Wednesday, November 20, 2019

ഭക്ഷണം കഴിച്ചത്പോലെ ഉള്ളില്‍ ബാക്കിയായാല്‍ കഴിച്ചവന്‍ മരിക്കും.

സംഭവിക്കാത്തത്.
പക്ഷേ, സംഭവിക്കേണ്ടത്.
കഴിക്കുന്ന ഭക്ഷണം അതല്ലാതാവണം.
കഴിച്ച ഭക്ഷണത്തിന്റെ
രൂപവും ഭാവവും ഗുണവും
നഷ്ടപ്പെടണം, മാറണം. 
കഴിച്ചവന്‍ മാത്രം ബാക്കിയാവണം.
ഭക്ഷണം,
കഴിച്ചത്പോലെ
ഉള്ളില്‍ ബാക്കിയായാല്‍
കഴിച്ചവന്‍ മരിക്കും.
ഏതൊരു ഗുരുവും
ഗുരുവിന്റെ പാഠവും
അത്പോലെ തന്നെ. 
ഗുരുവേ ഇല്ലാതാക്കണം,
കൊല്ലണം.
ഗുരുവും
ഗുരുപാഠവും നീയായി,
നിന്റെതായി മാറണം.
സ്വന്തം മനസ്സിലെങ്കിലും. ആമാശയത്തിലെങ്കിലും.
കഴിച്ച ഭക്ഷണം പോലെ
അത്‌ നീയാവണം 
എങ്കില്‍ മാത്രമേ
ഓരോ ശിഷ്യനും
അവനായി ഗുരുവാകൂ.
എങ്കില്‍ മാത്രമേ
സ്വതന്ത്രനാകൂ.
സ്വാശ്രയനാകൂ.
സ്വയം പര്യാപ്തനാകൂ. 
ഓരോ കുഞ്ഞും
അമ്മയെ വെടിയും.
സ്വയം അമ്മയാവുന്ന വഴിയില്‍,
മനസിലെങ്കിലും.
എങ്കില്‍ മാത്രമേ
ഓരോ കുഞ്ഞും അമ്മയാകൂ.
ഇത്‌ ജീവിതത്തിന്റെ ഭാഷ്യം.
വിത്ത് നഷ്ടപ്പെട്ട്,
മുളച്ച് വിത്തല്ലാതായി
വലുതാവുന്ന ജീവിതത്തിന്റെ ഭാഷ്യം.
വളര്‍ച്ചയുടെ ഭാഷ്യം.
വളര്‍ച്ചയിലെ നാശത്തിന്റെ ഭാഷ്യം.
നാശത്തിലെ വളർച്ചയുടെ ഭാഷ്യം. 
*****
അങ്ങനെ
ഗുരുവും ഗുരുപാഠവും
മരിച്ചില്ലാതാവാത്തതാണ്
വിശ്വാസി ഉണ്ടാവാന്‍ കാരണം.
അതാണ്
വിശ്വാസിയിലെ വയര്‍സ്തംഭനമായ അസഹിഷ്ണുത
ഉണ്ടാവാന്‍ കാരണം.
അത്‌ തന്നെയാണ്‌
വയറിളക്കമായ
തീവ്രത
വിശ്വാസിയില്‍ ജനിക്കാന്‍ കാരണം.
അത്‌ കൊണ്ട്‌ തന്നെയാണ്,
ജീവിക്കുന്നവന്‍,
സ്വാഭാവികതയില്‍
നൃത്തം ചെയ്യുന്നവന്‍,
ഇന്നില്‍
പൊരുത്തത്തിലാവുന്നവന്‍
ഇല്ലാതെയാവുന്നത്.

No comments: