Wednesday, November 20, 2019

ആദ്യം സ്വാശ്രയം. പിന്നീട് Sslc ക്കും plus2 വിനും 99 ശതമാനത്തിന് മേല്‍ കുട്ടികളെ കണ്ണടച്ച് പാസാക്കുക.

ആദ്യം സ്വാശ്രയം എന്ന് പേര്‌ വിളിച്ച് കുറെ എഞ്ചിനിയറിങ് കോളേജ്കള്‍ വെറുതെ അനുവദിക്കുക, തുറക്കുക.
പിന്നീട് ആ കോളേജുകളെ തീറ്റിപ്പോറ്റാന്‍ വേണ്ടി മാത്രം Sslc ക്കും plus2 വിനും വെറുതെ കുറെ മാര്‍ക്കും A+ഉം വാരിക്കോരി കൊടുക്കുക. 99 ശതമാനത്തിന് മേല്‍ കുട്ടികളെ കണ്ണടച്ച് പാസാക്കുന്നുവെന്ന് ഉറപ്പിക്കുക. 
ശേഷം Entrance പരീക്ഷയെ പരിഹസിക്കുന്ന വിധം, ഉള്ളും പൊരുളും അറിയാത്ത കുറെ കുട്ടികള്‍ക്ക് എഞ്ചിനീയറിംഗ് കോളേജ്കളിലേക്ക് പ്രവേശനം നല്‍കുക.
അതിന്‌ വേണ്ടി ഉള്ളും പൊരുളും അറിയാതെ വെറുതെ കിട്ടിയ plus2 പരീക്ഷയിലെ മാര്‍ക്കിന് എഞ്ചിനീയറിങ് പ്രവേശനത്തിന് പകുതി weightage കൊടുക്കുക.
അങ്ങനെ വിദ്യഭ്യാസക്കച്ചവടം ഉറപ്പിക്കുക.
എല്ലാവരേയും സന്തോഷിപ്പിച്ചു കച്ചവടം നടത്തുന്ന രീതി നടപ്പിൽ വരുത്തുക. 
അങ്ങനെയാണ് ഇവിടത്തെ എഞ്ചിനീയറിംഗ് കോളേജ്കളിലേക്ക് വേണ്ടത്ര കുട്ടികളെ കിട്ടുമെന്ന് സർക്കാരും വിദ്യാഭ്യാസക്കച്ചവടക്കാരും കൂടി ഉറപ്പിക്കുന്നത്.
അങ്ങനെ തന്നെയാണ് ഇവിടത്തെ കൂണുകള്‍ പോലെ പൊട്ടിമുളച്ച എഞ്ചിനീയറിംഗ് കോളേജ്കളില്‍ അല്പം പോലും നിലവാരമുള്ള വിദ്യാര്‍ഥികള്‍ ഇല്ലാതായത്. (ഒരളവോളം ഇക്കാര്യം മെഡിക്കൽ കോളേജുകള്‍ക്കും ബാധകം) 
ഇവിടത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ വിജയ ശതമാനം മാത്രം നോക്കിയാലും മതി സംഗതി മനസിലാവാന്‍. 
Plus2 വിൽ സയൻസില്‍ full A+ വാങ്ങിയവരില്‍ എത്ര പേര്‍ക്ക് ശരിക്കും കണക്കും ഫിസിക്സും, problem solving ലെവലിലും application ലെവലിലും, അറിയാം എന്ന് നോക്കിയാലും സംഗതി മനസ്സിലാവും. 
99% പേര്‍ക്കും ഒന്നും അറിയില്ല. തത്തമ്മേ പൂച്ച പൂച്ച എന്ന നിലവാരത്തില്‍ അല്ലാതെ. 
അവരെ പഠിപ്പിച്ച, പഠിപ്പിക്കുന്നുവെന്ന് നാം കരുതുന്ന അധ്യാപകര്‍ക്ക് തന്നെയും ഒന്നും ശരിയാംവണ്ണം, problem solving ലെവലിലും application ലെവലിലും, അറിയില്ല. തത്തമ്മേ പൂച്ച പൂച്ച എന്ന നിലവാരത്തില്‍ അല്ലാതെ. വെറുതെ സർക്കാർ വകയില്‍ ലക്ഷക്കണക്കിനു ശമ്പളം വാങ്ങാന്‍ മാത്രവുമല്ലാതെ. 
ഈ വിദ്യഭ്യാസ സമ്പ്രദായത്തില്‍ എന്തെങ്കിലും നിലവാരമുള്ളവർ ഉണ്ടായിട്ടുണ്ടെങ്കിൽ, അവരതുണ്ടാക്കിയത് സ്വന്തം നിലക്ക്. മരുഭൂമിയിലെ ഒട്ടകത്തെ പോലെ. ഒരു അറബിക്കും അവകാശവാദം ഉന്നയിക്കാനുള്ള വകുപ്പില്ലാതെ. Coaching സെന്ററും സ്പെഷ്യൽ ട്യൂഷനും മറ്റ് സൗകര്യങ്ങളും സ്വന്തം നിലക്ക് വെച്ചു പഠിച്ചവർ.
നമ്മുടെ സ്കൂളുകള്‍ നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നില്ല, നിലവാരമുള്ള വിദ്യാര്‍ത്ഥികളെ വളര്‍ത്തുന്നുമില്ല. ഭൂരിപക്ഷം അധ്യാപകര്‍ക്കും ശമ്പളം വാങ്ങാനുള്ള ഒരു വേദി മാത്രം സ്കൂളുകള്‍.
ചടങ്ങ് പോലെ വന്ന് പോകുന്നവരല്ലാത്ത, ആ നിലക്ക് ജീവനില്ലാതെ പഠിപ്പിക്കുന്നവരല്ലാത്ത, തങ്ങൾ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ നൈപുണ്യവും അവഗാഹവുമുള്ള അദ്ധ്യാപകര്‍ തുലോം കുറവ്. 
കുട്ടികളുടെ മറവിലാണ് തങ്ങൾക്ക് ഭീമമായ ശമ്പളം കിട്ടുന്നത് എന്ന് പോലും മനസ്സിലാക്കാതെ അദ്ധ്യാപകര്‍. കിട്ടേണ്ട വിദ്യാഭ്യാസം തങ്ങൾക്ക് വേണ്ടി സർക്കാർ ഭീമമായി ശമ്പളം കൊടുത്തിട്ടും കിട്ടാത്ത തങ്ങളുടെ അവകാശമാണെന്നും അധ്യാപകന്റെ ഔദാര്യമല്ലെന്നും അറിയാതെ പാവം കുട്ടികളും. 
ഒരു കുട്ടി എട്ടും ഒന്‍പതും മണിക്കൂര്‍ സമയം ചിലവഴിക്കുന്ന സ്കൂളുകളില്‍ നിന്ന്, എട്ട് മിനുട്ട് കൊണ്ട്‌ കിട്ടുന്ന മൂല്യവത്തായ പാഠവും വിവരവും ശരിക്കും നന്നായി പഠിക്കാൻ കൊതിക്കുന്ന ഒരു നല്ല വിദ്യാര്‍ത്ഥിക്ക് കിട്ടുന്നില്ല. 
അതിനാല്‍ തന്നെയാണ് അവർ ഉപരിപഠനത്തിനും, മേല്‍പറഞ്ഞ കാരണങ്ങൾ കൊണ്ട്‌, പുറത്ത് എവിടെയെങ്കിലും പോകാൻ നിര്‍ബന്ധിതരാവുന്നത്.
തങ്ങളുടെ മക്കള്‍ എന്ത് കൊണ്ട്‌ എഞ്ചിനീയറിങ്ങിന് തോറ്റു പോകുന്നുവെന്ന ഓരോ മാതാവിന്റെയും പിതാവിന്റെയും വ്യാകുലതള്‍ക്കും ആശങ്കകള്‍ക്കുമുള്ള മറുപടി കൂടിയാണ്‌ ഇത്‌.
പേടിക്കേണ്ട. അതിനും സര്‍ക്കാറിന് ഒരു പരിഹാരം വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതേ ഉള്ളൂ.
എഞ്ചിനീയറിങ്ങിനും ചുരുങ്ങിയത് 90 ശതമാനത്തിന് മുകളില്‍ പാസ്സാക്കാന്‍ തീരുമാനിക്കുക. വിദ്യഭ്യാസരംഗത്തെ വെള്ളരിക്കപ്പട്ടണമാക്കുക.
സംഗതി കുശാല്‍.

No comments: