എന്താണ് സനാതനം..
അറിയില്ല. ആർക്കും അറിയില്ല.
അറിയാത്ത എന്തോ ഒന്നിനെ, ഇല്ലാത്ത ഒന്നിനെ എന്തോ ഒരു സുന്ദരനാമം ഇട്ട് വിളിക്കുന്നു.
എന്നിട്ട് ആ അറിവില്ലായ്മക്ക് ശക്തി പകരാൻ ഒന്നുകൂടി പറയും സനാതനം എന്തെന്ന് നിങ്ങൾക്കറിഞ്ഞുകൂടാത്തത് കൊണ്ടാണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്. അറിഞ്ഞാൽ നിങ്ങൾ ഇങ്ങനെ പറയില്ല.
ശരി,,എവിടെ നിന്ന് എങ്ങനെ അറിയും സനാതനം എന്തെന്ന്.
ഒരു ഗീതയിലും വേദത്തിലും ഉപനിഷത്തിലും സനാതനം എന്തെന്നും എങ്ങനെയെന്നും ഇല്ല.
എവിടെയും ആരും സനാതനം എന്തെന്നും എങ്ങനെയെന്നും നിർവ്വചിച്ചും വിശദീകരിച്ചും നിഷ്കർഷിച്ചും പറഞ്ഞില്ല.
“എപ്പോഴും ഉള്ളത് “ സനാതനം എന്ന ഒരൊഴുക്കൻ വർത്തമാനം ഇപ്പിപ്പോൾ പറയുന്നത് മാത്രം മിച്ചം.
ആ ഒരൊഴുക്കൻ വർത്തമാനത്തിന്റെ തണലിൽ എന്തെന്നില്ലാതെ എവിടെയെന്നില്ലാതെ ജനങ്ങൾചൂഷണം ചെയ്യപ്പെടുക പരിണിതഫലം..
ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെയൊക്കെയും സനാതനം എന്ന സുന്ദരമായ വാക്കിൽ പൊരിച്ചെടുക്കുക, സുഖിപ്പിച്ചെടുക്കുക.
അവ്യക്തതയിൽ ആളുകൾ അലഞ്ഞുതിരിയുന്നതിനും പേര് സനാതനം.
*******
തീ കത്തുന്നതും കത്തിച്ചു നശിപ്പിക്കുന്നതും കാണും.
പക്ഷേ ഉള്ളിൽ നിന്നും ചിതൽ ആവേശിക്കുന്നതും നശിപ്പിക്കുന്നതും കാണില്ല, അറിയില്ല.
പലപ്പോഴും ചിതൽ നമ്മെ സുരക്ഷിത രായി നിർത്തുന്ന വസ്ത്രമെന്നും തോന്നിപ്പിക്കും.
ചിതലാണ് സനാതനം എന്ന സുന്ദരനാമത്തിൽ ഇവിടെ പരിചയപ്പെടുത്തുന്നത്.
പേര് സുന്ദരമായത് കൊണ്ട് അത് വരുത്തുന്നതും നടപ്പാക്കുന്നതും സുന്ദരം എന്നൊരർത്ഥമില്ല.
********
സനാതനം : ഒരു നിർവ്വചനവും വ്യവസ്ഥയും വെള്ളിയാഴ്ച്ചയും ഇല്ലാത്ത, കൃത്യമായ വിധിവിലക്കുകൾ നൽകാൻ സാധിക്കാത്ത എന്തോ ഒന്നിൻ്റെ പേര് .
സനാതനത്തിന്റെ പേരിൽ പാലൂട്ടി വളർത്തുന്നത് അവ്യക്തതകളെ, കൊടുംക്രൂരതകളെ, അരാചകത്വത്തെ, അന്ധവിശ്വാസങ്ങളെ, തെമ്മാടിത്തങ്ങളെ, വിടുവായിത്തത്തെ, വെറുപ്പിനെ, വിഭജനത്തെ.
*******
കാൽപനികവൽക്കരിച്ച് പറയുന്ന ചരിത്രത്തിൽ എവിടെയും സനാതനം എന്നൊന്നുണ്ടായിരുന്നില്ല.
വാദത്തിന് സമതിച്ചാൽ തന്നെ, ആ സനാതനത്തിന്റെ പേരിൽ ഒരു നന്മയും നടന്നതായി കാണാനില്ല.
നടന്നത് മുഴുവൻ മാറുമറക്കാൻ വരെ അവകാശമില്ലാത്ത വെറും ചൂഷണവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളും മാത്രം.
No comments:
Post a Comment