Wednesday, November 20, 2019

ചോദ്യം: ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റെ credentials എന്തൊക്കെയാണ്?

ചോദ്യം:
താങ്കളെ സംബന്ധിച്ചേടത്തോളം ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റെ credentials എന്തൊക്കെയാണ്?
ഉത്തരം 1 :
ഒരു സിപിഐഎം കാരന്‍ പറഞ്ഞ കാര്യം പറയാം.
"സർക്കാർ - അര്‍ധസർക്കാർ മേഖലയില്‍ ഒരു നല്ല തൊഴിൽ കിട്ടാന്‍ സിപിഐഎം ല്‍ തന്നെ പണിയെടുക്കണം. ഉദാഹരണം: പരിയാരം മെഡിക്കൽ കോളേജ്, കേരള പോലീസ്, സഹകരണ ബാങ്കുകള്‍, ഈ അടുത്ത് നടന്ന psc പരീക്ഷാരീതി, റിസള്‍ട്ട്"
ചുരുങ്ങിയത് ഇതാവരുത്, ഇങ്ങനെയാവരുത് ഒരു കമ്യൂണിസ്റ്റ്.
വെറും തൊഴിലിനു വേണ്ടി തലച്ചോറും അഭിപ്രായവും പണയം വെക്കുന്നവനാവരുത് ഒരു കമ്യൂണിസ്റ്റ്.
ഉത്തരം 2:
മറ്റൊരു കമ്യൂണിസ്റ്റ്കാരന്‍ പറഞ്ഞത്.
"എപ്പോൾ സിപിഐഎം അക്രമരാഷ്ട്രീയം ഉപേക്ഷിക്കുന്നുവോ അന്ന് ഞാന്‍ സിപിഐഎം വിടും"
ചുരുങ്ങിയത് ഇതാവരുത്, ഇങ്ങനെയുമാവരുത് ഒരു കമ്യൂണിസ്റ്റ്.
ഉത്തരം 3:
കമ്യൂണിസ്റ്റ്ന്റെ credentials എന്താണ്‌, എന്തായിരിക്കണം, കമ്യൂണിസ്റ്റ്കാരന്‍ എങ്ങിനെ ആയിരിക്കണം എന്നത് ഈയുള്ളവന്‍ പറയണമെന്നില്ല.
അതാര്‍ക്കും താങ്കള്‍ക്ക് തന്നെയും പറയാവുന്നതാണ്.
കമ്യൂണും കമ്യൂണിസവും എന്തെന്നറിയുന്ന ഓരോരുവനും തന്നെ പറയാൻ സാധിക്കുന്നതാണത്. പച്ചയായ സംസ്കാരമുള്ള പൗരബോധമുള്ള എല്ലാവർക്കും വേണ്ടത് തന്നെ ചുരുങ്ങിയത് എല്ലാ ഓരോ കമ്യൂണിസ്റ്റ്കാരനും വേണം.
നല്ല മനുഷ്യന്‍ നല്ല കമ്യൂണിസ്റ്റ്കാരന്‍ എന്നാവണം. നല്ല കമ്യൂണിസ്റ്റ്കാരന്‍ നല്ല മനുഷ്യന്‍ എന്നുമാവണം. 
സിപിഐഎം ല്‍ 'സി' എന്ന അക്ഷരം കമ്യൂണിസ്റ്റ് എന്ന് വരികില്‍ കമ്യൂണിസം എന്ന വാക്കിനെ കേന്ദ്രീകരിച്ച് തന്നെ നമ്മൾ സംസാരിക്കണം. സിപിഐഎം നെ കുറിച്ച് സംസാരിക്കുമ്പോള്‍. .
അല്ലെങ്കിൽ, ഈയുള്ളവന്‍ മുന്‍പ് അങ്ങയോട് പറഞ്ഞത് പോലെ പാർട്ടിയുടെ പേരില്‍ നിന്ന് 'സി' യും 'എം' ഉം എടുത്തുകളയണം. നമ്മളും ഒരു വെറും സാധാരണ അധികാരപാർട്ടി എന്ന് ഉച്ചത്തില്‍ വിളിച്ചു പറയണം. 
എന്തായാലും കമ്യൂണിസം അധികാരം കൂട്ടിയെടുക്കുന്നതിന്റെയും അധികാരം അധികാരത്തിന് വേണ്ടി കൊതിക്കുന്നതിന്റെ പ്രത്യയശാസ്ത്രമല്ല. അധികാരം എത്രയും ഇല്ലാതാവുന്നതിന്റെയും കുറക്കുന്നതിന്റെയും പ്രത്യയശാസ്ത്രമാണ്. ജീവിതം എങ്ങിനെയും എത്രയും കെട്ടിക്കുടുക്കില്ലാതെ എല്ലാവർക്കും എളുപ്പമാക്കാം എന്നതിന്റെ പ്രത്യയശാസ്ത്രമാണ്. 
കമ്യൂണിസം സാധാരണ സ്വാഭാവിക ജീവിതം എല്ലാവർക്കും ഒരുപോലെ സാധ്യമാക്കുന്ന പരിപാടിയുടെ പേരാണ്.
ജീവിതവും ജീവിതസാധ്യതയും ആർക്കെങ്കിലും, അല്ലെങ്കില്‍ തൊഴിലാളികള്‍ക്കും തൊഴിലാളി യൂണിയനും മാത്രം വകവെച്ച് കൊടുക്കുന്നതിന്റെ പേരല്ല, ആവരുത് കമ്മ്യൂണിസം.
ഉദ്യോഗസ്ഥര്‍ക്ക് മാത്രം ജീവിതവും രാജ്യവും പണയം വെക്കുന്നതിന്റെ പേരല്ല, ആവരുത് കമ്യൂണിസം.
ജീവിതം സമ്പന്നര്‍ക്ക് മാത്രം വകവെച്ച് കൊടുക്കുന്നതിന്റെ പേരല്ല, ആവരുത് കമ്യൂണിസം.
സമ്പന്നര്‍ എന്ന വിഭാഗവും ദരിദ്രര്‍ എന്ന വിഭാഗവും ഇല്ലാതാവുന്നതിന്റെ പേരാണ് കമ്യൂണിസം. അല്ലാതെ കമ്യൂണിസത്തിന്റെ പേരില്‍ കുറച്ച് പേർ സമ്പന്നരാവുന്നതിന്റെ യും അതിന്റെ കമ്മീഷൻ അടിക്കുന്നതിന്റെയും പേരല്ല. 
സമ്പന്നര്‍ക്കും സമ്പത്തിനും വേണ്ടി പ്രത്യയശാസ്ത്രം അടിയറവെക്കുന്നതിന്റെ പേരല്ല, ആവരുത് കമ്യൂണിസം.
അധികാരത്തിന് വേണ്ടി മാത്രം വെറുതെ അധികാരം കയ്യാളുന്നതിന്റെ പേരല്ല, ആവരുത് കമ്യൂണിസം.
പാർട്ടിയെ നിലനിർത്താൻ വേണ്ടി അധികാരത്തില്‍ നിന്ന് എന്ത് തോന്നിവാസവും കാണിക്കുന്നതിന്റെ പേരല്ല, ആവരുത് കമ്യൂണിസം. 
അധികാരത്തിന്റെ സുഖസൗകര്യങ്ങള്‍ അധികാരംവര്‍ഗ്ഗം മാത്രം ജനങ്ങളുടെ ചിലവില്‍ എത്രയും അനുഭവിക്കുന്നതിന്റേതും അല്ല, ആവരുത് കമ്യൂണിസം.
അധികാരിവര്‍ഗത്തിനും ഉദ്യോഗസ്ഥര്‍ക്കും ജനങ്ങൾക്കില്ലാത്ത സുഭിക്ഷത നല്‍കുന്നതിന്റെ പേരല്ല, ആവരുത് കമ്യൂണിസം.
രാജ്യമെന്ന സങ്കല്‍പത്തെ ഉരുക്ക്മുഷ്ടി ആക്കുന്നതിന്റെയും മനുഷ്യാവകാശവും ജീവിതവും നിഷേധിക്കുന്നതിന്റെയും പേരല്ല കമ്യൂണിസം. 
ജനങ്ങൾക്ക് ജീവിതത്തില്‍ കിട്ടാത്ത പെൻഷൻ, ഒന്നോ രണ്ടോ കൊല്ലം എംഎല്‍എ യോ എംപി യോ ആയാല്‍ ജീവിതകാലം മുഴുവന്‍ വാങ്ങുന്നതിന്റെ പേരല്ല, ആവരുത് കമ്യൂണിസം. 
ചുരുങ്ങിയത് എന്താണോ കമ്യൂണിസം അത് ലക്ഷ്യമായിക്കണ്ട് അതിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്നവന്‍ ആവണം കമ്യൂണിസ്റ്റ്.
ഇന്ത്യൻ സാഹചര്യത്തില്‍ അത് നടപ്പില്ല എന്നാണെങ്കിൽ അതങ്ങനെ തുറന്ന് പറയണം, പാർട്ടിയുടെ പേര്‌ മാറ്റണം. മാര്‍ക്സും മാര്‍ക്സിസവും കാലഹരണപ്പെട്ടു എന്ന് സമ്മതിക്കണം. പേരൊന്നും പ്രവര്‍ത്തി വേറെ ഒന്നും ആക്കുന്നവനല്ല, ആവരുത് കമ്യൂണിസ്റ്റ്. 
അധികാരത്തിന് വേണ്ടി എന്തും ഏതും ചെയ്യുന്നവനാവരുത് ഒരു കമ്യൂണിസ്റ്റ്.
ജനങ്ങൾക്കില്ലാത്ത ആര്‍ഭാടങ്ങൾക്ക് പിന്നാലെ പോകാത്തവന്‍ ആവണം കമ്യൂണിസ്റ്റ്.
ജനങ്ങളുടെ ചിലവില്‍ മാത്രം ജീവിക്കാത്ത ആളാവണം കമ്യൂണിസ്റ്റ്.
അഴിമതിയും കളവും സഹിക്കാത്തവനാവണം കമ്യൂണിസ്റ്റ്. അഴിമതി നടത്താത്തവനാവണം കമ്യൂണിസ്റ്റ്. 
ഒരു കമ്യൂണിസ്റ്റ് അഴിമതിക്കും കളവിനും കൂട്ട് നില്‍ക്കരുത്.
കിളിരൂര്‍, സൂര്യനെല്ലി, ഐസ് ക്രീം, സരിത പോലുള്ള ഒട്ടനവധി കേസുകള്‍ മുഴുവന്‍ അധികാരത്തില്‍ കയറാൻ മാത്രം വിഷയമാക്കുന്നവനല്ല, ആവരുത് കമ്യൂണിസ്റ്റ്.
പിന്നെ അവയൊക്കെയും അധികാരത്തില്‍ കയറിയാല്‍ ഒത്തുകളി രാഷ്ട്രീയത്തിന്റെയും കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തില്‍ മറക്കുന്നവനല്ല, ആവരുത് കമ്യൂണിസ്റ്റ്.
അധികാരത്തിന് വേണ്ടി ആരെയും ചോദ്യവും ഉത്തരവും ഇല്ലാതെ കൊന്ന് കളയുന്നവനുമല്ല, ആവരുത് ഒരു കമ്യൂണിസ്റ്റ്.
******
ചോദ്യം:
ഇതൊക്കെ എല്ലാവരും സമ്മതിക്കുന്ന കാര്യം. വെറും idealism. പറയാൻ എളുപ്പം. വിദൂരമായ കാലത്തെ സ്വപ്നം കാണാം. പക്ഷേ, അതുവരെ ആരെങ്കിലും ഭരിക്കണമല്ലോ? 
ഉത്തരം :
ഹോ....
അത്രയേ ഉള്ളൂ.
അപ്പോൾ കമ്യൂണിസം എന്നത് താങ്കളെ സംബന്ധിച്ചേടത്തോളവും വെറും നടക്കാത്ത സ്വപ്നവും ഐഡിയലിസവും മാത്രം. മാര്‍ക്സ് പോലും വെറും ഐഡിയലിസ്റ്റ്. 
അതങ്ങനെ സമ്മതിക്കുകയേ വേണ്ടൂ. വിഷയം തീര്‍ന്നു.
തല്‍കാലം ഭരിച്ചു സ്വയം ഇല്ലാതാവുന്ന, ഇല്ലാതാവേണ്ട ഒരു പ്രത്യയശാസ്ത്രവും സ്വപ്നവും മാത്രമാണ് താങ്കളെ സംബന്ധിച്ചേടത്തോളം കമ്യൂണിസവും കമ്യൂണിസ്റ്റു ഉം 
ഇനി, കഴിയുമെങ്കില്‍ പാർട്ടിയുടെ പേരില്‍ നിന്ന് 'സി' യും 'എം' ഉം എടുത്ത് കളയുകയും ചെയ്താൽ സംഗതി കുശാല്‍. 
ചുരുങ്ങിയത് എങ്ങനെയെങ്കിലും ഭരിക്കുക, ഭരണം നേടുക മാത്രമല്ലേ ഉദ്ദേശമുള്ളൂ. 
എന്നത് മാത്രം കമ്യൂണിസ്റ്റ്കാരന്‍ ചെയ്യേണ്ട ഏറ്റെടുക്കേണ്ട കാര്യം. തീര്‍ന്നു
അങ്ങിനെ ഭരിക്കാന്‍ വേണ്ടി ഭരിക്കുന്നതിനിടയില്‍ ഉള്ള സത്യസന്ധതയുടെയും ആദര്‍ശത്തിന്റെയും വെള്ളവും ചൂടേറ്റ് ബാഷ്പീകരിക്കണം, നടന്നില്ലാതാക്കണം. നടക്കുന്ന വഴിയില്‍ സ്വപ്നം നഷ്ടപ്പെട്ടുത്തണം. സത്യസന്ധത വെറും idealism. 
തൊഴിലാളി യൂണിയന്‍ ഉണ്ടാക്കുകയും, എന്ത് വിലകൊടുത്തും ആ തൊഴിലാളി യൂണിയനെ മാത്രം സംരക്ഷിക്കുകയും , അതിന്‌ വേണ്ടി പച്ചമനുഷ്യന്‍മാരെയും, പച്ചയാഥാര്‍ത്ഥ്യങ്ങളേയും മറക്കുകയും കണ്ടില്ലെന്ന് നടിക്കുകയും, സംഘടിത തൊഴിലാളികളുടെ സംഘടിത ശക്തിയില്‍ കണ്ണ് മഞ്ഞളിച്ച് എന്ത് തെമ്മാടിത്തവും കാണിക്കുകയും മാത്രം ചെയ്യണം.
പക്ഷേ അതല്ല അങ്ങനെയല്ല കമ്യൂണിസവും കമ്യൂണിസ്റ്റുകാരനും ആവേണ്ടത്‌ ചെയ്യേണ്ടത്‌. കമ്യൂണിസത്തിന് വേണ്ടി ചെയ്യേണ്ടത്.
*****
അറിയുക.
കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ ആശയത്തിന് വേണ്ടി നിലകൊള്ളാത്ത ഇടത്താണ് അവിടങ്ങളില്‍ പലരും എളുപ്പത്തില്‍ കയറി വരുന്നത്.
ചിതലുകളെ തോല്‍പ്പിക്കാന്‍ ഉള്‍കരുത്ത് വേണം.
അത്‌ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വയം നഷ്ടപ്പെടുത്തിയിടത്താണ് പ്രശ്നം.
അല്ലാതെ ആരെങ്കിലും വിമര്‍ശിക്കുന്നതല്ല.
വിമര്‍ശകര്‍ യാഥാര്‍ത്ഥ വഴിയെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നവരാണ്.
അവർ പാർട്ടിയെ യാഥാര്‍ത്ഥത്തില്‍ ശക്തിപ്പെടുത്തുന്നവരാണ്.
അവർ പാർട്ടിയെ അതിന്റെ ഉള്‍കാമ്പിലേക്ക് തിരിച്ച് വിളിക്കുന്നവരാണ്.

No comments: