എറ്റവും ദുർബലനായ ആൾ
താനാണ് ഏറ്റവും ശക്തനെന്ന് കരുതും.
അത് അയാൾക്കുള്ള തലയിണയാണ്
ഒന്നുകൊണ്ടും ഒരു ന്യായവുമില്ലാത്ത ആൾ
എല്ലാ ന്യായവും തൻ്റെ പക്ഷത്താണ്
എല്ലാ ന്യായവും തനിക്കനുകൂലമാണ്
എന്ന് ധരിക്കും.
അതയാൾ കണ്ടെത്തുന്ന അഭയമാണ്.
അയാൾ മരീചിക കൊണ്ട് ദാഹം ശമിപ്പിക്കും.
*****
ചുറ്റുപാടിനെ മുഴുവൻ കുത്തിക്കലക്കിയും
ചുറ്റുപാടിൽ മുഴുവൻ അസ്വസ്ഥതകളുടെ വിത്തുകൾ മാത്രം പാകിയും വിതറിയും
അയാൾക്ക് എളുപ്പം പറയാൻ സാധിക്കുന്നു
ഞാൻ വലിയ ത്യാഗം ചെയ്യുകയാണെന്ന്.
മറ്റുള്ളവരുടെ എല്ലാ നന്മകളെയും കണ്ടില്ലെന്ന് നടിച്ചും
മറ്റുള്ളവരോട് ഉപദ്രവം മാത്രം ചെയ്തും
ഒരാൾക്ക് എളുപ്പം പറയാൻ സാധിക്കുന്നു
ഞാൻ വലിയ ത്യാഗം ചെയ്യുകയാണെന്ന്.
മറ്റുള്ളവരുടെ എല്ലാ നന്മകളെയും തിൻമകളാക്കി മാറ്റി,
ആ നന്മകളെ മുഴുവൻ തിൻമകളായവതരിപ്പിച്ച്
ഒരാൾക്ക് എളുപ്പം പറയാൻ സാധിക്കുന്നു
ഞാൻ വലിയ ത്യാഗം ചെയ്യുകയാണെന്ന്.
മറ്റുള്ളവരെ ഉടനീളം ആശയിച്ചും
മറ്റുള്ളവരുടെ ചിലവിലും ഔദാര്യത്തിലും ഉടനീളം ജീവിച്ചും
ഒരാൾക്ക് എളുപ്പം പറയാൻ സാധിക്കുന്നു
ഞാൻ വലിയ ത്യാഗം ചെയ്യുകയാണെന്ന്.
തനിക്ക് വേണ്ടി മാത്രം
എല്ലാം ചെയ്ത് സഹിച്ച് സേവിച്ച് ജീവിക്കുന്നവരെ
ഒരുമാത്ര പോലും അംഗീകരിക്കാതെ അഭിനന്ദിക്കാതെ
അവരോട് നന്ദി പ്രകടിപ്പിക്കാതെ,
പകരം എപ്പോഴും കുറ്റപ്പെടുത്തലുകളുടെ കൂരമ്പുകൾ മാത്രം ഉതിർത്ത്,
മുൾമുനയിൽ നിർത്തി
ഒരാൾക്ക് എളുപ്പം പറയാൻ സാധിക്കുന്നു ഞാൻ വലിയ ത്യാഗം ചെയ്യുകയാണെന്ന്.
ഒന്നും നിഷേധിക്കപ്പെടാത്ത തൻ്റെ ജീവിതത്തെ
സ്വയം തിരിഞ്ഞിരുന്ന് എല്ലാവരും തനിക്കെതിരെ തിരിഞ്ഞിരിക്കുന്നു എന്നാരോപിച്ച്
തനിക്ക് ജീവിതം മുഴുവൻ നിഷേധിക്കപ്പെട്ടതാണെന്ന് പറഞ്ഞ് വരുത്തി,
ഒരാൾക്ക് എളുപ്പം പറയാൻ സാധിക്കുന്നു ഞാൻ വലിയ ത്യാഗം ചെയ്യുകയാണെന്ന്.
തനിക്ക് നിഷേധിക്കപ്പെട്ടു എന്ന്
നാഴികയ്ക്ക് നാല്പതു വട്ടം വാകീറി വിളിച്ചു പറയുന്ന അതേ കര്യങ്ങൾ
തൻ്റെ സ്വന്തം കുഞ്ഞുങ്ങൾക്ക് നൽകാതെ
നിഷേധിച്ച് കൊണ്ട് തന്നെ
ഒരാൾക്ക് എളുപ്പം പറയാൻ സാധിക്കുന്നു
ഞാൻ വലിയ ത്യാഗം ചെയ്യുകയാണെന്ന്.
എന്ത് ത്യാഗം?
ശുദ്ധ മനോരോഗം.
ശുദ്ധമായി സ്വന്തം തടവറയിൽ കുടുങ്ങി.
തനിക്ക് താൻ തടവറയായി
മറ്റുള്ളവർക്ക് മുഴുവൻ
ഭാരവും ഭാധ്യതയും ശല്യവുമാകുന്ന
ശുദ്ധ മനോരോഗം.
ഒരു രക്ഷയുമില്ലാത്ത മനോരോഗം.
അവരവർക്ക്ല്ലാതെ
മറ്റുള്ള എല്ലാവർക്കും ബോധ്യപ്പെടുന്ന
തുറന്നുപറയാൻ സാധിക്കാത്ത
മനോരോഗം.
No comments:
Post a Comment