Monday, November 11, 2019

ഗുരു ഉറങ്ങുകയാണ്. പൂച്ചയുറക്കം. സംശയം വേണ്ട, ആ ഗുരു തന്നെയാണ് ഉറങ്ങുന്നത്.

ഗുരു ഉറങ്ങുകയാണ്.
പൂച്ചയുറക്കം. 
സംശയം വേണ്ട,
ആ ഗുരു തന്നെയാണ് ഉറങ്ങുന്നത്.
നാക്ക് പറയാനും
രുചിക്കാനും മാത്രമുള്ളതാണ്
എന്ന എന്റെ ധാരണയെ
തിരുത്തിയ
അതേ ഗുരു തന്നെയാണ്,
ഈ സോഫയില്‍
കിടന്നുറങ്ങുന്നത്.
നാക്ക് കൊണ്ട്‌
മുറിവിന് ചികില്‍സയും
ശരീരത്തിന് വൃത്തിയും
ആകാമെന്ന് പഠിപ്പിച്ച
എന്റെ ആ ഗുരു. 
പോരാത്തതിന്,
ഉറങ്ങുന്നതിന്‌ മുന്‍പ്‌
എന്റെ ഗുരു ഒന്ന് കൂടി
വ്യക്തമായിപ്പറഞ്ഞു.
'വേട്ടയാടാന്‍ പോകാത്തതെന്തേ'
എന്ന എന്റെ ചോദ്യത്തിന്റെ മുനമ്പ്
ഓടിച്ചുകളഞ്ഞു കൊണ്ട്‌. 
'ആര്‍ക്കാണ് വേട്ടയാടുന്നത് ഇഷ്ടം?
"അതൊന്നും ആര്‍ക്കും
വലിയ ഇഷ്ടമുള്ള കാര്യമല്ല.
"നിസ്സഹായത അങ്ങിനെയും
ചെയ്യിപ്പിക്കുന്നു എന്ന് മാത്രം. 
"കിട്ടാത്തത് കൊണ്ട്‌ മാത്രം അങ്ങനെയാകുന്നതാണ്. 
"അങ്ങനെ മാത്രം
വേട്ടയാടുന്നതാണ് നാം.
"വേണ്ടതാണ്‌
നിങ്ങൾ കാണുക.
വേണ്ടതിതിനെയാണ്
നിങ്ങള്‍ക്ക് ഇഷ്ടമാവുക.
"പൂമ്പാറ്റയില്‍
നിങ്ങൾ സൗന്ദര്യം ദര്‍ശിക്കുന്നു.
നമ്മൾ ഇരയെയും. 
"നിങ്ങൾ നിങ്ങള്‍ക്ക് വേണ്ടത്,
ഞങ്ങൾ ഞങ്ങൾക്ക് വേണ്ടത്,
കാണുന്നു, ഇഷ്ടപ്പെടുന്നു. 
"സുഭിക്ഷമായി കിട്ടുമെങ്കില്‍,
നമ്മളും വേട്ടയാടില്ല.
വേട്ടയാടുന്നത് വേണ്ടെന്ന് വെക്കും.
"നിങ്ങൾ ഈ പറയുന്ന
ധീരമായ വേട്ട
അത്രക്കെ ഉള്ളൂ.
"നിത്യവും വേട്ട ചെയ്തേ തീരൂ എന്നത്
അത്രക്ക് സുഖമുള്ള കാര്യമല്ല. 
"വേട്ടയാടി
എന്തെങ്കിലും കിട്ടുന്നതിന്‌ മുന്‍പ്‌
നാം അനുഭവിക്കുന്ന വിശപ്പും
അനിശ്ചിതത്വവും
നിങ്ങള്‍ക്ക് മനസിലാവില്ല.
അതത്ര വലിയ മഹത്വമുള്ള ഒരേര്‍പ്പാടൊന്നുമല്ല."
എന്നാലും
ഗുരു ഉറങ്ങുക തന്നെയാണ്.
'പക്ഷേ, ഇപ്പോൾ
ഇവിടെ അകത്ത് കിടക്കുന്നതും,
ഉറങ്ങാൻ പോകുന്നതും?
പുറത്തല്ലേ നിന്റെ ലോകം?'
ഗുരു ഉറങ്ങുന്നതിന് മുന്‍പ്
ഈയുള്ളവന്‍
അങ്ങനെയും ചോദിച്ചു. 
"ആര് പറഞ്ഞു,
പുറത്താണ് നമുക്ക് ഇഷ്ടമെന്ന്?
"നമുക്ക് അങ്ങനെയൊരു
പഥ്യമൊന്നും ഇല്ല.
"നമുക്ക് അങ്ങനെയൊരു
പുറം അകം എന്ന
സങ്കല്‍പവ്യത്യാസവും ഇല്ല. 
"അല്ലേലും എന്താണ്‌
ഈ അകം പുറം?
"സുരക്ഷിതമായിരിക്കുക
എന്നത് മാത്രമല്ലേ?
സുരക്ഷിതനായിരിക്കാനല്ലേ
എല്ലാ അകവും പുറവും? 
സുരക്ഷിതമായിരിക്കുക തന്നെയല്ലേ
ആര്‍ക്കും ജീവിതത്തില്‍ പ്രധാനം?
സുരക്ഷിതമായിരിക്കുക തന്നെയല്ലേ
അതിജീവനത്തിന്റെ ഭാഷ? 
"പുറത്തുറങ്ങുന്ന നമ്മൾ
സന്തുഷ്ടരൊന്നുമല്ല.
"അങ്ങനെ ഉറങ്ങേണ്ടി വരുന്നതാണ്.
തെരഞ്ഞെടുപ്പില്ലാതെ. 
"നമുക്ക് പേടി ഇല്ലെന്നാര് പറഞ്ഞു?
"അങ്ങനെയൊന്നും ആരും
നമ്മൾക്ക് വേണ്ടി പറയേണ്ട.
"നമുക്ക് പേടി ഇല്ലെന്നും
ആരും കരുതേണ്ട.
"നമുക്കും പേടിയുണ്ട്.
"സുരക്ഷിതരാവാന്‍
നമുക്കും കൊതിയുണ്ട്. 
"സുരക്ഷയുടെ അകം
കാണിച്ച് തന്നാല്‍
നമ്മളും അകത്ത് തന്നെ ഉറങ്ങും.
സുരക്ഷിതരായിത്തന്നെ ഉറങ്ങും .
"ജീവിതത്തിന്റ അരക്ഷിതത്ത്വം
നമ്മളെന്നല്ല,
ആരും ഇഷ്ടപ്പെടുന്നില്ല,
"ആരും അരക്ഷിതാവസ്ഥയെ
സ്വയംവരിക്കുന്നില്ല. 
"പേടി തന്നെയാണ് നമ്മുടെയും
സര്‍വ്വതിന്റെയും ആയുധം.
ജീവിതത്തിന്റെ മുഖം. 
"ആ മുഖത്തെ,
ആയുധത്തെ,
ജാഗ്രതയാക്കി
ജീവിക്കുകയാണ്
എല്ലാവരും.
"അതിനാല്‍ മാത്രമാണ്
നമ്മുടെ ഉറക്കം
ദീര്‍ഘമേറിയതല്ലാത്തത് .
"പൂച്ചയുറക്കമെന്ന് നിങ്ങൾ
ഭംഗിയുള്ള പേരിട്ട് വിളിക്കുന്ന
വെറും ചെറിയ
കണ്ണ് കാച്ചല്‍ മാത്രമായത്."

No comments: