Wednesday, November 20, 2019

തലച്ചോറ്‌ മറവീഴ്ത്തി. നഗ്നതക്ക്. പാപമെന്നാക്കി. നഗ്നതയെ.

തലച്ചോറ്‌
മറവീഴ്ത്തി.
നഗ്നതക്ക്.
പാപമെന്നാക്കി.
നഗ്നതയെ. 
തലച്ചോറ്
ഭംഗം വരുത്തി.
സ്വാഭാവികതക്ക്. 
തലച്ചോറ്‌
നിന്നെ നീയാക്കി.
സര്‍വ്വതില്‍ നിന്നും
നിന്നെ വിഭജിച്ചകറ്റി. 
*****
നഗ്നതയില്‍
ഒന്നുമില്ല.
ഗുഹ്യമാക്കിയ നഗ്നത
വൈകൃതം.
എന്നല്ല, വൈകൃതമെന്ന്
കണക്കാക്കുകയാല്‍
നാമതിനെ
ഗുഹ്യമാക്കി. 
ഓരോരുവനും
ഇതറിയുന്നു.
അതിനാലെ നാം
നഗ്നത മറക്കുന്നു.
നഗ്നതയില്‍
ആര്‍ക്കും
അഭിമാനമല്ല;
അപകർഷത മാത്രം.
പരസ്യത്തില്‍
നഗ്നത
അല്പന്
സത്യവും ദൈവവും പോല്‍.
കൊണ്ട്‌ നടക്കാനാവാത്തത്. 
വൈകൃതം തന്നെയവന്
നഗ്നത.
മഹത്തായതെന്നവന്‍
നഗ്നതയെ ധരിക്കുന്നില്ല.
അതിനാലവന്‍
നഗ്നതയില്‍ ഭയക്കുന്നു.
നഗ്നതയെ ഭയക്കുന്നു. 
പരസ്യത്തില്‍
നഗ്നതയെ
കാണാനും
കാണിക്കനുമാവാത്തവന്‍
ആരുടെയൊക്കെയോ നഗ്നതയെ
രഹസ്യത്തില്‍
കൊതിക്കുന്നു.
വിശ്വാസം പോല്‍.
വിശ്വാസിയെ പോല്‍.
കൂടെയുണ്ടാവുമ്പോള്‍
അവഗണിക്കുക.
പുച്ഛിക്കുക.
ബുദ്ധനെയും
കൃഷ്ണനെയും
മുഹമ്മദിനെയും.
ദൂരേയകന്ന്
സങ്കല്പവും
കഥയുമാകുമ്പോള്‍
വിശ്വസിക്കുക,
കൊണ്ട്‌ നടക്കുക. 
ഒരു തെറ്റിദ്ധാരണ പോലെ.
ദാഹത്തെ
മരീചികയില്‍ നിര്‍ത്തി
ശമനം തേടും പോലെ.
വിശ്വാസം
വെറും മരീചിക.
****
നഗ്നത കാണാന്‍,
പുറത്ത് കാണിക്കാന്‍,
ദാഹം ശമിച്ചില്ലാതാകാന്‍
എന്ത്‌ വേണം?
ഭ്രാന്ത് വേണം.
എന്താണ്‌
ഈ ഭ്രാന്ത്? 
പേടി നശിപ്പിക്കുന്നത്.
വസ്ത്രമുരിയുന്നത്.
തോല് കളഞ്ഞ്
ഫലം ഭൂജിക്കുന്നത്. 
എങ്ങിനെ കിട്ടും
പേടി നശിപ്പിക്കുന്ന
വസ്ത്രമുരിയുന്ന
ഫലം ഭൂജിക്കുന്ന
ഈ ഭ്രാന്ത്? 
പ്രണയം കൊണ്ട്‌ കിട്ടും
ഈ ഭ്രാന്ത്.
പ്രണയം നല്‍കും
ഈ ഭ്രാന്ത്.
പക്ഷേ, ഈ പ്രണയം
ഉണ്ടാകുന്നതെങ്ങിനെ?
ഇഷ്ടമുണ്ടായാല്‍.
ഇഷ്ടം ഉണ്ടാകുന്നതോ?
വിശപ്പുണ്ടായാല്‍.
ദാഹമുണ്ടായാല്‍. 
വിശപ്പുണ്ടാകുന്നത്?
ദാഹമെന്നാല്‍? 
ജീവിതം വളർച്ച തേടുന്നത്. 
വളർച്ച തേടുന്ന ഇടം
വിശപ്പ്.
ജീവിതം
വളരാന്‍ കണ്ടുവെച്ച
ഇടം.
ശൂന്യത. 
അപ്പോൾ,
ജീവിതം
വളർച്ച സാധിപ്പിക്കുന്നത്? 
വിശപ്പ് കൊണ്ട്‌. 
ജീവിതത്തിന്‌
വളരാൻ വേണ്ടയിടം
കാണിച്ചു കൊടുക്കുന്നത്?
വിശപ്പ്.
എന്താണ്‌
ഈ വിശപ്പ്?
വളരാൻ വേണ്ടിയുണ്ടാവുന്ന
ഒഴിഞ്ഞിടം.
ശൂന്യത. 
ശൂന്യതയെന്ന്,
അറിയാതെ
താലോലിച്ച്
വിളിക്കുന്ന ഇടം.
വിശപ്പ്.
പ്രാപഞ്ചികതയുടെ
വിശപ്പാണ്,
വളർച്ച തേടുന്ന
ഇടമാണ്
ശൂന്യത.
പ്രാപഞ്ചികതയില്‍
നീ ശൂന്യമെന്ന്
കാണുന്ന, കരുതുന്ന
ഇടം വിശപ്പ്. 
നിന്നിലും,
എവിടെയും
ജീവിതം
അത് വളരാന്‍ വേണ്ട
ഒരിടം സൂക്ഷിക്കുന്നു.
അത്‌ വിശപ്പ്.
അത്‌ ശൂന്യത.
പ്രണയവും
അതിന്റെ ഭ്രാന്തും ഉണ്ടാക്കി
നഗ്നത സാധ്യമാക്കുന്ന
ശൂന്യത.
വിശപ്പ് 
*****
ഒന്നുമല്ലാത്ത,
അല്പന് വൈകൃതം തന്നെയായ,
നഗ്നതയെ
പുറത്ത് കാണാന്‍, കാണിക്കാന്‍,
എന്ത് വേണം?
പ്രത്യേകിച്ചും സ്ത്രീക്ക്. 
ധൈര്യം വേണം.
ധൈര്യം ഉണ്ടാവാന്‍
എന്ത്‌ വേണം? 
ധൈര്യം നല്‍കുന്ന
ഭ്രാന്ത് വേണം. 
ആ ഭ്രാന്ത്
എവിടെ നിന്ന് കിട്ടും?
പ്രണയത്തില്‍ നിന്ന് കിട്ടും. 
പ്രണയമെന്നാല്‍?
ആര്‍ക്കും എന്തും ചെയ്യാന്‍
ധൈര്യം നല്‍കുന്ന വികാരം.
ശൂന്യതയിലേക്കുള്ള
വളർച്ച. 
വിശപ്പുണ്ടാക്കുന്ന
ഇഷ്ടം
പ്രണയം
ഇഷ്ടമുണ്ടാക്കുന്ന വികാരം
പ്രണയം.
ശൂന്യതയുണ്ടാക്കുന്ന വികാരം
വിശപ്പ്.
പ്രണയം. 
ഭ്രാന്ത് നല്‍കുന്ന
വിശപ്പ്
പ്രണയം. 
പ്രണയം നല്‍കുന്ന
വികാരം
ഭ്രാന്ത്.
ശൂന്യതയെ മുതലെടുത്ത്,
ആ ശൂന്യതയില്‍ തന്നെ
ഇടം കണ്ട്
മുളച്ച് വലുതാവുന്ന,
ശാഖകള്‍ പരത്തുന്ന
ഭ്രാന്ത്.
പ്രണയം.
*****
പ്രണയം തന്നെയായ
ഭ്രാന്ത് വേണം,
വിശപ്പ് വേണം,
ശൂന്യത തൊട്ടിയുക വേണം
ദൈവവും സത്യവും
വന്ന്കിട്ടാന്‍
വെളിപ്പെടാന്‍.
ഒന്നുമല്ലാത്ത ഒന്നായ,
വൈകൃതം തന്നെയായ,
ദൈവവും സത്യവും
വന്ന്കിട്ടാന്‍
വെളിപ്പെടാന്‍.
ഔപചാരികതയെ
നഷ്ടപ്പെടുത്തുന്ന ഭ്രാന്ത്. 
വസ്ത്രമുരിയുന്ന പ്രണയം. 
രൂപഭാവവാതികളെ
മറന്ന് പോകുന്ന,
ഭ്രാന്ത്, വിശപ്പ്,
ശൂന്യത തൊട്ടറിയല്‍. 
വിശപ്പ് തന്നെ വേണം,
പ്രണയം തന്നെ വേണം,
ഭ്രാന്ത് തന്നെ വേണം,
ശൂന്യത തൊട്ടറിയുക തന്നെ വേണം
ദൈവവും സത്യവും
വെളിപ്പെടാന്‍.
നിന്റെ കൂട്ടാവാന്‍.

No comments: