Monday, November 11, 2019

പൂച്ച പറയുന്ന പുരാണത്തിന് ആദിയും അന്തവും ഇല്ല.

പൂച്ച പറയുന്ന പുരാണത്തിന്
ആദിയും അന്തവും ഇല്ല.
പൂച്ചയുടെ ഓരോ ഇളക്കവും നോട്ടവും
ഓരോ വെറുതെ ഇരിപ്പും
ഓരോ പറച്ചില്‍ തന്നെ.
ദുരൂഹതകള്‍ ഏറെയും
നിറഞ്ഞ് തുളുമ്പുന്ന ഗുരു.
ഇരുട്ടില്‍ വെളിച്ചം കാണുന്ന ഗുരു.
പൂച്ച.
കണ്ണടച്ചും കാഴ്ച കാണുന്ന ഗുരു.
ഗുരു കണ്ണടച്ചിരിക്കുമ്പോള്‍
ഒന്നും രണ്ടും പറഞ്ഞിരിക്കണം.
കാണാത്തത് കാഴ്ചയാവാന്‍. 
"അല്ല ഗുരോ,
അങ്ങ് പറയുന്നതൊക്കെ ശരി.
പക്ഷേ അങ്ങയുടെ പ്രവൃത്തിയില്‍
അങ്ങ് പറയുന്നതൊന്നും
നിഴലിക്കുന്നില്ല."
"ഓ..... അതെങ്ങിനെ നീ മനസിലാക്കി?"
"ഗുരോ, മറ്റൊരു ആണ്‍പൂച്ചയെ
അങ്ങ് കൂടെ കൂട്ടുന്നില്ല.
"കൂടെ കൂട്ടുന്നത് പോട്ടെ,
ഒന്ന്‌ കൂടെ സഹിക്കുക പോലും
അങ്ങ് ചെയ്യുന്നില്ല.
"എപ്പോഴും അങ്ങ് അവരുമായി
കൊമ്പ്‌ കോര്‍ക്കുന്നു.
"അങ്ങുള്ളിടത്ത്
മറ്റൊരുവനെ അങ്ങ്
പുരുഷനായ് വാഴിക്കുന്നില്ല,
വെച്ച് പൊറുപ്പിക്കുന്നില്ല.
"അങ്ങയുടെ എല്ലാ തത്ത്വശാസ്ത്രവും
ഇവിടെ പൊളിയുന്നു.
അങ്ങയുടെ പൊയ്മുഖം
ഇവിടെ വെളിവാകുന്നു."
"ഓ.... അത്രയ്ക്കോ? 
"അതേ ഗുരോ,
സ്നേഹമെന്നതൊന്നും അങ്ങേക്ക്
ബാധകമാവുന്നതേയില്ല. 
"വെറുതെയല്ല താങ്കള്‍ ഇങ്ങനെ ഒറ്റപ്പെട്ട് പോകുന്നത്."
പൂച്ച, എന്റെ ഗുരു,
ഒന്ന് ഞെളിഞ്ഞു.
ഗുരുവിന്റെ എല്ലാ ഗൗരവത്തോടും കൂടി
പിന്നെ ഒന്ന് മൊഴിഞ്ഞു.
"ഓഹോ, ഇതാണോ നിന്റെ പുതിയ പ്രശ്നങ്ങൾ?
നല്ല പ്രശ്നങ്ങൾ."
"ഗുരോ, അങ്ങയ്ക്ക് അത്
നിസാരമായിരിക്കാം.
എന്നുവെച്ച് ഈയുള്ളവനെ
അങ്ങ് പരിഹസിക്കരുത്"
"പരിഹാസമൊന്നുമില്ല.
ആസ്വദിച്ചു ചിരിച്ചത് മാത്രമാണ്‌.
എല്ലാ ഗൗരവമായതിലും
ചിരിക്കാനുള്ള നിസ്സാരമായ
തമാശകളും ഉണ്ട്.
ഗുരോ, ഈയുള്ളവന് അതറിയില്ല.
അതേ നിനക്ക് അത് അറിയില്ല.
അറിയാത്തത് കൊണ്ട്‌ തന്നെയാണ്
നീ അസ്വസ്ഥപ്പെടുന്നതും.
അറിയാത്തവന്‍
അടുത്തിരിക്കുന്നതും അറിയില്ല.
കാണാത്തവന്‍
അടുത്തെന്ന് പോലും അറിയില്ല."
"ഗുരോ, എനിക്ക് അങ്ങ് ഉത്തരം തന്നില്ല."
"സ്നേഹം. അതല്ലേ നിന്റെ ആദ്യത്തെ പ്രശ്‌നം?"
"അതേ, അങ്ങത് ഒട്ടും കാണിക്കാത്തത്. അതാണ് എന്റെ പ്രശ്‌നം."
"അതും നിന്റെ കാഴ്ചയുടെയും മനസിലാക്കലിന്റെയും പ്രശ്നം.
"ഗുരോ, സമ്മതിക്കുന്നു. എന്നാലും."
"സ്നേഹം ഒരാൾക്ക് എല്ലാവരോടും തോന്നുന്നതല്ല.
"സ്നേഹം
നിനക്ക് നിന്നോടും
എനിക്ക് എന്നോടും
മാത്രം തോന്നുന്നത്.
"സ്നേഹം
നിനക്ക് ജീവിതത്തോട് തോന്നുന്നത്.
സ്നേഹം,
ജീവിതം സ്വയം അതിജീവിക്കാന്‍
നിനക്ക് നിന്നോടുണ്ടാക്കുന്നത്. 
"സ്നേഹം
നിനക്ക് ജീവിക്കാൻ തോന്നുന്ന
വികാരം."
"സ്നേഹം.
ജീവിതത്തിന്റെ ജീവിക്കാനുള്ള
ന്യായവും ആയുധവും."
"ഗുരോ, അപ്പോൾ മറ്റുള്ളവരോട് തോന്നുന്നത് സ്നേഹമല്ലേ?"
"അല്ല."
"ഗുരോ, ബുദ്ധനും ഗാന്ധിക്കും മദര്‍ തെരേസക്കും തോന്നിയത്‌ സ്നേഹമല്ലേ?"
"അതൊക്കെയും
അവരവരോടുള്ള സ്നേഹം മാത്രം.
അവരകപ്പെട്ടതിൽ നിന്നുള്ള
അവരുടെ മോചനം തേടി
അവർ അവര്‍ക്ക് വേണ്ടി ചെയ്തത്. 
"അതവരുടെ ജീവിതത്തോടുള്ള
സ്നേഹം മാത്രം.
"തദടിസ്ഥാനത്തില്‍
മറ്റുള്ളവരോട്
അവര്‍ക്കും ഏവര്‍ക്കും
തോന്നുന്നത് മുഴുവന്‍
ഇഷ്ടം, വെറുപ്പ്,
സഹതാപം, അനുകമ്പ... 
"അത്‌ തോന്നിയാലും ശരി,
തോന്നിയില്ലെങ്കിലും ശരി.
"ഇഷ്ടവും വെറുപ്പും
അനുകമ്പയും സഹതാപവും
തോന്നിക്കൊള്ളണമെന്ന
ഒരു നിര്‍ബന്ധവും ഇല്ല.
"എല്ലാം ജീവിതം
വേണമെങ്കിൽ വരുത്തുന്നത്.
ജീവിതവും അതുണ്ടാക്കുന്ന
പരിസരവും പശ്ചാത്തലവും
തോന്നിപ്പിച്ചാല്‍ തോന്നുന്നത്.
അത്ര തന്നെ. 
"നിന്നിലൂടെ
എന്ത് ധര്‍മ്മം സംഭവിക്കണമോ
അത് സംഭവിക്കാന്‍
വേണ്ടത്, വേണ്ടത്ര
തോന്നിപ്പിക്കുന്നത് ജീവിതം.
"നിനക്ക് നിന്നോടുള്ള സ്നേഹം.
"നിന്റെ ബോധപൂര്‍വ്വമായ ഒരിടപെടലും ഉദ്ദേശ്യവും
അതിലില്ല, ആവശ്യമില്ല."
ഗുരോ, പറഞ്ഞ്‌ വരുന്നത്?
ആരും മറ്റുള്ളവര്‍ക്കും
ലോകത്തിനും വേണ്ടി
ജീവിക്കുന്നില്ല എന്നോ? 
"അതേ, അവനവന് വേണ്ടി മാത്രം
എല്ലാവരും ജീവിക്കുന്നു.
"സ്വന്തം ജീവിതത്തിനും
പൊരുത്തത്തിനും വേണ്ടി മാത്രം
എല്ലാവരും ജീവിക്കുന്നു.
"അതിന്‌ വേണ്ട
മറ മാത്രമാണ്
ബാക്കി എല്ലാം.
ഓരോരുവന്നും ജീവിതത്തിന്നും. 
"അവനവന് വേണ്ടി
ജീവിക്കുന്നത് തന്നെ
ലോകത്തിന്‌ വേണ്ടിയും
സ്വയം ആവുകയാണ്.
"അവനവന്‍ പോലും
അറിയാതെയാണ്
ലോകത്തിന്‌ വേണ്ട തന്റെ ധര്‍മ്മം
നിര്‍വ്വഹിച്ചു പോകുന്നത്.
"ബുദ്ധനും മാര്‍ക്സും
ഗാന്ധിയും മദര്‍തെരേസയും
മുഹമ്മദും കൃഷ്ണനും
സ്വയം പൊരുത്തത്തിലാവാന്‍
നടത്തിയശ്രമങ്ങള്‍ മാത്രമായിരുന്നു
എല്ലാം.
അവർ പോലും അറിയാതെ." 
"പിന്നെ നീ ഉന്നയിച്ച
ഒറ്റപ്പെട്ടു പോകുന്നതിന്റെ
രണ്ടാം പ്രശ്നം.
"അതിൽ നീ വിഷമിക്കേണ്ട.
ദൈവം തന്നെയും
ഒറ്റയാണ്, ഒറ്റക്കാണ്.
തന്മാത്രയില്‍ എല്ലാം ഒറ്റയാണ്‌. 
പിന്നെ ഒറ്റക്കിരുന്ന്
ലോകം കാണുമ്പോള്‍
നീ ലോകം മുഴുവന്‍ കാണും.
ലോകം നിന്നില്‍ നിറയുന്നതും
നീ ലോകത്തിൽ നിറയുന്നതും ഒറ്റക്കാവുമ്പോഴാണ്.
നീ ജനിച്ചതും
നീ മരിക്കുന്നതും
ഒറ്റക്ക്.
നീ അറിയുന്നതും
നീ അനുഭവിക്കുന്നതും
നീ വേദനിക്കുന്നതും
നീ സന്തോഷിക്കുന്നതും
ഒറ്റക്ക്. 
"പിന്നെ നിന്റെ മൂന്നാമത്തെ പ്രശ്‌നം. ഞങ്ങൾ ആണ്‍പൂച്ചകളെ സഹിക്കാത്തത്.
ദൈവം തന്നെയും
മറ്റൊരു ദൈവത്തിന്റെ സാധ്യത
തള്ളിക്കളയുന്നു.
സജാതീയ ധ്രുവങ്ങൾ
പരസ്പരം വികര്‍ഷിക്കുക
വലിയ അല്‍ഭുതമുള്ള കാര്യല്ല.
നീ അറിഞ്ഞില്ലേ?
സര്‍വ്വലോകത്തോടും പുണ്യം പറയുന്ന,
സര്‍വ്വ ലോകത്തെയും ഒരുമിച്ച്
കൊണ്ട്‌പോകുന്ന
ഗുരു
മറ്റൊരു ഗുരുവുമായ്
ഒത്ത്പോകില്ല.
രണ്ട് ഗുരുക്കന്മാര്‍
പരസ്പരം ഒത്തുപോവില്ല.
രണ്ട് ദൈവങ്ങള്‍
ഒത്തുപോവില്ല.
പിന്നെയാണോ
നമ്മൾ രണ്ട് ആണ്‍പൂച്ചകള്‍
ഒത്തുപോകാത്ത കാര്യം?"
"എന്നാലും ഗുരോ,
അങ്ങ് ആണ്‍കുഞ്ഞുങ്ങളെ വരെ സഹിക്കുന്നില്ല.
"ഗുരോ, കുഞ്ഞുങ്ങളല്ലേ,
പുതിയ തലമുറയല്ലേ?
അങ്ങനെ ഒരു പരിഗണന പോലും
ഗുരോ, അങ്ങ് നല്‍കുന്നില്ല.
"ഓഹോ,
അതും നിനക്ക് വിഷയമോ?
"കുഞ്ഞുങ്ങള്‍ വേണമെന്ന്
സ്വാഭാവികമായും പ്രകൃതിപരമായും
ആഗ്രഹിക്കുന്നത് പുരുഷന്മാർരല്ല.
അങ്ങനെയുള്ള പുരുഷന്മാർ
തുലോം കുറവ്.
കുഞ്ഞുങ്ങള്‍ വേണമെന്ന്
കൊതിക്കുന്നവരും
കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നവരും
പെണ്ണുങ്ങള്‍.
നിങ്ങൾ മനുഷ്യരില്‍ പോലും
പുരുഷന്മാർ അങ്ങനെ.
കുഞ്ഞിനെ,
ആണായാലും പെണ്ണായാലും,
ആയതിന് ശേഷം മാത്രം,
പെണ്ണ് പെറ്റതിന് ശേഷം മാത്രം
ക്രമേണ അംഗീകരിച്ചു
സഹിച്ച് ശ്രദ്ധിച്ച് കൊണ്ടുപോകും.
അത്ര തന്നെ. 
"അല്ലാതെ, ആണൊരുത്തൻ
ഒരു കുഞ്ഞിനെയും വേണമെന്ന്
സ്വയമേവ ആഗ്രഹിക്കുന്നില്ല,
കൊതിക്കുന്നില്ല.
എന്നാലും ഗുരോ, പോരടിക്കുന്നത്? 
"ജീവിതത്തില്‍ ആവശ്യങ്ങളാണ് മുഖ്യം.
ആവശ്യങ്ങള്‍ക്കുവേണ്ടി,
ആവശ്യങ്ങളിലൂടെയാണ് ജീവിതം. 
ആവശ്യങ്ങള്‍ നേടാൻ,
ആവശ്യങ്ങൾ സംരക്ഷിക്കാൻ
ജീവിതം ഏതറ്റം വരെയും പോകും.
അത്രയേ ഉള്ളൂ.
അതിന്‌ തടസ്സം തോന്നുന്നതിനെ
ജീവിതം നീക്കം ചെയ്യും.
അതിൽ
വരുംതലമുറ എന്നതൊന്നും
ബാധകമല്ല.
തലമുറ ചിന്തയൊക്കെയും
പെണ്ണിന്റെ പരിഗണനയില്‍ മാത്രം
വരേണ്ടത്, വരുന്നത്.

No comments: