Monday, November 11, 2019

നല്ല കമ്യൂണിസ്റ്റ്കാരോട്. നല്ല ദേശസ്നേഹികളോട്. നല്ല വിശ്വാസികളോട്.

നല്ല കമ്യൂണിസ്റ്റ്കാരോട്.
നല്ല ദേശസ്നേഹികളോട്.
നല്ല വിശ്വാസികളോട്. 
നിങ്ങൾ നല്ലവരായത് കൊണ്ട്‌ ജനങ്ങൾ ശ്രദ്ധിക്കും.
തെറ്റുന്നുവെന്ന് കാണുമ്പോള്‍ വിമര്‍ശിക്കും.
തിരുത്താന്‍ ശ്രമിക്കും.
കാരണം മറ്റൊന്നുമല്ല.
നല്ലതിന്റെ രണ്ടാംഘട്ടം മോശമാവുക എന്നതാണ്.
നല്ലതേ മോശമാകൂ.
നല്ലതിനെ നല്ലതായി സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാണ്.
നല്ലതിനെ മോശമാക്കാന്‍ നൂറായിരം കീടങ്ങള്‍ അലഞ്ഞുതിരിഞ്ഞു നടപ്പുണ്ട്.
ഏത് ദിശയില്‍ നിന്നും നിങ്ങളെ അത് സ്വാധീനിച്ച് ആക്രമിക്കും. 
പൂവായാലും പാലായാലും പഴമായാലും അതിന്‍ സ്വാധീനത്തിന് വഴങ്ങി കെട്ടുപോകും.
പൊന്നായാലും മുത്തായാലും അതിനാല്‍ തന്നെ കട്ട് പോകും.
ഏറ്റവും ശക്തിയുള്ള ആക്രമണം സ്വാധീനത്തിന്റെതും പ്രലോഭനത്തിന്റെതുമാണ്.
അത്‌ നിന്റെ ഭിത്തികള്‍ തകര്‍ക്കുന്നത് നിന്നെക്കൊണ്ട് വാതില്‍ തുറപ്പിച്ച് കൊണ്ടാണ്‌.
******
നിങ്ങൾ മോശക്കാര്‍ ആയിരുന്നെങ്കില്‍ ഇത്രക്ക് പ്രശ്നമില്ല. 
മോശം പിന്നെയും മോശമാവാന്‍ ഇല്ല.
അത് കെട്ടുപോവാനും കട്ട്പോവാനും ഇല്ല.
അത്‌ അല്ലേലും പ്രലോഭനങ്ങളും സ്വാധീനങ്ങളുമായ കീടങ്ങള്‍ക്ക് കിടപ്പറയാണ്. 
ഏറിയാല്‍ കൂടുതൽ മോശമാവുകയോ, വല്ല വിധേനയും നന്നാവുകയോ അല്ലാതെ വേറെ സാധ്യത മോശമായതിനില്ല. .
*****
നല്ലതാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങൾ നല്ലവരാണ് ശ്രദ്ധിക്കേണ്ടത്. 
നല്ലതിനാണ് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരിക.
വിമര്‍ശനം, നല്ല പൂവിന് ചുറ്റും സംരക്ഷിക്കാൻ നില്‍ക്കുന്ന മുള്ളുകളാണ്.
വിമര്‍ശനം നല്ല മരങ്ങളെ വളര്‍ത്തുന്ന വളമാണ്. 
ആ മുള്ളുകളെയും വളങ്ങളെയും നല്ലത്‌ അതിന്റെ നിലനില്‍പിനു വേണ്ടി ഇഷ്ടപ്പെടുക, സ്നേഹിക്കുക.
****
അറിയുക.
നല്ലതിനെയാണ് ആളുകൾ ഉപയോഗിക്കുക.
ആളുകള്‍ അവര്‍ക്ക് വേണ്ടവിധം ഉപയോഗിക്കുമ്പോള്‍ നല്ലവരായ നിങ്ങള്‍ക്ക് വേദനയാവും. 
നല്ല മരത്തെയാണ് വിമര്‍ശിച്ചു തറച്ചു മുറിച്ചു പരുവത്തില്‍ ആക്കുന്നത്.
നല്ല വിറകിനെയാണ് കത്തിക്കുന്നത്.
നല്ല മാങ്ങയുള്ള മാവിലാണ്‌ കല്ലെറിയുന്നത്.
ആഭരണമാവേണ്ട സ്വര്‍ണ്ണം അഗ്നിയിലൂടെ കടന്ന് പോകണം. 
****
നല്ലതെന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാൻ പറ്റും വിധം ആവുക എന്നത്‌ മാത്രം തന്നെയാണ്. 
നിങ്ങൾ അങ്ങനെയുള്ള നല്ലവര്‍ ആവുകയാണെങ്കിൽ, നല്ലവർ ആണെന്ന് അവകാശപ്പെടുകയാണെങ്കിൽ, കൊത്തും കീറും കത്തിക്കലും ആയ എല്ലാ വിമര്‍ശനങ്ങളേയും സഹിക്കണം, പൊറുക്കണം.
അല്ലെങ്കിൽ നിങ്ങൾ അതിന്‌ വേണ്ടി നിലകൊള്ളരുത്.
നിങ്ങൾ നിലകൊള്ളുന്നുവെന്ന് പറയുന്ന കാര്യങ്ങള്‍ക്ക് വേണ്ടി നിങ്ങൾ നിലകൊള്ളരുത്.

No comments: