Wednesday, November 20, 2019

ചർച്ചയൊക്കെയും പാര്‍ട്ടികളും മതങ്ങളും അനുവദിക്കുന്നത്ര മാത്രം.

ആം ആദ്മി പാർട്ടി സര്‍ക്കാര്‍ ഡെല്‍ഹിയില്‍ ചെയ്യുന്ന ഒരുപാട്‌ കാര്യങ്ങള്‍ എന്ത്കൊണ്ട്‌ മറ്റ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ചെയ്യാന്‍ കഴിയുന്നില്ല?
*****
ഓരോ പാർട്ടിക്കും ആ പാര്‍ട്ടിയെയും നേതാക്കളെയും സംരക്ഷിക്കാന്‍ രാജ്യവും അതിന്റെ പൊതുമുതലും വേണം.
പാർട്ടികൾ രാജ്യത്തിന് ബാധ്യതയായി മാറുന്നു ഈ ജനാധിപത്യത്തില്‍.
*****
നമ്മളാരും ഇന്ത്യയില്‍ കാണുന്നതും വിശ്വസിക്കുന്നതും നടപ്പാക്കുന്നതും ജനാധിപത്യമല്ല.
പകരം ഇവിടെ നമ്മൾ കാണുന്നതും നടപ്പാക്കുന്നതും കട്ട്മുടിക്കാനുള്ള മത-ജാതി-കക്ഷി രാഷ്ട്രീയ തെണ്ടിത്തരമാണ്.
*****
രാജ്യനിവാസികളെ സേവിക്കാനും സംരക്ഷിക്കാനുമല്ല; പകരം പാർട്ടികളെയും നേതാക്കളെയും സംരക്ഷിക്കാന്‍ രാജ്യം എന്നതാണ് നമ്മുടെ ജനാധിപത്യം.
*****
ഈ ചെറിയ ആം ആദ്മി പാര്‍ട്ടി അതിജീവിക്കുമോ? അതിജീവിക്കില്ലെങ്കില്‍ പിന്നെ ഇങ്ങനെയൊക്കെ ചർച്ച ചെയ്തിട്ട് എന്ത് കാര്യം?
ജനിക്കുന്ന എല്ലാ ഓരോ കുട്ടിയും അതിജീവനം അപകടത്തില്‍ എന്ന പോലെ തന്നെയാണ് ജനിക്കുന്നത്.
എന്ന് വെച്ച് ആരും കയ്യൊഴിയുന്നില്ലല്ലോ?
തട്ടാന്റെ ഉലയിലെ തീയും അങ്ങനെ തന്നെ.
നമ്മൾ പേടിച്ച് അധൈര്യപ്പെട്ട് കൈയൊഴിയരുത്.
അല്ലേലും അശക്തനായ ദുര്‍ബലനായ ശരിക്കും സത്യത്തിനുമാണ് (തീർത്തും ആപേക്ഷികമായ അര്‍ത്ഥത്തില്‍) നമ്മുടെ ഒരു കൈ സഹായം വേണ്ടത്. 
*******
ഇതൊന്നും ആരും ചർച്ച ചെയ്യില്ല. 
ചർച്ചയൊക്കെയും പാര്‍ട്ടികളും മതങ്ങളും അനുവദിക്കുന്നത്ര മാത്രം. 
പാർട്ടികളുടെയോ മതങ്ങളുടെയോ അടിമകള്‍ മഹാഭൂരിപക്ഷവും. 
തലച്ചോറ് പാർട്ടികളുടെയും മതങ്ങളുടെയും ലോക്കറിലും ഫ്രീസറിലും അടച്ച് സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. 
പാർട്ടിയും മതവും അനുവദിക്കുന്ന വിഷയങ്ങളില്‍ അവർ അനുവദിക്കുന്നത്ര മാത്രം ഗവേഷണം നടത്തും, വിശദീകരിക്കും. അവക്ക് മാത്രം താത്വികമാനങ്ങളും വലിയ വ്യാഖ്യാനങ്ങളുമുണ്ടാക്കി വാനോളം വലുതാക്കും.
പച്ചയായ മനുഷ്യനും ജീവിതവും വളരെ ചെറിയ ആവശ്യങ്ങളും പെരുവഴിയില്‍.
ജീവിതം രാജ്യത്തിന് വേണ്ടി മാത്രം, രാജ്യം ജീവിതത്തിന് വേണ്ടി ഒന്നും ചെയ്യില്ല എന്ന നിലയില്‍. കുറച്ച് ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും കാര്യങ്ങളും സംരക്ഷണവും ആഡംബരങ്ങളും ഒഴിച്ച്. 
****
വ്യത്യാസമായ് കണ്ടത് ഡെല്‍ഹി ഭരിക്കുന്ന ആം ആദ്മി പാർട്ടിയെന്ന വളരെ ചെറിയ പാർട്ടിയെ.
ആ പാർട്ടിയെ കുറിച്ചുള്ള അടുത്തറിവ് തുലോം കുറവാണെങ്കിലും, പൂമണം കൊണ്ട്‌ പൂവിനെയും രുചി കൊണ്ടും മധുരം കൊണ്ടും പഴത്തെയും അറിയുന്നത് പോലെ ഈ ചെറിയ പാർട്ടിയെ അവർ ഭരിക്കുമ്പോള്‍ ചെയ്ത ക്ഷേമപദ്ധതികളും പ്രവൃത്തികളും വെച്ചറിയുന്നു.
ഡെല്‍ഹി ചെറുതാണ് എന്നതാണ്‌ മേല്‍ പറഞ്ഞതിനോട് പ്രതികരിച്ചു ആരെങ്കിലും മറുപടിയായി പറയുന്നതെങ്കിൽ തിരിച്ചും കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാവും.
ഡെല്‍ഹിയെ പോലെ ചെറിയ സംസ്ഥാനങ്ങള്‍ വേറെയും കുറെ ഉണ്ടല്ലോ?
ഗോവ, പോണ്ടിച്ചേരി പോലെ.
അവിടങ്ങളില്‍ എവിടെയും ഇങ്ങനെ സംഭവിക്കുന്നില്ലല്ലോ? 
ഇനി സംസ്ഥാനം ചെറുതായാല്‍ വരുമാനമാര്‍ഗ്ഗങ്ങളും വിഭവങ്ങളും ചെറുതാവുമല്ലോ? 
ഡെല്‍ഹിയില്‍ അവര്‍ക്ക് മുന്‍പും കുറെ സര്‍ക്കാറുകള്‍ ഭരിച്ചിരുന്നല്ലോ?
എന്ത് കൊണ്ട്‌ അവര്‍ക്കൊന്നും അപ്പോഴൊന്നും സാധിക്കാത്തത് ആം ആദ്മി പാർട്ടിക്ക് ഇപ്പോൾ സാധിക്കുന്നു?
****
അതിനാല്‍ തന്നെ, തങ്ങളുടെ അധികാര ചാക്കിലെ കള്ളപൂച്ച പുറത്ത് ചാടാതിരിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഈ ആം ആദ്മി പാര്‍ട്ടിക്ക് എന്ത് വിലകൊടുത്തും chance കൊടുക്കാതിരിക്കാൻ എല്ലാ മുഖ്യധാരാ പാർട്ടികളും ഒരുപോലെ രഹസ്യമായി കൈകോര്‍ത്ത് നിന്നു എന്ന് വേണം പിന്നീട് നടന്ന സംഭവവികാസങ്ങളെ മനസ്സിലാക്കാന്‍.
അക്കാര്യത്തില്‍, അവര്‍ക്കെതിരെ evm തകരാറാക്കുന്നതിൽ വരെ, തങ്ങൾക്ക് ശക്തിയില്ലെന്ന് തോന്നുന്ന മേഖലയില്‍ ഇവരെല്ലാവരും ഒരേപക്ഷത്ത് നിന്നുവോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.
അല്ലെങ്കിൽ പഞ്ചാബിലും ഹരിയാനയിലും ആം ആദ്മി പാര്‍ട്ടി ഒറ്റക്ക് തന്നെ എന്നോ വരേണ്ടതായിരുന്നു.
പക്ഷേ അവിടെ അവർ വരാതിരിക്കാന്‍ കോണ്‍ഗ്രസ്സും ബിജെപിയും, എന്നല്ല മറ്റെല്ലാവരും കൈകോര്‍ത്ത് നില്‍ക്കുന്നു, നിന്നു എന്ന്വരെ വേണം സംശയിക്കാന്‍. എങ്ങിനെയൊക്കെ എന്നത്‌ അവരവർ മാത്രം അവരുടെ രഹസ്യ അറകളില്‍ അറിയുന്നത്. 
പക്ഷേ, ഒന്ന് മാത്രം. ആര്‍ക്കും മനസ്സിലാവാത്ത വിധം എല്ലാം നടക്കുന്നു. .
ഹരിയാന ബിജെപി ക്ക്, പഞ്ചാബ് കോണ്‍ഗ്രസ്സിന് എന്ന സമവാക്യത്തില്‍. 
ചക്കരചോറ്‌ വാരിത്തിന്നുന്ന കാര്യത്തിൽ എല്ലാ മുഖ്യധാരാപാര്‍ട്ടികളും ഒരുപോലെയാണ്‌ എന്നതിനാല്‍. 
*****
ഇനി കേരളം പോലുള്ള മാര്‍ക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത്. 
മാര്‍ക്സിന്റെയും കമ്യൂണിസത്തിന്റെയും, പേരുള്ള, പേര്‌ പറഞ്ഞ്‌ ഭരിക്കുന്ന പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും കാര്യത്തില്‍. 
അവിടെയും, അവര്‍ക്കും, പൊതുസമ്പത്ത്‌ ചക്കരചോറ്‌ തന്നെ.
അതല്ലേല്‍, കമ്യൂണിസവും സോഷ്യലിസവും ഇനി ലക്ഷ്യമായി പറയാനില്ലാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആം ആദ്മി പാര്‍ട്ടി പോലെയാവുകയോ ആം ആദ്മി പോലുള്ള പാര്‍ട്ടിയില്‍ ലയിച്ച് ലക്ഷ്യബോധമുള്ളവരാവുകയോ ആയിരുന്നു വേണ്ടിയിരുന്നത്.
ആത്മാര്‍ത്ഥതയും സത്യസന്ധതയും മനസാക്ഷിയും ലവലേശം ബാക്കിയുണ്ടെങ്കിൽ.
അല്ലാതെ പാർട്ടിക്കും പേരിനും, അങ്ങനെ വെറുതെ വെറും പ്രേതം പോലെ അതിജീവിക്കാന്‍ വേണ്ടിയും മാത്രം വെറും ഒരു പാർട്ടി ആവുകയല്ല വേണ്ടത്. 
****
ഇപ്പോൾ മാര്‍ക്സ്‌ പോലും ഓടി രക്ഷപ്പെടേണ്ടി വരുന്ന കോലത്തില്‍ ആയിരിക്കുന്നു കേരളം ഭരിക്കുന്ന മാര്‍ക്സിസ്റ് പാർട്ടി.
എന്നല്ല അത്‌ക്കും മേലെയാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ കാര്യങ്ങള്‍.
മാര്‍ക്സിനും ഓടി രക്ഷപ്പെടാന്‍ ഈ കേരളത്തില്‍ ഇന്നിവർ ഭരിക്കുമ്പോള്‍ സമയവും സാവകാശവും കിട്ടില്ല. ആ നിലയ്ക്ക് മാര്‍ക്സ് പുനര്‍ജ്ജനി നേടാത്തത് മഹാഭാഗ്യം. 
മാര്‍ക്സ് പുനര്‍ജ്ജനി നേടിയിരുന്നുവെങ്കിൽ കേരളത്തിലെ തെരുവില്‍, അല്ലെങ്കിൽ കാട്ടില്‍, കൊല്ലപ്പെടും. ഒരു നക്സലൈറ്റ് എന്നോ മാവോയിസ്റ്റ് എന്നോ പേര്‌ വിളിക്കപ്പെട്ടു കൊണ്ട്‌.
അതിനുള്ള പാരിതോഷികം ഭരണത്തിന്റെ പേരില്‍, തീവ്രവാദ പോരാട്ടത്തിലെ മികവില്‍ ഇവർ കൈപ്പറ്റുകയും ചെയ്യും.
**** 
കാര്യം മാര്‍ക്സ് ഉദ്ദേശിച്ചതിനപ്പുറവും കടന്ന്പോയി.
ആത്മീയത ശരിയായാലും തെറ്റായാലും, ആത്മീയന് അല്പമെങ്കിലും പേടിയുണ്ടാവും.
ഉള്ളതോ ഇല്ലാത്തതോ ആയ ദൈവത്തെയും പരലോകത്തെയും അവന്‍ പേടിക്കും. കമ്യൂണിസ്റ്റ്കാരന്‍ പദാര്‍ത്ഥമെന്ന് വിളിക്കുന്ന ദൈവത്തെ. 
അതിനാല്‍ തന്നെ ആത്മീയന്‍ കട്ട് മുടിക്കുന്നതിന് ഏതര്‍ത്ഥത്തിലും ഒരു പരിധി ഉണ്ടാവും.
അവന് അല്പമെങ്കിലും കുറ്റബോധമുണ്ടാവും. ദൈവത്തിന്റെ ഭാഗത്ത് നിന്നെങ്കിലും എപ്പോഴെങ്കിലും ഒരു ചോദ്യവും ഉത്തരവും ഉണ്ടാവുമെന്ന് ഒരു തോന്നലും പേടിയും അവന് ബാക്കിയുണ്ടാവും. പശ്ചാത്തപിക്കണം എന്നുമുണ്ടാവും അവന്. 
ഇതിപ്പോള്‍ മാര്‍ക്സിസ്റ്റ്കാരന് അത്തരം പ്രശ്‌നങ്ങള്‍ ഒന്നുമില്ല. എല്ലാം വെറും പദാര്‍ത്ഥം. ചോദ്യവും ഉത്തരവും ഇല്ല. 
പേര്‌ കൊണ്ട്‌ മാത്രമാണ്‌ ഇപ്പോഴുള്ള മാര്‍ക്സിസ്റ്റ്‌കാരന്‍ മാര്‍ക്സിസ്റ്റ് ആവുന്നത് എങ്കിൽ, അതിനപ്പുറം ഒന്നുമില്ലെങ്കില്‍, എന്ത് തോന്നിയവാസവും പിന്നെ ആ പേര്‌ വെച്ച് അവന് ചെയ്യാം. കുറ്റബോധത്തിനോ പശ്ചാത്താപത്തിനോ സാധ്യത ഇല്ല. 
കട്ട്മുടിക്കുന്നതിന്‌, ഈ പറഞ്ഞ ആദര്‍ശശുദ്ധി ഇല്ലെങ്കില്‍, ഒരു ദൈവവിശ്വാസി കൂടിയല്ലാത്ത മാര്‍ക്സിസ്റ്റ്‌കാരന് ഒരു പരിധിയും ഉണ്ടാവില്ല.
തെമ്മാടികള്‍ ആവുകയാണേൽ ഏറ്റവും വലിയ തെമ്മാടികളാവാന്‍ സാധിക്കുക അതിനാല്‍ തന്നെ മാര്‍ക്സിസ്റ്റ്കാർക്കാവും.
അവര്‍ക്കതിന്‌ സാധിക്കും.
ഒരുപക്ഷേ അങ്ങനെ ഒരു കാര്യമാണോ ഇപ്പോൾ ഈ പാര്‍ട്ടിയിലും പാർട്ടിക്കാരിലും അതിന്റെ അപചയഘട്ടത്തില്‍ സംഭവിക്കുന്നത് എന്ന് നേതാക്കളുടെ പെരുമാറ്റം കാണുമ്പോള്‍ തോന്നിപ്പോവും. ശരിക്കും പേടിക്കേണ്ടിയിരിക്കുന്നു. 
ആവുകയാണെങ്കിൽ, ഒന്നുമില്ലെന്നറിഞ്ഞ ബുദ്ധനെക്കാള്‍ വലിയ തെമ്മാടിയാവാന്‍ സാധ്യത വേറെ മറ്റാര്‍ക്കുണ്ടാവും?
*****
മാര്‍ക്സിസ്റ്റ്‌ പാർട്ടിയെ ഇകഴ്ത്തി സംസാരിക്കുന്നതല്ല.
ലക്ഷ്യബോധം ഇല്ലാതായ ഒരു പാർട്ടി സ്വയം ഇകഴുന്നതാണ്.
അവർ സ്വയം ചെറുതാവുന്നതാണ്. ആരും ചെറുതാക്കാതെ. 
പുതിയ വലുത് ഉണ്ടാവുമ്പോള്‍, ആദ്യം ഉണ്ടായിരുന്ന വലുത്, അഥവാ വലുത് എന്ന് നമുക്ക്‌ തോന്നിയത്‌, സ്വയം ചെറുതാവുന്നതാണ്. 
മൂക്കില്ലാ ലോകത്തെ മുറിമൂക്കന്‍മാർക്ക് സംഭവിക്കുന്നതാണ്, ഇപ്പോള്‍ ആം ആദ്മി പാർട്ടിയെ പോലുള്ള ചിലര്‍ വരുമ്പോൾ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക് സംഭവിക്കുന്നത്. രാജാവ് നഗ്നനായിരുന്നു എന്ന് ജനങ്ങൾക്ക് ശരിക്കും തോന്നുന്ന അറിവ്. 
ബീര്‍ബല്‍ കഥയില്‍ പറഞ്ഞത് പോലെ. ആരും മുറിക്കാതെ തറിക്കാതെ തന്നെ മറ്റേത് ചെറുതാവുന്ന രീതി.
അതാണ് ആം ആദ്മി പാർട്ടിയെ പോലുള്ള ചെറിയ പാർട്ടികൾ കത്തിക്കുന്ന ചെറിയ വെളിച്ചം വരുമ്പോള്‍ പോലും ഇവിടെ സംഭവിക്കുന്നത്.
ഇരുട്ടിനെ ആര്‍ക്കും തല്ലിയോടിക്കേണ്ടി വരുന്നില്ല. പകരം ഇരുട്ട് വെളിച്ചം വരുമ്പോൾ സ്വയം ഇല്ലാതാവുന്നതാണ്. അത്കൊണ്ട്‌ തന്നെയാണ് ഇരുട്ടിന്റെ ശക്തിക്ക് വെളിച്ചത്തെ ഭയക്കേണ്ടി വരുന്നത്. ഇവരൊക്കെ ഇല്ലാതാവേണ്ടി വരും. 
****
ഓരോരുവനും തിരുത്തണം. ഓരോ പാർട്ടിയും തിരുത്തണം. ഈയുള്ളവന്റെ തെറ്റ് ഈയുള്ളവനും തിരുത്താന്‍ തയാറാവണം.
ഒരോ കമ്യൂണിസ്റ്റ്കാരനും മനുഷ്യനും അറിയണം. അഭിനയിച്ച് ജീവിക്കുന്നതിനേക്കാള്‍ മരണം നല്ലതെന്ന്.
ഏതെങ്കിലും പാർട്ടിയുടെ കാര്യത്തില്‍ അന്ധമായ വെറുപ്പോ അക്കരപ്പച്ചയുടെ പ്രശ്നമോ ഉണ്ടെങ്കിൽ തിരുത്തുക തന്നെ വേണം. ആരായാലും. ഡെല്‍ഹിയുടെയും ആം ആദ്മി പാര്‍ട്ടിയുടെയും കാര്യത്തിലായാലും. 
ഒരു പാർട്ടിക്കും മതത്തിനും, തനിക്ക് തന്നെയും, ചിന്തയെയും കാഴ്ചയെയും പണയം വെക്കില്ല, വെച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തണം. 
കാര്യങ്ങളെ നിഷ്പക്ഷമായി നിസ്വാര്‍ത്ഥമായ് കാണുന്നവനാണ് എന്നാണ് ഓരോരുവനും ഉറപ്പിക്കേണ്ടത്. 
ഒരു കാര്യലാഭത്തിന് വേണ്ടിയുമല്ല ഒരു പക്ഷവും പിടിക്കേണ്ടത്. 
നാം അകപ്പെട്ട്പോകുന്ന ചില അവസ്ഥാവിശേഷം കൊണ്ട്‌ നാം അറിയാതെയും അന്ധരായി പോകരുത്.
കണ്ണിനോട് അടുത്ത് പിടിച്ച സ്വന്തം കൈ പോലും നമ്മളെ അന്ധരാക്കരുത്. അന്ധതയെ കാഴ്‌ചയായും ഇരുട്ടിനെ വെളിച്ചമായും കരുതിപ്പോകും. 
ആ നിലക്ക് ശുദ്ധന്‍ ദുഷ്ടന്റെ പണി എടുക്കുന്നത് പോലെയും ആവരുത് നമ്മുടെ നിലപാടും പക്ഷപാതിത്ത്വവും. 
*****
കാരണം, ഇടതുപക്ഷം എന്ന കമ്യൂണിസ്റ്റ് പാർട്ടിയും സംഘവും ഇപ്പോൾ മാത്രമല്ല കേരളത്തെ ഭരിക്കാന്‍ തുടങ്ങിയത്‌. 
എന്നാല്‍, ആം ആദ്മി പാർട്ടി ഇപ്പോൾ മാത്രമാണ് തുടങ്ങിയത്‌.
നല്ലത്‌ വരുമ്പോള്‍ മാത്രമേ നിലവില്‍ ഉണ്ടായിരുന്ന നല്ലത് (അഥവാ നമ്മൾ നല്ലത് എന്ന് ധരിച്ചത്) എത്ര മോശമായിരുന്നു എന്ന് നാം മനസ്സില്ലാക്കുന്നത്.
****
ഡെല്‍ഹിയെ പോലെ കേരളത്തിന്‌ ജനക്ഷേമത്തിലേക്ക് പോകാന്‍ കഴിയാത്തതിന്, കേരളത്തിന്റെ പുരോഗതിക്ക് തടസ്സമായി, കേരളത്തിലെ ചുവപ്പ്നാടയുടെ പ്രശ്നം ഇപ്പോൾ പറയരുത്.
കാരണം, ഇതാദ്യമായല്ല ഇടത്പക്ഷം കേരളം ഭരിക്കുന്നത്. 
പിന്നെങ്ങനെ ഇവർ തന്നെ കാലാകാലം ഭരിച്ച നാട്ടില്‍ ഈ ചുവപ്പ്നാട സമ്പ്രദായം ഉടലെടുത്തു?
ആരാണ് അതിന്‌ കാരണക്കാര്‍?
യാഥാര്‍ത്ഥത്തില്‍ ചുവപ്പ് നാട മാത്രമാണോ കേരളത്തിന്റെ പ്രശ്നം? 
എന്ത് കൊണ്ട്‌ ഖജനാവില്‍ എത്ര പൈസ ഉണ്ടായാലും ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാന്‍ വരെ കേരളത്തിന്‌ അത് മതിയാവാത്തത്?
എന്ത് കൊണ്ട്‌ എപ്പോഴും കടം വാങ്ങേണ്ടി വരുന്നത്. 
എന്തേ പാലാരിവട്ടം പോലുള്ള സംഗതികള്‍ ആരുടെ കാലത്തായാലും ഉണ്ടാവുന്നത്?
പരസ്പരം കുറ്റം പറഞ്ഞ്‌ രക്ഷപ്പെടാം. ജനങ്ങളുടെ ഓര്‍മ കുറവാണ് എന്ന ധൈര്യവും സൂക്ഷിക്കാം.
പക്ഷേ ഇവിടെ ഭരിച്ച എല്ലാ പാര്‍ട്ടികളും ഒരുപോലെ കുറ്റക്കാരാണെന്നതല്ലേ യാഥാര്‍ത്ഥ വസ്തുത?
ഒരു കൂട്ടര്‍ മാത്രമായിരുന്നു കുറ്റക്കാരെങ്കിൽ നടപടി എടുക്കുക എളുപ്പമായിരുന്നു. ആര്‍ജ്ജവവും ധൈര്യവും ഉണ്ടാകുമായിരുന്നു നടപടി എടുക്കുമ്പോള്‍ .
പിന്നെന്തേ ഏത് സര്‍ക്കാര്‍ ആണെങ്കിലും നടപടികള്‍ ഉടനടി എടുക്കാതിരുന്നത്?
എല്ലാ കൂട്ടരും ഒരു പോലെ കുറ്റക്കാര്‍ ആയത് കൊണ്ടല്ലേ അതങ്ങനെ സംഭവിക്കുന്നത്?
പരസ്പരമുള്ള ഒരു ഒത്തുകളി മാത്രമല്ലേ കേരളത്തില്‍ ബാക്കി ആരോപണ പ്രത്യാരോപണങ്ങളെല്ലാം? അനുയായികളെ ആശ്വസിപ്പിച്ച് വഞ്ചിക്കാനുള്ള ഒരേര്‍പ്പാട് മാത്രമായ്. 
എന്തേ ഒരു കാര്യത്തിലും കരാർ പൈസ ബാക്കി വരുന്നില്ല?
എന്ത്‌ കൊണ്ട്‌ കരാർതുക എപ്പോഴും പോരാതെ വരുന്നു? 
പാർട്ടി നേതാക്കള്‍ എങ്ങിനെ മറ്റൊരു തൊഴിലും എടുക്കാതെ സമ്പന്നരാവുന്നു?
നേതാക്കൾ എങ്ങിനെ രാഷ്ട്രീയം മാത്രം വെച്ച് വലിയ വീടുകൾ വെക്കുന്നു, , സമ്പാദിക്കുന്ന, മക്കളെ വിദേശത്ത് മാത്രം പഠിപ്പിക്കുന്നു, സ്വയം വിദേശത്ത് മാത്രം ചികിത്സിക്കുന്നവരാവുന്നു?
****
എല്ലാം സമ്മതിക്കാം.
എല്ലാ അവകാശവാദങ്ങളും സമ്മതിക്കാം.
ഒരളവോളം.
പക്ഷേ ഒരുതരം ഒത്തുകളി രാഷ്ട്രീയം ഇവിടെ കേരളത്തില്‍ കോണ്‍ഗ്രസ്സിനും ഇടതുപക്ഷത്തിനുമിടയില്‍ നടക്കുന്നില്ലേ? 
അവർ, അവര്‍ക്കിടയില്‍ മാത്രം, നിലവില്‍ കേരളത്തെ പകുത്തെടുക്കാന്‍ ശ്രമിക്കുകയല്ലേ? 
അഴിമതികളുടെ കാര്യത്തിലും, സരിത, കിളിരൂര്‍, സൂര്യനെല്ലി, വാളയാര്‍, ഐസ് ക്രീം ലാവ്ലിന്‍ പോലുള്ള ആരോപണങ്ങളുടെ കാര്യങ്ങളിലും ഇത് വ്യക്തമായും നടക്കുന്നുണ്ട് എന്നത് അല്പവും സംശയമില്ലാത്ത കാര്യമല്ലേ? 
കേരളത്തില്‍ നമുക്ക് പകല്‍വെളിച്ചം പോലെ അറിയുന്ന ആരോപണങ്ങളാണല്ലോ മേല്‍പറഞ്ഞവയെല്ലാം?
*****
എന്നിട്ടും എന്ത്കൊണ്ട്‌ ആം ആദ്മി പാര്‍ട്ടി പരാജയപ്പെടുന്നു എന്ന് നിങ്ങള്‍ ചോദിക്കും.
നല്ല ചോദ്യം.
അതിന്‌ മറുപടി പറയാന്‍ ഈയുള്ളവന്‍ ബാധ്യസ്ഥനല്ല. അത് ആ പാർട്ടിയുടെ കാര്യം.
നമ്മൾ ചർച്ച ചെയ്യുന്നത്‌ അവർ കാണിച്ച നല്ല ചില ലക്ഷണങ്ങളെ കുറിച്ച് മാത്രം. അവരുടെ ആഭ്യന്തരകാര്യവും അവർ നേരിടുന്ന വെല്ലുവിളികളും അല്ല.
പിന്നെ നല്ലത്‌ പരാജയപ്പെടുന്ന കാര്യം. 
അവിടെയാണ് ഇന്ത്യൻ രാഷ്ട്രീയവും തെരഞ്ഞെടുപ്പ് രീതിയും ചോദ്യം ചെയ്യപ്പെടുന്നത്.
നല്ലത്‌ പരാജയപ്പെടുന്നു എന്നുറപ്പിക്കുന്നതിൽ എല്ലാ മുഖ്യധാരാപാര്‍ട്ടികളും ഒന്നാണ്. അത് എല്ലാവരുടെയും ഒരുപോലെയുള്ള ആവശ്യമാണ്‌. 
ആം ആദ്മി പാര്‍ട്ടി എന്നല്ല, നന്മയുടെയും സത്യസന്ധതയുടെയും ഒരു ചെറുതരി പോലും പരാജയപ്പെടണം എന്നത് മലീമസമായ ഇന്ത്യൻ രാഷ്ട്രീയത്തിലെ കൊതുകുകളും മൂട്ടകളുമായ എല്ലാ പാർട്ടികൾക്കും ഒരുപോലെ നിര്‍ബന്ധമായ കാര്യമാണ്. ഇന്ത്യ തങ്ങൾക്ക് വേണ്ടുവോളം രുചിച്ച് കുടിക്കാന്‍ പരുവത്തില്‍ മലീമസമായയി തന്നെ ഇരിക്കണമെന്നത്. 
എല്ലാ പാർട്ടികളും ഒരേ കുളിമുറിയില്‍ നിന്ന് ഒരേ കളിയാണ് വ്യത്യസ്തമായ പേരുകളില്‍ കളിക്കുന്നത് എന്നതിനാല്‍.
ഇത്‌ എല്ലാ പാർട്ടിനേതാക്കളും ഒരുപോലെ ഉള്ളില്‍ അറിയുന്നത് കൊണ്ട്‌.
അതിനാല്‍ നന്മയെയും സത്യസന്ധതയെയും എങ്ങിനെയും ശ്വാസംമുട്ടിച്ച് കൊല്ലുക ഇവരുടെയൊക്കെ രാഷ്ട്രീയധര്‍മ്മം. അതിനായി കൈകോര്‍ക്കുക അലിഖിത രാഷ്ട്രീയ തൊഴിലാളി യൂണിയനിലെ അടിസ്ഥാന പ്രമേയം.
രഹസ്യമായും പരസ്യമായും, എന്ത് തന്ത്രം ഉപയോഗിച്ചും, നന്മയെയും സത്യസന്ധതയെയും ഒരു പൊതുശത്രുവായിക്കണ്ട് കൊണ്ട്‌ നശിപ്പിക്കുക എന്നത്‌. 
കാരണം വളരെ ലളിതം.
നന്മ, സത്യസന്ധത, വെളിച്ചം എന്നിവ രാഷ്ട്രീയക്കച്ചവടത്തിനും, രാഷ്ട്രീയം കൊണ്ട്‌ ഉദ്ദേശിച്ച കച്ചവടത്തിനും അപകടം ചെയ്യും.
*****
ഇവിടെ നമ്മൾ മനസിലാക്കേണ്ടത് വേറെയും ചിലതാണ്.
രാഷ്ട്രീയത്തെ ചോദ്യം ചെയ്യുമ്പോള്‍ നമ്മൾ ശുദ്ധആത്മാക്കള്‍ ആയിപ്പോവരുത്.
കാരണം ശുദ്ധമെന്ന ഒന്ന് നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിലും അധികാരികളിലും ഇല്ല, സാധിക്കില്ല. 
കാര്യങ്ങള്‍ നമ്മൾ മനസിലാക്കുന്നതിനുമപ്പുറമാണ്. 
ഭരിക്കുന്ന കാര്യത്തില്‍, അതിൽ നടത്തുന്ന തരികിടകളുടെ കാര്യത്തില്‍, ബിജെപിയും കോണ്‍ഗ്രസ്സും സിപിഐഎം ഉം എല്ലാം ഒന്നാണ്. എല്ലാവരും അവരുടെ തട്ടകത്തില്‍ അവര്‍ക്കാവുന്ന രീതിയില്‍ കളിക്കുന്നു. 
ആ സ്ഥിതിക്ക്, വ്യത്യസ്തമാവുന്ന, തങ്ങളുടെ നഗ്നത പുറത്ത് കാണിക്കുന്ന ഒരു പാർട്ടിയെ ശൈശവത്തില്‍ തന്നെ ഇല്ലാതാക്കുക എന്നത്‌ എല്ലാവരുടേയും ഒരുപോലെയുള്ള അജണ്ട, ആവശ്യം. 
എങ്കിൽ evm ല്‍ ആ പാർട്ടിക്കെതിരെ എന്ത് തിരിമറി കളിച്ചാലും ആരും കുറ്റപ്പെടുത്തില്ല.
എല്ലാവരും ഒരുപോലെ സന്തുഷ്ടരുമായിരിക്കും.
എല്ലാവർക്കും അവരുടെ തട്ടകവും വിഹിതവും നിലവിലുള്ള അവരുടെ അവസ്ഥയുടെ തോതനുസരിച്ച് വീതിച്ച് കൊടുക്കുകയും കിട്ടുകയും ചെയ്താൽ മതി. പഞ്ചാബ് കോണ്‍ഗ്രസ്സിന്. കേരളം കോണ്‍ഗ്രസ്സും ഇടതും മാറി മാറി ഭരിച്ചു കൊള്ളുക. 
എല്ലാവര്‍ക്കും അവരുടെ കള്ളക്കളി ഒളിച്ച് വെക്കാന്‍ ഈ ശുദ്ധനെ കൊല്ലണം എന്ന ഒരൊറ്റ അജണ്ട മാത്രം. 
******
വിശ്വസിക്കാന്‍ പറ്റില്ല.
അധികാരത്തിന്റെ പിന്നിലെ ഈ കള്ളക്കളി വിശ്വസിക്കാൻ പറ്റാത്തത് തന്നെയാണ്.
സ്വന്തം കുഞ്ഞുങ്ങളെ കൊന്നും, അതിന്റെ പേരില്‍ അതേ കൊലപാതകികള്‍ സഹതാപം ഉണ്ടാക്കിയും നേടിയും , അധികാരം നിലനിര്‍ത്തും.
വിശ്വസിക്കാന്‍ പറ്റാത്തത് സംഭവിക്കും.
പഞ്ചാബ് കോണ്‍ഗ്രസ്സിന്, ഹരിയാന ബിജെപി ക്ക്.
പിന്നെ നമ്മൾ അറിയാത്ത പലതും. വലിയ രാജ്യമാണ്. ആര്‍ക്കും ഒന്നും മനസ്സിലാകില്ല. ആര്‍ക്കും ഒന്നും ഏകോപിപ്പിച്ച് ചെയ്യാനും പറ്റില്ല. 
രണ്ടിടത്തും ആം ആദ്മി പാർട്ടിയെന്ന ശുദ്ധനായ പൊതുശത്രുവിനെ, ആരും ചോദിക്കാനില്ലാത്ത ശിശുവിനെ, പൊതു-അഴിമതി താല്‍പര്യം വെച്ച് വഞ്ചിച്ച് ഇല്ലാതാക്കുക അതിനാല്‍ മുഖ്യധാരാപാർട്ടികൾക്ക് വളരെ എളുപ്പം.
*****
ആം ആദ്മി പാർട്ടി, ഒരു പാർട്ടിയെന്ന നിലക്ക് എങ്ങനെയെന്നും, ആ പാർട്ടിക്ക് എന്തെല്ലാം ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടെന്നും, അവയുടെ ശരിയും തെറ്റും കാരണങ്ങളും എന്തെന്നും എന്നതല്ല ഇവിടെ വിഷയം. 
ഒരു ശിശുവായ് പിറന്ന, ഒരു ചെറിയ പാര്‍ട്ടിയായ ആ പാർട്ടിക്ക് ഒരു കുറെ ചാപല്യങ്ങളും തകരാറുകളും ഉണ്ടാവാം..
ആ പാര്‍ട്ടിക്ക് പുറമെയുള്ള മറ്റാര്‍ക്കും, സ്വന്തം അപകടം മണത്തു കൊണ്ട്‌, തങ്ങളുടെ അഴിമതിരാഷ്ട്രീയം തുടരാൻ വേണ്ടി, ഭാവിയില്‍ തടസ്സമായേക്കാവുന്ന ആ പാർട്ടിയെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ വേണ്ടി, അവയൊക്കെ ഏത് വിധേനയും ആ ചെറിയ പാർട്ടിയിൽ ഉണ്ടാക്കാനും സാധിക്കും.
കുറെ നിക്ഷിപ്തതാല്‍പര്യങ്ങള്‍ മാത്രമുള്ള ദേശീയ മുഖ്യധാരാപാര്‍ട്ടികള്‍ ആ പാർട്ടിയെ സ്വയം ശ്വാസംമുട്ടി മരിക്കാൻ അപകടാവസ്ഥയില്‍ ആക്കുന്നുമുണ്ട്.
ഇവിടെ വിഷയമായി ഉന്നയിച്ചത് ഇങ്ങനെയൊക്കെയുള്ള, വളരേ ചെറിയ ഒരു പാർട്ടിക്ക് എന്ത് കൊണ്ട്‌, പിന്നെങ്ങിനെ, ഡല്‍ഹിയില്‍ ഇത്രയും നല്ല ഒരുപടി കാര്യങ്ങൾ ചെയ്യാൻ കഴിയുന്നു എന്നതും, എന്തുകൊണ്ട്‌ മറ്റുള്ള വന്‍ താപ്പാന പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ല എന്നതുമാണ്.
ആം ആദ്മി പാര്‍ട്ടിയുടെ ബാലാരിഷ്ടതകളും ആഭ്യന്തരകാര്യവും, പാര്‍ട്ടിയെന്ന നിലക്ക് ആ പാർട്ടി നേരിടുന്ന വെല്ലുവിളികളും, വേറെ തന്നെ ചർച്ച ചെയ്യേണ്ടതാണ്. അതൊന്നും അവർ ചെയ്ത ചെയ്യുന്ന നല്ല പ്രവൃത്തികളെയും അവർ കാണിച്ചുതന്ന നല്ല ഉദാഹരണങ്ങളെയും തമസ്കരിക്കാനും നിഷേധിക്കാനും ന്യായമാക്കുകയല്ല വേണ്ടത്. 
*****
അവസാനം:
ഇതെല്ലാം പറഞ്ഞും നമ്മൾ നിസ്സഹായാവസ്ഥയില്‍ ഉറങ്ങുമെന്നും, ക്രമേണ എല്ലാം മറക്കുമെന്നും, ഇന്ത്യയുടെ വലുപ്പം നമ്മെ നിര്‍ബന്ധമായും നിസ്സഹായാവസ്ഥയില്‍ കൊണ്ട്‌ ചെന്നെത്തിക്കുമെന്നും ഈ പറഞ്ഞ രാഷ്ട്രീയ നേതൃത്വത്തിനും പാർട്ടികൾക്കും നന്നായറിയാം.

No comments: