Monday, November 11, 2019

ഉള്ളില്‍ കേള്‍ക്കുന്ന ചെവി വളരേ കുറവാണെന്ന് ഗുരു പറയാറുണ്ട്.

എത്ര വിളിച്ചിട്ടും
ഗുരു കേള്‍ക്കുന്നില്ല.
അല്ലെങ്കിലും,
ഉള്ളില്‍ കേള്‍ക്കുന്ന ചെവി
വളരേ കുറവാണെന്ന്
ഗുരു പറയാറുണ്ട്.
കേള്‍ക്കുന്നവരൊക്കെയും
പുറമെ കേട്ട്
പുറമെ തന്നെ
കളയുന്നുവെന്ന്.
കമഴ്ത്തി വെച്ച കലം പോലെ.
കലം വലുത് തന്നെ.
പക്ഷേ, എത്ര ഒഴിച്ചാലും
ഒരു തുള്ളി ഉള്ളിലെത്തില്ല.
എന്റെ ഗുരു പറയുകയാണ്‌.
മറ്റാരുമല്ല;
പൂച്ച പറയുകയാണ്‌.
"നാക്ക് കൊണ്ട്‌
എവിടെയും വൃത്തിയാക്കാം.
പക്ഷേ മുഖം....." 
"പക്ഷേ മുഖം?"
"കണ്ണ് കൊണ്ട്‌
കണ്ണ് കാണാനാവില്ല.
മുഖം കാണാനാവില്ല.
അത് പോലെ തന്നെ. 
"നാക്ക് കൊണ്ട്‌
നാക്കും മുഖവും
വൃത്തിയാക്കാന്‍ പറ്റില്ല." 
"അപ്പോൾ പിന്നെ
എന്ത് ചെയ്യും?" 
"നാക്ക് കൊണ്ട്‌ സാധിക്കില്ലെങ്കില്‍
കൈ കൊണ്ട്‌ സാധിക്കണം." 
"അതെങ്ങിനെ കൈ കൊണ്ട്‌?"
"ആദ്യം കൈ നക്കും.
കൈ നക്കും വഴിയില്‍
കൈയും നാവും
വൃത്തിയാവും.
"അങ്ങനെ വൃത്തിയായ കൈ കൊണ്ട്‌
മുഖം തടവിത്തുടക്കും.
"കണ്ടിട്ടില്ലേ
നമ്മൾ പൂച്ചകള്‍
അങ്ങിനെ ചെയ്യുന്നത്? 
ആ വഴിയിലങ്ങനെ
മുഖം വൃത്തിയാവും.
ഏറെക്കുറെ.
അത്ര തന്നെ.
"കൈ കൊണ്ട്‌ മാറേണ്ടത്
കൈ കൊണ്ട്‌ തന്നെ മാറണം."
"കമിഴ്ന്ന പാത്രം
നിവര്‍ത്തി വെക്കാൻ
കൈ തന്നെ വേണം. 
"അപ്പോഴും ഏറെക്കുറെ മാത്രം.
അതെന്താ അങ്ങനെ
ഏറെക്കുറെ മാത്രം?
"നാക്ക് കൊണ്ട്‌ സാധിക്കുന്നതിന്‌
ഒരു പരിധിയുണ്ട്.
നാക്കിന്റെ പിന്‍ബലം മാത്രമുള്ള
കൈ കൊണ്ട്‌ സാധിക്കുന്നതിനും
ഒരു പരിധിയുണ്ട്. 
അത്‌ ബുദ്ധനായാലും
യേശുവും മുഹമ്മദും
മാര്‍ക്സും ഗാന്ധിയും ആയാലും.
"അപ്പോൾ
കമിഴ്ന്ന പാത്രം
കമിഴ്ന്നു തന്നെയിരിക്കും. 
എങ്കിൽ മുഴുവനും മാറാൻ?
"മുഴുവനും മാറാന്‍,
മുഴുവന്‍ വൃത്തിയാവാന്‍,
ഇഷ്ടം വേണം.
നിങ്ങൾ
സ്നേഹമെന്ന് വിളിക്കുന്ന
ഇഷ്ടം.
ആ ഇഷ്ടമുള്ളവർ വേണം.
വിപ്ലവം
ഇഷ്ടമുള്ളവർ
മാത്രമേ നടത്തൂ.
ഇഷ്ടമുള്ളവര്‍ക്കെ
നാവില്‍ വെള്ളമൂറൂ. 
"മുഴുവനും വൃത്തിയാവാന്‍
ഇഷ്ടപ്പെടുന്നവർ തന്നെ വേണം." 
"ഓഹോ, അതെങ്ങിനെ?
ഇഷ്ടവും വൃത്തിയും
തമ്മിലെങ്ങിനെ?" 
"കണ്ടിട്ടില്ലേ,
നമ്മൾ പൂച്ചകളെ? 
"നമ്മൾ
നമ്മളെ ഇഷ്ടപ്പെടുന്നവരുടെ ശരീരത്തിലേക്കും
വസ്ത്രത്തിലേക്കും
മുഖം ഉരക്കുന്നത്
കണ്ടിട്ടില്ലേ?"
"അതേ, കണ്ടിട്ടുണ്ട്."
"ഇഷ്ടമുള്ളവർ വരുമ്പോള്‍,
അല്ലേല്‍ ഇഷ്ടമുള്ളവർ വരാൻ,
പെണ്ണുങ്ങള്‍
ചുണ്ട് നനയ്ക്കുന്നത് കണ്ടിട്ടില്ലേ?
"അതേ, കണ്ടിട്ടുണ്ട്."
"ഇഷ്ടമുള്ളവര്‍ക്ക് മാത്രമേ
സുഖം താരനാവു.
"സുഖം തരുന്നതേ
മുഖം വൃത്തിയാക്കൂ.
"ഇഷ്ടമുള്ളത് മാത്രമേ
സന്തോഷം തരൂ.
"സന്തോഷം തരുന്നതേ
മനം വൃത്തിയാക്കൂ.
"മനം വൃത്തിയായാലെ
മുഖം വൃത്തിയാവു."

No comments: