമായി നടക്കുന്ന, വ്യക്തിനിഷ്ഠമായി നടക്കേണ്ട കാര്യമാണ് വിശ്വാസവും നിഷേധവും.
ഓരോരുത്തരും നടക്കുന്ന വഴി പോലെ, എത്തുന്ന വിതാനം പോലെ ഓരോരുത്തൻ്റെയും നിഷേധവും വിശ്വാസവും.
എങ്കിൽ നിങൾ ചോദിക്കും.
ദൈവവിശ്വാസത്തെ ദൈവനിഷേധികൾ ചോദ്യം ചെയ്യുന്നില്ലേ എന്ന് .
ഉത്തരം പറയാനുള്ളത് ഇല്ല എന്ന് തന്നെയാണ്.
കാരണം, ആത്മനിഷ്ഠമായി നടക്കുന്ന, വ്യക്തിനിഷ്ഠമായി നടക്കേണ്ട, മറ്റാരെയും ഒരു നിലക്കും ബാധിക്കാത്ത ദൈവവിശ്വാസത്തെ ആരും ചോദ്യംചെയ്യുന്നില്ല, ആർക്കും ചോദ്യംചെയ്യാൻ സാധിക്കില്ല.
അത്രക്ക് അവ്യക്തമായതാണത്.
അത്രക്ക് വ്യക്തിപരമായതാണത്.
ഓരോരുത്തൻ്റെയും അനുഭവവും കാഴ്ചയും പോലെ. എരിവും പുളിയും പോലെ. മറ്റാർക്കും അറിയാനും ഇടപെടാനും സാധിക്കാത്തത്.
അത്രക്ക് അവകാശവാദമാക്കാൻ സാധിക്കാത്തതാണത്.
അതേസമയം ദൈവവിശ്വാസത്തെ നിഷേധികൾ ചോദ്യംചെയ്യുന്നുണ്ട്.
നിഷേധികൾ ദൈവവിശ്വാസത്തെ ചോദ്യം ചെയ്തുപോകുന്നുണ്ട്.
എന്തുകൊണ്ട്?
ഇവിടെ അവതരിപ്പിക്കപ്പെടുന്ന ദൈവവിശ്വാസം അത്രക്ക് സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്നതിനാൽ.
ഇവിടെ അവതരിപ്പിക്കപ്പെടുന്ന ദൈവവിശ്വാസം മനുഷ്യർക്കിടയിൽ ഭിന്നിപ്പും സംഘർഷവും ഉണ്ടാക്കുന്നതിനാൽ.
ഇവിടെ അവതരിപ്പിക്കപ്പെടുന്ന ദൈവവിശ്വാസം ചൂഷണത്തിന് കാരണമാകുന്നതിനാൽ.
ഇവിടെ അവതരിപ്പിക്കപ്പെടുന്ന ദൈവവിശ്വാസം സാമാന്യയുക്തിയെ ചോദ്യം ചെയ്യുംവണ്ണവും ചൂഷണത്തിന് പറ്റിയ കോലത്തിലാവുമ്പോൾ.
ദൈവം വിശ്വാസം തന്നെ, ഏതോ ഒരു വിഭാഗം പറയും പോലെ മാത്രമാണ് ശരി, ബാക്കി എല്ലാം തെറ്റ് എന്ന തീവ്രവാദത്തിലേക്കും അതുവഴി ഭീകരവാദത്തിലേക്കും നീങ്ങുന്നത് കൊണ്ട്.
******
അറിയാമല്ലോ?
ഉണ്ടെങ്കിൽ ഉള്ള ദൈവം എല്ലാ മാനങ്ങൾക്കും (dimensionsനും) അപ്പുറത്താണ്.
ഒരുതരം മാനമില്ലാ മാനത്തിൽ. (Dimension of no dimension)
അതുകൊണ്ട് തന്നെ എല്ലാ മാനങ്ങളിലും ഉള്ളവനും എല്ലാ മാനങ്ങളിലേക്കും എത്താൻ സാധിക്കുന്നവനുമാണ്, ആവണം ഈ ദൈവം.
നമ്മളാണെങ്കിൽ നമ്മുടേതായ മാനത്തിൽ കുടിങ്ങിയിരിക്കുന്നവർ. ത്രിമാനത്തിൽ (three dimensions).
നമുക്ക് നമ്മുടെ മാനത്തിന് കീഴെയുള്ള മാനത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കും, സാധിച്ചെന്നിരിക്കും.
പക്ഷേ നമുക്ക് നമ്മുടെ മാനത്തിന് (dimensionന്) മുകളിലുള്ള മാനത്തിലേക്ക് കയറിച്ചെല്ലാൻ സാധിക്കില്ല.
നമ്മുടെ മുകളിലുളള മാനത്തിലുള്ളവർക്ക് നമ്മിലേക്ക് ഇറങ്ങിവരാൻ വളരേ എളുപ്പം.
അതുകൊണ്ട് തന്നെ ദൈവത്തിന് നമ്മുടെ പരിമിതികൾ മനസ്സിലാക്കി നമ്മുടെ മാനത്തിലേക്ക് നമ്മുടെ ഓരോരുത്തൻൻ്റെയും ഭാവനയിലേക്കും സങ്കൽപ്പത്തിലേക്കും വന്ന് ചുരുങ്ങാൻ സാധിക്കും.
നമുക്ക് ദൈവത്തിലേക്ക് വളരാനും വികസിക്കാനും സാധിക്കില്ല എന്നതിനാൽ തന്നെ.
******
മനുഷ്യൻ മനുഷ്യൻ്റെ മാനങ്ങളിൽ (dimendionsൽ) നിന്ന് കൊണ്ട് ആ മാനത്തിൽ രൂപപ്പെടുന്നത് പോലുള്ള വ്യക്തിത്വം ദൈവത്തിന് കല്പിക്കുന്നു.
അങ്ങനെ മനുഷ്യനുള്ളത് പോലുള്ള, ആ മാനത്തിൽ രൂപപ്പെടുന്നത് പോലുള്ള, ഗുണവിശേഷങ്ങൾ ആരോപിച്ച് കൊണ്ട്.
മനുഷ്യൻ്റെ, അവൻ നിരൂപിക്കുന്ന ആ വ്യക്തിത്വവും ഗുണവിശേഷങ്ങളും, അവൻ്റെ അവൻ കുടുങ്ങിയ മാനത്തിനപ്പുറത്തെ മാനത്തിൽ ബാധകമല്ല.
ത്രിമാനതലം വിട്ട് വെറുതെ ചതുഷ്മാന തലത്തിൽ എത്തുമ്പോൾ പോലും മനുഷ്യൻ സങ്കൽപ്പിക്കുന്ന ഈ വ്യക്തിത്വവും ഗുണവിശേഷങ്ങളും ബാധകമല്ല. ഈ തലച്ചോറും വികാര വിചാരങ്ങളും ബാധകമല്ല.
എങ്കിൽ പിന്നെ അഷ്ടമാനത്തിലും ദശമാനത്തിലും എന്തായിരിക്കും അവസ്ഥ?
ഉണ്ടെങ്കിൽ ഉള്ള ദൈവമാണെങ്കിൽ എല്ലാ മാനങ്ങൾക്കും അപ്പുറത്തും ആയിരിക്കും.
എങ്കിൽ ഈ പറയുന്ന ദൈവം എന്ന നിർവചനവും സങ്കല്പവുമൊന്നും നമ്മൾ ആരും പറയുന്ന കോലത്തിൽ ആയിരിക്കില്ല, ആവാൻ പാടില്ല.
നമ്മുടെ മാനത്തിൽ നിന്ന് കൊണ്ട് നമ്മൾക്കാർക്കും മനസിലാക്കാൻ സാധിക്കാത്തത് മാത്രം നാം ദൈവം എന്ന് പേരിട്ട് വിളിക്കുന്ന ദൈവം.
നമ്മുടെ മാനവും അതിൻ്റെ തടവറയും നിസ്സഹായതയും കഴിവുകേടും വിവരക്കേടും നൽകുന്ന പേരും നിർവചനവും തന്നെ നമ്മുടെ ദൈവസങ്കല്പവും നിർവചനവും.
അത് കൊണ്ട് തന്നെ, ഒന്നുകിൽ ദൈവത്തെ കുറിച്ച് എല്ലാവരും പറയുന്നത് ഒരുപോലെ തെറ്റ്. അല്ലെങ്കിൽ എല്ലാവരും പറയുന്നത് ഒരുപോലെ ശരി.
എല്ലാവരും തെറ്റായതിനാൽ, എല്ലാവരേയും തെറ്റാക്കാതിരിക്കാൻ മാത്രം എല്ലാവരും ശരി എന്ന് പറയുന്ന ശരി.
ആപേക്ഷികമായി മാത്രം.
വ്യത്യസ്തമായ സ്ഥാനത്ത് നിന്നു നോക്കുമ്പോൾ ഒരേ സമയം സൂര്യൻ ഉദിക്കുന്നു എന്നതും അസ്തമിക്കുന്നു എന്നതും മദ്ധ്യാഹ്നത്തിലാണെന്നതും ശരിയാവുന്നത് തന്നെ നോക്കുക.
സൂര്യൻ ഇതൊന്നുമല്ല, ഉദിക്കുന്നില്ല അസ്തമിക്കുന്നില്ല, എന്നതും ഒരുപോലെ ശരിയാവുന്നു എന്നതും ഓർക്കണം.
അതും നമ്മുടെ മാനത്തിൽ നിന്ന്, നമ്മുടെ മാനത്തിന് പുറത്ത് പോകാതെ തന്നെ നോക്കുമ്പോൾ.
അങ്ങനെ ഒരേ സമയം വ്യത്യസ്തമായ സ്ഥാനങ്ങളിൽ നിന്ന് ഒരേ കാര്യം ശരിയും തെറ്റും ആണ് എന്നതും നാം മനസ്സിലാക്കണം.