ഒരാൾ ഇന്നലെ
എന്നെക്കുറിച്ച
അയാളുടെ
പ്രതീക്ഷതെറ്റി
ഒരേറെ തെറിവിളിച്ചു,
അസഭ്യം പറഞ്ഞു.
സത്യം പറഞാൽ
ഒരേറെ സമാധാനമായി.
അയാൾക്കും എനിക്കും.
തെറ്റിയത് ഞാനല്ല.
തെറ്റിയത് അയാളല്ല.
തെറ്റിയത്
പ്രതീക്ഷയാണ്,
അഭിനയിക്കാതിരുന്നതാണ്.
തെറ്റിയത്
എനിക്കല്ല,
തെറ്റിയത്
അയാൾക്കുമല്ല.
തെറ്റിയത്
പ്രതീക്ഷക്കാണ്,
തെറ്റിയത്
പ്രതീക്ഷക്ക് വേണ്ടി
നിന്നുകൊടുത്തില്ല
എന്നതാണ്.
പരസ്പരം
മുഖത്തടിച്ചു
മുഖത്ത് കാർക്കിച്ചുതുപ്പി
എന്നതാണ്.
*****
എല്ലാ പ്രതീക്ഷകളും
പരസ്പരം തീർക്കുന്ന
തടവറകൾ.
പ്രതീക്ഷിക്കുന്നവന്നും
പ്രതീക്ഷിക്കപ്പെടുന്നവന്നും
ഒരുങ്ങുന്ന തടവറ,
ഓരോ പ്രതീക്ഷയും
അതുണ്ടാക്കുന്ന
അതിനുവേണ്ടി കാത്തുനിൽക്കുന്ന
ബഹുമാനവും.
*****
ആരുടെയും പ്രതീക്ഷക്ക്
നിന്നുകൊടുക്കാമെന്ന്
ആർക്കും വാക്ക്കൊടുത്തിട്ടില്ല.
ആരുടെയും
പ്രതീക്ഷക്ക് വേണ്ടി
അഭിനയിക്കാമെന്നും
ആർക്കും വാക്ക്കൊടുത്തിട്ടില്ല.
അതിനാൽ,
പ്രതീക്ഷിക്കുന്നതിൽ നിന്ന്,
ആരുടെയോ പ്രതീക്ഷക്ക് വേണ്ടി
അഭിനയിക്കുന്നതിൽ നിന്ന്
രണ്ട് പേരും രക്ഷപ്പെട്ടു.
പരസ്പരം അഭിനയിച്ചു
വിധേയപ്പെടുന്നതിൽ നിന്നും
രണ്ട് പേരും രക്ഷപ്പെട്ടു.
*****
ഒരു തെറിയിലൂടെ
അയാളും ഞാനും
രക്ഷപ്പെട്ടു.
ഒരു തെറി കൊണ്ട്
അയാൾ എന്നിൽ നിന്നും
ഞാൻ അയാളിൽ നിന്നും
രക്ഷപ്പെട്ടു.
അഭിനയിക്കേണ്ടതില്ലാത്തത്ര,
വിധേയപ്പെടെണ്ടതില്ലാത്തത്ര
രക്ഷപ്പെട്ടു, രണ്ട് പേരും.
തെറിയെക്കാൾ
പരസ്പരം സ്വതന്ത്രരാക്കുന്ന
വേറെയെന്തുണ്ട്?
വേറെയേത് സംഗതിയുണ്ട്?
ബാക്കിയെല്ലാം,
എല്ലാ പ്രതീക്ഷയും ബഹുമാനവും,
വിധേയത്വം ആവശ്യമാക്കുന്ന
വെറും അഭിനയങ്ങൾ.
പ്രത്യേകിച്ചും
ബഹുമാനിക്കുന്നതും
ബഹുമാനം വാങ്ങുന്നതും.
*****
അയാളിന്നലെ,
എന്നെക്കുറിച്ചുണ്ടായ,
പ്രതീക്ഷകൾ തെറ്റി
ഒരേറെ തെറിവിളിച്ചത് കൊണ്ട്
അസഭ്യം പറഞ്ഞത് കൊണ്ട്
ഒരു പ്രതിഷ്ഠ കൂടി
തകർന്നു.
അതൊരു
പ്രതിഷ്ഠയെ കൂടി
തകർത്തു.
അയാളുടെയുള്ളിലുണ്ടാവേണ്ട
ധാരണയെന്ന
പ്രതിഷ്ഠക്ക് വേണ്ടി
പൂജാദി കർമ്മങ്ങൾ
ചെയ്യുംവിധം ഇതുവരെ
അഭിനയിച്ചിട്ടില്ല
ഇനി അഭിനയിക്കേണ്ടതുമില്ല
എന്നതും അതുറപ്പാക്കി.
ആർക്കുമുള്ള ധാരണയെന്ന
പ്രതീക്ഷയും ബഹുമാനവും,
ഒരു തടവറയാവാതിരിക്കാൻ
ഇനിയുമിനിയും ഒരുമിച്ചിരുന്ന്
നമുക്ക് ഒരേറെ പ്രാർത്ഥിക്കാം.
*****
ആരെങ്കിലും
ബഹുമാനിക്കുമെന്ന് തോന്നിയാൽ
പേടിച്ചോടണം.
ആരേയും ധരിപ്പിച്ചത് കൊണ്ട്
ഒന്നും പ്രത്യേകിച്ചു നേടില്ല.
ആരെയും ധരിപ്പിക്കാത്തത് കൊണ്ട്
ഒന്നും പ്രത്യേകിച്ച് നഷ്ടപ്പെടില്ല.
*****
ഒരു കഥ പറയാം.
പണ്ടൊരാൾ
ദ്വന്ദയുദ്ധത്തിൽ പ്രതിയോഗിയെ
കീഴ്പ്പെടുത്തി
കൊല്ലാനാവുന്ന അവസ്ഥവരെ
എത്തി.
പക്ഷെ, പെട്ടെന്ന്
തോറ്റ് കീഴ്പെട്ട പ്രതിയോഗി,
ഏറെക്കുറെ വിജയമുറപ്പിച്ച
ആളുടെ മുഖത്ത് തുപ്പി.
പ്രതിയോഗി
മുഖത്ത് തുപ്പിയതും
വിജയിക്കുമെന്നായ ആൾ
ദ്വന്ദയുദ്ധം ഉപേക്ഷിച്ചു.
പ്രതിയോഗിയെ വെറുതേ വിട്ടു,
യുദ്ധക്കളം വിട്ടുപോയി.
അയാളെ പിന്തുടർന്നവർ
അയാളോടന്വേഷിച്ചു.
"ഇതെന്തൊരു കഥ.
എന്തേ, താങ്കൾ വിജയിച്ച്
പ്രതിയോഗിയെ കീഴ്പ്പെടുത്തുന്ന
അവസ്ഥയിലും പിന്മാറിയത്."
"എൻ്റെ യുദ്ധം
അവസാനം വരെയും
നിലപാടുകൾക്ക് വേണ്ടിയായിരുന്നു.
അല്ലാതെ വെറുതെ
വിജയിക്കാൻ മാത്രമായിരുന്നില്ല.
"അയാൾ മുഖത്ത് തുപ്പിയതോടെ
ഞാൻ കീഴ്പ്പെടുത്തിയതും കൊന്നതും
വ്യക്തിപരമായ
വിദ്വേഷം കൊണ്ടാണെന്ന് വരും.
അയാൾ എന്നെ
അപമാനിച്ചതിന്
പ്രതികാരമാണെന്ന് വരും.
അയാൾ തരേണ്ട
ബഹുമാനമായിരുന്നു
എനിക്ക് വലുതെന്ന് വരും.
"അതുകൊണ്ട് തന്നെ
ഞാൻ അയാളെ വിട്ടു,
യുദ്ധത്തിൽ നിന്നും പിന്മാറി.
വിദ്വേഷവും ബഹുമാനവും കൊണ്ടല്ല,
വിദ്വേഷവും ബഹുമാനവും
ഉണ്ടാക്കാനും സൂക്ഷിക്കാനുമല്ല
യുദ്ധം ചെയ്യുന്നത്.
പകരം വിദ്വേഷവും ബഹുമാനവും
നഷ്ടപ്പെടുത്താനാണ്
യുദ്ധം ചെയ്യുന്നത്,
യുദ്ധം ചെയ്യേണ്ടത്.
എന്നോട് തന്നെയാണ്
ഞാൻ യുദ്ധം ചെയ്യേണ്ടത്.
ആരിൽ നിന്നും ഒന്നും
പ്രതീക്ഷിക്കാത്തത്ര
ഞാൻ വളരാനാണ്
ഞാൻ യുദ്ധം ചെയ്യേണ്ടത്."
1 comment:
ചിന്തകളുടെ ഈ ശ്മാശാന ഭൂമിയിൽ, ധൂമ പടങ്ങളുടെ അവ്യക്തതയെ ദൂരീകരിച്ചു കൊണ്ട് ഒരു മൃദു സമീരനെ പോലെ, താങ്കളുടെ വാക്കുകൾ; അരണ്ട ആകാശത്തിൽ തെളിയുന്ന ചില പുതിയ നക്ഷത്രങ്ങൾ; ആഹാ, ഇങ്ങനെയും ഈ ഊഷരതയിൽ, മഴ പെയ്യിക്കാമല്ലോ, പുതു നാമ്പുകൾ മുളക്കാനും, തളിർക്കാനും സാധ്യതകൾ ഉണ്ടല്ലോ എന്ന് ആശ്വാസം നൽകുന്നു. ഞാൻ, ആ നനുത്ത മഴയിലൂടെ നടന്നു. ഈ കുളിർമ്മ ആത്മാവിനെ കുളിരണിയിക്കുന്നു
Post a Comment