Thursday, February 16, 2023

ജീവിതവും ഒന്നിനുമല്ല. തീവണ്ടിക്കുള്ളിലെ ഓടിനടപ്പും കലപിലയും പോലെ ജീവിതം.

ജീവിതത്തിനുള്ളിൽ 

ചെറിയ ചെറിയ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും 

അവിടവിടെയുണ്ട്, ഉണ്ടാവുന്നുണ്ട്. 


ശരിയാണ്.


അത്തരം അവിടവിടെയുണ്ടാവുന്ന 

ചെറിയ ചെറിയ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും 

ജീവിതത്തെ ഉദ്വേഗംനിറഞ്ഞതും 

താൽപര്യമുള്ളതുമാക്കുന്നുണ്ട്. 


ശരിയാണ്.


പ്രത്യേകിച്ചും 

മക്കളെ പോറ്റുന്നത് പോലുള്ള, 

എല്ലാ ജീവിവർഗ്ഗങ്ങളിലും

ഒരുപോലെ നടക്കുന്ന 

അനന്തമായി തുടരുന്ന, 

പ്രക്രിയയും 

ആ പ്രക്രിയ നൽകുന്ന 

ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും 

ഉദ്വേഗങ്ങളും താൽപര്യങ്ങളും.


ഓടുന്ന തീവണ്ടിക്കുള്ളിലെ 

ഓടിനടപ്പ് പോലെ, 

കലപില പോലെ 

ആ ചെറിയ ചെറിയ 

ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും.


പക്ഷേ, അത്തരം അവിടവിടെ ഉണ്ടാവുന്ന 

ചെറിയ ചെറിയ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും 

ജീവിതത്തിൻ്റെ തന്നെ (തീവണ്ടിയുടെ തന്നെ) 

ഉദ്ദേശവും ലക്ഷ്യവുമാകുമോ?


തീവണ്ടിക്കുള്ളിലെ 

ഓടിനടപ്പും കലപിലയും 

തീവണ്ടിക്ക് ആകെമൊത്തം 

ഉദ്ദേശവും ലക്ഷ്യവുമോ? 


ഇല്ല.

അല്ല.


എങ്കിൽ മൊത്തം ജീവിതം (തീവണ്ടി) 

എന്തിനോടണം? 


അതിലെ യാത്രക്കാരുടെ 

ഉദ്ദേശത്തിനും ലക്ഷ്യത്തിനുമപ്പുറം 

ജീവിതം (തീവണ്ടി) 

എന്തിന്, എവിടേക്ക്? 


തീർത്തുപറയാനില്ല. 


ആർക്കും അറിയാനില്ല,

ആർക്കും ഒന്നും പറയാനില്ല.


വേണമെങ്കിൽ 

സാധാരണ നമ്മളുണ്ടാക്കിയ 

നമ്മുടെ തന്നെ 

വണ്ടിയുടെ കാര്യം പറയാം: 


നമ്മുടെ ആ വണ്ടി ഓടുന്നുണ്ട്.


ആ വണ്ടിക്ക് പെട്രോളടിക്കുന്നുണ്ട്. 


ആ വണ്ടിക്ക് പെട്രോളടിക്കുന്നതെന്തിന്? 


ഉത്തരമുണ്ട്.


വണ്ടി ഓടാൻ.


പക്ഷേ, 

വണ്ടി ഓടുന്നതെന്തിന്? 


വണ്ടി ഓടുന്നത് 

പെടോളടിക്കാനോ?


അല്ല.


പിന്നെ?


വണ്ടി ഓടുന്നത് 

യാത്രികനെ, 

അല്ലെങ്കിൽ ഉടമസ്ഥനെ,

അതുമല്ലെങ്കിൽ വണ്ടി ഓടിക്കുന്നവനെ 

ലക്ഷ്യത്തിലെത്തിക്കാൻ.


യാത്രികനെ ലക്ഷ്യത്തിൽ എത്തിച്ചിട്ട് വണ്ടിക്കെന്ത് കാര്യം?


ആർക്കുമറിയില്ല. 


ഏറിയാൽ ഉടമസ്ഥന്, 

യാത്രികന്,

ഓടിക്കുന്നവന് 

നേട്ടമുണ്ടാക്കാൻ. 

സമയം ലാഭിക്കാൻ. 

എന്ന് ഉത്തരം പറയാം.


വണ്ടിക്ക്, 

വണ്ടിയുടെതായ

പ്രത്യേക ലക്ഷ്യമില്ല. 


പക്ഷേ, മൊത്തം ജീവിതത്തെ 

ഇങ്ങനെയൊരു വണ്ടിയുമായി 

ഉപമിക്കാമോ?


ഇല്ല.


ജീവിതത്തിനും 

ജീവിതത്തിൻ്റെതായ ലക്ഷ്യമില്ല 

എന്നതിൽ ജീവിതം 

വണ്ടിയെ പോലെ ആകുമോ?


വേണമെങ്കിൽ ഉപമിക്കാം.

വേണമെങ്കിൽ ആണെന്ന് പറയാം 


ആർക്കോ വേണ്ടി 

ആരോ നിശ്ചയിച്ചത് പോലെ  

ഓടുന്ന വണ്ടി ജീവിതം.


ആർക്കോ വേണ്ടി 

ആരോ നിശ്ചയിച്ചത് പോലെ  

വണ്ടി ഓടുന്നത് പോലെ 

ജീവിതം.


പക്ഷേ, 

ജീവിതമെന്ന വണ്ടിയുടെ കാര്യത്തിൽ, 

ആത്യന്തികതയിലമർന്നു 

എല്ലാമായി 

ഒന്നും നേടാനില്ലാതെ നിൽക്കുന്ന 

ഉടമസ്ഥനെന്ത് നേട്ടമുണ്ടാകാൻ?


സാധാരണ വണ്ടിയുടെ കാര്യത്തിൽ 

പറയാവുന്നത് പോലെ 

ജീവിതത്തിന് ലക്ഷ്യവും ഉദ്ദേശവും 

യാത്രികനെ, 

അല്ലെങ്കിൽ ഉടമസ്ഥനെ 

ലക്ഷ്യത്തിൽ എത്തിക്കാനെന്ന്, 

ഉടമസ്ഥന് ലാഭം ഉണ്ടാക്കാനെന്ന് 

പറയാനാവുമോ?


ആരാണ് ആ നിലക്ക് 

ജീവിതവണ്ടിയിൽ കയറുന്ന 

യാത്രികൻ?


ആരാണ് ആ നിലക്ക് 

ജീവിതവണ്ടിയുടെ ഉടമസ്ഥൻ?


ദൈവം 

ജീവിതമെന്ന വണ്ടി ഓടിച്ച് 

ലാഭമുണ്ടാക്കുന്നവനോ, 

ലക്ഷ്യത്തിൽ എത്തേണ്ടവാനോ?


ഏത് യാത്രക്കാരെ, 

എവിടെ ഇറക്കാൻ, 

എന്ത് നേടാൻ 

ജീവിത വണ്ടി ഓടുന്നു, 

ദൈവം ജീവിതമെന്ന വണ്ടിയെ 

ഓടിക്കുന്നു,

ഓടിപ്പിക്കുന്നു?


ജീവിതവണ്ടിയിൽ ജീവിക്കുന്നവൻ 

എന്തിന് ജീവിക്കുന്നു?


പെട്രോൾ എന്ന ഭക്ഷണം കഴിക്കാനോ 

വണ്ടി ഓടുന്നത്?

അഥവാ, വണ്ടിയിൽ 

യാത്ര ചെയ്യുന്നവർ ഓടുന്നത്?


പെട്രോൾ എന്ന ഭക്ഷണം 

എന്തിന് വണ്ടി കഴിക്കണം?


ജീവിക്കാൻ (അഥവാ വണ്ടി ഓടാൻ) 

എന്ന് എളുപ്പം ഉത്തരം പറയാം. 


അപ്പോൾ വീണ്ടും ചോദ്യം വരും.


ഇങ്ങനെയൊക്കെ ഭക്ഷണം കഴിച്ച് 

ജീവിക്കുന്നതെന്തിന്? 

വണ്ടി ഓടുന്നതെന്തിന്?


പെട്രോൾ എന്ന ഭക്ഷണം 

കഴിക്കാൻ വേണ്ട 

വഴിയും ഉപജീവനവും ഉണ്ടാക്കാനുള്ള 

ജോലി ചെയ്യാനോ 

വണ്ടി ഓടുന്നത്?

വണ്ടിയെന്ന യാത്രക്കാരൻ ഓടുന്നത്?

 

നമ്മുടെ ഭാഷ്യത്തിൽ 

ജോലി ചെയ്യുന്നതെന്തിന്?


ജീവിക്കാൻ.


ജീവിക്കുന്നതെന്തിന്?


ജോലി ചെയ്യാൻ.


ജോലി ചെയ്ത് 

ജീവിക്കുന്നതെന്തിന്?


ഒരു പിടുത്തവുമില്ല.

ഒരുത്തരവുമില്ല. 


വെച്ചുകെട്ടുന്ന 

കുറച്ച് ഉത്തരങ്ങൾ ഉണ്ട്. 


ബോധ്യതയിൽ വരാത്ത 

ഉത്തരങ്ങൾ. 


കണ്ണിന് കണ്ണ് 

എന്ന പോലുള്ള 

താൽകാലിക സംതൃപ്തി തരുന്ന,

നാം അകപ്പെട്ട മാനം നിശ്ചയിച്ച 

മാനദണ്ഡങ്ങൾക്കൊത്ത

ഉത്തരങ്ങൾ.

പരീക്ഷയും ഫലവും

എന്ന പോലുളള ഉത്തരങ്ങൾ.

കർമ്മവും കർമ ഫലവും പോലുള്ള 

ഉത്തരങ്ങൾ.


ആപേക്ഷിക യുക്തിയേയും വികാരവിചാരങ്ങളെയും 

തൃപ്തിപ്പെടുത്തുന്ന 

ഉത്തരങ്ങൾ.  


പക്ഷേ, ദൈവമെന്ന ആത്യന്തികത

എന്തിന് വേണ്ടി നിലകൊള്ളുന്നു?

അത് പരീക്ഷയിലും ഫലത്തിലും 

കർമ്മയിലും കർമ്മഫലത്തിലും

വരില്ലല്ലോ?


യഥാർത്ഥത്തിൽ ഉത്തരമില്ല.


നാം അകപ്പെട്ട,

(ഒരുപക്ഷേ നമ്മൾ തന്നെയായ)

വണ്ടിക്കുള്ളിലെ 

ചെറിയ ചെറിയ കാര്യങ്ങൾക്കു വേണ്ടി 

ദൈവം നിലകൊള്ളുന്നു

എന്ന് പറയാമോ?


അഥവാ, ദൈവം 

വണ്ടിക്ക് വേണ്ടി മാത്രം 

നിലകൊള്ളുന്നു എന്ന് 

പറഞ്ഞകൂടല്ലോ?


ദൈവം നമുക്ക് വേണ്ടിയും 

നമ്മുടെ ജീവിതത്തിന് വേണ്ടിയും 

ജീവിതത്തിലെ ചെറിയ ചെറിയ 

കാര്യങ്ങൾക്കു വേണ്ടിയും 

നിലകൊള്ളുന്നു എന്നും 

പറയാമോ?


ദൈവം 

അതിനുമപ്പുറമല്ലേ?


ദൈവത്തിന് സ്വന്തമായി 

'എന്തിന് നിലകൊള്ളണം' 

എന്നതിന് 

നാം കണക്കാക്കുന്ന

ഒരു ലക്ഷ്യവും ഉദ്ദേശവും ഇല്ല, 

ഉണ്ടാവാൻ തരമില്ല. 


ദൈവം 

ദൈവത്തിന് വേണ്ടി 

നിലകൊള്ളുന്നു എന്ന് പോലും

പറഞ്ഞുകൂടാ.


ദൈവത്തിന് ദൈവവും 

ഒരു ബാധ്യത, ചിദ്യ ചിഹ്നം 

എന്ന് വന്നുകൂടല്ലോ?

നമുക്ക് നാം തന്നേ

ഒരു ബാധ്യതയും ചോദ്യചിഹ്നവും

ആവുന്നത് പോലെ 

ദൈവത്തിന് ദൈവം

ആയിക്കൂടല്ലോ?


ദൈവം ദൈവമായി 

ദൈവത്തിന് വേണ്ടി മാത്രം????

എന്നും വന്നുകൂടാ.


ദൈവം ഒന്നിനുമല്ല. 


ജീവിതത്തിന് സ്വന്തമായി 

'എന്തിന് ജീവിക്കണം' 

എന്നതിന് 

ഒരു ലക്ഷ്യവും ഉദ്ദേശവും ഇല്ല, 

ഉണ്ടാവാൻ തരമില്ല. 


ജീവിതം ജീവിതമായി 

ജീവിതത്തിന് വേണ്ടി മാത്രം???


ജീവിതവും ഒന്നിനുമല്ല. 

ദൈവത്തെപ്പോലെ.


ആവും പോലെ ആയി,

ആയിരിക്കുന്നതിൽ ആയി, 

എങ്ങിനെയോ അങ്ങനെയായി,

ദൈവവും ജീവിതവും.

No comments: