അധ്യാപനം, അധ്യാപകര്‍, വിദ്യാഭ്യാസം.
ഈയുള്ളവന്‍ മേല്‍ വിഷയത്തില്‍ നടത്തിയ കുറിപ്പിന് ഒരു fb സുഹ്രുത്ത് നല്‍കിയ കമന്റിനു ഈയുള്ളവന്‍ നല്‍കിയ മറുപടി (കമന്റ് കോളത്തില്‍ കൊള്ളാത്തതിനാല്‍.)
Thomas Devasya
താങ്കളുടെ വികാരവും വേദനയും പൂർണ്ണമായും ഉള്‍ക്കൊള്ളുന്നു.
അടച്ചാക്ഷേപിക്കാന്‍ പാടില്ല. നല്ലവരുണ്ട്. ന്യൂനാല്‍ ന്യൂനപക്ഷം.
പക്ഷേ ഈയുള്ളവന്‍ എഴുതിയത് അനുഭവമാണ്. നേര്‍കാഴ്ചയാണ്. സുഖിക്കുന്നതല്ല എന്നറിയാം. മഹാഭൂരിപക്ഷവും തുറന്ന് പറയാത്തതുമാണ്. നിസ്സഹായത കൊണ്ട്.
കാരണം സ്കൂൾ വിദ്യാഭ്യാസവും ഇവിടെ ഒരു യാഥാസ്ഥിതിക മതം പോലെ. ചോദ്യം ചെയ്യപ്പെടാതെ ആചരിക്കുപ്പെടുന്നു. അതിലെ പുരോഹിതന്മാരായി എല്ലാ ആനുകൂല്യങ്ങളും സുഖ സൗകര്യങ്ങളും അനുഭവിച്ച് സുഖിച്ചു പോകുന്നു അദ്ധ്യാപകര്‍. നിന്നിടത്ത് തന്നെ സുരക്ഷിതരായി നില്‍ക്കുന്നവരായി.
ഈയുള്ളവന്‍ എഴുതിയത് സ്വയം പഠിച്ചതിന്റെയും മക്കളും നാട്ടുകാരും സ്കൂളില്‍ പോയി പഠിച്ച് (മഹാഭൂരിപക്ഷവും കൂട്ടിവായിക്കാനല്ലാതെ ഒന്നും പഠിക്കാതെയും) കണ്ടതിന്റെയും അടിസ്ഥാനത്തിലാണ്. പച്ചയായ അനുഭവം വെച്ചാണ്. ഒട്ടും പര്‍വ്വതീകരണമില്ലാതെ.
ഒന്നും പഠിപ്പിക്കാതെ വലിയ ശമ്പളം വാങ്ങുന്ന ലോകോളേജ് പ്രഫസറുമാരുടെ കാര്യം വരെ വെച്ചാണ്, അനുഭവിച്ചാണ് പറഞ്ഞത്, ഈ പറയുന്നത്.
വലിയ ശമ്പളം വാങ്ങുന്ന ലോകോളേജ് പ്രഫസറുമാർ വരെ 5 വര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും ഈയുള്ളവനെയോ കൂടെയുള്ളവരെയോ കാര്യമായി പഠിപ്പിച്ചതായി ഓരോര്‍മയും ഇല്ലാത്തതിനാല്‍. അവരും ഈ ലോകത്ത് ഗുരുക്കന്മാരായി വാഴ്ത്തപ്പെടുന്നു എന്ന് കാണുമ്പോള്‍.
വെറുതെ ശമ്പളം വാങ്ങാന്‍ വേണ്ടി, ഒരു തൊഴിൽ മാത്രമായിക്കണ്ട് മാത്രം വന്ന്, സ്ഥാനവും ബഹുമാനവും വാങ്ങിയവരാണ് അവരെന്ന് ഈയുള്ളവന് അനുഭവം വെച്ച് ഉറപ്പുണ്ട്.
പിന്നെ, ഈ വിഷയം പറഞ്ഞപ്പോള്‍ ഡോക്റ്ററെയും പൊലീസിനെയും മറ്റു സർക്കാർ ഉദ്യോഗസ്ഥരെയും എടുത്ത് കൂട്ടി പറഞ്ഞില്ല എന്നത്. അവരൊക്കെയും സംശുദ്ധരാണ് എന്ന് ഈയുള്ളവന്‍ അര്‍ത്ഥമാക്കിയതിനാല്‍ അല്ല അത്. എല്ലാം ഒരുമിച്ച് പറഞ്ഞില്ല എന്ന് മാത്രം. അവരെ അവരുടേതായ നിലയില്‍ വേറെതന്നെ കൈകാര്യം ചെയ്യേണ്ടതാണ്. പലപ്പോഴും കൈകാര്യം ചെയ്തിട്ടുമുണ്ട്.
പക്ഷേ ഒന്നറിയണം. അവരൊന്നും ദിവസവും എട്ട് മണിക്കൂര്‍ വര്‍ഷങ്ങളോളം ആരില്‍ നിന്നും, പ്രത്യേകിച്ചും നിഷ്കളങ്കരായ കുട്ടികളില്‍ നിന്ന്, കവര്‍ന്നെടുത്ത് നിരുത്തരവാദിത്തം കാണിക്കുന്നില്ല. അത് ശീലമാക്കുന്നില്ല.
ഒപ്പം അദ്ധ്യാപകരെ പോലെ, ഡോക്റ്റര്‍മാരില്‍ മഹാഭൂരിപക്ഷവും സർക്കാർ ശമ്പളം പറ്റുന്നവരല്ല. ഏറ്റവും കൂടുതൽ അവധി അനുഭവിച്ച്, ഏറ്റവും കുറച്ച് ജോലി ചെയത് രാഷ്ട്രീയപ്രവര്‍ത്തനം നടത്തി ശമ്പളം പറ്റുന്നവരുമല്ല അവരാരും.
പിന്നെ ഒരു കുറ്റം മറ്റൊരു കുറ്റം കാണിച്ചല്ലല്ലോ ന്യായീകരിക്കുന്നത്. അധ്യാപകന്‍ന്റെ കുറ്റം ന്യായീകരിക്കാന്‍ പോലീസുകാരനെ കാണിക്കുകയല്ലല്ലോ വേണ്ടത്? ഒരു കുറ്റവാളി മറ്റൊരു കുറ്റവാളിയെ കാണിച്ച് രക്ഷനേടാന്‍ പാടില്ല.
എന്തെങ്കിലും കാര്യമായി പഠിപ്പിക്കുന്നവരുണ്ടെങ്കിൽ അത് primary ലെവലില്‍ പഠിപ്പിക്കുന്നവർ മാത്രമാണ്. ആത്മാര്‍ത്ഥതയോടെ ആണെങ്കിലും അല്ലേലും. ഈയുള്ളവന്റെ അറിവില്‍.
അതും ഈയുള്ളവന്റെ കാലത്ത് നടന്നതായി ഈയുള്ളവന്റെ ഓർമ്മയില്‍ ഇല്ല. സ്വന്തം അനുഭവത്തില്‍ ഇല്ല. വെറുതെ ഡ്യൂട്ടി നിര്‍വഹിക്കുന്നത് പോലെ വന്ന് പോയവരല്ലാതെ. പലരും എങ്ങിനെയൊക്കെയോ പഠിച്ചു എന്നല്ലാതെ. കാട്ടിലെ മരം പോലെ. പലരും മാതാപിതാക്കളുടെ നിര്‍ബന്ധം കാരണം. വീട്ടില്‍ നിന്ന്.
അദ്ധ്യാപകര്‍ രക്ഷപ്പെട്ടുപോയത്, അഥവാ ഇപ്പോഴും രക്ഷപ്പെട്ടു പോകുന്നത്, ഏറെക്കുറെ കുട്ടികൾ സ്വയം പ്രയാസപ്പെട്ട് adapt ചെയ്യുന്നതിനാല്‍. ഇത് ഇങ്ങനെയൊക്കെ തന്നെ എന്നങ്ങു വിശ്വസിക്കാനിട വന്നതിനാല്‍, വരുന്നതിനാല്‍. അല്ലെങ്കില്‍ അവരില്‍ ഭൂരിപക്ഷവും ഒന്നുമല്ലാതെയായി, ആരുമല്ലാതെയായി ഉണങ്ങിപ്പോയതിനാല്‍. ഇതൊക്കെയും ചോദ്യം ചെയ്യാം എന്നറിയാതെ.
ഒരു ശതമാനം വരുന്ന ന്യൂനാല്‍ ന്യൂനപക്ഷം നല്ലവരായുണ്ട്. ശരിയാണ്.
ഈ ഒരു ശതമാനം എന്നത് പോലും ഈയുള്ളവന്റെ സ്വന്തം അനുഭവം വെച്ച് പറഞ്ഞാൽ പര്‍വ്വതീകരണമാണ്. അത്രക്കുണ്ടെന്ന ബോധ്യത ഈയുള്ളവന് ഇതുവരെ വന്നിട്ടില്ല.
ശരിയാണ്. അങ്ങനെ ഒരു ശതമാനം ഉണ്ടെങ്കിൽ, ഉണ്ട് എന്ന് തന്നെ പറയാം.
അവരെ മാനിക്കുന്നു, അവരോടൊപ്പം സ്നേഹപൂര്‍വ്വം നിലകൊള്ളുന്നു. അത് പറയുന്ന താങ്കളോടൊപ്പവും നിലകൊള്ളുന്നു. താങ്കളും അങ്ങനെയുള്ള നല്ല ഒരദ്ധ്യാപകന്‍ ആയിരിക്കട്ടെ എന്ന് വിചാരിക്കുന്നു, ആശംസിക്കുന്നു.
ഭൂരിപക്ഷത്തെ കൈകാര്യം ചെയ്യുമ്പോള്‍, ന്യൂനപക്ഷത്തെ എടുത്ത് മാറ്റി പുകഴ്ത്തി പറഞ്ഞില്ല എന്നത് താങ്കള്‍ വലിയ കുറ്റമായി എടുത്തു പറയുന്നു. അതിൽ കുറ്റപ്പെടുത്താനില്ല. ഖേദിക്കേണ്ടതുമില്ല. അങ്ങനെ താങ്കളെ കൊണ്ട് പറയിപ്പിച്ചത് അദ്ധ്യാപകസമൂഹം നല്ലത് മാത്രം കേട്ട് ശീലിച്ചതിന്റെയും ഒരിക്കലും വിമര്‍ശിക്കപ്പെടാത്തതിന്റെയും കൂടി പ്രശ്നമാണ്, മനശാസ്ത്രമാണ്.
അപവാദങ്ങള്‍ ഉണ്ട്.
പക്ഷെ, അപവാദങ്ങള്‍ ആരും എടുത്ത് പറയാറില്ല. പക്ഷേ അതുണ്ടെന്ന് നാം പൊതുവെ മനസ്സിലാക്കുകയും ചെയ്യും.
ആന്റിബയോട്ടിക് പ്രയോഗിക്കുമ്പോള്‍ ആവശ്യമുള്ള ബാക്ടീരിയകള്‍ക്കും അപകടമുണ്ടാവും. എന്നത് വളരെ സാധാരണം, വാസ്തവം. എന്നാലും ആന്റിബയോട്ടിക് പ്രയോഗിക്കും. രോഗം അത്രയ്ക്ക് കലശലാണ് എന്നതിനാല്‍. ഇവിടെയും അത് തന്നെ, അത് കൊണ്ട് തന്നെ.
മുറ്റം വൃത്തിയാക്കുന്ന വേളയില്‍ പാവങ്ങളായ ഉറുമ്പിനെ വേദനിപ്പിക്കുന്നത് പോലെ. ക്ഷമ ചോദിക്കുന്നു.
പക്ഷേ, ആ നല്ല ന്യൂനാല്‍ ന്യൂനപക്ഷവും അധ്യാപനത്തിന്റെ നിലവാരത്തില്‍ നീതി പുലര്‍ത്തുന്നുണ്ടോ എന്നത് സംശയത്തിന്റെ നിഴലില്‍ തന്നെയാണ്.
അവരുടെ ആത്മാര്‍ത്ഥതയും സ്നേഹവും മാത്രമേ കണക്കാക്കാനുള്ളൂ. അത് വെച്ച് പാഠം നല്ല നിലയില്‍ പഠിപ്പിക്കുന്നു എന്ന് പറഞ്ഞ് കൂടാ. നല്ല മനുഷ്യര്‍ എല്ലാ കാര്യത്തിനും നല്ലവർ എന്ന ന്യായം ശരിയല്ലല്ലോ?
ഇനി ഒരു ശതമാനത്തോടുള്ള സെന്റിമെന്റ്സ് വെച്ച്, വെറുതെ ശമ്പളം കിട്ടാനുള്ള തൊഴിലിനു വേണ്ടി മാത്രം വരുന്ന 99% എന്ന മൃഗീയഭൂരിപക്ഷത്തെ മറന്ന്കൂട, അവഗണിച്ച് കൂടാ.
ഗുരു എന്ന പദം വലുതാണ്.
ഇരുട്ടിനെ ഇല്ലാതാക്കുന്നവന്‍ എന്നർത്ഥം.
ശിവനും വിഷ്ണുവും ബ്രഹ്മാവും ആ ഗുരുവില്‍ ഉണ്ട്.
എന്നുവെച്ചാല്‍ അറിവിന്റെ സൃഷ്ടിയും സ്ഥിതിയും തെറ്റായ അറിവിന്റെ സംഹാരവും ഒരു കുട്ടിയില്‍ സാധിക്കുന്നവന്‍ ഗുരു.
ഗുരു എന്ന വാക്കിനെ വല്ലാതെ കാല്‍പനികവല്‍ക്കരിച്ച് അതിന്റെ മറയിലും ന്യായത്തിലും ജനങ്ങൾ അദ്ധ്യാപകരെ വല്ലാതെ ആദരിക്കുന്നുമുണ്ട്. അതൊക്കെ ഈ ഒരര്‍ഹതയുമില്ലാത്ത അദ്ധ്യാപകരും വാങ്ങി പോക്കറ്റില്‍ ഇടുന്നുണ്ട്.
എങ്കിൽ ഇങ്ങനെ ന്യായമായ വിമര്‍ശനം വരുമ്പോൾ പൊള്ളുക വേണ്ടതില്ല. നല്ല ഗുരു അതിൽ നിന്നും പാഠം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്.
നമ്മളെ വിമര്‍ശിക്കുന്നവരാണ് നമ്മെ തിരുത്തുന്നവരും വളര്‍ത്തുന്നവരും. മുഖത്ത് നോക്കി സ്തുതിക്കുന്നവർ നമ്മെ നശിപ്പിക്കുന്നവരാണ്, കപടന്‍മാരാണ്. തെറ്റിദ്ധാരണ മാത്രം ഉണ്ടാക്കുന്നവർ. തെറ്റായി നയിക്കുന്നവർ.
കാല്‍പ്പനികമായി എല്ലാ അദ്ധ്യാപകരേയും ഗുരുവായി കണ്ട് ബഹുമാനം നല്‍കുന്നവരും അത് വെറുതെ പറ്റുന്നവരും ഏറെയുണ്ടല്ലോ? അത് വെച്ച് നോക്കുമ്പോള്‍, യാഥാര്‍ത്ഥ്യവുമായും വസ്തുതകളുമായും ഒത്ത്പോകുന്ന ഈ വിമര്‍ശനമൊക്കെ വളരെ ചെറുത്.
ഈ ഒന്നിനും കൊള്ളാത്ത, ശമ്പളം വാങ്ങാൻ വേണ്ടി മാത്രം തൊഴിലെടുക്കുന്ന 99% വും ഗുരുവെന്ന് വിളിക്കപ്പെട്ടു മഹത്വപ്പെടുന്നവരില്‍ വരുന്നു എന്ന് കാണുമ്പോള്‍ പ്രത്യേകിച്ചും.
No comments:
Post a Comment