Monday, November 11, 2019

ബാബരി - രാമജന്മഭൂമി. ഇന്ത്യ പുഞ്ചിരിക്കട്ടെ. ഇന്ത്യ വലുത്.

ബാബരി - രാമജന്മഭൂമി
ഇന്ത്യ പുഞ്ചിരിക്കട്ടെ. ഇന്ത്യ വലുത്.
സുപ്രീംകോടതി വീണ്ടും അതുറപ്പിക്കുന്നു, തെളിയിക്കുന്നു .
രാജ്യനന്മയും പൊതുനന്മയും വെച്ച് ചിന്തിക്കുമ്പോള്‍ മത-ജാതി-രാഷ്ട്രീയ-വിഭാഗീയ വേര്‍തിരിവുകളൊക്കെ എത്ര നിസാരം, ചെറുത് !!!!
വിശാലതയിലൂടെ ചിന്തക്കുമ്പോള്‍ പരിഹാരം എത്ര എളുപ്പം, അടുത്ത്!!!
സങ്കുചിതമായി ചിന്തക്കുമ്പോള്‍ പരിഹാരം എത്ര പ്രയാസം, ദൂരെ!!!
സങ്കുചിതന്റെ ഓരോ പരിഹാരവും ഒരു വലിയ പ്രശ്‌നം. 
വിട്ടുവീഴ്ചക്ക് വാശിയേക്കാള്‍ സൗന്ദര്യം.
വിട്ടുവീഴ്ച ദീര്‍ഘകാലത്തേക്കുള്ള വിജയം, പരിഹാരം.
വാശി തല്‍ക്കാലത്തേക്കുള്ള പരിഹാരം; പക്ഷെ ദീര്‍ഘകാലത്തേക്കുള്ള പ്രശ്നം, നഷ്ടം, പരാജയം.
തുടക്കത്തിലെ വിട്ട് വീഴ്ചയും പരാജയവും ദീര്‍ഘദൂരത്തില്‍ വിജയമായി ഭവിക്കുന്നു. 
ബാബരി മസ്ജിദ് രാമജന്മഭൂമി പ്രശ്നം ഇങ്ങനെയെല്ലാതെ പിന്നെങ്ങിനെ പരിഹരിക്കും?
ഇങ്ങനെ പോരെന്ന് വെറുതെ അഭിപ്രായം പറയുക എളുപ്പം.
പക്ഷേ ഇതിനേക്കാള്‍ ഭംഗിയായി പിന്നെങ്ങിനെ ഈ പ്രശ്നം പരിഹരിക്കും? ഒരു വലിയ നാടിനെ മുന്‍പില്‍ വെച്ച് ചിന്തിച്ച് വേണം ആ പരിഹാരം പറയാൻ. ഒരു ചെറിയ കുടുംബത്തിലെയും കച്ചവടത്തിലെയും പ്രശ്നപരിഹാരം പറയും പോലെ നിസാരമായിക്കണ്ട് പരിഹാരം പറയരുത്. 
ഇത്ര എളുപ്പമുള്ള പരിഹാരം വെച്ച് ഇതിനേക്കാള്‍ മുമ്പ് തന്നെ ഈ പ്രശ്നം പരിഹരിക്കാമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം, ഏറിയാല്‍. 
പക്ഷേ അത്തരം അവസരങ്ങള്‍ കുട്ടനും മുട്ടനും അടികൂടും പോലെ അടികൂടി നമ്മൾ നഷ്ടപ്പെടുത്തി.
കുറുക്കന്‍മാര്‍ പതിവ് പോലെ ചോരകുടിച്ച് തടിച്ചു കൊഴുത്തു ഇന്ത്യൻ രാഷ്ട്രീയം വഷളാക്കി. അതെങ്ങിനെ എവിടെ വരെയെത്തിയെന്ന് ആരെയെങ്കിലും ഏതെങ്കിലും പാർട്ടിയുടെയും നേതാവിന്റെയും പേരെടുത്തു പറഞ്ഞ് കുറ്റം പറഞ്ഞത് കൊണ്ട്‌ ഇനി കാര്യമില്ല. 
അക്കരെയുള്ള നായ പുഴ മുറിച്ച് കടന്നു വന്നാല്‍ എന്താകും എന്ന് വെറുതെ സൈദ്ധാന്തികമായി ചിന്തിച്ച് ഇക്കരെ മഴ പെയ്തതിട്ടും കുറെ കാലമായി പരിഹാരമായ കുട നിവര്‍ത്തിപ്പിടിച്ചില്ല പച്ചപ്പാവങ്ങളായ നമ്മൾ ഇന്ത്യക്കാര്‍. 
അതിനാല്‍, ഇപ്പോൾ എല്ലാം കഴിഞ്ഞ്‌, പശുവും ചത്തു മോരിന്റെ പുളിയും പോയപ്പോള്‍ മാത്രമായി പരിഹാരം.
എങ്കിലും, വൈകിയെങ്കിലും സുപ്രീംകോടതി ഒരു നിത്യപരിഹാരം നല്‍കിയിരിക്കുന്നു.
താമസിച്ചുപോയെങ്കിലും ഒരിക്കലും പരിഹാരമാവില്ല എന്ന് വിചാരിച്ച വിഷയത്തില്‍ ജനാധിപത്യവും മതേതരത്വവും സഹിഷ്ണുതയും നാനാത്വത്തില്‍ ഏകത്വവും മുറുകെപ്പിടിച്ച ഒരു പരിഹാരം ഉണ്ടായിരിക്കുന്നു. സാമുദായിക-രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കാത്തത് വീണ്ടും സുപ്രീംകോടതി സാധിച്ചിരിക്കുന്നു. 
*****
പ്രശ്നത്തെ പ്രശ്നമായും അതിലും വലിയ പ്രശ്നമാക്കിയും നിലനിര്‍ത്തുകയല്ലല്ലോ പരിഹാരം?
പ്രശ്നത്തെ അങ്ങിനെ ചില തല്‍പരകക്ഷികള്‍ നിലനിര്‍ത്തിയതാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതിയെ തന്നെ ഇവ്വിധം മാറ്റി മറിച്ചതെന്ന് നാം മനസിലാക്കണം. ഒരുപക്ഷേ തല്‍പരകക്ഷികള്‍ക്കെതിരെയും അവര്‍ക്ക് സങ്കല്പിക്കാനാവുന്നതിനപ്പുറവും സംഗതികള്‍ എത്തിയെന്ന്, ഈ വിധിയെ എതിര്‍ക്കുന്നവർ മനസിലാക്കണം.
വെറും സങ്കല്‍പലോകത്ത് നിന്ന് ഏകപക്ഷീയമായി മാത്രം ചിന്തിച്ച് ഒരു പരിഹാരം പറയുകയും നിലവിലുള്ള വിധിയെ എതിര്‍ക്കുകയും എളുപ്പമാണ്.
പക്ഷേ അവർ സങ്കല്പിക്കുന്ന ആ പരിഹാരം പരിഹാരമല്ലെന്നും, അത് ഒരു സമൂഹത്തേയും രാജ്യത്തെയും നടുറോഡില്‍ അരക്ഷിതാവസ്ഥയില്‍ നിര്‍ത്തുക മാത്രമാണ് ചെയ്യുക എന്നുമവർ മനസിലാക്കണം.
സമൂഹത്തെ നയിക്കുന്നവർ സമൂഹത്തെ അരക്ഷിതാവസ്ഥയില്‍ തള്ളിവിട്ട് സ്വയം സുരക്ഷിതരാവുകയല്ല വേണ്ടത്.
അവർ സമൂഹത്തിന് പരിഹാരം നല്‍കണം. അഭയം നല്‍കണം. സ്വസ്ഥത നല്‍കണം. 
സമൂഹത്തില്‍ വ്രണം ഉണ്ടാക്കി എപ്പോഴും ആ വ്രണത്തില്‍നിന്നും ചലവും രക്തവും കുടിച്ചു സ്വയം വീര്‍ക്കുന്നവരാവരുത് സമൂഹത്തെ നയിക്കുന്നുവെന്ന് അവകാശപ്പെടുന്ന നേതാക്കളും സമുദായ സാമൂഹ്യ സംഘാടനകളും രാഷ്ട്രീയപാര്‍ട്ടികളും. അത്‌ രാമജന്മഭൂമി- ബാബരി മസ്ജിദ് വെച്ചായാലും.
അന്തിമമായി നാം ഇന്ത്യയോടൊപ്പം ഇന്ത്യക്ക് വേണ്ടി നിലകൊള്ളണം. വികാരങ്ങളും വിശ്വാസങ്ങളും അതിലെ വ്യത്യാസങ്ങളും ഇന്ത്യക്ക് വേണ്ടി ഇല്ലാതാക്കണം. വലിയ ഇന്ത്യക്ക് വേണ്ടി അവയും നമ്മളും എത്രയും ചെറുതാവണം.

No comments: