Saturday, February 25, 2023

വൈരുദ്ധ്യങ്ങളുണ്ടാവണം. ഓരോ മാറ്റവും വൈരുദ്ധ്യമാണ്.

നിൻ്റെ തെറ്റ് 

ചൂണ്ടുമെന്നായാൽ, 

നിന്നെ ചോദ്യം ചെയ്യുമെന്നായാൽ 

നീ അകലും, 

നീ ശത്രുവെ കാണും. 


നിനക്ക് വേണ്ടി ചെയ്യാൻ എല്ലാവരും; ആർക്കുവേണ്ടിയും 

ഒന്നും ചെയ്യാതെ നീ. 


നിൻ്റെത് മാത്രം 

ശരിയെന്ന് പറയുന്ന, 

നിന്നെ സേവിക്കാൻ മാത്രം 

ഒരു ലോകം നിനക്ക് വേണം. 

അല്ലേ?

*****

വൈരുദ്ധ്യങ്ങൾ 

ജീവിതത്തിലുണ്ടാവണം. 


വൈരുദ്ധ്യങ്ങളിലൂടെ

ജീവിതം ജീവിക്കുന്നു, വളരുന്നു.


കുട്ടിപ്രായത്തിൽ ബാധകമായത്

യൗവ്വനത്തിലും വാർദ്ധക്യത്തിലും

ബാധകമാകാത്തത്ര 

വൈരുദ്ധ്യങ്ങളിലൂടെ 

ജീവിതം ജീവിക്കുന്നു, വളരുന്നു.


വൈരുദ്ധ്യങ്ങൾ 

ജീവിതത്തിൽ ഇല്ലതിരിക്കണമെങ്കിൽ, 

ആ വൈരുദ്ധ്യങ്ങൾ

ആരും അറിയാതിരിക്കണമെങ്കിൽ, 

അഭിനയിച്ച്, 

കപടനായി, 

മൂടുപടമിട്ട്, 

സ്തംഭിച്ച്  

ജീവിക്കണം. 


ഓരോ മാറ്റവും 

വൈരുദ്ധ്യമായി 

ചിത്രീകരിച്ചാൽ 

എന്ത് ചെയ്യും? 


മാറ്റമല്ലേ വളർച്ച?

മാറ്റമല്ലേ ഉയർച്ച?

മാറ്റമല്ലേ നടത്തം?

മാറ്റമല്ലേ മുന്നോഗമനം? 


പറഞ്ഞുവന്നാൽ 

ഓരോ മാറ്റവും 

വൈരുദ്ധ്യമാണ്.

*****

ഇപ്പറയുന്നത് പോലും 

വൈരുദ്ധ്യമാണെന്ന്

കരുതിക്കൊള്ളുക 


ആരും 

മനസ്സിലാക്കണമെന്നും 

മനസ്സിലാക്കരുതെന്നും 

ഒരു നിർബന്ധവുമില്ല. 


കാരണം, 

ഇപ്പറയുന്നത് 

ഒരു ഉപജീവന മാർഗ്ഗമാക്കാൻ 

ഉദ്ദേശിച്ചിട്ടില്ല. 


ആ നിലക്ക് 

അഭിനയം നിർബന്ധമായ 

ഒരു ഗുരുവും പുരോഹിതനും 

നേതാവുമാകാനും  ഉദ്ദേശിച്ചിട്ടില്ല.

*****

എല്ലാം തെറ്റും. 


ആപേക്ഷികമായത് മുഴുവൻ  

തെറ്റാനുള്ളതാണ്. 


അതുകൊണ്ട് എങ്ങിനെയെടുക്കണം? 


എന്തോ അതാണ്. 

എങ്ങിനെയോ അങ്ങനെയാണ്. 

അങ്ങനെയെടുക്കണം. 


എന്തേ? 


പ്രതീക്ഷകൾ തെറ്റുന്നുണ്ടോ? 


എന്തിന് 

എന്തെങ്കിലും പ്രതീക്ഷിച്ചു? 


വിചാരിച്ചത് ഇങ്ങനെയല്ല 

എന്ന് തോന്നുന്നുണ്ടോ? 


എന്തിന് 

ഇങ്ങനെയും അങ്ങനെയും വിചാരിച്ചു?

No comments: