Wednesday, November 20, 2019

ചോദ്യം: കമ്യൂണിസ്റ്റ്കാർ വില്ലൻമാരാണോ?

ചോദ്യം: കമ്യൂണിസ്റ്റ്കാർ വില്ലൻമാരാണോ?
അല്ല.
പക്ഷേ കമ്യൂണിസ്റ്റ്കാർ എന്നല്ല, എല്ലാവരും എല്ലാവരും വില്ലൻമാരാവും. അവർ അവരുടെ പണി എടുക്കുന്നില്ലെങ്കില്‍.
അസ്ഥാനത്ത് വരുന്ന മരുന്നും വിഷമാണ്.
അകത്ത് പോയത് ഭക്ഷണമായാലും പുറത്ത്‌ വരുന്നതിനെ ചര്‍ദിയെന്നോ കാഷ്ടമെന്നോ മാത്രം വിളിക്കുന്നു.
സ്ഥാനവും സമയവും മാറിയാല്‍ പരിഹാരം പ്രശ്നമായിത്തീരും. അത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആയാലും. ആ നിലക്ക് മതങ്ങള്‍ക്ക് സംഭവിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും സംഭവിക്കും. 
ഇനി കമ്യൂണിസ്റ്റ്കാർ വില്ലൻമാരാണോ എന്ന് ചോദിക്കാന്‍ വന്നാല്‍ വേറെ ഒരു ചോദ്യം തിരിച്ചും ചോദിക്കും.
എവിടെ കമ്യൂണിസ്റ്റ്കാർ?
കമ്യൂണിസ്റ്റ്കാർ ഉണ്ടെങ്കിൽ അവർ ഇപ്പോഴത്തെ മറ്റാരൊക്കെയോ അല്ലേ? അവർ മറ്റാരരൊക്കെയോ പോലെയുള്ളവരല്ലേ?
അല്ലാതെ ഇപ്പോഴത്തെ കേരളത്തിലെ ഭരണം കയ്യാളുന്ന വിഭാഗം കമ്യൂണിസ്റ്റ്കാർ ആണെന്ന് ആര്‍ക്കെങ്കിലും ലവലേശം അഭിപ്രായം ഉണ്ടാവുമോ?
വെറും കല്ല് വൈരം ആണെന്ന് പറഞ്ഞാല്‍ ഇവർ കമ്യൂണിസ്റ്റ്കാരാണെന്ന് പറയുന്നതിനേക്കാള്‍ വിശ്വാസ്യതയുണ്ടാവും, കൂടുതൽ ശരിയാവും. 
പേര്‌ കൊണ്ടല്ലല്ലോ ആരും ഒന്നും ആവേണ്ടത്? ഗുണം കൊണ്ടും സ്വാഭാവം കൊണ്ടുമല്ലേ?
പഞ്ചസാരയെന്ന് പേര്‌ വിളിച്ചത്‌കൊണ്ട്‌ മുളക് പഞ്ചസാരയാവില്ല. 
*****
ചോദ്യം:
രാഷ്ട്രീയ നേതൃത്വത്തെയും പാര്‍ട്ടികളെയും ആര് എന്തിന്‌ വിമര്‍ശിക്കും?
ഉത്തരം:
ആവശ്യക്കാരായ ജനങ്ങൾ വിമര്‍ശിക്കും.
മരം ചിതലിനെ വിമര്‍ശിക്കും പോലെ. നശിപ്പിക്കുന്നു; സംരക്ഷിക്കുന്നില്ല എന്ന് അനുഭവം കൊണ്ട്‌ ബോധ്യപ്പെടുമ്പോള്‍. ജൈവികമായ പ്രതിരോധം പോലെ. 
ജനാധിപത്യത്തില്‍ അങ്ങിനെയൊരു പ്രതിരോധ മുണ്ട്. അങ്ങനെയൊരു ജൈവികമായി പ്രതിരോധിക്കുന്ന വിഭാഗം ഉണ്ട്. ജനങ്ങൾ എന്ന് പേരുള്ള ഒരു വിഭാഗം. അങ്ങനെയൊരു വിഭാഗം മാത്രമേ ജനാധിപത്യത്തില്‍ ഉള്ളൂ. തിരുത്താനും വിമര്‍ശിക്കാനും. അവരാണ് ജനാധിപത്യത്തില്‍ ജുഡിഷ്യറിയും ലെജിസ്ലേറ്റീവും എക്സിക്യൂട്ടീവും ഒക്കെ ആയിത്തീരുന്നത്. അവരാണ് ജനാധിപത്യത്തിലെ താക്കോൽദായകർ. അവർ തന്നെയാണ് ജനാധിപത്യത്തിലെ സംരക്ഷിക്കപ്പെടേണ്ട നിലവറയും നിധിയും. അവരേയും അവരുടെ താല്‍പര്യങ്ങളെയും സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവര്‍ക്കാണ്‌ ആ താക്കോൽ അവർ നല്‍കുന്നത്. 
അവരില്‍ നിന്നും താക്കോൽ വാങ്ങിയവർ കള്ളന്മാരാണെന്ന് അവരറിയുമ്പോള്‍ അവർ വിമര്‍ശിക്കും. സടകുടയും. അത് ചിലപ്പോൾ ജനങ്ങൾ മുഴുവനും ആയിക്കൊള്ളണമെന്നില്ല. അവരില്‍ ഒരാൾ ആയിരിക്കും. നേരും നെറിയും ബോധവും ഉള്ള ഒരാള്‍.
പരിഹാരം പറയുന്നവരോട്, പരിഹാരം പറഞ്ഞ് വന്നവരോട് അവർ ചോദിക്കും.
അവരെ അവർ വിമര്‍ശിക്കും. ശിക്ഷിക്കും. 
കൂലി വാങ്ങിയിട്ടും നന്നായി ചികിത്സിക്കാത്ത ഡോക്ടർമാരെ രോഗികള്‍ വിമര്‍ശിക്കുന്നത് പോലെ. കൈകാര്യം ചെയ്യുന്നത് പോലെ. 
ഓരോ പാർട്ടിയും നേതാവും ആ നിലക്ക് നാടിനും നാട്ടുകാര്‍ക്കും ചികില്‍സയും പരിഹാരവും ക്ഷേമവും വാഗ്ദാനം ചെയ്യുന്ന ഡോക്ടർമാര്‍ തന്നെയാണ്. 
ആ ഡോക്ടർമാര്‍ രോഗം മാറ്റാതെ ഇരുന്നാല്‍ വിമര്‍ശിക്കും. ആ ഡോക്ടർമാര്‍ രോഗിയെയും രോഗിയുടെ അവയവങ്ങളെയും വിറ്റ് കാശാക്കരുത്. 
ആ ഡോക്ടര്മാര്‍ അവരുടെ സ്വാര്‍ത്ഥതാല്പര്യത്തിന് വേണ്ടി രോഗികള്‍ ആയ പൊതുജനത്തിന്റെ രോഗം കൂട്ടരുത്. ഇല്ലാത്ത രോഗം പൊതുജനത്തെ എപ്പോഴും രോഗികളാക്കി നിലനിര്‍ത്താന്‍ വേണ്ടി ഉണ്ടാക്കരുത്.
ഡോക്ടർമാര്‍ എന്ന നിലയില്‍ എന്നും പ്രസക്തരും ആവശ്യവുമാക്കാന്‍ രാജ്യത്തേയും രാജ്യനിവാസികളെയും എന്നും രോഗിയായി, രോഗിയാക്കി നിലനിര്‍ത്തരുത്. ആ നിലക്ക് അവർ നാടിനും നാട്ടാര്‍ക്കും രോഗം മാത്രമുണ്ടാക്കുന്ന രോഗാണുക്കളുമായി മാറരുത്. 
അവർ കാട്ടാളന്‍മാരെ പോലെ പെരുമാറരുത്. അവര്‍ക്ക് ഇര നേടാനുള്ള ഇരുട്ട് മാത്രം നിറഞ്ഞ് നില്‍ക്കുന്ന കാട് മാത്രമാക്കി ഈ നാടിനെ മാറ്റരുത്.
ഒരുവേള കാട്ടുമൃഗങ്ങളുമാവരുത് ഈ നേതാക്കന്മാരും രാഷ്ട്രീയ പാര്‍ട്ടികളും. ഒരു ദയയും ദാക്ഷിണ്യവും ഇല്ലാതെ. 
******
ചോദ്യം: പിന്നെ പാർട്ടികളെയും അധികാരികളെയും വിമര്‍ശിക്കുന്ന ജനം വളരെ കുറവും പിന്തുണക്കുന്നവർ വളരെ കൂടുതൽ ആണല്ലോ? 
വിമര്‍ശിക്കുന്ന ജനം വളരെ കുറവും അധികാരത്തെ പിന്തുണക്കുന്നവർ വളരെ കൂടുതൽ എന്നതും വലിയ ആയുധം തന്നെ.
ശരിയാണ്‌. 
ജനാധിപത്യത്തിന് വേണ്ടി പാകമാവാത്ത, വളരാത്ത, ഒരു വലിയ ഇന്ത്യയും ജനതയും ഇവിടെ ഉണ്ട് എന്നത് തന്നെയാണല്ലോ ഇവിടെയുള്ള കുത്സിത രാഷ്ട്രീയ നേതൃത്വത്തിനും പാര്‍ട്ടികള്‍ക്കും ധൈര്യം.
ആ ജനതയെ എന്ത് പറഞ്ഞും തെറ്റിദ്ധരിപ്പിച്ചും വികാരം ഇളക്കിവിട്ടും എങ്ങിനെയും മുതലെടുക്കാന്‍ പറ്റും എന്നതും.
അതിനുള്ള ആയുധങ്ങളും വിഭവങ്ങളും എല്ലാവരേക്കാളും കൂടുതൽ നിലവിലെ രാഷ്ട്രീയ നേതൃത്വത്തിന്റെയും പാര്‍ട്ടികളുടെയും സര്‍ക്കാറിന്റെയും അധീനതയിലുള്ള കാര്യവും.
അധികാരത്തോട് ചേർന്ന് നില്‍ക്കുകയും ഓശാന പാടുകയും പൊതുജനം നിസ്സഹായത കൊണ്ട്‌ കാലാകാലം ചെയത് പോന്നതാണ്. അടിമകള്‍ ഉടമകളെയും അങ്ങനെ കാലാകാലം ചെയ്തു പോന്നിട്ടുണ്ട്.
ഹിറ്റ്ലറിനും മുസോളിനിക്കും അവരവരുടെ കാലത്ത് ആ നിലക്ക് പൊതുജനത്തിന്റെ പിന്തുണ കിട്ടിയിട്ടും ഉണ്ട്.
എല്ലാ തെമ്മാടികളായ ഭരണാധികാരികളും കുറച്ച് കാലയളവിലെങ്കിലും പൊതുജനത്തിന്റെ പിന്തുണ നേടിയിട്ടുണ്ട്.
കാര്യമാത്രപ്രസക്തമായി എതിർത്തു ചിന്തിച്ചവർ എന്നും തുലോം കുറവായിരുന്നു.
മാര്‍ക്സ് ചിന്തിക്കുന്ന കാലത്ത് മാര്‍ക്സും ഒറ്റപ്പെട്ട് തന്നെയായിരുന്നു ചിന്തിച്ചത്.
പൊതുജനം എന്ന മഹാഭൂരിപക്ഷം കൂടെ ഇല്ലാതെ.
സോക്രട്ടീസും യേശുവും അങ്ങനെ തന്നെ.
ശരി പറയുന്ന കാര്യത്തില്‍ കുറച്ച് എന്നത്‌ തെറ്റും കുറെ എന്നത് ശരിയും അല്ല. ശരി കുറിച്ചാണ് എന്നതാണ് ശരി. 
ശരി തട്ടാന്റെ ഉലയിലെ തീ പോലെയാണ്. തുടക്കത്തില്‍ കുറച്ച്.
ഊതിക്കാച്ചി ഉല മുഴുവന്‍ തീ ആക്കുകയാണ് പിന്നീട് സംഭവിക്കുക.
തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന രാഷ്ട്രീയത്തില്‍ ഒഴികെ.
ഒരു ജനത മൊത്തം ജനാധിപത്യത്തിന് വേണ്ടി വളര്‍ന്ന് പക്വത നേടുമ്പോള്‍ ശരിയോടൊപ്പം ഭൂരിപക്ഷം ഉണ്ടാവും.
വര്‍ത്തമാന ഇന്ത്യയുടെ എന്ത് പറഞ്ഞും പറ്റിക്കാവുന്ന അവസ്ഥ അതിനെതിരെ തെളിവായി പറയേണ്ടതില്ല. 
വോള്‍ട്ടയറും മോന്‍ണ്ടസ്ക്യുവും റൂസോയും ഒറ്റപ്പെട്ട് തന്നെയാണ് യാഥാര്‍ത്ഥ ജനാധിപത്യത്തിന് വേണ്ടി ചിന്തിച്ചതും എഴുതിയതും.
അപ്പോഴൊന്നും ജനങ്ങൾക്ക്, അവര്‍ക്ക് വേണ്ട അര്‍ഹതയുള്ള ശരി അറിയില്ലായിരുന്നു.
ഇന്നും ഭൂരിപക്ഷം ഇന്ത്യ അങ്ങനെ തന്നെയാണ്. 
അറിയാമല്ലോ? ജനാധിപത്യം ഒരിക്കലും വളർച്ച പൂര്‍ത്തിയാക്കുന്നില്ല.
അങ്ങനെ വളർച്ച പൂര്‍ത്തിയാക്കുമെന്ന് കരുതരുത്.
ജനാധിപത്യം വളര്‍ന്ന് കൊണ്ടിരിക്കുന്നതാണ്. പൂര്‍ണത അന്വേഷിച്ചു കൊണ്ടിരിക്കുന്ന പ്രക്രിയയാണ്. പരിണമിച്ചു കൊണ്ടിരിക്കുന്നതാണ്. 
എപ്പോഴും മാറ്റം മാത്രം ആഗ്രഹിക്കുന്നത് ജനാധിപത്യം.
യഥാ സ്ഥിതിക്ക് എതിരെയുള്ള ജൈവിക ബോധം ജനാധിപത്യം.
അതിൽ ഭരണകൂടം എന്നതല്ല സ്ഥിരമായ ബോധം.
ജനങ്ങളുടെ അഭിപ്രായവും ജനങ്ങളും ആണ് ജനാധിപത്യത്തിലെ സ്ഥിരമായ ബോധം.
ആ ജനങ്ങളുടെ നിലവാരത്തകര്‍ച്ചയെ അപ്പടിയേ ഫ്രീസറില്‍ ഇട്ട് സൂക്ഷിക്കുകയും ചൂഷണം ചെയ്യുകയുമല്ല രാഷ്ട്രീയനേതൃത്വത്തിന്റയും പാർട്ടികളുടെയും പണി.
പകരം അവരെ ക്രമേണയെങ്കിലും വളര്‍ത്തി ഉയർത്തിക്കൊണ്ട് വരികയാണ്.
വല്ലനിലക്കും ജനങ്ങൾ ഉറങ്ങിപ്പോവുകയോ പേടിച്ച് നിസ്സഹായരാവുകയോ ചെയ്യുമ്പോള്‍ അവരെ ഉണര്‍ത്തി അവര്‍ക്ക് ശരിയായ ദിശയില്‍ ധൈര്യം കൊടുക്കുകയാണ് ചെയ്യേണ്ടത്.

No comments: