Wednesday, November 20, 2019

ഉള്ള് പിടയുന്നു. നോവ് വരികളില്‍ നിറയുന്നു. ഒറ്റക്കാണ്‌ ദൈവവും എന്നോര്‍ത്ത് സമാധാനിക്കുക.

ഉള്ള് പിടയുന്നു. 
നോവ് വരികളില്‍ നിറയുന്നു. 
ഒറ്റക്കാണ്‌ ദൈവവും എന്നോര്‍ത്ത് സമാധാനിക്കുക.
****
ജീവിതം തന്നെയല്ലാത്ത
ശരിയും തെറ്റും ഇല്ല.
ജീവിതവും
അതിന്റെ പരിസരവും പശ്ചാത്തലവും
ആ ശരിയെ ആവശ്യാനുസരണം, നിശ്ചയിക്കുന്നു,
മാറ്റിക്കൊണ്ടിരിക്കുന്നു.
ശരിയെന്നാല്‍ ആവശ്യം.
ആവശ്യമെന്നാല്‍ ശരി.
എല്ലാ ഉള്ളറിഞ്ഞ
ചോദ്യങ്ങളെയും ഉത്തരങ്ങളെയും
എഴുത്തിനെയും
ജീവിതം മാനിക്കുന്നു.
ദൈവം മാനിക്കുന്നു.
*****
ആര്‍ക്കും മറ്റൊരാളെ
സ്നേഹിക്കുക സാദ്ധ്യമല്ല.
ഏറിയാല്‍ മറ്റുള്ളവരെ
ഇഷ്ടപ്പെടും വെറുക്കും.
കാരണങ്ങൾ വെച്ച്. 
വെറുപ്പും ഇഷ്ടവും
കാരണങ്ങൾ ഉള്ളത്.
കാരണങ്ങളോടെ.
സ്നേഹം കാരണം ഇല്ലാത്തത്. 
എല്ലാവരും അവനവനെ മാത്രം
സ്നേഹിക്കുന്നു.
കാരണങ്ങൾ ഇല്ലാതെ.
ആ സ്നേഹത്തിന്റെ
പരിസരത്തില്‍ നിന്ന്
മറ്റെല്ലാറ്റിനെയും മറ്റെല്ലാവരേയും
വെറുക്കുന്നു, ഇഷ്ടപ്പെടുന്നു.
കാരണം വെച്ച്,
കാര്യത്തിനു വേണ്ടി.
അതിനാല്‍
അവനവനോട് മാത്രമുള്ളത്
സ്നേഹം.

No comments: