ഭാരത് മാതാ കീ ജയ് പറയലാണ് രാജ്യസ്നേഹം എന്ന് ആര് പറഞ്ഞു?
ആരാണ് ഭാരത് മാതാ കീ ജയ് പറയലാണ് രാജ്യസ്നേഹം എന്ന പുതിയ നിർവ്വചനവും നിയമവുംഉണ്ടാക്കിയത്?
അങ്ങനെ എന്തെങ്കിലും പറയുന്നതും ചെയ്യുന്നതും മാത്രമാണ് രാജ്യസ്നേഹം എന്ന് ആരെങ്കിലുംപറയുന്നുവെങ്കിൽ അതിനെ ധിക്കരിക്കണം.
കാരണം അതവരുടെ മാനസിക രോഗം മാത്രമാണ്.
ആത്മനിഷ്ഠമായി നടക്കുന്ന രാജ്യസ്നേഹം വസ്തുനിഷ്ഠമായി മനസ്സിലാക്കി അളക്കാനുള്ള മാപിനിയല്ല ഒരു മുദ്രാവാക്യവും വാക്പ്രയോഗവും.
അങ്ങനെ ഭാരത് മാതാ കീ ജയ് പറയലാണ് രാജ്യസ്നേഹം എന്ന് പറയുന്നവർ രാജ്യത്തെയും രാജ്യസ്നേഹത്തെയും അവരിലും അവരുടെ ചിലതിലും ചുരുക്കുകയാണ്.
ആത്മനിഷ്ഠമായി നടക്കുന്ന രാജ്യസ്നേഹം വസ്തുനിഷ്ഠമായി മനസ്സിലാക്കാനും അളക്കാനുമുള്ള മാപിനിയുണ്ട്, അതവർ തയ്യാറാക്കിയ ഒരു മുദ്രാവാക്യവും വാക്പ്രയോഗവും മാത്രമാണെന്ന് വരുത്തുകയാണവർ.
എന്തിന് വേണ്ടി?
അക്രമികളാണ് അവർ എന്നതിനാൽ. അക്രമങ്ങൾ നടത്താൻ അവർക്ക് ഒന്നല്ലെങ്കിൽ മറ്റൊരു ന്യായം വേണം എന്നതിനാൽ,
അക്രമങ്ങൾ നടത്താനുള്ള ന്യായങ്ങൾ അവർ എന്തിന്റെ പേരിലെങ്കിലും, എങ്ങനെയെല്ലാം വേഷവും പേരും കെട്ടിയും മാറ്റിയും ഉണ്ടാക്കും എന്നതിനാൽ.
രാജ്യസ്നേഹം എന്ന സുന്ദരനാമത്തിന്റെ മറവിലും അക്രമം നടത്താൻ, വിഭജനം നടത്താൻ.
സ്നേഹം എന്ന പേരിലും വെറുപ്പ് വിതരണം ചെയ്യാൻ.
തേനെന്ന പേരിട്ട് വിഷം വിൽക്കാൻ.
ചികിത്സ എന്ന പേരിട്ടും ആളെ കൊല്ലാനുള്ള വഴിതേടാൻ.
രാജ്യവും രാജ്യസ്നേഹവും അല്ല അവരുടെ വിഷയം.
ജനങ്ങളെ എന്തിന്റെ പേരിലായാലും വിഭജിക്കണം വെറുക്കണം, അന്യവൽക്കരിക്കണം.
അതാണവർക്ക് മുഖ്യം.
നക്കിയാണെങ്കിലും ഞെക്കിയാണെങ്കിലും കൊല്ലുക എന്നത് അവരുടെ അജണ്ട.
ഓരോ കൂട്ടരും അവർക്ക് തോന്നും വിധം കുറച്ച് വാക്കുകൾ അങ്ങനെയും ഇങ്ങനെയും ചേർത്തുണ്ടാക്കി എന്നിട്ടത് സ്വയം പറയലാണ്, മറ്റുള്ളവരെക്കൊണ്ടത് പറയിപ്പിക്കലാണ് രാജ്യസ്നേഹവും രാജ്യസ്നേഹം അളക്കാനുള്ള അളവുകോലുമെന്ന് വെച്ചാൽ എന്താണ് സംഭവിക്കുക, എന്താണ് ജനങ്ങൾക്കിടയിൽ പരസ്പരം നടക്കുക?
ഭാരത് മാതാ കീ ജയ് എന്ന് ഒരു വിഭാഗം,
ഭാരത് പിതാ കീ ജയ് എന്ന് വേറൊരു വിഭാഗം,
ഭാരത് ഗോമാതാ കീ ജയ് എന്ന് പിന്നേയും വേറൊരു വിഭാഗം,
ഭാരത് ബഹൻ കീ ജയ് എന്ന് പിന്നെയും പിന്നേയും വേറൊരു വിഭാഗം,
ഭാരത് ദേവത കീ ജയ് ഇതൊന്നുമല്ലാതെ പിന്നെയും വേറൊരു വിഭാഗം,
ഇങ്ങനെയിങ്ങനെ പോകും പരസ്പരം രാജ്യസ്നേഹം തെളിയിക്കാനുള്ള വാക്യങ്ങളും അതുണ്ടാക്കുന്ന അവരുടേതായ അളവുകോലുകളും അതിന്റെ പേരിലുള്ള ചേരിതിരിവുകളും സംഘർഷങ്ങളും.
ഒന്നും ജനങ്ങൾക്ക് വേണ്ടിയല്ല, ജീവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയല്ല.
പകരം ജീവനില്ലാത്ത, ജീവിക്കേണ്ടതില്ലാത്ത ഭൂമിക്ക് വേണ്ടി ജനങ്ങളെ കൊല്ലാൻ, തമ്മിലടിപ്പിക്കാൻ.
കാരണം, അവർ രാജ്യസ്നേഹത്തെ ചിലതിൽ ചുരുക്കുകയാണ്, അവരിൽ ചുരുക്കുകയാണ്, അവരുടേതിൽ ചുരുക്കുകയാണ്.
രാജ്യസ്നേഹം ആരെയും ബോധ്യപ്പെടുത്താനില്ലാത്ത വിധം രക്തത്തിലും ആത്മാവിലുംകൊണ്ടുനടക്കുന്നവർക്ക് അഭിനയിക്കേണ്ടതില്ല.
ഭാരത് മാതാ കീ ജയ് പറയുന്നത് മാത്രമാണ് രാജ്യസ്നേഹം എന്ന് പറയുന്നവർ അഭിനയിച്ചു തന്നെജീവിക്കട്ടെ.
എന്നിട്ട് അതുവെച്ച് ആവുന്നത്ര കളവുകൾ ഉണ്ടാക്കിയും വെറുപ്പും വിഭജനവും ഉണ്ടാക്കിയും ജീവിക്കട്ടേ.
No comments:
Post a Comment